

ആധവ് അർജുന, ഡെയ്സി മാർട്ടിൻ
ചെന്നൈ: തമിഴ്നാട് മന്ത്രി ആധവ്അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വിവാഹമോചനത്തിലേക്ക്. 14 വർഷം നീണ്ടു നിന്ന ദാമ്പത്യമാണ് ഇരുവരും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുന്നത്. വിവാദ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ മകളാണ് ഡെയ്സി. വിവാഹമോചിതയാകുന്നുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ഡെയ്സിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. സ്നേഹവും ധാരണയും പരസ്പര ബഹുമാനവും മാറ്റങ്ങളുമെല്ലാം നിറഞ്ഞ14 വർഷം,. സുഹൃത്തുക്കളായും ജീവിതപങ്കാളികളായും മാതാപിതാക്കളായും ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ചു.
ഇന്ന്, ദമ്പതികൾ എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം അവസാനിപ്പിച്ച് വ്യത്യസ്ത വഴികളിലൂടെ മുന്നോട്ടുപോകാൻ ആധവ്അർജുനും ഞാനും പരസ്പര ധാരണയോടെ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഞങ്ങളുടെ ഇരുവരുടെയും ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുമ്പോഴും, ഒരുമിച്ചുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും ഞങ്ങളുടെ കുഞ്ഞിന്‍റെ സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് എന്നും ആദ്യ പരിഗണനയുണ്ടാകും. ആധവ് അർജുനോട് എനിക്ക് എന്നും ബഹുമാനമുണ്ടായിരിക്കും. അദ്ദേഹം ആഗ്രഹിക്കുന്ന കാര്യങ്ങളിലെല്ലാം സന്തോഷവും സമാധാനവും വിജയവും ഉണ്ടാകട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു.
മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ നിങ്ങളുടെ ധാരണയും സഹാനുഭൂതിയും സ്വകാര്യതയോടുള്ള ആദരവും ഞങ്ങൾ സ്നേഹപൂർവം അഭ്യർഥിക്കുന്നുവെന്നും ഡെയ്സി കുറിച്ചിട്ടുണ്ട്. 2020 മുതൽ 22 വരെ ഡിഎംകെയിൽ ആയിരുന്ന ആധവ് 2023ൽ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ)യിലേക്ക് ചേക്കേറി. അവിടെ നിന്നാണ് തമിഴ്നാട് വെട്രി കഴകത്തിൽ ചേർന്നത്. പൊതുമരാമത്ത് (കെട്ടിടം, റോഡ്. ചെറുതുറമുഖം) കായിക വികസനം എന്നീ വകുപ്പുകളാണ് ആധവ് കൈകാര്യം ചെയ്യുന്നത്.വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെയ്സി ബിസിനസ് രംഗത്ത് സജീവമാണ്.
ഇടത്തരം കുടുംബത്തിൽ നിന്നെത്തിയ ആധവ് ബാസ്കറ്റ് ബോൾ താരമായിരുന്നു. സാന്‍റിയാഗോ മാർട്ടിന്‍റെ മകളെ വിവാഹം കഴിക്കാനുള്ള ആദവിന്‍റെ തീരുമാനം അക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നെ പോലെ ഒരാൾക്ക് സമ്പന്ന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ പാടില്ലേ എന്നായിരുന്നു അന്ന് ആധവ് ചോദിച്ചിരുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ് കഴിഞ്ഞാൽ തമിഴ്നാട് രാഷ്‌ട്രീയത്തിലെ സമ്പന്നനായ നേതാവായിരുന്നു ആധവ്.
എന്നാൽ ആധവിനെതിരേ ഡെയ്സിയുടെ സഹോദരൻ ജോസ് ചാൾസ് മാർട്ടിൻ തന്നെ രംഗത്തെത്തിയിരുന്നു. ആധവ് നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തുന്നുവെന്നും അവർക്ക് റോൾസ് റോയ്സ് കാർ ഉൾപ്പെടെ സമ്മാനമായി നൽകുന്നുവെന്നുമായിരുന്നു ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാന്‍റിയാഗോ മാർട്ടിന്‍റെ കുടുംബത്തിൽ നിന്ന് ആധവ് ഉൾപ്പെടെ മൂന്നു പേരാണ് വിവിധ പാർട്ടികളിൽ നിന്നായി മത്സരിച്ചത്. മാർട്ടിന്‍റെ ഭാര്യ ലീമറോസ് മാർട്ടിൻ എഐഎഡിഎംകെ സ്ഥാനാർഥിയായിരുന്നു. മകൻ ജോസ് ചാൾസ് മാർട്ടിൻ എൽജെകെ സ്ഥാനാർഥിയായും മത്സരിച്ചു. മൂന്നു പേരും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.