

ജോലി രാജിവച്ചതായി അറിയിച്ചുകൊണ്ട് യുവതി എക്സിൽ പങ്കുവച്ച കുറിപ്പ്
ഓഫീസിലെ സിഗരറ്റ് പുക സഹിക്കാനാകാത്തതിനെ തുടർന്ന് ജോലി രാജിവച്ച് യുവതി. ജാൻവി ചാവഡ എന്ന യുവതിയാണ് സിഗരറ്റ് പുകയുടെ ഗന്ധം കാരണം ജോലി രാജിവച്ചതായി അറിയിച്ചത്. ഓഗസ്റ്റ് 25 ആയിരുന്നു ജോലിയിൽ അവസാന ദിവസം. രാജിക്കത്ത് എക്സിൽ യുവതി പങ്കുവയ്ക്കുകയും ചെയ്തു.
സിഗരറ്റിന്‍റെ ഗന്ധം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും പരമാവധി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും രാജിക്കത്തിൽ യുവതി വ്യക്തമാക്കി. ജോലിസ്ഥലത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അവിടെ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലായതോടെയാണ് രാജിവച്ചതെന്നും അവർ പറഞ്ഞു.
രാജിക്കത്തിനൊപ്പം പുകയിലയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യുവതി പങ്കുവച്ചു. ചെറിയ തോതിലുള്ള സിഗരറ്റ് പുക പോലും ശ്വാസനാളത്തെ പ്രകോപിപ്പിക്കുകയും ചിലരിൽ നെഞ്ചിൽ അസ്വസ്ഥതയോ മുറുക്കമോ ഉണ്ടാക്കുകയും ചെയ്യാമെന്ന് അതിൽ ചൂണ്ടിക്കാട്ടി. മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും പുകയുടെ സാന്നിധ്യം പ്രകോപനം സൃഷ്ടിക്കാമെന്നും യുവതി പറയുന്നു.
യുവതിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവച്ചത്. ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചത് ശരിയായ തീരുമാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ രാജിവയ്ക്കുന്നതിന് മുൻപ് വിഷയം മാനേജ്മെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നില്ലേയെന്നും ചിലർ ചോദിച്ചു.
ജോലിസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുന്ന നയങ്ങളുടെ ആവശ്യകതയും പുകവലിക്കാത്ത ജീവനക്കാർക്ക് മറ്റുള്ളവരുടെ പുക ഏൽക്കുന്നതിന്‍റെ പ്രശ്നങ്ങളും ചർച്ചയിൽ ഉയർന്നു. യുവതിയുടെ തീരുമാനത്തെ പിന്തുണച്ച ചിലർ, പുകവലിക്കാത്തവരും മറ്റുള്ളവരുടെ പുക ശ്വസിക്കുന്നതിലൂടെ ‘പാസീവ് സ്മോക്കർ’ ആകുന്നുവെന്നും ചൂണ്ടിക്കാട്ടി.