

തിമിംഗലങ്ങളുടെ 200 വർഷത്തെ ആയുസിന്‍റെ രഹസ്യം കണ്ടെത്തി; മനുഷ്യായുസും വർധിപ്പിക്കാമെന്ന് പഠനം!
file image
ലോകത്ത് ഏറ്റവുമധികം ആയുസുള്ള സസ്തനികളാണ് ബോഹെഡ് തിമിംഗലങ്ങൾ. 200 ഓളം വർഷമാണ് ഇവ ലോകത്ത് ജീവിക്കുന്നത്. ഇവയുടെ ശരീരത്തിലുള്ള പ്രത്യേക പ്രോട്ടീനുകളാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ കണ്ടെത്തൽ മനുഷ്യായുസ് വർധിപ്പിക്കാനായേക്കുമെന്ന വിദൂര സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്.
ഇതേ പ്രോട്ടീനുകൾ ഉപയോഗിച്ച് മനുഷ്യന്‍റെ ആയുസ് വർധിപ്പിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നേച്ചർ ജേണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളുള്ളത്. യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ 'സിഐആർബിപി' എന്ന പ്രോട്ടീനാണ് ഈ ദീർഘായുസിനു പിന്നിലെ പ്രധാന ഘടകമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രോട്ടീൻ മനുഷ്യനിലുള്ളതിലും നൂറുമടങ്ങാണ് തിമിംഗലങ്ങളിലുള്ളത്. ജനിതകപരമായ പ്രശ്നങ്ങൾ നികത്താനും ഈ പ്രോട്ടീന് സാധിക്കും. മനുഷ്യരിൽ ഈ പ്രോട്ടീന്‍റെ അളവ് വർധിപ്പിക്കുന്നതിനായി ജീവിതശൈലി മാറ്റങ്ങൾ സഹായിക്കുമോ എന്ന് ശാസ്ത്രജ്ഞർ ആലോചിക്കുന്നുണ്ടെങ്കിലും ഇതിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.