പ്രകൃതിഭംഗിയും നെൽപ്പാടങ്ങളും മലനിരകളും; സഞ്ചാരികളുടെ പറുദീസയായ സിറോ താഴ്‌വരയ്ക്ക് രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിലാണ് സിറോ താഴ്‌വര സ്ഥിതി ചെയ്യുന്നത്

Syro Valley

സിറോ താഴ്‌വര

Updated on: 

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പ്രകൃതിരമണീയമായ സിറോ താഴ്‌വരയുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും ലോകത്തിന് മുന്നിലെത്തിച്ച യാത്രാ ഡോക്യുമെന്‍ററിക്ക് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം. 'സിറോ – എ ഹിഡൻ ജെം ഓഫ് ഇന്ത്യ' എന്ന ഹ്രസ്വ ഡോക്യുമെന്‍ററിക്കാണ് കോൽക്കത്തയിൽ നടന്ന മൂന്നാമത് ഫെസ്റ്റ് 5 രാജ്യാന്തര ചലച്ചിത്രമേളയിൽ (F5IFF 2026) സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്‌കാരം ലഭിച്ചത്. നേണ്ടിങ് നാപ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് സാൾട്ട് ലേക്കിലെ ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിലാണ് സിറോ താഴ്‌വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,688 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം പച്ചപ്പണിഞ്ഞ മലനിരകൾക്കും വിശാലമായ നെൽപ്പാടങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അനുയോജ്യമായ ഇടം കൂടിയാണിത്.

സിറോയുടെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പ്രകൃതിഭംഗിക്കൊപ്പം തനതായ ഗോത്രസംസ്കാരവുമാണ്. അപതാനി (Apatani) ഗോത്രവിഭാഗത്തിന്‍റെ പാരമ്പര്യ ജീവിതരീതികളും കൃഷിരീതികളും ഈ താഴ്‌വരയുടെ സാംസ്‌കാരിക അടയാളങ്ങളാണ്. ഒരേ പ്രദേശത്ത് നെൽകൃഷിയും മത്സ്യകൃഷിയും സംയോജിപ്പിച്ചുള്ള പരമ്പരാഗത കൃഷിരീതി അപതാനി സമൂഹത്തിന്‍റെ സവിശേഷതയാണ്. മലഞ്ചെരിവുകൾക്കിടയിലെ നെൽപ്പാടങ്ങളും അവയ്ക്കിടയിലൂടെ ഒഴുകുന്ന ജലവിതരണ സംവിധാനങ്ങളും സിറോയുടെ ഗ്രാമീണ ഭംഗിക്ക് മാറ്റുകൂട്ടുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണനയിലുള്ള അപതാനി ഭൂപ്രകൃതിയും സിറോയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രകൃതിയോടിണങ്ങിയ ജീവിതവും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പരമ്പരാഗത അറിവുകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

ട്രെക്കിങ്ങിനും പ്രകൃതിനിരീക്ഷണത്തിനും ഫോട്ടോഗ്രഫിക്കും താൽപര്യമുള്ളവർക്കും സിറോ മികച്ച യാത്രാനുഭവം നൽകുന്നു. പൈൻ മരങ്ങൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും മൂടൽമഞ്ഞിറങ്ങുന്ന താഴ്‌വരകളും ഗ്രാമീണ ജീവിതവും സഞ്ചാരികളെ ആകർഷിക്കുന്നു. സെപ്റ്റംബറിൽ നടക്കുന്ന സിറോ മ്യൂസിക് ഫെസ്റ്റിവലും ഈ പ്രദേശത്തെ രാജ്യാന്തര സഞ്ചാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.

നവംബർ 20 മുതൽ 24 വരെ 'യൂത്ത് ആൻഡ് ഗ്രീൻ' എന്ന പ്രമേയത്തിൽ നടന്ന ചലച്ചിത്രമേളയിൽ റഷ്യ, മംഗോളിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയായിരുന്നു മേള സംഘടിപ്പിച്ചത്.