മനുഷ്യബന്ധങ്ങളെ ‘ബോഡി കൗണ്ട്’ ആയി കാണുന്ന പാശ്ചാത്യ സംസ്കാരം സാധാരണവത്കരിക്കരുത്: കങ്കണ റണാവത്ത്

‘ബെഞ്ചിങ്’, ‘ഗോസ്റ്റിങ്’, ‘ക്രംബിങ്’, ‘ബോഡി കൗണ്ട്’ തുടങ്ങിയ പദങ്ങളിലൂടെ മനുഷ്യബന്ധങ്ങളെ നിസാരവത്കരിക്കുന്ന പ്രവണതയ്‌ക്കെതിരേ ജാഗ്രത പാലിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു

Kangana Ranaut

കങ്കണ റണാവത്ത്

Updated on

മനുഷ്യബന്ധങ്ങളെ ‘ബോഡി കൗണ്ട്’ എന്നതിലേക്ക് ചുരുക്കുന്ന പാശ്ചാത്യവത്കരിച്ച സംസ്കാരം സാധാരണവത്കരിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ബെംഗളൂരുവിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെയും അഞ്ച് വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിക്കുന്നതായി കങ്കണ ചൂണ്ടിക്കാട്ടി.

ബെംഗളൂരു സംഭവത്തെക്കുറിച്ചുള്ള വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കങ്കണ, മനുഷ്യബന്ധങ്ങളിലെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഇത്തരത്തിൽ കൊലപാതകങ്ങളിലേക്ക് എത്താറില്ലെന്നും, ഇന്ത്യയിലെ സാമൂഹിക സമ്മർദങ്ങളും യാഥാസ്ഥിതിക സംസ്കാരവും വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

‘ബെഞ്ചിങ്’, ‘ഗോസ്റ്റിങ്’, ‘ക്രംബിങ്’, ‘ബോഡി കൗണ്ട്’ തുടങ്ങിയ പദങ്ങളിലൂടെ മനുഷ്യബന്ധങ്ങളെ നിസാരവത്കരിക്കുന്ന പ്രവണതയ്‌ക്കെതിരേ ജാഗ്രത പാലിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ സാധാരണയായി കാണരുതെന്നും അവർ പറഞ്ഞു.

മനുഷ്യബന്ധങ്ങളെ വെറും ‘ബോഡി കൗണ്ട്’ ആയി കാണാൻ തുടങ്ങുമ്പോൾ, പിന്നീട് മനുഷ്യജീവിതത്തിനും അതേ വിലകുറഞ്ഞ സമീപനം ഉണ്ടാകുമെന്നാണ് കങ്കണയുടെ മുന്നറിയിപ്പ്. തന്‍റെ അഭിപ്രായത്തിന്‍റെ പേരിൽ ട്രോളുകൾ നേരിടേണ്ടിവരുമെന്ന് അറിയാമെന്നും, എന്നാൽ ചുറ്റുമുള്ള ഇത്തരം സംഭവങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.

തുടർന്നുള്ള സ്റ്റോറിയിൽ നീല നിറത്തിലുള്ള ഒരു ഡ്രമ്മിന്‍റെ ചിത്രം പങ്കുവച്ച കങ്കണ, മനുഷ്യബന്ധങ്ങളെ ‘ബോഡി കൗണ്ട്’ എന്ന് വിളിക്കുന്ന സുഹൃത്തുക്കൾക്കായാണ് ഇതെന്ന് കുറിക്കുകയും ചെയ്തു.

പ്രതിഷേധങ്ങളിലെ കങ്കണയുടെ പ്രതികരണം

അതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ജെൻ‌ സി പ്രതിഷേധകരെക്കുറിച്ചുള്ള കങ്കണയുടെ സോഷ്യൽ മീഡിയ പരാമർശങ്ങളും വിവാദമായിരുന്നു. കോക്രോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട ചില യുവ പ്രതിഷേധകരെ അവർ ‘ഗട്ടർ ജനറേഷൻ’ എന്ന് വിശേഷിപ്പിച്ചതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നീട് ജെൻ സിയെ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെയും സ്വത്വത്തിന്‍റെയും അംബാസഡർമാരുമായി കങ്കണ വിശേഷിപ്പിച്ചു.

കങ്കണയുടെ പുതിയ ചിത്രം

അഭിനയരംഗത്ത് കങ്കണ അവസാനമായി പ്രത്യക്ഷപ്പെട്ടത് മനോജ് തപാഡിയ സംവിധാനം ചെയ്ത ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ചിത്രത്തിലാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ കാമ ആശുപത്രിയിലെ രോഗികളുടെ ജീവൻ രക്ഷിച്ച നഴ്സുമാരുടെയും ജീവനക്കാരുടെയും കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഓഗസ്റ്റ് 14 മുതൽ ഒഒടി പ്ലാറ്റ്ഫോമായ സീ5ൽ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com