Operator should compensate for missed tour
ടൂർ മുടങ്ങി; 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണംFreepik

ടൂർ മുടങ്ങി; 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ആദ്യം കൊച്ചി വിമാനത്താവളത്തിലുണ്ടായ വെള്ളക്കെട്ട് കാരണം യാത്ര മുടങ്ങി. പിന്നീട് കൊവിഡ് കാരണം നിലവിൽ വന്ന യാത്രാ വിലക്ക് മൂലവും വൈകി
Published on

കൊച്ചി: മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ച വരുത്തിയ ടൂർ ഏജൻസി നഷ്ടപരിഹാരം നൽകാൻ വിധി. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി.

എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസിയിൽ 2018 ഓഗസ്റ്റിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തത്. അമൃത്‌സർ, ഡൽഹി, ആഗ്ര, ജയ്പുർ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ടൂർ നിശ്ചയിച്ചിരുന്നത്.

എന്നാൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെള്ളക്കെട്ട് മൂലം യാത്ര റദ്ദാക്കി. ഉഭയസമ്മത പ്രകാരം തീരുമാനിക്കുന്ന തീയതിയിൽ ടൂർ പ്രോഗ്രാം നടത്താമെന്ന് എതിർ കക്ഷി സമ്മതിച്ചിരുന്നെങ്കിലും, കുട്ടികളുടെ പരീക്ഷകാരണം പരാതിക്കാരന് പുതുക്കിയ തീയതിയിൽ ടൂറിന് പോകാൻ കഴിഞ്ഞില്ല.

പിന്നീട് കോവിഡ് മൂലം രണ്ട് വർഷത്തേക്ക് യാത്ര അസാധ്യമായി. 2022 ജനുവരിയിൽ യാത്രാവിലക്ക് നീക്കിയപ്പോൾ പരാതിക്കാർ ടൂർ കമ്പനിയെ സമീപിക്കുകയും കത്തുകൾ അയയ്ക്കുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകാനോ, പുതിയ യാത്രാതീയതി നൽകാനോ ടൂർ കമ്പനി തയാറായില്ല.

ഇതെത്തുടർന്ന്, വാഗ്ദാനം ചെയ്ത സേവനം നൽകിയില്ലെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഉപഭോക്താവിന്‍റെ അവകാശത്തിന്‍റെ ലംഘനവും അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനവുമാണ് ടൂർ ഏജൻസിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് വിലയിരുത്തിയ കോടതി, ടൂർ പ്രോഗ്രാമിനായി നൽകിയ 1,61,200 രൂപയും 30,000 രൂപ നഷ്ടപരിഹാരം, കോടതിച്ചെലവ് ഇനങ്ങളിലും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ വിധിച്ചു. ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് പരാതി പരിഗണിച്ചത്. പരാതിക്കാർക്കു വേണ്ടി അഡ്വക്കേറ്റ് പി.ടി. ജോസ് ഹാജരായി.

logo
Metro Vaartha
www.metrovaartha.com