

സീവുഡ്സ് മലയാളി സമാജം ഗ്രാമച്ചന്തയിലെ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്ന ചേകവൻമാർ.
MV
AI generated summary, newsroom reviewed
നവി മുംബൈ: അങ്കത്തട്ടും പഞ്ചഗുസ്‌തിയും ഊഞ്ഞാലും ഗാനമേളയും പീടികകളും ഭക്ഷണ വൈവിധ്യങ്ങളും രസച്ചരടുകളമായി സീവുഡ്‌സ് മലയാളി സമാജം സംഘടിപ്പിച്ച ഗ്രാമച്ചന്ത 2026 ശ്രദ്ധേയമായി. വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുന്നതിൽ ഖ്യാതി നേടിയ സീവുഡ്സ് മലയാളി സമാജം അതിന്‍റെ പകിട്ടാർന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സീവുഡ്സിലെ സെക്റ്റർ 48 ലെ ഗണേശ് മൈതാനിയിൽ ഗ്രാമച്ചന്ത സംഘടിപ്പിച്ചത്.
ഗ്രാമച്ചന്തകളുടെ നന്മ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാണ് സീവുഡ്സ് മലയാളി സമാജം ഈ പരിപാടി സംഘടിപ്പിച്ചത്.
MV
ലോക്കൽ ഈസ് ഫ്യൂച്ചർ എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമച്ചന്തകളുടെ നന്മ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും കാർബൺ പാദമുദ്രകൾ കുറയ്ക്കുവാനുള്ള ശ്രമങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിക്കാനുമാണ് സീവുഡ്സ് മലയാളി സമാജം ഈ പരിപാടി സംഘടിപ്പിച്ചത്. ഇ-വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ഗ്രാമച്ചന്തയ്ക്കും പൊതുവായും പ്രത്യേകം രൂപകൽപ്പന ചെയ്ത തുണി സഞ്ചികൾ ലഭ്യമാക്കി. കേരളത്തിന്‍റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കുന്ന ഗ്രാമച്ചന്ത 2026-ലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരുന്നു.
പൊന്ന്യത്തങ്കം മാതൃകയിൽ ഗ്രാമച്ചന്തയുടെ ഒത്ത നടുവിലെ അങ്കത്തട്ടും പൊന്യത്തെ ഏഴരക്കണ്ടം പോരാട്ടത്തെ ഓർമപ്പെടുത്തുന്ന നാല് കളരിപ്പയറ്റ് പ്രദർശനങ്ങൾ ഇതരഭാഷാക്കാരെയും ത്രസിപ്പിച്ചു. നാല് ചേകവന്മാർ തുമ്പോലാർച്ചയ്ക്കു വേണ്ടി പടവെട്ടുന്ന പ്രദർശനങ്ങൾ കാഴ്ചക്കാരിൽ കൗതുകം ജനിപ്പിച്ചു. വാശിയേറിയ പഞ്ചഗുസ്‌തി മത്സരം ഗ്രാമച്ചന്തയിൽ ആർപ്പുവിളികളുയർത്തി. പഴയകാല ഭാഗ്യ നറുക്കെടുപ്പുകളുടെ മാതൃകയിൽ നടന്ന സമ്മാനക്കൂപ്പണുകൾ സന്ദർശകരെ ഗൃഹാതുരത്വത്തിന്‍റെ തുരുത്തുകളിലെത്തിച്ചു.
കുളിക്കടവും പഴയ ഗാരേജും അഞ്ചൽ തപാലോഫിസും കള്ള് ഷാപ്പും മീൻ കടയും വായനശാലയും മഹാനഗരത്തിൽ എഴുപതുകളിലെ കേരളീയ ഗ്രാമത്തിന്‍റെ ഭൂതകാല കുളിരിൽ സന്ദർശകരെ നനച്ചു. പഴയ മാസികകൾ വായിച്ചും കാർഡിൽ കത്തെഴുതിയും കാഴ്ചക്കാർ ഗ്രാമച്ചന്തയെ അനുഭവവേദ്യമാക്കി. കത്തി മാത്തൻ, കരടി രവി എന്ന വിളിപ്പേരുകളുമായി ഗ്രാമച്ചന്തയിലുടനീളം നടന്ന രണ്ടു 'ഗുണ്ടകൾ' കാഴ്ചക്കാരിൽ കൗതുകമുണർത്തി. മുറുക്കാൻ കടക്കാരനും ചീട്ടു കളിക്കാരും കുളക്കടവും ഗ്രാമച്ചന്തയെ ആഹ്ലാദഭരിതമാക്കി.
ഗ്രാമച്ചന്തയിൽ കാട്ടുതേനും കരിങ്കോഴികളെയും വിൽക്കുന്ന കൊമ്പി.
MV
കാട്ടുകോഴികളും കാട്ടു തേനും കരിങ്കോഴികളും മുറവും കുട്ടയും മൺകലവും വിൽക്കാനിറങ്ങി വന്ന കൊമ്പനും കൊമ്പിയുമെന്ന ആദിവാസി കഥാപാത്രങ്ങൾ കൗതുകത്തെ കൂടാതെ പരിസ്ഥിതിയുമായി ഏറ്റവും അധികം സമവായത്തിൽ പോകുന്ന കാട്ടിലെ ജനതയെ നഗരത്തിലെ ഇൻസ്റ്റന്‍റ് ഉപഭോക്താക്കളിൽ പ്രകൃതിയുമായുള്ള സമരസപ്പെടലുകളെ ഓർമിപ്പിച്ചു. ഗ്രാമച്ചന്തയിൽ വലം വച്ച് ഗ്രാമ്യഭാഷയിൽ ആസന്നമൃതി കാത്ത് കിടക്കുന്ന ഭൂമിയുടെ പരിദേവനങ്ങൾ വിളിച്ചു പറഞ്ഞാണ് കൊമ്പനും കൊമ്പിയും മടങ്ങിയത്.
ഗ്രാമച്ചന്തയിലുടനീളം പഴയ ഗാനങ്ങൾ ഗായകർ ആലപിച്ചു കൊണ്ടേയിരുന്നത് മഹാനഗരത്തെ വളരെ പെട്ടെന്ന് കേരളത്തിന്‍റെ ഗതകാലസ്മരണകളെ പുൽകാൻ സഹായിച്ചു. പീടികളുടെ പേരുകൾ സന്ദർശകരായ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പച്ചക്കറിയും പലഹാരങ്ങളും മിഠായിയും തുണിത്തരങ്ങളും ചമയങ്ങളും ചായയും പായസവും പാനീയങ്ങളും കപ്പയും കഞ്ഞിയുമൊക്കെ ഗ്രാമച്ചന്തയിലെ ശ്രദ്ധാകേന്ദ്രങ്ങളായി.
സീവുഡ് മലയാളി സമാജം ഒരുക്കിയ ഗ്രാമച്ചന്തയിൽനിന്നൊരു കാഴ്ച.
MV
ഭൂതകാല കുളിരും നവീന ലോകത്തിന്‍റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമച്ചന്തയൊരുക്കിയത്.
ഇരുപത്തിയഞ്ച് വർഷത്തിന്‍റെ നിറവിൽ നിൽക്കുന്ന സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ നിരവധി സിൽവർ ജൂബിലിയാഘോഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ഗ്രാമച്ചന്ത. ഗ്രാമച്ചന്തയിൽ വൃദ്ധർക്കും കുട്ടികൾക്കും ഗർഭിണികൾക്കും വിശ്രമിക്കാനായി പുളിമരത്തറ ഒഴിച്ചിട്ടതും അതിനരികിലെ ഊഞ്ഞാലിൽ മലയാളികളും ഇതരഭാഷക്കാരും പ്രായഭേദമേന്യേ ആർത്തു വിളിച്ച് ഊഞ്ഞാലാടിയതും ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നായി.
ഗ്രാമച്ചന്തയിൽനിന്നൊരു ദൃശ്യം.
MV