

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക കോളയുടെ ഓഹരി
അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്റിൽ കൊക്ക കോള കുതിച്ചുയരുകയാണ്. കൊക്ക കോള കമ്പനിയാണ് സ്പ്രൈറ്റ് എന്ന പേരിലുള്ള കാർബണേറ്റഡ് പാനീയം നിർമിക്കുന്നത്. വൈനിൽ സ്പ്രൈറ്റ് ഒഴിച്ചു കൊണ്ടുള്ള കോംബിനേഷനാണ് മെസി പങ്കു വച്ചത്.
അതിനു പിന്നാലെ 5 ശതമാനം വർധനയാണ് കൊക്ക കോളയുടെ ഷെയറിൽ ഉയർച്ചയുണ്ടായത്. മൂന്നു ദിവസം കൊണ്ട് 12.9 ബില്യൺ ഡോളറിന്റെ ഉയർച്ചയാണുണ്ടായത്. ഇതു സംബന്ധിച്ച കണക്കും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ലുസു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മെസി ഇതേക്കുറിച്ച് സംസാരിച്ചത്. എനിക്ക് വൈൻ ഇഷ്ടമാണ്, എന്റെ പതിവ് ശീലമായ വൈനിനൊപ്പം സ്പ്രൈറ്റ് ഇല്ലെങ്കിൽ മാത്രം, അത് വളരെ വേഗത്തിൽ ഫലം കാണും എന്നാണ് മെസി ചിരിയോടെ പറയുന്നത്.
മിയാമിയിലെ ചൂടിൽ റിലാക്സ് ചെയ്യാൻ സഹായിക്കുന്നത് വൈനിൽ സ്പ്രൈറ്റ് കലർത്തിയുള്ള കോംബിനേഷനാണെന്നാണ് മെസി പറയുന്നത്.
മെസി വളരെ അലസമായി പറഞ്ഞ ഈ ഒരൊറ്റ വാചകം തങ്ങളുടെ ഓഹരിയെ വൻതോതിൽ ഉയർത്തിയെന്നാണ് കൊക്ക കോള അവകാശപ്പെടുന്നത്. ജനുവരി 7നാണ് മെസി ഇക്കാര്യം പറയുന്നത്.
ഇതാദ്യമായല്ല ഫുട്ബോൾ താരങ്ങളുടെ പ്രവൃത്തി കമ്പനികളുടെ ഓഹരിയെ ബാധിക്കുന്നത്. 2021 യൂറോ കപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്ക കോള നീക്കി വച്ചിരുന്നു. അതിനു ശേഷം കൊക്ക കോളയുടെ മാർക്കറ്റിൽ 4 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്.