

"നിമിഷ് ക്രിസ്ത്യനാണ്, ഞാൻ ഹിന്ദുവും, അതിനാലാണ് ഇങ്ങനെ നടത്തിയത്"; വിവാഹ വീഡിയോയുമായി അഹാന കൃഷ്ണ
പ്രോക്ഷകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു അഹാനയുടെയും നിമിഷിന്‍റേയും. പലപ്പോഴായി തന്‍റെ സ്വപ്ന വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും അഹാന തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തന്‍റെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ വിവാഹ വീഡിയോയുമായി അഹാന എത്തിയിരിക്കുകയാണ്.
വിവാഹത്തിന് വേണ്ടിയുള്ള മാസങ്ങൾ നീണ്ട കാത്തിരിപ്പിനെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമാണ് വീഡിയോയിൽ അഹാന പറയുന്നത്. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം ഏറ്റവും മെമ്മറബിളാവണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അത് നടന്നുവെന്നും അഹാന പറയുന്നു. അഹാനയുടെ പ്രിയപ്പെട്ടവരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നീണ്ട 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് അഹാനയും നിമിഷും വിവാഹിതരായത്.
അഹാനയുടെ വാക്കുകൾ ഇങ്ങനെ...
"ഇന്ന് രാത്രി ഞാനുറങ്ങുമോ എന്ന് എനിക്കറിയത്തില്ല. എന്നെ സംബന്ധിച്ച് ഞാൻ സ്വപ്നം കണ്ടതാണിത്, ഒരുപാട് വർഷങ്ങളായി. ഒരുപാട് മാസങ്ങളായി പ്ലാൻ ചെയ്ത്. കഴിഞ്ഞ രണ്ട് മൂന്ന് മാസം എനിക്ക് വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലായിരുന്നു.
വിവാഹമാണ് നിന്‍റെ ജീവിതത്തിലെ അവസാനത്തെ കാര്യമെന്ന് നീ എന്തിനാണ് ചിന്തിക്കുന്നതെന്ന് നിമിഷ് പോലും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ മൂന്ന് പരിപാടികളും എനിക്ക് അത്രയും പ്രധാനപ്പെട്ടതാണ്. ഓരോ ചെറിയ കാര്യങ്ങളും പെർഫെക്ട് ആക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടന്നു. സ്റ്റേജിൽ വന്ന ഓരോരുത്തരും, 150 പേരും ഇത് വളരെ അർഥവത്തായ ഒന്നാണെന്ന് എന്നോട് പറഞ്ഞിരുന്നു.
എനിക്കപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്. എന്റെ ഉദ്ദേശ്യവും അത് തന്നെയായിരുന്നു. നിമിഷ് ക്രിസ്ത്യനാണ്, ഞാൻ ഹിന്ദുവാണ്. മതം എന്ന് പറയുന്ന കാര്യം പൂർണമായും ഒഴിവാക്കിയിട്ട്, നമ്മുടെ പൂർണസ്വാതന്ത്ര്യത്തിൽ നമുക്കിഷ്ടമുള്ള കാര്യങ്ങൾ വച്ചൊരു പരിപാടി ഉണ്ടാക്കണം.
ആരോ പണ്ട് സെറ്റ് ചെയ്ത ഒരു ചടങ്ങ് പ്രകാരം ഒരു പരിപാടി നടത്തുന്നതിനേക്കാൾ ആരുടെ പരിപാടിയാണോ അവർക്ക് നല്ലത് എന്ന് തോന്നുന്ന അവർക്ക് അർഥവത്ത് എന്ന് തോന്നുന്ന കാര്യങ്ങൾ വച്ചിട്ട് ഒരു ചടങ്ങ് പ്ലാൻ ചെയ്യണം. കണ്ടു കൊണ്ടിരിക്കുന്നവർക്ക് ഒരു കണക്ഷൻ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളായിരിക്കണം സംഭവിക്കുന്നത് എന്നൊക്കെയായിരുന്നു നമ്മുടെ ആഗ്രഹം. ഞാൻ അത്രയേറെ സന്തോഷത്തിലാണിപ്പോൾ.
എന്‍റെ എല്ലാ പ്ലാനുകളും എല്ലാ ആഗ്രഹങ്ങളും എല്ലാ എഫേർട്ടുമാണിത്. ഞാനെന്‍റെ ജീവിതത്തിൽ ഇത്രയും എഫേർട്ട് എന്തിനെങ്കിലും വേണ്ടി എടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. അതെനിക്ക് വിശദീകരിക്കാൻ പോലുമാകുന്നില്ല. ഓരോ മൂലയിലേക്ക് നോക്കുമ്പോഴും അതിന് വേണ്ടി ഞാനെത്ര എഫേർട്ട് ഇട്ടുവെന്ന് എനിക്കറിയാം. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാൻ ആണിപ്പോൾ.
ഇത്രയും എഫേർട്ട് ഇട്ട് ഇത് മുഴുവൻ ചെയ്തത് ഒരു കോർ മെമ്മറി ഉണ്ടാക്കാനായിരുന്നു. കിട്ടി... കോർ മെമ്മറി കിട്ടി."
സിനിമാറ്റിക് രീതിയിലുള്ള എൻട്രിയാണ് അഹാനയുടേത്. വളരെ മനോഹരമായ സ്റ്റേജും ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്. ഋഷഭ് ഷെട്ടയും ദുൽക്കൽ സൽമാനും മമതിയുമടക്കമുള്ളവർ അഹാനയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.