40,000 രൂപ വിലയുള്ള ആഡംബര സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് വിജയ്; സന്തോഷത്തിൽ മതിമറന്ന് ചെല്ലം, വൈറലായി ദൃശ്യങ്ങൾ

ഏകദേശം 40,000 രൂപ വിലവരുന്ന ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്‍റെ സൺഗ്ലാസാണ് വിജയ് വയോധികയായ ചെല്ലത്തിന് സമ്മാനിച്ചത്
Chellam, an elderly woman wearing sunglasses, standing with Chief Minister Vijay.

സൺ ഗ്ലാസ് ധരിച്ച് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം നിൽക്കുന്ന വയോധിക സ്ത്രീയായ ചെല്ലം

Updated on

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് താൻ ധരിച്ചിരുന്ന സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഏകദേശം 40,000 രൂപ വിലവരുന്ന ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്‍റെ സൺഗ്ലാസാണ് വിജയ് വയോധികയായ ചെല്ലത്തിന് സമ്മാനിച്ചത്.

ചൊവ്വാഴ്ച സേലത്ത് കാവേരി നദി തീരത്തെ നെൽകൃഷിക്കായി മേട്ടൂർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്ന് വെള്ളം വിട്ടുനൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്. തുടർന്ന് മേട്ടൂർ ജലവൈദ്യുത നിലയം സന്ദർശിച്ച ശേഷം സേലം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വഴിയരികിലെ കൃഷിയിടത്തിൽ അദ്ദേഹം അപ്രതീക്ഷിതമായി വാഹനം നിർത്തിയത്. വയലിൽ ജോലി ചെയ്തിരുന്ന ഒരു കൂട്ടം വയോധിക സ്ത്രീകളെ കണ്ട വിജയ് വാഹനത്തിൽനിന്ന് പുറത്തിറങ്ങി അവരോട് സംസാരിച്ചു. ഇതിനിടെ ചെല്ലം എന്ന വയോധിക മുഖ്യമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ കൈപിടിച്ചു.

തുടർന്ന് ചെല്ലത്തിന്‍റെ കൈപിടിച്ച് തോട്ടത്തിലൂടെ നടന്ന വിജയ് അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇതിനിടെയാണ് വിജയ് താൻ ധരിച്ചിരുന്ന സൺഗ്ലാസ് ഊരി ചെല്ലത്തിന് നൽകിയത്. വിജയ് തന്നെയാണ് ചെല്ലത്തിന്‍റെ മുഖത്ത് സൺഗ്ലാസ് വച്ചുകൊടുത്തത്. സൺഗ്ലാസ് സമ്മാനമായി ലഭിച്ചതോടെ നിറഞ്ഞ ചിരിയായിരുന്നു ചെല്ലത്തിന്‍റെ മുഖത്ത്. സൺഗ്ലാസ് ധരിച്ചുകൊണ്ട് അവർ മുഖ്യമന്ത്രിക്കൊപ്പം നടക്കുകയും ചെയ്തു.

“അദ്ദേഹം എന്‍റെ അടുത്തുവന്ന് നിന്നപ്പോൾ എനിക്ക് അതിശയമായി. അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ഈ സൺഗ്ലാസ് എനിക്ക് സമ്മാനിച്ചത്”- ചെല്ലത്തിന്‍റെ വാക്കുകൾ. സിനിമയിൽ കാണുന്ന വിജയ്‌യിനെ പോലെയായിരുന്നു മുഖ്യമന്ത്രിയായി നേരിൽ കണ്ടപ്പോഴെന്നും ചെല്ലം പറഞ്ഞു.

ഏകദേശം 15 മിനിറ്റോളം വിജയ് കൃഷിയിടത്തിൽ ചെലവഴിച്ചു. പ്രദേശത്തെ കാർഷിക വിഷയങ്ങളും ചർച്ച ചെയ്തു. തുടർന്ന് ചെല്ലം ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും മുണ്ടുകളും സാരികളും സമ്മാനിച്ച ശേഷമാണ് വിജയ് മടങ്ങിയത്.

മുഖ്യമന്ത്രിയും വയോധികയും തമ്മിലുള്ള ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വെറുതെ കുലശം പറയുന്നതിനപ്പുറം പതിനായിരങ്ങൾ വിലയുള്ള സ്വന്തം സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിക്കുക കൂടി ചെയ്ത വിജയ്‌യുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ അഭിനന്ദന പ്രവാഹമാണ്.

logo
Metro Vaartha
www.metrovaartha.com