

പുഷ്കർ സിങ് ധാമി
മുഖ്യമന്ത്രി, ഉത്തരാഖണ്ഡ്
പുഷ്കർ സിങ് ധാമി
മുഖ്യമന്ത്രി, ഉത്തരാഖണ്ഡ്
പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിന് ലക്ഷ്യമിടുന്ന ബിൽ എത്രയും വേഗം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഏകകണ്ഠമായ പ്രമേയം ഈ നിയമസഭാ സമ്മേളനം പാസാക്കണം.
സ്ത്രീശാക്തീകരണത്തിന്‍റെ കാര്യത്തിൽ രാഷ്‌ട്രീയം പാടില്ല. സ്ത്രീകൾ ഇപ്പോൾ വെറും പങ്കാളിത്തത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അവർ നേതൃത്വപരമായ ഒട്ടേറെ റോളുകൾ ഏറ്റെടുക്കുന്നുണ്ട്. സ്ത്രീകളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ "നാരീശക്തി വന്ദൻ അധിനിയം' അവതരിപ്പിച്ചു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഈ ചരിത്രപരമായ നിയമനിർമാണം നൽകുന്നു. ഈ പ്രധാന പരിഷ്കാരം നടപ്പിലാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പൗരന്മാരുടെയും സഹകരണം പ്രധാനമന്ത്രി അഭ്യർഥിച്ചു. എന്നിരുന്നാലും, ഈ ചരിത്രപരമായ പരിവർത്തന ബിൽ പാർലമെന്‍റിൽ പാസാക്കുന്നത് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് തടഞ്ഞു.
വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയ സമയത്ത് സീറ്റ് വിഭജനത്തിൽ ഒരു സംസ്ഥാനത്തിനും വിവേചനം നേരിടേണ്ടിവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്, സീറ്റുകൾ വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭരിച്ചിട്ടും സ്ത്രീകൾക്ക് അവരുടെ ശരിയായ പ്രാതിനിധ്യം നൽകുന്നതിന് പ്രതിപക്ഷ പാർട്ടികൾ ഒരിക്കലും കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ഒടുവിൽ ഈ കേന്ദ്ര സർക്കാർ അത്തരമൊരു ശ്രമം നടത്തിയപ്പോൾ അവർ അത് തടസപ്പെടുത്തുകയും ചെയ്തു.
2014ൽ അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീശാക്തീകരണത്തിന് വലിയ മുൻഗണന നൽകിയിട്ടുണ്ട്. തൽഫലമായി, കഴിഞ്ഞ 11 വർഷത്തിനിടെ അവർക്കുവേണ്ടിയുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയിലധികം വർധിച്ചു. 2026–27 ബജറ്റിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി അഞ്ചുലക്ഷം കോടിയിലധികം രൂപ അനുവദിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 12 ശതമാനമാണ് ഈ വർധനവ്.
2015ൽ ആരംഭിച്ച ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള സംരംഭങ്ങൾ രാജ്യത്ത് ലിംഗാനുപാതത്തിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ഗണ്യമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ ലിംഗാനുപാതം 12 പോയിന്‍റ് മെച്ചപ്പെട്ടു, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ പ്രവേശനം മൂന്നു ശതമാനത്തിൽ കൂടുതൽ വർധിച്ചു. ഈ കാലയളവിൽ ആശുപത്രികളിലെ പ്രസവങ്ങൾ 61 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ഉയർന്നു.
വനിതാ സംവരണത്തെക്കുറിച്ച് ഉത്തരാഖണ്ഡിലും ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഡീലിമിറ്റേഷൻ വരുമ്പോൾ സംസ്ഥാനത്തെ നിയമസഭാ സീറ്റുകളുടെ എണ്ണം 105 ആയി ഉയരുമായിരുന്നു, അതിൽ 35 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാമായിരുന്നു. അതുപോലെ, പാർലമെന്‍റ് അംഗങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് ഏഴോ എട്ടോ ആയി വർധിപ്പിക്കാമായിരുന്നു. അത് എല്ലാവർക്കും പ്രയോജനം ചെയ്യുന്നതാണ്. പക്ഷേ, പ്രതിപക്ഷ പ്രതിരോധം കാരണം ബിൽ പാർലമെന്‍റിൽ പാസാക്കാനായില്ല.
ഈ വർഷം സംസ്ഥാന സർക്കാർ ജെൻഡർ ബജറ്റിന് കീഴിൽ ഏകദേശം 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം കൂടുതലാണ്. ഉത്തരാഖണ്ഡ് സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യം പോലുള്ള പദ്ധതികളിലൂടെ ഗ്രാമീണ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. സശക്ത് ബെഹനാ ഉത്സവ് യോജന, മുഖ്യമന്ത്രി വനിതാ സ്വയം സഹായ ഗ്രൂപ്പ് ശാക്തീകരണ പദ്ധതി തുടങ്ങിയ പരിപാടികൾ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നു. സ്വയം സഹായ ഗ്രൂപ്പുകൾക്ക് അഞ്ചുലക്ഷം രൂപ വരെ പലിശരഹിത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സിംഗിൾ വുമൺ സ്വയം തൊഴിൽ പദ്ധതി പ്രകാരം രണ്ടുലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കൽ, ശത്രുക്കൾക്കെതിരേ നിർണായക നടപടി തുടങ്ങിയ ധീരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതുപോലെ, സമീപഭാവിയിൽ സ്ത്രീകൾക്ക് അവരുടെ പൂർണ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
("സ്ത്രീകളോടുള്ള ബഹുമാനം, ജനാധിപത്യത്തിലെ അവകാശങ്ങൾ' എന്ന വിഷയത്തിൽ നാരീശക്തി വന്ദൻ അധിനിയം - വനിതാ സംവരണ ബിൽ - ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്).