

സെൻ കവിതകൾ
പ്രതീകാത്മക ചിത്രം- എഐ
അക്ഷരജാലകം| എം.കെ. ഹരികുമാർ
സെൻ എന്നാൽ ധ്യാനം എന്നർഥം. ഭൂതഭാവികളുടെ സമ്മർദമോ ഭാരമോ ഇല്ലാതെ ഈ നിമിഷത്തിന്‍റെ ജീവിതമനോഹാരിത ആസ്വദിക്കാനുള്ള മനുഷ്യന്‍റെ വെമ്പലാണ് സെൻ ചിന്തകളിലുള്ളത്. സെൻ ഒരാശയത്തേക്കാൾ പ്രവൃത്തിയാണ്. സെൻ തത്വചിന്തയും കലയും ലോകത്ത് ലക്ഷക്കണക്കിനാളുകൾക്ക് പ്രിയങ്കരമാണ്. അനുദിനം ജീവിതസംഘർഷം വർധിച്ചുവരുന്ന ഈ കാലത്ത് ഒരിത്തിരി നേരം സ്വാസ്ഥ്യം നേടാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഇപ്പോൾ വിറ്റഴിക്കുന്ന പുസ്തകങ്ങളിൽ പ്രമുഖ സ്ഥാനം ദൈനംദിന ജീവിതത്തിന്‍റെ അലോസരങ്ങളിൽ നിന്ന് സമാധാനത്തിലേക്ക് എത്തുന്നതിന് രചിക്കപ്പെട്ടവയാണ്. അത് നീറിപ്പുകയുന്ന ചിന്തകളെ എങ്ങനെ കരിച്ചുകളയാമെന്ന് പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ്. ജോസഫ് മർഫിയുടെ "ദ് പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ്' പോലെയുള്ള കൃതികൾ ഉദാഹരണം. മനഃശാസ്ത്രം ഒരു വലിയ വ്യവസായമായി.
എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായാണ് സെൻ തത്വചിന്തയും കലയും വിഹരിക്കുന്നത്. അത് പോരടിക്കുന്ന മനുഷ്യവംശത്തിന് ആശ്വാസമാണ്. സ്വത്വമോ പാരമ്പര്യമോ ഇല്ലാതെ കേവലം മനുഷ്യവ്യക്തിയുടെ നിർമലമായ ജൈവസാന്നിധ്യം അനുഭവിക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. ഒരു സസ്യത്തെപ്പോലെ ജൈവാവസ്ഥയുടെ പൂർണതയിൽ സ്വയം അനുഭവിക്കുന്നതിന്‍റെ നൈർമല്യമാണ് സെൻ തത്വം. സെൻ കവിതകൾ ഒരു നവ പാരമ്പര്യമാണ് ഉദ്ഘാടനം ചെയ്തത്. ലോകത്ത് എല്ലായിടത്തും സെൻ കവിതകൾക്ക് വായനക്കാരുണ്ട്.
ധ്യാൻ, ചാൻ, സെൻ
അത് ഒരു വേർതിരിഞ്ഞ ശാഖയാണ്. ബോധത്തിലെ അനിർവചനീയമായ ഉണർവ്, അന്തർദർശനം, ആത്മീയത, പ്രേമം, സൗന്ദര്യം തുടങ്ങിയ വിവിധ മേഖലകളെ സമന്വയിപ്പിച്ചാണ് അത് അനുവാചകനെ ബോധോദയപ്രിയനാക്കുന്നത്.ആ നിലയിലാണ് "സെൻ പോയംസ്' (Zen Poems) എന്ന പുസ്തകം ശ്രദ്ധയാകർഷിക്കുന്നത്. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ ക്ലാസിക്കൽ സെൻ കവിതകളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. സെൻ പരിശീലകന്മാർ, സന്യാസിമാർ, പണ്ഡിതർ, കലാകാരന്മാർ, യാത്രികർ, ആശ്രമ വാസികൾ തുടങ്ങിയവരുടെ കവിതകളാണ് ഇതിൽ ചേർത്തിട്ടുള്ളത്. ഇതിൽ പ്രഗത്ഭ സെൻ കവികളായ വാങ്വി, ഹാൻഷൻ, യാങ് വാൻലി, ഷിൻകി, ബാഷോ, റിയോകൻ തുടങ്ങിയവരുടെ രചനകൾ ഉൾക്കൊള്ളുന്നു. അവ പരിഭാഷപ്പെടുത്തിയവർ സാഹിത്യമണ്ഡലത്തിലെ എടുത്തുപറയേണ്ടവർ തന്നെയാണ് - വിക്രം സേത്ത് ,ഗാരി സിൻഡർ, വിറ്റർ ബയറ്റർ, കെന്നത്ത് റെക്സ്റോത്ത്, ആമി ലോവൽ, ബർട്ടൺ വാറ്റ്സൺ, ആർതർ വാലി തുടങ്ങിയവർ.
കവിതകൾ തെരഞ്ഞെടുത്ത് എഡിറ്റ് ചെയ്തത് ബിബിസിയുടെ മുൻ എഡിറ്ററും പരിഭാഷകനും ഗ്രന്ഥകാരനുമായ പീറ്റർ ഹാരിസാണ്. സെൻ മതത്തിന് പ്രചാരമുണ്ടായിരുന്ന രാജ്യങ്ങളിലെ സന്യാസികൾ രചിച്ച കവിതകളാണ് സെൻ കവിതകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ചാൻ എന്ന ചൈനീസ് പദത്തിൽ നിന്നാണ് സെൻ എന്ന ജാപ്പനീസ് പദമുണ്ടായത്. ചാൻ ഉണ്ടായത് സംസ്കൃത ഭാഷയിലെ ധ്യാൻ എന്ന പദത്തിൽ നിന്നാണ്. ധ്യാനം ഉണ്ടായത് ഇന്ത്യയിലാണെന്ന് ഇത് അടിവരയിടുന്നു. എന്നാൽ ഇവിടെ ഗ്രന്ഥം എഡിറ്റ് ചെയ്ത ഹാരിസ് സന്യാസിയല്ലാതിരിക്കുകയും അതേസമയം സെൻ ചിന്തയെ ആവാഹിക്കുകയും ചെയ്തവരുടെ കവിതകൾ കൂടി ഉൾപ്പെടുത്തി ഈ ആശയത്തെ വിപുലീകരിച്ചിരിക്കുകയാണ്.
ഭാഷയ്ക്കപ്പുറം
അതിവേഗം അസാധാരണ ഉണർവുണ്ടാക്കുന്നു എന്നതാണ് സെൻ കവിതയുടെ പ്രത്യേകത. അത് ഭാഷയ്ക്കപ്പുറമാണ്.
"മോഹാന്ധതയിൽ ബുദ്ധൻ
ഒരു സാധാരണ ജീവി മാത്രമാണ്.
ഉണർവിൽ, ഒരു സാധാരണ ജീവി
ബുദ്ധനായിത്തീരുന്നു.
അജ്ഞതയിൽ ബുദ്ധൻ
ഒരു സാധാരണ ജീവിയാണ്.
ജ്ഞാനത്തിൽ ഒരു
സാധാരണ ജീവി ബുദ്ധനാണ്.
മനസ് ദുഷിച്ചാൽ, ബുദ്ധൻ
ഒരു സാധാരണ ജീവിയാണ്.
മനസ് നിഷ്പക്ഷമായാൽ,
ഒരു സാധാരണ ജീവി ബുദ്ധനാകുന്നു.
മനസ് ചീത്ത ചിന്തകൾ
ഉത്പാദിപ്പിക്കുമ്പോൾ ബുദ്ധൻ
സാധാരണ ജീവിയിൽ ഒളിക്കുന്നു.
ഒരു വേള നിഷ്പക്ഷമതിയാവുന്നുണ്ടെങ്കിൽ,
സാധാരണ ജീവികളെല്ലാം ബുദ്ധനായി മാറും.
നമ്മുടെ മനസിൽ തന്നെ ഒരു ബുദ്ധനുണ്ട്.
നമ്മുടെ മനസിലെ ബുദ്ധനാണ് യഥാർഥ ബുദ്ധൻ.
നമ്മളിൽ ഒരു ബുദ്ധനില്ലെങ്കിൽ
പിന്നെ ബുദ്ധനെ അന്വേഷിച്ച് എവിടെപ്പോകും?'
ചൈനീസ് കവി ഹ്യൂനെങ് എഴുതിയതാണ്. ഈ കവിതയിൽ മഹായാന ബുദ്ധമതത്തിന്‍റെയും സെൻ തത്വത്തിന്‍റെയും പൊരുൾ അനാവരണം ചെയ്യുന്നു. നമ്മളിലാണ് യഥാർഥ ബുദ്ധനുള്ളതെന്നും അതിനെ അന്വേഷിച്ച് എവിടെയും പോകരുതെന്നുമാണ് ഉപദേശം. ബുദ്ധൻ എന്നത് വിദൂരമായ ഒരു നക്ഷത്രമോ അപ്രാപ്യമായ ഒരു ആശയമോ അല്ല; അത് നമ്മളുടെ ചിന്തയിലും പ്രവൃത്തിയിലുമാണുള്ളത്. നാം എന്ത് തെരഞ്ഞെടുക്കുന്നുവോ അതാണ് നമ്മെ പ്രതിനിധാനം ചെയ്യുന്നത്. വിദ്വേഷം തെരഞ്ഞെടുത്താൽ നാം വിദ്വേഷത്താൽ തിരിച്ചറിയപ്പെടും.
നമ്മുടെ മനസ് അന്ധമായിരിക്കുമ്പോൾ നമ്മളിലെ ബുദ്ധൻ ഒരു സാധാരണ ജീവി മാത്രമാണ്. എന്നാൽ മനസ് ജ്ഞാനത്തിൽ ഉണരുമ്പോൾ ഏതൊരു സാധാരണ ജീവിയും ബുദ്ധനായി മാറും. അജ്ഞതയെ തലോടിക്കൊണ്ടിരുന്നാൽ, ഉള്ളിലെ ബുദ്ധൻ ഒരു സാധാരണ ജീവിയായി മാറും. അതിന്‍റയർഥം ഉള്ളിലെ ബുദ്ധനെ വിളിച്ചുണർത്താമെന്നാണ്. നമ്മുടെ മനസിനെ തെറ്റായ ചിന്തകളും ലക്ഷ്യങ്ങളും സ്വാധീനിക്കുകയാണെങ്കിൽ അവിടെ ബുദ്ധന് ഉള്ളിലേക്ക് വലിഞ്ഞ് ഒളിച്ചിരിക്കാനേ കഴിയൂ. നാം നിഷ്പക്ഷതയിലും നിർമമതയിലും സ്വയം ദർശിക്കുകയാണെങ്കിൽ ഏതൊരു സാധാരണ ജീവിയും ബുദ്ധന്‍റെ സാന്നിധ്യത്തിൽ പ്രകാശിതമാവും. ഇതൊരു ആത്മീയ തത്വമാണ്. അരുതാത്ത ചിന്തകളിലൂടെ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മനസിലെ ബുദ്ധൻ ഉറങ്ങിക്കിടക്കും.
പ്രകൃതിയുടെ രഹസ്യം
"വരുന്നു, പോകുന്നു,
നീർപ്പക്ഷികൾ.
അവ ഒരടയാളവും
അവശേഷിപ്പിക്കുന്നില്ല.
അവയ്ക്ക് ഒരു
വഴികാട്ടിയുടെ ആവശ്യമില്ല'.
ജാപ്പനീസ് സെൻ മാസ്റ്ററായ കിഗൻ ദോഗൻ എഴുതിയ ഈ കവിത പ്രകൃതിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ്. ആകാശം എത്രയോ വിസ്തൃതമാണ്. എത്രയോ പക്ഷികൾ പറന്നതാണ്, ഇപ്പോഴും പറക്കുന്നു. നാളെയും പറക്കും. എത്ര പക്ഷികൾ പറന്നാലും ആകാശത്ത് ശുന്യത മാത്രം അവശേഷിക്കും. അതാരുടെയും കാല്പാടുകളോ ചിറകടിയൊച്ചകളോ അവശേഷിപ്പിക്കുന്നില്ല. എല്ലാം വിസ്മൃതമാകാനുള്ളതാണ്. മനുഷ്യർക്കും അത് പാഠമാണ്. ഒരാളുടെയും കാൽപ്പാടുകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ല. പ്രകൃതി എല്ലാം മായ്ച്ചു കളയും.
നാം വിസ്മൃതിയെ കൊണ്ടുനടക്കുന്ന മനസുള്ളവരാണ്. നമ്മുടെ ചരിത്രം വിസ്മൃതിയുടേതാണ്. നമ്മെ ആരും വഴികാണിച്ചിട്ട് കാര്യമില്ല. എന്തെന്നാൽ വഴി നിശ്ചയിക്കാനും പ്രവചിക്കാനും ഉള്ളിലുള്ള ബുദ്ധനെ ഉണർത്തേണ്ടതുണ്ട്. മനസിലേക്ക് കാതോർത്തു നോക്കുമ്പോൾ ചില വഴികൾ പ്രത്യക്ഷപ്പെടാതിരിക്കുന്നില്ല. നീർപ്പക്ഷികൾ ജലാശയത്തിലേക്ക് വന്ന് തിമർത്ത് എവിടേക്കോ പറന്നുപോകുന്നു. അതൊരു രൂപകമാണ്. അതിൽ ജനിമൃതിയുടെ പൊരുൾ അടങ്ങിയിരിക്കുന്നു. ഇങ്ങനെയാണ് ഒരു സെൻ കവിത നമ്മെ ജ്ഞാനത്തിലേക്ക് ഉയർത്തുന്നത്.
"മത്തുപിടിച്ച മനസ് പലപ്പോഴും
ആകാശത്തിലേക്ക്
ഭ്രാന്തമായി അലയുന്നു.
ഒരു കാക്ക ഉച്ചത്തിൽ കരയുന്നു.
കനത്ത മഞ്ഞ് പെയ്യുന്ന
ഒരു രാത്രിയുടെ അവസാനം ,
ചാന്ദ്രപ്രഭയിൽ ഞാൻ
തനിയെ കിടക്കുന്നു'.
ജാപ്പനീസ് കവി ഷിൻകി എഴുതിയ വരികളാണിത്. വിഷാദത്തിൽ മനസ് വേദനിച്ച് ഒരാൾ വെറുതെ ആകാശത്തിലേക്ക് കണ്ണുകളയച്ച് എന്തോ ഓർക്കാൻ ശ്രമിക്കുന്നു. അയാളുടെ ചിന്തകൾ ഒട്ടും അച്ചടക്കമുള്ളതല്ല. ഭ്രാന്തമായ അവസ്ഥയിൽ
എന്തു ചെയ്യണമെന്നറിയാതെ സമ്മർദത്തിലാണ്. ആകാശം നിശബ്ദമാണ്. ആരും പരിഗണിക്കാത്തതിനാൽ അയാൾ നിരാശയിലാഴുന്നു. ഈ ലോകം ഒന്നിനോടും പ്രതികരിക്കാത്തതാണെന്ന് മനസ് മന്ത്രിക്കുന്നു. അപ്പോൾ ഒറ്റപ്പെട്ട ഒരു കരച്ചിൽ കേൾക്കുന്നു. അത് ഒരു കാക്കയുടേതാണ്. അത് ഏതോ വിയോഗ ദുഃഖത്താലോ, കൂട്ടുകാരെ കാണാത്തതിനാലോ, ഭയത്താലോ കരയുകയാണ്. അതിന്‍റെ ശബ്ദം പരുഷവും വിഭ്രാന്തി പടർത്തുന്നതുമാണ്. ആ ശബ്ദത്തിൽ അപ്രതീക്ഷിതമായ മാനസികഭാരം അയാൾ അനുഭവിക്കുകയാണ്. അയാളുടെ ഏകാന്തതയെ പൂരിപ്പിക്കുന്ന വിധമാണ് കാക്ക കരഞ്ഞത്. അയാൾ അതുമായി താദാത്മ്യം പ്രാപിക്കുന്നു.
ഒറ്റപ്പെട്ടിരിക്കുമ്പോൾ ആരാണ് സഹായത്തിനെത്തുന്നത്? ചിലപ്പോൾ അത്തരം സമയങ്ങളിൽ, തന്നെപ്പോലെ വിഷാദമനുഭവിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞേക്കും. ആ മനസ് എവിടേക്കെന്നില്ലാതെ അലയുമ്പോൾ ആ കാക്കയാണ് അതിനെ പിടിച്ചു നിർത്തിയത്. അതയാളെ കുറച്ചു നേരത്തേക്കെങ്കിലും വ്യക്തിപരമായ കാരണങ്ങളിൽ നിന്ന് പിന്തിരിയാൻ സഹായിക്കുന്നു. അതൊരു തണുത്തുറഞ്ഞ രാത്രിയായിരുന്നു. ചന്ദ്രൻ പ്രകാശിക്കുന്നുണ്ട്. മഞ്ഞിൽ ആ പ്രകാശത്തിന് ഏതോ അലൗകികമായ സന്ദേശം ഉള്ളതുപോലെ. മഞ്ഞിൽ കലരുന്ന ആ പ്രകാശം അയാളെ സമാശ്വസിപ്പിക്കുന്നു; തനിച്ചല്ല എന്ന് ഓർമിപ്പിക്കുന്നു. ആരുമില്ലാതായെങ്കിലും ചന്ദ്ര രശ്മികൾ സ്നേഹത്താലും സാന്ത്വനത്താലും അയാളെ ശാന്തനായി വിടുന്നു. അയാൾ ക്ഷോഭമൊരുക്കി ചന്ദ്രനെ നോക്കി കിടക്കുകയാണ്. ഇപ്പോൾ അയാൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; പ്രകാശം ചൊരിയുന്ന ഒരു പുരാതന ബിംബം പ്രതീക്ഷ നൽകാനായി ആകാശത്തിലുണ്ടല്ലോ.
ഈ നിമിഷം മനോഹരം
"ഭൂതവും വർത്തമാനവും ഭാവിയും പ്രാപ്യമാണ്. എങ്കിലും അമാവാസി ആകാശം പോലെ വ്യക്തമാണ്. പാതിരാത്രിയിൽ ഇരുപ്പു സ്റ്റൂൾ തണുത്ത് വിറങ്ങലിച്ച ഇരുമ്പു പോലെ. എങ്കിലും നിലാവെളിച്ചമുള്ള ജാലകത്തിൽ പൂക്കളുടെ സുഗന്ധം'.
ജാപ്പനീസ് കവി ഹാകുയിൻ എകാക്കു എഴുതിയ ഈ വരികൾ ഒരു സെൻ സ്വാതന്ത്യമാണ് അഴിച്ചുവിടുന്നത്. ഈ നിമിഷം പോലും സ്ഥിരമല്ലാത്തതു കൊണ്ട് വർത്തമാനവും കൈപ്പിടിയിലല്ല. ഭൂതകാലം നമുക്ക് ഓർമ മാത്രമാണ്. ഭാവിയെ അറിയില്ല. അതുകൊണ്ട് ഒരു കാലവും നമ്മുടെ കൈയിലില്ല. ഉണ്ടെന്നു തോന്നുന്നതാണ്. കാലം നമ്മുടെ ഭ്രമമാണോ? നാം ഏത് കാലത്തിലാണുള്ളത്?
അമാവാസി പോലെ നക്ഷത്രങ്ങൾ സുവ്യക്തമാണ്. അതുപോലെ നമുക്ക് ഇതെല്ലാം തെളിഞ്ഞു കാണാം. ചന്ദ്രനില്ലാത്ത ആകാശം ദുരൂഹതയെ വർധിപ്പിക്കുന്നു. അത് അവ്യക്തതയുടെ സൗന്ദര്യമാണ് പ്രസരിപ്പിക്കുന്നത്. രഹസ്യാത്മകമായ ഉന്മാദത്തെ അത് അനുഭൂതികളാക്കുന്നു. പുലരാറായപ്പോൾ ഇരിപ്പിടത്തിൽ തണുപ്പ് അസഹനീയമാണ്. എങ്കിലും ചാന്ദ്രപ്രഭയിൽ ആ ജാലകത്തിലൂടെ പ്ലം പൂക്കളുടെ സുഗന്ധം വരികയാണ്. അപ്പോൾ കാലത്തെക്കുറിച്ച് യാതൊന്നും ഗ്രഹിക്കാൻ കഴിയുന്നില്ലെന്ന വേദന മാറുന്നു. പൂക്കളുടെ സുഗന്ധം നമ്മെ ഓർമിപ്പിക്കുന്നത് ഈ നിമിഷം മനോഹരമാണെന്ന് തന്നെയാണ്.
രജതരേഖകൾ
1) ജയഭാരതി
മലയാളം കൊമേഴ്സ്യൽ സിനിമയ്ക്ക് ജയഭാരതിയെ പോലെ ഒരു നടിയെ വേറെ കിട്ടാനില്ല. ആ റേഞ്ചിൽ അവർ മാത്രമേയുള്ളൂ. അവരുടെ ധൈര്യവും സാഹസികതയും സൗന്ദര്യവും അന്നത്തെ സിനിമയ്ക്ക് വലിയൊരു മൂലധനമായിരുന്നു. കെ.എസ്. സേതുമാധവൻ (പുനർജന്മം), ഭരതൻ (സന്ധ്യ മയങ്ങും നേരം), ഐ.വി. ശശി (വാടകയ്ക്ക് ഒരു ഹൃദയം) എന്നിവർ ജയഭാരതിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്തിട്ടുണ്ട്. ഇതുപോലൊരു നടി ഇനി ഉണ്ടാവുകയില്ല. എന്നിട്ടും ജയഭാരതിക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം കൊടുക്കാത്ത പുരുഷ കേന്ദ്രീകൃത ഭാവുകത്വമാണ് ഇവിടെയുള്ളതെന്ന് അറിയുക.
2) പ്രേം നസീർ
നമ്മുടെ മനസുകൾക്ക് ആർജിക്കാവുന്ന സമന്വയത്തിന്‍റെയും സമഭാവനയുടെയും ഒരുമയുടെയും മുഖഭാവമായി പ്രേം നസീർ വിരാജിച്ചു. അദ്ദേഹത്തിന്‍റെ സ്ക്രീൻ ജീവിതം മാനവ മൈത്രിയുടെ രോമാഞ്ചമായിരുന്നു. അദ്ദേഹം നടക്കുമ്പോൾ നന്നാവുന്ന, പാടുമ്പോൾ നന്നാവുന്ന, ചിരിക്കുമ്പോൾ നന്നാവുന്ന, പറയുമ്പോൾ നന്നാവുന്ന ചില മൂല്യങ്ങളുണ്ടായിരുന്നു.
3) കരമന ജനാർദനൻ നായർ
കരമന ജനാർദനൻ നായർ "എലിപ്പത്തായം' പോലെ സീരിയസ് പടങ്ങളിൽ മാത്രമല്ല ഹാസ്യ രംഗങ്ങളിലും കൂടുതൽ ശോഭിച്ചു. കരമനയുടെ സംസാര രീതി, മുഖഭാവം, ചടുലത, തീക്ഷ്ണത, നർമ ഭാവം തുടങ്ങിയവ കഥാപാത്രത്തെ യഥാർഥ ജീവിതത്തിലേക്ക് കൊണ്ടുവരുമായിരുന്നു. സ്ഫടികം, പട്ടണ പ്രവേശം തുടങ്ങിയ സിനിമകളിൽ കരമന മൂന്നു മീറ്റർ കൂടുതലോടി.
4) എം.പി. നാരായണപിള്ള
എം.പി. നാരായണപിള്ളയുടെ കള്ളൻ, ജോർജ് ആറാമന്‍റെ കോടതി എന്നീ കഥകൾ മലയാള കഥാ സാഹിത്യത്തിനു പുതിയ ഉണർവ് നൽകി.എന്നാൽ അദ്ദേഹത്തിന്‍റെ വിയോഗത്തോടെ ആ കഥകളുടെ തലത്തിൽ മുന്നോട്ടുള്ള ഒരു പ്രയാണം പിന്നീട് ഉണ്ടായില്ല. ചെറുകഥയെ വസ്തുസ്ഥിതി വിവരങ്ങളുടെ ഒരു കൂമ്പാരമാക്കുന്ന ഇന്നത്തെ രീതിക്ക് അപ്രാപ്യമാണ് നാരായണപിള്ളയുടെ കഥകൾ.
5) അരവിന്ദൻ
മുഖത്ത് പാടുകളുള്ള, കറുത്ത നിറമുള്ള, കാട്ടിലൂടെ പ്രാകൃതനെ പോലെ അലയുന്ന, അലൗകികമായ ഓർമകളുള്ള ഒരു ശ്രീരാമനെ അരവിന്ദൻ സൃഷ്ടിച്ചു. സ്ക്രീനിലെ പ്രചോദനമാണത്. അതാണ് അദ്ദേഹത്തിന്‍റെ "കാഞ്ചന സീത' എന്ന സിനിമ. കണ്ടുപഴകിയ ബിംബങ്ങൾക്ക് പകരം പരമാവധി സത്യസന്ധതയാണ് അരവിന്ദൻ അവതരിപ്പിച്ചത്. കലാകാരൻ ഭാവന ചെയ്താൽ മാത്രം പോരാ, അതിൽ സ്വതന്ത്ര ചിന്തയുടെ സത്യസന്ധത നിഴലിക്കണം.
6) പദ്മരാജൻ
നല്ലൊരു തിരക്കഥാകൃത്തും സംവിധായകനുമായ പദ്മരാജൻ സിനിമയുടെ വാണിജ്യ മൂല്യത്തെ ക്രിയാത്മകമായി പരിവർത്തനം ചെയ്തതിൽ വലിയ പങ്കു വഹിച്ചു. "ഇതാ ഇവിടെ വരെ' എന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും അദ്ദേഹത്തിന്‍റേതാണല്ലോ. ആ സിനിമയിൽ അദ്ദേഹം ആവിഷ്കരിച്ച നായക കഥാപാത്രത്തിൽ ഒരു വില്ലനുമുണ്ട്. ആ നായകൻ പ്രതികാരം ചെയ്യുകയാണ്- വില്ലനോടല്ല, നായികയോട്!
ഒരു താറാവ് കൃഷിക്കാരൻ തന്‍റെ കുടുംബത്തെ നശിപ്പിച്ചതിനുള്ള പ്രതികാരമായി വർഷങ്ങൾക്ക് ശേഷം ആ നായക കഥാപാത്രം താറാവുകാരന്‍റെ മകളെ പ്രേമം നടിച്ച് വശീകരിച്ചു ഗർഭിണിയാക്കുന്നു! എന്നിട്ട് അയാൾ അവളോട് പറയുകയാണ്, താൻ അവളെ ബോധപൂർവം ചതിക്കുകയായിരുന്നുവെന്ന്! അത് ശരിയായ വീക്ഷണമായില്ല. ഇങ്ങനെയുള്ള ഒരു കഥാനായകനെ സൃഷ്ടിക്കരുതായിരുന്നു. വളരെ തെറ്റായ ഒരു സന്ദേശമാണിത്.