

പ്രതീകാത്മക ചിത്രം
മാനസിക സമ്മർദം കാരണം ഒറ്റയ്ക്കിരിക്കാനായി പാർക്കിലെത്തിയ 31കാരിക്ക് പിഴ ചുമത്തി അധികൃതർ. കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് കരയുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഒക്റ്റോബർ 25ന് ജർമനിയിലെ ഗെൽസൻകിർഷൻ നഗരത്തിലാണ് സംഭവം.
ഹാന എന്ന യുവതിക്കാണ് ഈ നടപടി നേരിടേണ്ടി വന്നത്. പഠനവും സാമ്പത്തിക പ്രശ്നങ്ങളും കാരണം യുവതി വലിയ മാനസിക സമ്മർദത്തിലായിരുന്നു. ഇതേ തുടർന്ന് നടക്കാനിറങ്ങിയ അവർ ഒരു കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് ആന്റിയെ ഫോണിൽ വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ കരയുകയും ചെയ്തു.
ഇതിനിടെയാണ് മൂന്ന് നഗരസഭാ ഉദ്യോഗസ്ഥർ യുവതിയുടെ അടുത്തെത്തിയത്. ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികൾ അവരുടെ മക്കളാണോയെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. കുട്ടികൾ തന്റെ മക്കളല്ലെന്ന് മറുപടി നൽകിയതോടെ 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ചുമത്തുകയായിരുന്നു. യുവതിക്കൊപ്പം കുട്ടികൾ ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ നടപടിയെടുത്തത്.
കുട്ടികളില്ലാതെ മുതിർന്നവർക്ക് കളിസ്ഥലത്ത് പ്രവേശിക്കാനോ ബെഞ്ചിലിരിക്കാനോ അനുവാദമില്ലെന്ന നഗരസഭാ ചട്ടമാണ് നടപടിക്ക് കാരണമെന്ന് ജർമൻ മാധ്യമമായ ഡബ്ല്യുഡിആർ റിപ്പോർട്ട് ചെയ്തു. 14 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കായാണ് കളിസ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നത്. മാതാപിതാക്കൾക്കും മുതിർന്നവർക്കും കുട്ടികളെ അനുഗമിക്കുമ്പോൾ മാത്രമാണ് പ്രവേശനാനുമതി.
ഉദ്യോഗസ്ഥരുടെ നടപടിയിൽ രോഷവും നിരാശയും പ്രകടിപ്പിച്ച ഹാന, ഒരാൾ കരയുന്നത് കണ്ടാൽ ആദ്യം എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുകയല്ലേ വേണ്ടതെന്ന് ചോദിച്ചു. "ഇതിലെ മനുഷ്യത്വം എവിടെയാണ്? ഒരാൾ കരയുന്നത് കണ്ടാൽ ആദ്യം 'നിങ്ങൾക്ക് സുഖമാണോ? എന്തെങ്കിലും സഹായം വേണോ?' എന്ന് ചോദിക്കാമായിരുന്നില്ലേ?" എന്നായിരുന്നു യുവതിയുടെ പ്രതികരണം.
സംഭവത്തിൽ പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിച്ചു. വിശ്രമിക്കാൻ ആഗ്രഹിച്ച ഒരു സ്ത്രീക്ക് പിഴ ചുമത്തി ശിക്ഷിച്ചത് അസംബന്ധമാണെന്ന് ഒരാൾ പ്രതികരിച്ചു. 64 വർഷമായി ഇവിടെ താമസിക്കുന്ന താൻ ഇതുവരെ കളിസ്ഥലത്തെ ബെഞ്ചിലിരുന്നപ്പോൾ ആരും പരിശോധന നടത്തിയിട്ടില്ലെന്ന് മറ്റൊരു സ്ത്രീയും പറഞ്ഞു.
എന്നാൽ നഗരസഭാ കൗൺസിൽ ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ചു. കുട്ടികളുടെ കളിസ്ഥലങ്ങൾ കുട്ടികൾക്കുള്ളതാണെന്നും കുട്ടികളില്ലാതെ മുതിർന്നവർ അവിടെ പ്രവേശിക്കുന്നത് പൊതുവെ നിരോധിച്ചിട്ടുണ്ടെന്നും കൗൺസിൽ അംഗം സൈമൺ നൊവാക്ക് പറഞ്ഞു. അനധികൃതമായി കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമാണ് നിയന്ത്രണങ്ങളെന്നും നഗരസഭ വ്യക്തമാക്കി.
അതേസമയം, കളിസ്ഥലങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനുള്ള പിഴ 55 യൂറോയിൽ നിന്ന് 60 യൂറോയായി ഉയർത്താനുള്ള നിർദേശവും നഗരസഭ പരിഗണിക്കുന്നുണ്ട്.