പച്ചക്കറിക്കാരിയായും വീട്ടുജോലിക്കാരിയായും അഭിനയിച്ച് അന്വേഷണം; രജനി തെളിയിച്ച‌ത് 80,000 കേസുകൾ

വളരെ ആകസ്മികമായാണ് രജനി ഡിറ്റക്റ്റീവായി മാറിയത്.
Investigation conducted while posing as a vegetable vendor and a domestic worker; Rajani solved 80,000 cases

രജനി പണ്ഡിറ്റ്

Updated on

ചിലപ്പോൾ വീട്ടുജോലിക്കാരി, മറ്റു ചിലപ്പോൾ പച്ചക്കറി വിൽപ്പനക്കാരി അല്ലെങ്കിൽ അന്ധയായ സ്ത്രീ.. അങ്ങനെ അറിഞ്ഞു കൊണ്ട് പല വേഷങ്ങൾ അണിഞ്ഞെത്തിയാണ് രജനി പണ്ഡിറ്റ് കേസുകൾ തെളിയിച്ചിരുന്നത്. കൊലപാതകവും, തട്ടിപ്പും ഉൾപ്പെടെയുള്ള 80,000 കേസുകൾ. നാലു പതിറ്റാണ്ടുകൾ കൊണ്ട് പല തരം കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച ഇന്ത്യയുടെ ആദ്യ പ്രൈവറ്റ് വനിതാ ഡിറ്റക്റ്റീവ്. ഛവി മിത്തലുമായുള്ള പോഡ്കാസ്റ്റിലാണ് രജനി തന്‍റെ കരിയറിനെക്കുറിച്ച് തുറന്നു സംസാരിച്ചത്. ഈ ജോലിയിലേക്ക് കടന്ന് വന്ന കാലം മുതൽ മരണം അരികിൽ തന്നെയുണ്ടെന്ന് പറയുന്നു രജനി.

വളരെ ആകസ്മികമായാണ് രജനി ഡിറ്റക്റ്റീവായി മാറിയത്. കോളെജിൽ പഠിച്ചിരുന്ന കാലത്ത് ഒരു സഹപാഠിയാണ് തന്‍റെ വിലപ്പെട്ട ഒരു വസ്തു കാണാതായെന്ന് രജനിയോട് പറയുന്നത്. അന്നു മുതലേ ആളുകളെ തിരിച്ചറിയുന്നതിൽ മിടുക്കിയായിരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ രജനി മോഷ്ടാവിനെ കണ്ടെത്തി. ആ സംഭവം കോളെജിൽ എല്ലാവരും അറിഞ്ഞു. കാണാതായ ബന്ധുക്കളെ കണ്ടെത്താനും വ്യക്തിപരമായ തർക്കങ്ങൾ പരിഹരിക്കാനുമെല്ലാം സഹപാഠികൾ രജനിയെ തേടിയെത്തി. അങ്ങനെ വെറുമൊരു കൗതുകത്തിന്‍റെ പുറത്ത് തുടങ്ങിവച്ച ഡിറ്റക്റ്റീവ് പണി ഒടുവിൽ രജനിയുടെ പ്രിയപ്പെട്ട തൊഴിലായി മാറി.

1986 ൽ വെറും 24 വയസുള്ളപ്പോഴാണ് രജനി ഇൻവെസ്റ്റിഗേറ്റീവ് ബ്യൂറോ എന്ന പേരിൽ സ്വന്തമായി ഒരു ഏജൻസി തുടങ്ങുന്നത്. പിന്നീടതിന്‍റെ പേര് രജനി പണ്ഡിറ്റ് ഡിറ്റക്റ്റീവ് സർവീസസ് എന്നാക്കി മാറ്റി.

ചെറുപ്പം മുതലേ ഡിറ്റക്റ്റീവ് ജോലിയിൽ ആയിരുന്നതിനാൽ കല്യാണത്തെക്കുറിച്ചു ചിന്തിക്കാൻ പോലും സമയം കിട്ടിയില്ലെന്ന് ര‌ജനി പറയുന്നു. ചേരുന്ന ആരെങ്കിലുമുണ്ടോ എന്നു തെരയാൻ സാധിച്ചിട്ടില്ല. ഇപ്പോഴും സമാധാനമായി ഇരുന്ന് ടിവി കാണാൻ പോലും സാധിക്കാറില്ല. ഫോൺ എപ്പോഴും റിങ് ചെയ്തു കൊണ്ടിരിക്കുമെന്ന് രജനി.

ഒരു ഇരട്ടക്കൊലക്കേസിൽ തെളിവുണ്ടാക്കുന്നതിനായി കുറ്റവാളിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് രജനി വീട്ടുജോലിക്കാരിയായി വേഷം മാറിയെത്തിയത്. അപകടകരമായ സാഹചര്യമായിരുന്നു അതെന്ന് രജനി. അതീവരഹസ്യമായി അവരുടെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ഓരോരോ തെളിവുകൾ ആയി ശേഖരിച്ചു. ഒരു ദിവസം തന്‍റെ റെക്കോഡറിന്‍റെ ക്ലിക്ക് ശബ്ദം അവർ കേട്ടതോടെ അപകടസാധ്യത കൂടി. പക്ഷേ അപ്പോഴേക്കും പരമാവധി തെളിവുകൾ രജനി ശേഖരിച്ചിരുന്നു. ആ കേസിൽ അവർ പിടിയിലാകുകയും ചെയ്തു.

കുറ്റകൃത്യങ്ങൾ ചെയ്തവരെ കണ്ടെത്തുന്നതിനു വേണ്ടി മാത്രമല്ല പ്രശ്നക്കാരായ കുട്ടികളെ മിടുക്കരാക്കാനും തകർന്ന ബന്ധങ്ങൾ ശരിയാക്കാനും ലഹരിയോടുള്ള വിധേയത്വം അവസാനിപ്പിക്കാനുമെല്ലാം രജനി മറ്റുള്ളവരെ സഹായിക്കാറുണ്ട്.

ഒരിക്കൽ സ്വന്തം കേസിൽ അന്വേഷണം നടത്തിയ ചരിത്രവും രജനിക്കുണ്ട്. താനെഴുതിയ പുസ്തകം അനധികൃതമായി കോപ്പിയടിച്ച് വിൽക്കാൻ ശ്രമിച്ച കേസിൽ നടത്തിയ അന്വേഷണത്തിൽ വലിയൊരു പൈറസി റാക്കറ്റിനെ തന്നെയാണ് കണ്ടെത്തിയത്. ആ അന്വേഷണത്തിനിടെ നിരവധി ഭീഷണികൾ തനിക്കു ലഭിച്ചു, പക്ഷേ നിയമത്തിന്‍റെ വഴിയേ സഞ്ചരിക്കാനായിരുന്നു തന്‍റെ തീരുമാനം. ആ കേസിൽ വിജയിക്കുകയും ചെയ്തുവെന്നും രജനി.

logo
Metro Vaartha
www.metrovaartha.com