ലോകത്തിലെ ആദ്യ ട്രില്യണയർ ആകാനൊരുങ്ങി ഇലോൺ മസ്ക്

സ്പേസ് എക്സ് ഐപിഒയോടെ മസ്കിന്‍റെ സാമ്പത്തിക നിലയിൽ വൻ കുതിപ്പുണ്ടാകും
Elon Musk

ഇലോൺ മസ്ക്

Updated on

ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ തലവൻ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ(നൂറു ലക്ഷം കോടി രൂപയിലധികം ആസ്തി) പദവിയിലേയ്ക്ക് ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ. മസ്കിന്‍റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്‍റെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) പൂർത്തിയാകുന്നതോടെയാണ് അദ്ദേഹത്തിന്‍റെ ആസ്തിയിൽ ചരിത്രപരമായ ഈ കുതിച്ചു ചാട്ടം ഉണ്ടാകുക.

നിലവിൽ ആഗോള വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളിൽ ഒന്നാണ് സ്പേസ് എക്സ്. ഐപിഒയ്ക്ക് മുന്നോടിയായി 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് തങ്ങളുടെ വിപണി മൂല്യമായി സ്വയം കണക്കാക്കുന്നത്.കമ്പനി പൊതു വിപണിയിലേയ്ക്ക് എത്തുന്നതോടെ മസ്കിന്‍റെ കൈവശമുള്ള ഓഹരികളുടെ മാത്രം മൂല്യം ഏകദേശം 600 ബില്യൺ ഡോളറായി ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ഉപഗ്രഹ ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്‍റെ വിജയവും ബഹിരാകാശ വിക്ഷേപണ രംഗത്തെ കുത്തകയും കമ്പനിയുടെ മൂല്യം കുത്തനെ കൂട്ടാൻ കാരണമായി. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഉൾപ്പടെയുള്ള മറ്റു സംരംഭങ്ങളിൽ നിന്നായി 500 ബില്യൺ ഡോളറിന്‍റെ ആസ്തി നിലവിൽ തന്നെ ഇലോൺ മസ്കിനുണ്ട്.

ഇതിനു പുറമേയാണ് സ്പേസ് എക്സിന്‍റെ ഓഹരിമൂല്യം കൂടി അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേയ്ക്ക് വരുന്നത്. രണ്ടു കമ്പനികളിലെയും ആസ്തികൾ ഒന്നിച്ചു ചേരുന്നതോടെ മസ്കിന്‍റെ ആകെ സമ്പത്ത് ഒരു ട്രില്യൺ ഡോളറിനും മുകളിലെത്തും. ഇതോടെ ചരിത്രത്തിലാദ്യമായി ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയായി മസ്ക് മാറും.

logo
Metro Vaartha
www.metrovaartha.com