
ഹർദോയ്: വീട്ടിൽ സ്ഥിരമായി ഭിക്ഷ തേടിയെത്തിയിരുന്ന യാചകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതായി ഭർത്താവിന്‍റെ പരാതി. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 36കാരിയായ രാജേശ്വരി യാചകനായ നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയെന്ന് കാണിച്ച് ഭർത്താവ് രാജുവാണ് പരാതി നൽകിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറു മക്കളുള്ള ദമ്പതികൾ ഹർപൽപുരിലാണ് താമസിച്ചിരുന്നത്. ഭിക്ഷാടനത്തിനെത്തിയ നൻഹെ പണ്ഡിറ്റ് രാജേശ്വരിയുമായി അടുപ്പം സ്ഥാപിച്ചു. പിന്നീട് ഫോണിൽ നിരന്തരമായി സംസാരിക്കാൻ തുടങ്ങി.
ജനുവരി 3ന് ചന്തയിലേക്കെന്നു പറഞ്ഞ് പുറത്തേക്കിറങ്ങിയ രാജേശ്വരി പിന്നീട് തിരിച്ചെത്തിയില്ല. എരുമയെ വിറ്റ് ലഭിച്ച പണവും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതായി രാജു ആരോപിക്കുന്നു.