സ്വാതന്ത്ര്യത്തിന്‍റെ അർഥം

സീതയെ തേടുന്ന രാമനെ നാം കാണുന്നു. സീത എവിടെയുമില്ല. പ്രകൃതിയിലാണ് അത് ആവിഷ്ക്കരിക്കപ്പെടുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ അർഥം

മനുഷ്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നു, ഭ്രാന്തമായി ചിന്തിക്കുന്നു. അവൻ സ്വാതന്ത്ര്യത്തിൽ നിന്ന് അത്രയൊന്നും ഭിന്നമല്ല. പരമമായ ആഗ്രഹത്തിന്‍റെ പാതയിൽ അവൻ സ്വയം സ്വാതന്ത്ര്യമാകാൻ ശ്രമിക്കുന്നു. ജീവിതം എന്താണെന്നും അത് എങ്ങനെ മനുഷ്യോപകാരപ്രദമായി നിറവേറ്റണമെന്നും ചിന്തിക്കുന്നവരുണ്ട്.

അവർ അതിൽ അസ്വസ്ഥരാണ്. ഒരു അടിസ്ഥാനപരമായ തീർപ്പ് തേടി മനുഷ്യൻ ഈ ലോകജീവിതത്തെ വിശകലനം ചെയ്യുന്നു. അത് തത്ത്വചിന്താപരമായിത്തീരുന്നു. അമെരിക്കൻ എഴുത്തുകാരൻ റിച്ചാർഡ് ബാക്കിന്‍റെ ‘ജോനഥൻ ലിവിങ്സ്റ്റൺ സീഗൾ’ എന്ന നോവൽ ജീവിതത്തിന്‍റെ അർഥം തിരയുകയാണ്. എന്തുകൊണ്ടെന്നാൽ അർഥമില്ലാതെ ജീവിക്കാനാവില്ല. സ്വാതന്ത്ര്യം അർഥമാണ്. അടിമത്തം അർഥരാഹിത്യമാണ്. ഒരു ചലച്ചിത്രകാരനാകണമെന്ന്, അല്ലെങ്കിൽ ചിത്രകാരനാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളിൽ സ്വാതന്ത്ര്യമാണ് കത്തിജ്വലിക്കുന്നത്. രാജകൊട്ടാരത്തിന്‍റെ പശ്ചാത്തലമുണ്ടായിട്ടും രാജാരവിവർമ ചിത്രകാരനാകാൻ വേണ്ടി മുംബൈയിൽ പോയി. ചിത്രം വരയ്ക്കാൻ വേണ്ടി ഈ ലോകത്തോട് യുദ്ധം ചെയ്തു. സ്വയം ഏറ്റെടുക്കുന്ന യുദ്ധങ്ങൾ അവസാനിക്കുന്നില്ല. ജർമ്മൻ ചിന്തകനായ ഫ്രീഡ്റിച്ച് നിഷെ എഴുതി: ‘സ്വതന്ത്രനായ മനുഷ്യൻ ഒരു യോദ്ധാവാണ്. എങ്ങനെയാണ് വ്യക്തികളിലും സമൂഹത്തിലും സ്വാതന്ത്ര്യത്തെ അളക്കേണ്ടത്? അതിലംഘിക്കേണ്ട തടസ്സത്തെ ആശ്രയിച്ചിരിക്കും അത്. ‘

ജി. അരവിന്ദൻ ‘കാഞ്ചനസീത’ എന്ന ചിത്രമെടുക്കുന്നത് അദ്ദേഹം യോദ്ധാവായതിനാലാണ്. എന്തിനോടാണു യുദ്ധം ചെയ്തത്? അത്തരം സിനിമകളുടെ അഭാവത്താൽ അമിതമായി വണ്ണം വച്ച ഒരു അലസ ദൃശ്യസംസ്കാരത്തോടാണ് അദ്ദേഹം എതിരിട്ടത്. അപ്പോൾ ചെറുത്തു നിൽപ്പ് വേണ്ടി വരും. വലിയ സ്വീകാര്യത ലഭിക്കില്ലെന്നുറപ്പുള്ള സിനിമകൾ സംവിധാനം ചെയ്യുകയാണ്, കലയിൽ വിശ്വസിച്ചു കൊണ്ട്. ഒരു ഭടനെ പോലെ, തന്‍റെ സൗന്ദര്യബോധത്തിലും തീവ്രമായ ചിന്തകളിലും ഇറങ്ങി നിന്നു യുദ്ധം ചെയ്യണം. അപ്പോഴാണ് അത് സൗന്ദര്യാത്മകമായ പോരാട്ടമായിത്തീരുന്നത്. ആ പോരാട്ടത്തിന്‍റെ പേരിലാണ് കലാകാരനെ ഓർക്കുന്നത്. റിച്ചാർഡ് ലിവിങ്സ്റ്റൺ സീഗൾ ഒരു കടൽക്കാക്കയുടെ സ്വാതന്ത്ര്യത്തിന്‍റെ നാൾവഴികളാണ് പറയുന്നത്. ലിവിങ്സ്റ്റൺ ഉയർന്നു പറക്കാൻ മോഹിച്ചു. അവൻ പറക്കുക തന്നെ ചെയ്തു, വളരെ ഉയരത്തിൽ. ആ പറക്കൽ എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല. എന്തിനാണ് ആവശ്യമില്ലാതെ സ്വാതന്ത്ര്യമെടുക്കുന്നതെന്ന ചോദ്യം ഉണ്ടാകുന്നു. എല്ലാവരും താഴ്ന്നു പറക്കുമ്പോൾ ഒരു പക്ഷി മാത്രം ഉയരത്തിലേക്ക് കുതിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമത്രേ.

അവർ അവനെ പുറത്താക്കുകയാണ്. എന്നാൽ ലിവിങ്സ്റ്റൺ പിന്മാറുന്നില്ല.. അവൻ പറക്കൽ തുടരുന്നു. ജീവിതത്തിൽ ഉയരത്തിലേക്ക് പറക്കുന്നതാണ് സ്വാതന്ത്ര്യമെന്നു തിരിച്ചറിയുന്ന വേറെ ചില പക്ഷികൾ അവനുമായി സംവദിച്ചു. അവർക്ക് അവനെ മനസ്സിലാകുന്നു. അവൻ അവരുടെ കൂടെ പറക്കുമ്പോൾ സ്വാതന്ത്ര്യം തന്നെയാണ് ജീവിതമെന്നറിയുന്നു.

നോവലിൽ ഇങ്ങനെ വായിക്കാം: ‘നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അതാണ് നിങ്ങളുടെ തനിമ, എപ്പോഴും. നിങ്ങളുടെ വഴി തടസ്സപ്പെടുത്താൻ ഒന്നിനുമാവില്ല. ‘എന്നാൽ തനിമ ചിന്താഗതിക്കനുസരിച്ചു മാറാനുള്ളതാണ്.

ചിന്തയുടെ ചങ്ങലകൾ

ഒരു പക്ഷേ, നിരന്തരമായ നിലവാരപ്പെടലിന്‍റെയും കീഴടങ്ങലിന്‍റെയും ആശ്വാസരഹിതമായ പന്ഥാവുകൾ ഉപേക്ഷിച്ച് ആകാശത്തിലേക്ക് കുതിക്കുന്നുണ്ടെങ്കിൽ, മനുഷ്യർക്ക് എത്രമാത്രം ഉയർന്ന, നവീനമായ സ്വതന്ത്രപഥങ്ങളിൽ സഞ്ചരിച്ചു കൂടാ ?ഈ ചോദ്യമാണ് റിച്ചാർഡ് ബാക് ഉന്നയിക്കുന്നത്. ഒരു ഘട്ടത്തിൽ ജോനഥൻ പറയുന്നു:’നിങ്ങൾ ചിന്തയുടെ ചങ്ങലകൾ പൊട്ടിച്ചെറിയുക. അതേപോലെ, നിങ്ങൾ ശരീരത്തിന്‍റെ ചങ്ങലകളും പൊട്ടിക്കുക. ‘ഇതാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. ചിന്തയുടെ ചങ്ങല പൊട്ടിക്കുമ്പോഴാണ് സ്വാതന്ത്ര്യമുണ്ടാകുന്നതെന്നു തിരിച്ചറിയാനുള്ള ശേഷിയാണ് പ്രധാനം. എങ്ങനെയാണ് അതുണ്ടാകുന്നത്? ലോകാവബോധവും ജീവിതത്തിന്‍റെ പരിമിതിയെ മറികടക്കാനുള്ള ആലോചനയുമാണ് പ്രധാനം.

അരവിന്ദൻ ‘കാഞ്ചനസീത’ ചെയ്തപ്പോൾ അത് ദൃശ്യപരമായ ചങ്ങല പൊട്ടിക്കലായി മാറി. ശ്രീരാമൻ കാട്ടിൽ അലയുന്നു. നമ്മൾ പരിചയിച്ച രാമനല്ല അത്. കറുത്ത നിറമുള്ള രാമനെയും സീതയെയും ലക്ഷ്മണനെയും അരവിന്ദൻ പരിചയപ്പെടുത്തുന്നു. പ്രാചീനമായ ഗോത്രവംശത്തിലെ അംഗങ്ങളായി രാമനെയും ലക്ഷ്മണനെയും മാറ്റുന്നു. കണ്ടു പരിചയിച്ച മുഖങ്ങളിൽ നിന്നുള്ള വിടുതലാണിത്. രാമന്‍റെ മുഖത്തെ പാടുകൾ ഒരു പരമ്പരാഗത വായനക്കാരന്‍റെ ചിന്തയിൽ ഒരിക്കലും കടന്നു വന്നിട്ടുണ്ടാവില്ല. അരവിന്ദൻ മൗനത്തിനുള്ളിൽ സ്വാതന്ത്ര്യത്തെ ഒരു ധിക്കാരിപ്പക്ഷിയായി അഭിദർശിക്കുന്നു. ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. സീതയെ തേടുന്ന രാമനെ നാം കാണുന്നു. സീത എവിടെയുമില്ല. പ്രകൃതിയിലാണ് അത് ആവിഷ്ക്കരിക്കപ്പെടുന്നത്. കാറ്റിലാടുന്ന സ്ത്രീയുടെ സാന്നിധ്യമായി വ്യാഖ്യാനിക്കപ്പെടുന്നു. സ്ത്രീയും പുരുഷനും എന്ന ദ്വന്ദത്തെ അരവിന്ദൻ ഇഴപിരിച്ചു പരിശോധിക്കുന്നു. സ്ത്രീ പ്രകൃതിയാണ്. പുരുഷൻ ആ പ്രകൃതിയിലാണ് ജീവിക്കുന്നത്. അരവിന്ദന്‍റെ സിനിമയിലെ സ്വാതന്ത്ര്യവും അതിജീവനവും ചെറുത്തുനില്പും ഇന്നത്തെ എത്ര ശതമാനം മലയാളികൾക്കു ഉൾക്കൊള്ളാനാവുമെന്ന് അറിയില്ല. അരവിന്ദന്‍റെ കഥാപാത്രചിത്രണം, അപഗ്രഥനരീതി മഹാനായ നാടക സംവിധായകൻ പീറ്റർ ബ്രൂക്കിനെ സ്വാധീനിച്ചതായി കാണാം. ബ്രൂക്ക് ‘മഹാഭാരതം’ രംഗത്തവതരിപ്പിച്ചപ്പോൾ ഭീഷ്മരടക്കമുള്ള കഥാപാത്രങ്ങൾ ആദിവാസികളായിരുന്നു.

പൂർണതയ്ക്ക് പരിമിതിയില്ല

പരിചിതമായതോ, ഒരേ ചാലിൽ സഞ്ചരിക്കുന്നതോ അല്ല സ്വാതന്ത്ര്യത്തിലൂടെ നേടേണ്ടത്. നമ്മുടെ അതീതജീവിതമാണ് സ്വർഗ്ഗമെന്നു ആ കടൽകാക്ക പറയുന്നുണ്ട്. അത് ഇങ്ങനെ വിശദീകരിക്കുന്നു:’സ്വർഗം ഒരു സ്ഥലമല്ല; അത് ഒരു കാലവുമല്ല. പൂർണതയിലായിരിക്കുന്നതാണ് സ്വർഗം. മണിക്കൂറിൽ ആയിരം മൈൽ പറക്കുന്നതോ, പ്രകാശത്തിന്‍റെ വേഗത്തിൽ പറക്കുന്നതോ അല്ല സ്വാതന്ത്ര്യം. കാരണം, ഏത് സംഖ്യയും പരിമിതിയാണ്. പൂർണതയ്ക്ക് പരിമിതിയില്ല. ‘

ഇത് സാഹിത്യരചനയിലും കലയിലും പ്രധാനമാണ്. കലാകാരൻ തന്‍റെ സ്വതന്ത്രമായ വഴികളിലൂടെ പൂർണതയുടെ ഒരു വാസ്തുശിൽപ്പമാണ് തേടുന്നത്. അത് ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഭാഷയോ ചിത്രണമോ ആയിരിക്കില്ല. പൂർണ്ണതയ്ക്കായി വഴിമാറി നടക്കുകയാണ്. അപരിചിതമായ വഴികളിൽ അലയുമ്പോൾ പൂർണതയെക്കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാട് ലഭിക്കും. ജീവിതമെന്നത് ഭക്ഷണം കഴിക്കുന്നതോ, വഴക്കടിക്കുന്നതോ അധികാരം കൈയാളുന്നതോ അല്ലെന്നു മനസ്സിലാക്കാൻ നാം എത്ര ജന്മങ്ങൾ ജീവിക്കേണ്ടി വരുമെന്ന് ഈ നോവലിൽ ചോദിക്കുന്നുണ്ട്. പരുവപ്പെടൽ കൊണ്ട് പുതിയതൊന്നും, അഗാധമായതൊന്നും കണ്ടെത്താനാവാത്ത വിധം മനസ് പഴഞ്ചനായി എന്നതാണ് സത്യം.

ഒരു കടൽകാക്കയ്ക്ക് വെറുതെ പറക്കുന്നതിനപ്പുറം എന്താണ് പഠിക്കാനുള്ളതെന്ന ചിന്ത സാധാരണമാണ്. അതാണ് നമ്മളെല്ലാം അനുവർത്തിക്കുന്നത്. കൂടുതൽ പഠിക്കണമെന്നു തോന്നാതിരിക്കുന്നത് അടിമത്തമാണെന്നു ബാക് എഴുതുന്നു.

‘സ്വന്തം ചങ്ങലകൾ ഒരിക്കൽ മാത്രമല്ല പൊട്ടിക്കേണ്ടത്. പഴകിയ ചങ്ങലകൾ എപ്പോഴും പൊട്ടിച്ചുകൊണ്ടിരിക്കണം. ഓരോ ഘട്ടത്തിലും പഴകിയ ചിന്തകളുടെ മാറാലകൾ നമ്മെ പൊതിഞ്ഞു കൊണ്ടിരിക്കും. അതിൽ നിന്നു മോചനം നേടേണ്ടതുണ്ട്.

അരവിന്ദൻ ‘കാഞ്ചനസീത’യ്ക്ക് ശേഷം ‘ചിദംബരം’ ചെയ്തല്ലോ. ‘വാസ്തുഹാര’ മറ്റൊരു വെളിച്ചമായിരുന്നു. അത് ബംഗാളിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളെ ആർദ്രമായി സമീപിക്കുന്നതിന്‍റെ, അനാഥമായി അലയുന്നതിന്‍റെ മുറിവുകൾ പകർത്തി. ഒ. വി. വിജയന്‍റെ ‘മധുരം ഗായതി’ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. സ്ത്രീ, ഈ കൃതിയിൽ പ്രകൃതിയാണ്. സർവഭൂതസമന്വയമാണ് വിജയൻ ആവിഷ്ക്കരിക്കുന്നത്. മനുഷ്യശരീരമായിരിക്കുന്നതിന്‍റെ വിരസതയകറ്റാൻ ഹെർമ്മൻ ഹെസ്സെ വൃക്ഷങ്ങളെക്കുറിച്ചെഴുതി. ‘ട്രീസ്’ എന്ന പേരിൽ ആ കുറിപ്പുകൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതി:’മരങ്ങൾ ദേവാലയങ്ങളാണ്. മരങ്ങളോട് സംസാരിക്കാനും അവയെ കേൾക്കാനും കഴിയുന്നവർക്ക് സത്യം ഗ്രഹിക്കാം. ‘ മതങ്ങൾ ഓരോ നിമിഷവും പ്രബോധനങ്ങളിൽ ഏർപ്പെടുന്നില്ല. അത് ഒരു പുരാതന നിയമസംഹിതയാണ്.

ധിഷണയുടെ ചാന്ദ്രപ്രഭ

എസ്. മഹാദേവൻ തമ്പിയുടെ ‘മൃത്യുസൂത്രം’(ഗ്രീൻ ബുക്സ്)എന്ന നോവൽ ഈ വഴിയിലുള്ള എന്‍റെ പ്രയാണത്തിൽ എന്നെ ചിന്തിപ്പിച്ചു. ജീവിതത്തിലെ പ്രാചീനമായ ചില ചോദ്യങ്ങൾ ഈ നോവലിൽ കലാചാതുരിയോടെ കടന്നു വരുന്നു. ഈ ലോകത്ത് അന്ധവിശ്വാസികളും പ്രബുദ്ധ ജനങ്ങളും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട്. പ്രകൃതിസ്നേഹമുള്ള മനുഷ്യരും മനുഷ്യത്വമുള്ളവരും ഭാവിയെ മാറ്റിമറിക്കാൻ ശേഷിയുള്ളവരുമാണ് പ്രബുദ്ധജനങ്ങൾ. എന്നാൽ അന്ധവിശ്വാസികൾ ഈ ലോകത്തെ ജീവിക്കാൻ കൊള്ളാതാക്കുന്നു. ഈ നോവൽ മരണത്തിൽ അഭയം തേടുന്നവർക്കും മരണത്തെ മഹത്വവത്കരിക്കുന്നവർക്കും എതിരെയാണ് ശബ്ദമുയർത്തുന്നത്. ഈ നോവലിസ്റ്റ് സാക്ഷാത്കാരത്തിന്‍റെ ഒരു സൗരപ്രഭ കുടഞ്ഞിടുന്നു. മിത്തിൽ നിന്നു യാഥാർഥ്യത്തിലേക്ക് ഓടിച്ചു പോകുന്ന കുതിരവണ്ടിയുടെ മണിയൊച്ച കേൾക്കാം.

നോവലിൽ ആദിഗുരു സത്യം ചൂണ്ടിക്കാണിക്കുന്നു. ഗുരു ഇങ്ങനെ പറഞ്ഞു: ‘നീയും നിന്‍റെ മണ്ണുമെല്ലാം സ്വയം സമർപ്പിതമാണ്. ഇവിടെ വീശുന്ന ഈ കാറ്റ് പോലും സ്വാർഥത്തിന്‍റെ ഗന്ധം നിറഞ്ഞതാണ്. സ്വന്തം ഉഷ്ണങ്ങളിലേക്കാണ് വീശുന്നത്. ‘ഈ കൃതിയിലെ മേഘരൂപനും സാത്യകനും ഗായത്രിയുമെല്ലാം സത്യാന്വേഷികളാണ്. അവർ സ്വാതന്ത്ര്യത്തിനായി അലയുന്നു. ജീവിതകാലമത്രയും മണ്ണു ചുമന്നു കുന്നിലെത്തിച്ചു വൃഥാ ജീവിക്കുന്ന മനുഷ്യരുടെ കഥയിലെ കണ്ണികളാണവർ. എവിടെയോ ഒരു സ്വർഗമുണ്ടെന്നു പ്രചരിപ്പിച്ച് മനുഷ്യരെ അന്ധതമസുകളിലാഴ്ത്തി കഷ്ടപ്പെടുത്തുന്നതിനെതിരേ ജാഗ്രതയോടെയിരിക്കാൻ നോവൽ ആഹ്വാനം ചെയ്യന്നു.

സ്വർഗം എന്ന മിഥ്യയെക്കുറിച്ച് നോവലിസ്റ്റ് പറയുന്നുണ്ട്. ഈ ഭൂമിയെ സംരക്ഷിക്കുക. ഇവിടുത്തെ മണ്ണ് മലിനമാക്കാതിരിക്കുക. പഞ്ചഭൂതങ്ങളെ മലിനപ്പെടുത്താതിരിക്കുക. അപ്പോഴാണ് സ്വർഗമുണ്ടാകുന്നത്. മനുഷ്യൻ എത്തിച്ചേരേണ്ട സ്വാതന്ത്ര്യമാണത്. ബോധോദയം എന്താണെന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘നിങ്ങളുടെ ഉള്ളിലുള്ള നിങ്ങളുടെ രൂപം കാണാൻ ശ്രമിക്കുക. അതാണ് ‘ഞാൻ’ എന്നു നോവലിന്‍റെ ഒടുവിൽ പറയുമ്പോൾ മഹാദേവൻ തമ്പി ലക്ഷ്യം വയ്ക്കുന്ന അർഥാന്വേഷണത്തിനു ഒരു ദിശ ലഭിക്കുകയാണ്. ജീവിതത്തിലെ അസംബന്ധങ്ങളെ വകഞ്ഞു മാറ്റി, രാത്രിയിൽ അകലെയുള്ള ധിഷണയുടെ ചാന്ദ്രപ്രഭയെ ലക്ഷ്യമാക്കി നടക്കാൻ നമ്മെ പ്രലോഭിപ്പിക്കുന്ന നോവലാണിത്. അന്ധതയിൽ നിന്നു മോചനം നേടി വെളിച്ചത്തിലേക്ക് പോകാൻ ഈ കൃതി വായനക്കാരനെ പ്രലോഭിപ്പിക്കും.

ഉത്തര രേഖകകൾ

1)ഏറ്റവും സ്വാധീനിച്ച, വശീകരിച്ച പ്രസംഗം ആരുടേതാണ് ?

ഉത്തരം: വൈക്കം ചന്ദ്രശേഖരൻ നായരുടേത്.

2)ഏറ്റവും ആഴത്തിൽ മുറിപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്ത ലോകസിനിമ ഏതാണ്?

ഉത്തരം: റഷ്യൻ സംവിധായകനായ ആന്ദ്രേ താർക്കോവ്സ്കിയുടെ ‘സ്റ്റാക്കർ. ‘

3)നവീനകാലത്ത് രൂപപരമായ പരീക്ഷണം സൃഷ്ടിച്ച, മറക്കാനാവാത്ത ലോകസിനിമ എതാണ് ?

ഉത്തരം: പൊളിഷ് സംവിധായകനായ ക്രിസ്റ്റഫ് കീസ്ലോവ്സ്കിയുടെ ‘ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക് ‘(1991).

4)കേശവദേവിനെ പൊലീസുകാർ പോലും പേടിച്ചിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട് ?

ഉത്തരം: ശരിയാണ്. ജാതീയമായ അടിച്ചമർത്തലുകൾക്കെതിരേ, മറ്റുള്ളവർക്കു വേണ്ടി തെരുവിൽ ഏറ്റുമുട്ടാൻ കേശവദേവിനു ഒരു മടിയുമില്ലായിരുന്നു. ‘എതിർപ്പ്’ എന്ന ആത്മകഥയിൽ അത് വിവരിക്കുന്നുണ്ട്.

5)പെരുമ്പടവം ശ്രീധരന്‍റെ ‘ഒരു സങ്കീർത്തനം പോലെ’ ഒരു വൻവിജയമാകുന്നത് എങ്ങനെയാണ്?

ഉത്തരം: അത് വായനക്കാർക്ക് നന്നായി ഇഷ്ടപ്പെട്ടു. മനോഹരമായ ഗദ്യശൈലിയാണ് പെരുമ്പടവത്തിന്‍റേത്. അദ്ദേഹത്തിന്‍റെ ലേഖനങ്ങൾക്ക് എന്തോ ഒരു വശ്യതയുണ്ട്. എത്ര അടുക്കും ചിട്ടയുമാണ് ആ ഗദ്യത്തിനു!. പെരുമ്പടവം സത്യസന്ധമായാണ് എഴുതുന്നത്. തീവ്രവികാരങ്ങൾ അവതരിപ്പിക്കുമ്പോൾ പെരുമ്പടവം അത് സ്വന്തം മുറിവും അലട്ടലുമായി പരിഭാഷപ്പെടുത്തുന്നു. ദസ്തയെവ്സ്കിയെ അദ്ദേഹം തന്നിലേക്ക് ആവാഹിച്ചു. അദ്ദേഹം അതിൽ ജീവിക്കുകയാണ്. ആളുകൾ ഏറ്റവും കൂടുതൽ തവണ വായിച്ച നോവൽ ‘ഒരു സങ്കീർത്തനം പോലെ’യാണ്.

6)നമ്മുടെ ഏറ്റവും വലിയ നാടകകൃത്ത് തോപ്പിൽ ഭാസിയല്ലേ ?

ഉത്തരം:മനുഷ്യരുടെ പ്രശ്നങ്ങൾ പറഞ്ഞ ഭാസി അതിൽ തൻ്റേതായ തത്ത്വശാസ്ത്രവും കണ്ടെത്തി. ഒറ്റയ്ക്ക് ജീവിക്കുന്ന മനുഷ്യൻ, ഒറ്റയ്ക്ക് പോരാടുന്ന മനുഷ്യൻ വിപ്ളവകരമായ ഒരു ഏകാന്തസൗന്ദര്യമാണെന്നു ഭാസിയുടെ നാടകങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ‘സൂക്ഷിച്ച് ഇടതു വശം ചേർന്നു പോയ ഭാസി’(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 14) എന്ന പേരിൽ വള്ളികുന്നം രാജേന്ദ്രൻ എഴുതിയ ലേഖനം നല്ലൊരു ഓർമ്മപ്പെടുത്തലായി.

7)പുസ്തകവായനയെക്കുറിച്ച് ഏറ്റവും സൃഷ്ടിപരമായ അഭിപ്രായം പറഞ്ഞതാരാണ്?

ഉത്തരം: റഷ്യൻ സംവിധായകനായ താർക്കോവ്സ്കി ഇങ്ങനെ പറഞ്ഞു: ‘ആയിരം വ്യത്യസ്തരായ ആളുകൾ വായിച്ച ഒരു പുസ്തകം ആയിരം വ്യത്യസ്ത പുസ്തകങ്ങളാണ്. ‘

7)എല്ലാവർക്കും കവിത എഴുതാനും കഥ എഴുതാനും കഴിയില്ലേ?

ഉത്തരം: ഏതൊരാൾക്കും എഴുതാൻ പറ്റും. എന്നാൽ ഗാർസിയാ മാർകേസിന്‍റെയോ സാർത്രിന്‍റെയോ ഔന്നത്യത്തിൽ എഴുതണമെങ്കിൽ നല്ലപോലെ കഷ്ടപ്പെടണം.

8)നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലോ?

ഉത്തരം: സിനിമയിൽ എപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്ത് അഭിനയിക്കാൻ കഴിവുള്ള നടനായിരുന്നു ഹനീഫ. ഒരു അത്ഭുതമാണദ്ദേഹം. പത്രം, ലേലം എന്നീ സിനിമകളിൽ കൊച്ചിൻ ഹനീഫ ചെയ്ത പോലീസ് വേഷങ്ങൾ താരതമ്യത്തിന് അസാധ്യമാണ്. അത് അത്ഭുതകരവും അങ്ങേയറ്റം സർഗാത്മകവുമാണ്. അദ്ദേഹത്തിനു മാത്രം ചെയ്യാൻ സാധിക്കുന്ന ശരീരഭാഷയാണത്.

Trending

No stories found.

Latest News

No stories found.