

ആർഎൽവി മിഥുന അതീഷും ശിഷ്യരും
നീതു ചന്ദ്രൻ
ഭാവങ്ങൾ മിന്നിമായുന്ന മിഴികൾക്കൊപ്പം വിരൽത്തുമ്പിൽ വ്യക്തതയോടെ വിരിയുന്ന മുദ്രകൾ... ഒഴുകിയെത്തുന്ന സ്വാതി തിരുനാൾ കീർത്തനത്തിനൊപ്പം ഇടമുറിയാതെ താളത്തിൽ പെയ്തു നിറയുന്ന ചുവടുകൾ... ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മനസിന്‍റെ ഏതോ കോണിൽ ഉപേക്ഷിക്കേണ്ടി വന്നൊരു സ്വപ്നം യാഥാർഥ്യമാക്കുന്നതിന്‍റെ തെളിച്ചമുണ്ട് ആ മിഴികളിൽ... ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനെ ശബ്ദമുഖരിതമാക്കിക്കൊണ്ട് നൃത്തം ചെയ്യുന്ന, അമ്പത് വയസ് പിന്നിട്ട നൃത്ത വിദ്യാർഥികൾ. വിശ്രമജീവിതത്തിന്‍റെ വിരസതയെന്തെന്നറിയാത്തവർ, പ്രായത്തിന്‍റെ അവശതകളെ കാറ്റിൽ പറത്തിയവർ....
ഇടപ്പള്ളി നൃത്താസ്വാദക സദസ്സിലെ അമ്പത് വയസ് പിന്നിട്ട 41 നർത്തകിമാരും അവരുടെ പ്രിയപ്പെട്ട അധ്യാപിക ആർ.എൽ.വി. മിഥുന അതീഷും. ഇടപ്പള്ളി നൃത്താസ്വാദക സദസ്സിന്‍റെ പതിമൂന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഏപ്രിൽ 30ന് വൈകിട്ട് ഭരതനാട്യവും മോഹിനിയാട്ടവും, കൂടാതെ കവി ഒ.എൻ.വി. കുറുപ്പിന്‍റെ 'അമ്മ' എന്ന കവിതയുടെ നൃത്താവിഷ്കാരവും വേദിയിലെത്തിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെല്ലാവരും. മറൂൺ കരയുള്ള ചുവപ്പു സാരി ഞൊറിഞ്ഞുടുത്ത്, മായാത്ത മന്ദഹാസത്തോടെ നൃത്തം പരിശീലിക്കുന്നവർ.
ആർഎൽവി മിഥുന അതീഷ്
"ഇതാദ്യമായിട്ടായിരിക്കും അമ്പത് വയസിലേറെ പ്രായമുള്ള ഇത്രയേറെ പേർ ചേർന്ന് നൃത്തമവതരിപ്പിക്കുന്നത്...'
നൃത്ത പരിശീലനത്തിനിടെയുള്ള ഇടവേളയിൽ മിഥുന തന്‍റെ വിദ്യാർഥിനികളെക്കുറിച്ച് പറഞ്ഞു തുടങ്ങി. ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിട്ടും നൃത്തം പഠിക്കാനുള്ള അവസരം ലഭിക്കാതെ പോയവർ, നൃത്തം പഠിച്ചിട്ടും വിവാഹം കഴിഞ്ഞ ശേഷം നൃത്തം ചെയ്യാൻ പറ്റാതെ പോയവർ, ജോലിത്തിരക്കുകൾക്കിടയിൽ നൃത്തം എന്ന സ്വപ്നം അപ്പാടെ ഉപേക്ഷിക്കേണ്ടി വന്നവർ... അവരുടെയെല്ലാം മോഹങ്ങളെയാണ് മിഥുന ചിലങ്കയണിയിക്കുന്നത്. നൃത്തത്തിനു പ്രായം ഒരു അതിർവരമ്പല്ലെന്നു തെളിയിച്ചു കൊണ്ടാണ് അവരിൽ ഓരോരുത്തരും ചുവടുകൾ വയ്ക്കുന്നത്. 78 വയസ് വരെ പ്രായമുള്ളവരുണ്ട് കൂട്ടത്തിൽ. ശാരീരിക പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ടാണവർ നൃത്തം ചെയ്യുന്നത്.
"അതു കൊണ്ടു തന്നെ അവർക്കു കൂടി സൗകര്യപ്രദമായ ചുവടുകളാണ് തെരഞ്ഞെടുക്കാറുള്ളത് ', മിഥുനയുടെ വാക്കുകളിൽ പോലും ശിഷ്യരോടുള്ള കരുതൽ നിറയുന്നു.
ആർഎൽവി കോളെജിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് മിഥുന നൃത്താധ്യാപനത്തിലേക്കു കടന്നത്. പതിനെട്ട് വർഷത്തോളമായി നൃത്താധ്യാപനത്തിൽ സജീവം. എറണാകുളം കൂനന്തൈയിൽ വരവർണിനി കലാക്ഷേത്ര എന്ന നൃത്തപഠനകേന്ദ്രവും നടത്തുന്നുണ്ട്. നിരവധി പേരെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും 2018ൽ അപ്രതീക്ഷിതമായാണ് അമ്പത് വയസിലേറെ പ്രായമുള്ള സ്ത്രീകളെ പഠിപ്പിക്കുന്നതിലേക്കെത്തിയതെന്ന് മിഥുന. അക്കാലത്ത് സുഹൃത്തും അധ്യാപികയുമായ ഉഷ വേണുഗോപാൽ ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം നൃത്തപഠനത്തിനായി ശ്രമിച്ചിരുന്നു. പക്ഷേ, പ്രായം കൂടിയെന്ന പേരിൽ നൃത്തപഠനത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു മനസിലായപ്പോൾ ചങ്ങമ്പുഴ സാംസ്കാരിക സംഘം കമ്മറ്റി മെംബറും അക്കാലത്തെ നൃത്താസ്വാദക സദസ് പ്രസിഡന്‍റുമായിരുന്ന മല്ലിക വർമയ്ക്കൊപ്പം മിഥുനയെ കാണാനെത്തി. പ്രായമുള്ള സ്ത്രീകളെ കരുതലോടെ നൃത്തം പഠിപ്പിക്കുന്നതിന് ഒരു മാർഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
"അങ്ങനെയാണ് അമ്പത് വയസിൽ കൂടുതൽ പ്രായമുള്ളവർക്കായി നൃത്ത പഠനം ആരംഭിച്ചത്. 2018ൽ തുടങ്ങിയെങ്കിലും പിന്നീട് കൊവിഡ് കാലത്ത് ഓൺലൈനാക്കേണ്ടി വന്നു. 2020 മുതൽ സജീവമായി തന്നെ ക്ലാസ് മുന്നോട്ടു പോകുന്നുണ്ട് '- മിഥുന അക്കാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ചു.
അമ്പതിലേറെ പ്രായമുള്ള അമ്പതിലധികം പേർ ഇപ്പോൾ മിഥുനയുടെ കീഴിൽ നൃത്ത പഠനത്തിനെത്തുന്നുണ്ട്. എഴുപതു വയസ് കഴിഞ്ഞ 7 പേരുണ്ട്. അതിൽ തന്നെ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്തിട്ടുള്ളവരും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയരായവരുമെല്ലാമുണ്ടെന്ന് മിഥുന. ചങ്ങമ്പുഴ പാർക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലായി രണ്ട് മണിക്കൂറോളമാണ് പഠനം. നൃത്തപരിപാടികൾ ഉള്ളപ്പോൾ കൂടുതൽ സമയം പരിശീലനത്തിനായി മാറ്റിവയ്ക്കും.
മിഥുന ടീച്ചർ ശരിക്കും ഞങ്ങളെ കുഞ്ഞുങ്ങളെ പോലെയാണ് പഠിപ്പിക്കുന്നതെന്ന് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്റ്ററായി വിരമിച്ച ഡോ. ഉഷ കിരൺ പറയുന്നു. റിട്ടയർമെന്‍റിനു ശേഷം 2011ലാണ് ഉഷ കിരൺ നൃത്ത പഠനം തുടങ്ങിയത്. 2022ൽ അരങ്ങേറ്റം നടത്തിയ ശേഷം ടീച്ചറുടെ അനുമതിയോടെ 30 സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു. പനങ്ങാട്, തൃപ്പൂണിത്തുറ, കടവന്ത്ര തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ നൃത്തം ചെയ്തിട്ടുണ്ട്. പെൻഷനേഴ്സ് അസോസിയേഷൻ പരിപാടികളിലും നൃത്തം ചെയ്തിട്ടുണ്ട്. ഗുരുവായൂരിൽ തന്നെ മൂന്നു തവണ പരിപാടി അവതരിപ്പിച്ചു.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് ജോലിയിൽ പ്രവേശിച്ചതോടെ തിരക്കുകളായി. ഇപ്പോൾ വിശ്രമജീവിതം നൃത്തം ചെയ്ത് ആസ്വദിക്കുകയാണ്. സ്കൂൾ പഠനത്തിനു ശേഷം വലിയ ഇടവേളയുണ്ടായിരുന്നു. പിന്നീട് നൃത്തം ചെയ്തു തുടങ്ങിയപ്പോൾ മാനസികമായി വലിയ ആശ്വാസമാണ് ലഭിക്കുന്നത്. നൃത്ത പഠനത്തിൽ കുടുംബാംഗങ്ങളും വലിയ പിന്തുണയാണ് നൽകുന്നത്. നൃത്താസ്വാദക സദസിലെ ഉഷ വേണുഗോപാൽ, മല്ലിക വർമ എന്നിവരൊക്കെ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
മിഥുന ടീച്ചറാണ് ഏറ്റവും വലിയ പിന്തുണ. മകളുടെ പ്രായമേയുള്ളൂ, പക്ഷേ എല്ലാവരെയും കരുതലോടെയാണ് ടീച്ചർ പഠിപ്പിക്കുന്നത്. ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ചുവടുകൾ മാത്രമാണ് നൽകുന്നത്. ഒത്തിരി ബുദ്ധിമുട്ടുള്ള ചുവടുകൾ ഒന്നും പരമാവധി തരാറില്ല. അതു കൊണ്ടു തന്നെ എല്ലാവർക്കും അനായാസമായി നൃത്തം ചെയ്യാൻ സാധിക്കും- ടീച്ചറെക്കുറിച്ച് ഉഷാ കിരൺ വാചാലയായി.
പ്രായമായവരെ എങ്ങനെയാണ് നൃത്തം പഠിപ്പിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ടെന്ന് മിഥുന.
"അവർക്ക് അരമണ്ഡലത്തിൽ നൃത്തം ചെയ്യാൻ കഴിയുമോയെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ, വിദ്യാർഥികളെ താനൊരിക്കലും ഒന്നിനു വേണ്ടിയും നിർബന്ധിക്കാറില്ല'- മിഥുന പറയുന്നു. ""നൃത്ത പരിപാടി കച്ചേരിക്രമത്തിലല്ല ചെയ്യുന്നതും. അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടാണ് കോറിയോഗ്രഫി ചെയ്യുന്നത്. നൃത്തം ചെയ്യുന്നതിനായി അത്രയധികം കഠിനമായാണ് അവർ പ്രയത്നിക്കുന്നത്. നൃത്തം പഠിക്കണമെന്ന ആഗ്രഹമാണ് അവർക്കുള്ളത്, അല്ലാതെ വേദിയിൽ നൃത്തം അവതരിപ്പിക്കണമെന്നാഗ്രഹിച്ചു കൊണ്ടല്ല മിക്കവരും വരുന്നത്. നൃത്തത്തോടുള്ള അവരുടെ സ്നേഹം അത്ര ശക്തമാണ്. അതു കൊണ്ടു തന്നെ ചിലങ്കയണിഞ്ഞെത്തുന്ന അവരുടെ ആഗ്രഹത്തെ സഫലമാക്കാനും അവരുടെ കഴിവുകൾ കണ്ടെത്തി അതിനെ മിനുക്കിയെടുക്കാനുമാണ് ശ്രമിക്കുന്നത്''- മിഥുന കൂട്ടിച്ചേർക്കുന്നു.
സ്കൂൾ - കോളെജ് കാലഘട്ടത്തിൽ നിരവധി വേദികളിൽ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും, വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറ്റി വയ്ക്കേണ്ടി വന്ന കഥയാണ് എറണാകുളം സ്വദേശിനി സന്ധ്യ രാജേന്ദ്രനു പറയാനുള്ളത്. ചെറുപ്പത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയെല്ലാം പഠിച്ചിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. പക്ഷേ, വിവാഹം കഴിഞ്ഞതോടെ നൃത്തം പൂർണമായും മാറ്റി വയ്ക്കേണ്ടി വന്നു. പിന്നീട് 64ാം വയസിലാണ് നൃത്താസ്വാദക സദസിൽ അഭ്യസിക്കാനെത്തിയത്. എല്ലാവരും ഒരേ പ്രായവിഭാഗത്തിലുള്ളവരായതു കൊണ്ട് യഥാർഥത്തിൽ വലിയ സന്തോഷമാണുള്ളത്. ചെറുപ്രായത്തിലുള്ളവരെ പോലെ താഴാനൊന്നും പറ്റിയെന്നു വരില്ല. പ്രായത്തിന്‍റേതായ മുട്ടു വേദനയും പ്രശ്നങ്ങളൊക്കെയുമുണ്ട്. പക്ഷേ, സ്വയം വീണ്ടും കണ്ടെത്തുന്നതു പോലൊരു അനുഭവമാണിപ്പോൾ. മനോഭാവത്തിൽ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നതെന്ന് പുഞ്ചിരിയോടെ സന്ധ്യ കൂട്ടിച്ചേർക്കുന്നു.
ചമയങ്ങളിട്ട് അരങ്ങിൽ കയറണം, നൃത്തം ചെയ്യണം എന്നൊക്കെ മോഹിച്ച എത്രയോ പേരുണ്ടായിരിക്കും. ചില നൃത്ത സ്കൂളുകളിൽ നന്നായി നൃത്തം ചെയ്യുന്നവരെ മാത്രമേ വേദിയിൽ കയറ്റുകയുള്ളൂ. പക്ഷേ, മിഥുന ടീച്ചർ ആരെയും മാറ്റി നിർത്താതെ വേദിയിലെത്തിക്കാറുണ്ടെന്നും സന്ധ്യ.
"അമ്പത്തേഴാം വയസിൽ നൃത്തം പഠിച്ചു തുടങ്ങിയപ്പോൾ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴതെല്ലാം മാറിയെന്ന് ആദ്യമായി നൃത്തം അഭ്യസിക്കുന്ന അനിത തമ്പി പറയുന്നു. ഇലക്‌ട്രിസിറ്റി ബോർഡിൽ നിന്ന് സീനിയർ സൂപ്രണ്ട് ആയി വിരമിച്ച ശേഷമാണ് അനിത നൃത്തം പഠിക്കാൻ തുടങ്ങിയത്. പിന്നീട് മിഥുന നൃത്തസംവിധാനം ചെയ്ത അയ്യപ്പചരിതം, പൂതപ്പാട്ട് തുടങ്ങിയവയുടെ നൃത്താവിഷ്കാരങ്ങളിലെല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ചു. അതു മാത്രമല്ല, ഇവിടെ എല്ലാവരും വലിയ സൗഹൃദത്തിലാണ്. ഒരേ പ്രായവിഭാഗത്തിലുള്ള ഒത്തിരി പേർ ഒരുമിക്കുന്നത് വലിയ സന്തോഷമാണ്. എല്ലാവരുടെയും പിറന്നാൾ ആഘോഷിക്കും. ശാരീരികവും മാനസികവുമായി എല്ലാവരും വലിയ സന്തോഷത്തിലാണ്. നൃത്തം പോലെ സന്തോഷം തരുന്ന മറ്റൊരു കല ഇല്ലെന്നു തന്നെ പറയാം. അതു പോലെ തന്നെ ഒത്തിരി പ്രശസ്തരായ കലാകാരന്മാർ നിറഞ്ഞാടിയ ചങ്ങമ്പുഴ പാർക്കിൽ നൃത്തം അവതരിപ്പിക്കാൻ കഴിയുന്നു എന്നതു തന്നെ വലിയ അഭിമാനമാണ്. കുടുംബത്തിന്‍റെ പിന്തുണയും വലിയ ശക്തി തന്നെ. ഞാൻ എവിടെ നൃത്തം അവതരിപ്പിച്ചാലും കുടുംബാംഗങ്ങൾ മുൻ നിരയിൽ തന്നെയുണ്ടായിരിക്കും'- അനിത തമ്പി പുഞ്ചിരിയോടെ പറയുന്നു.
ഭരതനാട്യത്തിൽ അലൈപ്പായുതേ പദം, ദശാവതാരം, നടേശകവുത്തം എന്നിവയെല്ലാം പരിശീലിക്കുന്നുണ്ട്. മോഹിനിയാട്ടത്തിൽ സ്വാതി തിരുനാൾ കൃതിയായ പൂന്തേൻ നേർമൊഴി അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കക്കാർക്ക് എപ്പോഴും എളുപ്പം ഭരതനാട്യം തന്നെയായിരിക്കും. പൂർണമായും എളുപ്പമാണെന്നല്ല. എങ്കിലും താരതമ്യേന എളുപ്പമായിരിക്കും. ലാസ്യത്തിനും ഭാവത്തിനും പ്രാധാന്യം നൽകുന്നതു കൊണ്ടു തന്നെ മോഹിനിയാട്ടം കുറച്ചു കൂടി ബുദ്ധിമുട്ടായിരിക്കുമെന്നും മിഥുന.
നൃത്തം ചെയ്തു തുടങ്ങിയപ്പോൾ അതു വരെയുണ്ടായിരുന്ന പല ശാരീരിക ബുദ്ധിമുട്ടുകളും മാറിയതായി പലരും തന്നോടു പറയാറുണ്ടെന്ന് മിഥുന. മാത്രമല്ല, സാംസ്കാരിക കേന്ദ്രം അംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്.
ഒഎൻവിയുടെ "അമ്മ' എന്ന കവിതയുടെ നൃത്താവിഷ്കാരത്തിന് മിഥുന തന്നെയാണ് കോറിയാഗ്രഫി ചെയ്തിരിക്കുന്നത്. കവിതയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ. ആർഎൽവി ശൈലേഷ് നാരായണനാണ്. സനു ഗോപിനാഥും ലേഖ ശൈലേഷും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. ആരോമൽ തമ്പി, പാർഥിവ് അതീഷ്, മിഥുന അതീഷ് എന്നിവരാണ് നൃത്താവിഷ്കാരത്തിലെ സംഭാഷണങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജയൻ പെരുമ്പാവൂർ ആണ് വായ്പ്പാട്ട്. ആർ.എൽ.വി. സന്തോഷ് (മൃദംഗം), ആർ.എൽ.വി. ബാബുരാജ് (വയലിൻ), മഹാദേവ് അതീഷ് (ഇടക്ക), ആർ.എൽ.വി. സതീഷ് (ചമയം) എന്നിവരും പിന്തുണയുമായി ഒപ്പമുണ്ടെന്ന് മിഥുന. ഇടവേളയ്ക്കൊടുവിൽ വിരൽത്തുമ്പിലേക്ക് മുദ്രകളെ ആവാഹിച്ചു കൊണ്ട് വീണ്ടുമവർ പരിശീലന വേദിയിലേക്ക്.