ജോജോ, ജോർ, ജോർ..!

ജോജോ, ജോർ, ജോർ..!

മലയാളത്തിലെ പ്രമുഖ പത്രങ്ങൾ മടിച്ചുനിന്നപ്പോൾ കൗമുദി സൈബർ സ്റ്റുഡിയോ സ്ഥാപിക്കുന്നതിനും കേരള കൗമുദി ഇന്‍റർനെറ്റ് പതിപ്പിറക്കുന്നതിനും മുന്നിട്ടിറങ്ങിയത് ജോജോയാണ്.

2023 ഒക്റ്റോബർ 11: ഉത്തര കർണാടകയിലെ പ്രമുഖ പട്ടണമായ കർവാറിലെ സ്റ്റെർലിങ് ഹോട്ടലിലായിരുന്നു ഞങ്ങൾ, ബി.സി. ജോജോയും ഞാനും. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ജോജോയുടെ ആദ്യ ദീർഘയാത്ര. അതിനു ശേഷം ചിദംബരത്തും ശ്രീലങ്കയിലും പോയ അദ്ദേഹം എന്നും യാത്രകളും അറിവും വായനയും സ്വയം നവീകരണത്തിനുള്ള മാർഗമായി തിരിച്ചറിഞ്ഞിരുന്നതാണല്ലോ.

ഇവിടെ, ഞങ്ങൾ ഒരു സിനിമയ്ക്ക് കഥ ആലോചിക്കുകയാണ്. "ഞാൻ ഞാനല്ല' എന്ന പേരിൽ ജോജോയുടെ മനസിൽ ഒരു കഥ. മറ്റൊരാളുടെ പേരിൽ വേറൊരാൾ ഇരയാവുന്ന ആ കഥയ്ക്ക് പത്മരാജന്‍റെ "അപരനു'മായി സാമ്യം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയതോടെ അതേപ്പറ്റിയുള്ള ആലോചന മുന്നോട്ടുപോയില്ല.

തുടർന്നാണ് സാംസിറിളിന്‍റെ കഥയിലേക്ക് എത്തിയത്. കേരളത്തിൽ പിറവികൊണ്ട് ഇന്ത്യയാകെ പടർന്ന് ആഗോള തലത്തിൽ സാന്നിധ്യം തെളിയിച്ച വൻ ഐടി ശൃംഖലയുടെ അധിപനായ സാം സിറിൾ കഥയിലെ മുഖ്യ കഥാപാത്രം. ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന, മകളോട് അമിത സ്നേഹം പ്രകടിപ്പിക്കുന്ന അനു സിറിൾ. മുംബയിലെ ഒരു ലഹരിമരുന്ന് താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് വീട്ടിലാക്കിയിരിക്കുന്ന, റിബലായ മകൾ അന്ന. ഒരു വനിതാ കോളെജിലെ പ്രൊഫസറായ ജെസി, അനുവിന്‍റെ സഹോദരി. നഗരത്തിലെ പ്രമുഖ കോൺട്രാക്റ്ററായ സാജൻ മാത്യുവാണ് ജെസിയുടെ ഭർത്താവ്. ജെസിയുടെ മറ്റൊരു സഹോദരി ബീന ഡോക്റ്ററാണെന്നതിനു പുറമെ നഗരത്തിലെ പ്രധാന ആശുപത്രിയുടെ സിഇഒയുമാണ്. ഭർത്താവ് ജേക്കബ് അഭിഭാഷകൻ. സ്വന്തമായി കുടുംബമില്ലാത്ത, സാംസിറിളിന്‍റെ ബന്ധുവായ ചാച്ചനാണ് വീട്ടുകാര്യങ്ങളെല്ലാം നിറവേറ്റുന്നത്. ബംഗളുരു ഐഐഎമ്മിൽനിന്ന് മാനെജ്മെന്‍റിൽ ഉന്നത ബിരുദം നേടി കമ്പനിയിലെത്തി എട്ടു കൊല്ലം കൊണ്ട് സിഒഒ ആയി മാറിയ എബി വർഗീസാണ് നായകൻ. മകളുടെ പ്രശ്നങ്ങൾ കാരണം ഒരു വർഷമായി സാം സിറിളിന് കമ്പനിയിൽ ഇടപെടാനായില്ലെങ്കിലും ആ അഭാവം ബാധിക്കാതെ കൈകാര്യം ചെയ്തതും എബിയാണ്.

ഇതിനിടെ മകളുടെ മുറിയിൽ ഒരു ചെറുപ്പക്കാരന്‍റെ മൃതദേഹം കാണപ്പെടുന്നു. സിസിടിവി ഉൾപ്പെടെ സർവ സുരക്ഷാ സംവിധാനമുള്ള ആ വീട്ടിൽ എങ്ങനെ മൃതദേഹം വന്നു എന്നതും അതെങ്ങനെ പുറത്തേയ്ക്ക് മാറ്റും എന്നതും സാം സിറിളിന്‍റെ തലവേദയായി.

ഇത്രയും ആയപ്പോൾ ജോജോ പറഞ്ഞു: "ഇനിയാണ് സസ്പെൻസ്. അത് ഗൗരവപൂർവം ആലോചിക്കണം. അത് നമ്മുടെ അടുത്ത യാത്രയിലാവട്ടെ. അതിനു മുമ്പ് താനും ആലോചിക്ക്. ആ യാത്രയിൽ സലിമിനെക്കൂടി കൂട്ടാം'.

ടെക്നോപാർക്കിലെ ഐടി സംരംഭകനും ജോജോയുടെ ഉറ്റ സുഹൃത്തുമാണ് സലിം. ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇതുവരെ സിനിമ നിർമിച്ചിട്ടില്ലെങ്കിലും അതിന് തയ്യാറാണെന്ന് സലിം അറിയിച്ചു. രണ്ടുമൂന്നുവർഷം മുമ്പാണെങ്കിലും ജോജോയുടെ മറ്റൊരു സുഹൃത്തായ സജീവ് നേരത്തെ വാക്കുനൽകിയതാണ്. യശശ്ശരീരനായ നടൻ സത്യന്‍റെ ജീവിതം സിനിമയാക്കാനായിരുന്നു അത്. ആ സിനിമയ്ക്കായി ജോജോ ചെന്നൈയിലെത്തി സംവിധായകൻ കെ.എസ്. സേതുമാധവനെ നേരിൽ കണ്ടു. അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും കുറെയേറെ പുതിയ വിവരങ്ങൾ നൽകുകയും ചെയ്തു. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ എ.ആർ. രാജീവ് അതിന്‍റെ തിരിക്കഥ തയാറാക്കാനും തുടങ്ങി. അപ്പോഴാണ്, സത്യനെക്കുറിച്ച് പുതിയൊരു സിനിമ വരുന്നു എന്ന വാർത്ത വന്നത്. അതോടെ, ജോജോയുടെ സിനിമ ഉപേക്ഷിച്ചു.

ജോജോയുടെ വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു സിനിമ. എന്നാൽ, അതൊരു സ്വപ്നമായിരുന്നില്ല. സിനിമാരംഗത്ത് എന്തെങ്കിലും ആവണമെന്ന വാശിയേ ഉണ്ടായിരുന്നില്ല. മുല്ലപ്പെരിയാറിന്‍റെ പശ്ചാത്തലത്തിൽ ഐ.വി. ശശിയോട് ജോജോ ഒരു കഥ പറഞ്ഞു. അത് തിരക്കഥയായിട്ടെഴുതി നൽകുമെങ്കിൽ താൻ സിനിമയാക്കാമെന്ന് ശശി ഉറപ്പുനൽകിയതാണ്. പക്ഷെ, അതിന് പിന്നാലെ പോകാൻ ജോജോ താല്പര്യപ്പെട്ടില്ല.

ആ ജോജോയാണ് കഴിഞ്ഞ ദിവസം യാത്ര പറഞ്ഞത്. അതോടെ, എഴുതാത്ത തിരക്കഥയുടെ സസ്പെൻസ്, പോകാത്ത യാത്രയുടെ അന്ത്യം പോലെയായി.

മംഗളം ട്രെയ്നിയായിരിക്കേ നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് കേരള കൗമുദി ബ്യൂറോ ചീഫ് ജോജോയെ നേരിൽ കണ്ടത്. അത് അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴത്തെ നിയമസഭയിലല്ല, സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ. ആദ്യമായാണ് ഞാൻ നിയമസഭ റിപ്പോർട്ടിങ്ങിനെത്തുന്നത്. അവിടെ ഇരിപ്പിടങ്ങളിൽ പേരു കണ്ടില്ല. ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നു. കുറെ കഴിഞ്ഞ് അടുത്തുവന്നിരുന്ന ഒരാൾ മൂർച്ചയോടെ പറഞ്ഞു, "നിങ്ങളിരിക്കുന്നത് കേരള കൗമുദിയുടെ സീറ്റിലാണ്'. "സീറ്റിൽ പേരൊന്നും എഴുതിയിട്ടില്ലല്ലോ' എന്ന് ഞാൻ പറഞ്ഞതിന് മറുപടി പറയാതെ അദ്ദേഹം മുഖം കൂർപ്പിച്ചു. അന്ന് ഇരിപ്പിടം മാറാനൊന്നും ഞാൻ തയ്യാറായില്ല.

അടുത്ത ദിവസം അദ്ദേഹം ഇരുന്ന കസേരയിലാണ് ഞാനിരുന്നത്. കുറച്ചുകഴിഞ്ഞ് തലേന്ന് ഞാനിരുന്ന കസേരയിൽ വന്നിരുന്ന അദ്ദേഹം ചിരിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി: "ഞാൻ ജോജോ'.

പാമോയിൽ അഴിമതി പുറത്തു കൊണ്ടുവന്ന് ഞാനുൾപ്പെടെ മാധ്യമപ്രവർത്തകർക്കിടയിലെ അഭിമാനതാരം ആണതെന്ന് അപ്പോഴാണ് മനസിലായത്. പത്തനംതിട്ട നിന്ന് സ്ഥലംമാറ്റം കിട്ടി അധികം കഴിയാത്തതിനാൽ തലസ്ഥാനത്തെ പത്രപ്രവർത്തകരെ പരിചയപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം ചോർത്തുന്നതു മുതൽ ആ കരാറിന്‍റെ നിയമപ്രാബല്യമില്ലായ്മ ഉൾപ്പെടെ കേരളത്തെ ഇളക്കിമറിച്ച എത്രയെത്ര ക്ലാസിക് എക്സ്ക്ലൂസീവുകൾ സൃഷ്ടിച്ച ആൾ! വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി, കെ. കരുണാകരൻ മുതൽ എം.എ. ബേബി വരെയുള്ള രാഷ്‌ട്രീയ നേതാക്കളുമായി ഉറ്റസൗഹൃദം പുലർത്തുന്ന ആൾ! ആളെ മനസിലാവാത്തതിന്‍റെ ഖേദം അറിയിച്ചപ്പോൾ "ഇവിടെവിടാ പത്രത്തിന്‍റെയോ പത്രക്കാരുടെയോ പേരെഴുതി വച്ചിട്ടുള്ളത്? താൻ പറഞ്ഞതാ ശരി'. അന്ന് ചിരപരിചിത സുഹൃത്തെന്ന മട്ടിൽ ഇടപെട്ട ജോജോ പിന്നീടൊരിക്കലും അതിൽ മാറ്റം വരുത്തിയതേയില്ല.

ഇതിനിടെ ജോജോയ്ക്ക് ഒരു എക്സ്ക്ലൂസീവിനെപ്പറ്റിയുള്ള വിവരം ലഭിക്കുന്നു. അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ടി.എൻ. ജയചന്ദ്രൻ സാറിന്‍റെ കൈയിലാണ് ആ റിപ്പോർട്ട്. ജോജോയുമായി വളരെ അടുപ്പമുള്ള ആളാണ് ജയചന്ദ്രൻ സാർ. അദ്ദേഹം റിപ്പോർട്ട് നൽകിയ ശേഷം പറഞ്ഞു: "ഇത് സന്തോഷിനു കൂടി കൊടുക്കണം'. അന്നു വൈകിട്ട് ജോജോ എന്നെ വിളിച്ചു: "ഒന്നു കാണണം'. രാത്രി എട്ടു മണിയോടെ സ്റ്റാച്യു മുതൽ ജനറലാശുപത്രി റോഡു വഴി പുളിമൂട് വരെ പല തവണ ഞങ്ങൾ സംസാരിച്ചു നടന്നു. "കേരള കൗമുദി'യിലെ എന്‍റെ 19 വർഷം അന്ന് അവിടെ കുറിക്കപ്പെട്ടു!

"മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന പുസ്തകത്തിൽ ജോജോ ആ വാർത്തകളുടെ പിന്നാമ്പുറക്കഥകളും ജീവിതവും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ ഒരു ഖണ്ഡിക ഇവിടെ ചേർക്കട്ടെ: "ചോര തുടിക്കും ചെറുകൈയുകളേ പേറുക വന്നീ പന്തങ്ങൾ' എന്ന് വൈലോപ്പിള്ളി പാടിയിട്ടുണ്ട്. സന്തോഷിനെ വിശ്വസിച്ച് ഞാൻ മുല്ലപ്പെരിയാറിന്‍റെ പന്തം അദ്ദേഹത്തെ ഏൽപ്പിച്ചു. അദ്ദേഹം അത് കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. എന്‍റെ പത്രപ്രവർത്തന ജീവിതത്തിലെ വലിയ ഒരു സന്തോഷമാണ് എം.ബി. സന്തോഷ്'.

"ഇടുക്കി ഡാമിന് വൻഭീഷണി: മുല്ലപ്പെരിയാർ ഡാമിലെ അനധികൃത നിർമാണം കേരളത്തെ ഇരുട്ടിലാക്കി'എന്ന എന്‍റെ ആദ്യ മുല്ലപ്പെരിയാർ വാർത്ത മെയ്ൻ സ്റ്റോറിയായി 1996 മാർച്ച് 3ന് "കേരള കൗമുദി' അച്ചടിച്ചു. മുല്ലപ്പെരിയാറിലെ എന്‍റെ ആദ്യയാത്രയായിരുന്നു അത്. അന്നത്തെ ഉടുമ്പൻചോല എംഎൽഎ ഇ.എം. അഗസ്തിയാണ് മുല്ലപ്പെരിയാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട്, ഒരു വർഷം നീണ്ട, മുല്ലപ്പെരിയാറിന്‍റെ സുരക്ഷയെ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കെല്ലാം തുടക്കം കുറിച്ച സ്റ്റോറിയായിരുന്നു അതെന്ന് ജോജോ ആ പുസ്തകത്തിൽ രേഖപ്പെടുത്തി. പിന്നീട്, മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ, അന്നത്തെ ജലവിഭവ മന്ത്രി ടി.എം. ജേക്കബ് എന്നിവരുമായി ഹൃദ്യബന്ധത്തിന് തുടക്കം കുറിച്ചതും ആ വാർത്തയാണ്. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ മാധ്യമ പുരസ്കാരങ്ങളിലൊന്നായ "പരിസ്ഥിതിമിത്രം' അവാർഡിന് കഴിഞ്ഞ വർഷം എന്നെ അർഹനാക്കിയത് മുല്ലപ്പെരിയാറിലൂടെ പരിസ്ഥിതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ജോജോയുടെ ഇടപെടലുകളാണ് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

കാലത്തിനും മുമ്പേ പറന്ന പക്ഷിയാണ് ജോജോ. മലയാളത്തിലെ പ്രമുഖ പത്രങ്ങൾ മടിച്ചുനിന്നപ്പോൾ കൗമുദി സൈബർ സ്റ്റുഡിയോ സ്ഥാപിക്കുന്നതിനും കേരള കൗമുദി ഇന്‍റർനെറ്റ് പതിപ്പിറക്കുന്നതിനും മുന്നിട്ടിറങ്ങിയത് ജോജോയാണ്. ഇന്ത്യയിലെ ആദ്യത്തെ വെബ് ടിവി "ഇന്ത്യാ പോസ്റ്റ് ലൈവ്' സ്ഥാപിച്ചതും മറ്റാരുമല്ല. ടെക്നോ പാർക്കിന്‍റെ ആദ്യ സിഇഒ ആയിരുന്ന ജി. വിജയരാഘവൻ ഇന്നലെ പറഞ്ഞതും ഏറ്റവും പുതിയ കാര്യങ്ങൾ പഠിക്കാൻ ജോജോ കാട്ടിയ ആവേശത്തെക്കുറിച്ചാണ്. "സ്മാർട്ടസ്'എന്ന പുതിയ കാലത്തിന്‍റെ പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതിന്‍റെ തിരക്കിലാണ് ജോജോയെ വിധി തട്ടിയെടുത്തത്. അത് നാളെകളിൽ രൂപപ്പെട്ടു വരികതന്നെ ചെയ്യും.

ജോജോയുടെ ചൊവ്വാഴ്ച വരെ നീണ്ട ജീവിതം മകൾ സുമിയുടെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ്. നേരത്തെ കരളിൽ പ്രശ്നം കണ്ടപ്പോൾ കൊച്ചുകുഞ്ഞുണ്ടായിട്ടും അച്ഛനു വേണ്ടി ആ മകൾ കരൾ പകുത്തു നൽകുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ. ജെ.എസ് സുമി. ഡോ. സുരിരാജൻ പാലക്കലാണ് (നെയ്യാർ മെഡിസിറ്റി) ഭർത്താവ്. സുമിക്കൊപ്പം സുരിയും കൂടെ നിന്നപ്പോൾ ഒരു വർഷമെങ്കിലും ജോജോയ്ക്ക് അധികമായി കിട്ടി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

"ഞാൻ കരുതിയത് എന്‍റെ രോഗം അറിയുമ്പോൾ സുഷമ കരയും, മോൾ പിടിച്ചു നിൽക്കും എന്നാണ്. എന്നാൽ, മോളാണ് ഇപ്പോൾ ആകെ തകർന്നത്. സുഷമ പിടിച്ചുനിൽക്കുന്നു'- ശ്വാസകോശത്തിലെ കാൻസർ സ്ഥിരീകരിച്ച ശേഷം കാണാനെത്തിയപ്പോൾ ജോജോ പറഞ്ഞു. വർക്കല എസ്എൻ കോളെജിലെ ഹിന്ദി വിഭാഗം മേധാവിയായാണ് സുഷമ വിരമിച്ചത്.

ജോജോയുടെ മകൻ ജെ.എസ്. ദീപുവും ഭാര്യ അനീഷാ കുമാറും മുംബയിലെ പ്രശസ്ത നിയമ സ്ഥാപനത്തിലെ സീനിയർ അസോസിയറ്റ്സാണ്. അവർ മുംബയിൽ ഫ്ലാറ്റ് വാങ്ങിയത് ഈയിടെയാണ്. അവിടെ ഒരുമിച്ചു പോകാമെന്ന് ജോജോ പറഞ്ഞപ്പോൾ സിനിമാക്കഥയുടെ തുടർ ചർച്ച ആ യാത്രയിലാവാമെന്ന് ഞാൻ കൂട്ടിച്ചേർത്തു. മകൻ നാളെകളിലേക്കായി കരുതലോടെ ജീവിക്കുന്നു എന്ന സന്തോഷം അന്ന് ജോജോയുടെ മുഖത്ത് തെളിഞ്ഞിരുന്നു.

ഇടക്കാലത്ത് "കേരള കൗമുദി'യിലും പ്രവർത്തിച്ച യശശ്ശരീരനായ ജോയി തിരുമൂലപുരം, ജോജോ എന്നിവർക്കൊപ്പം ഞാനും. വാർത്താ തലക്കെട്ടുകളെക്കുറിച്ചായിരുന്നു ചർച്ച. "നമസ്തേ നമീബീയ, ബലേ ഭേഷ് ബുഷ്' ഒക്കെ പരാമർശിക്കപ്പെട്ടപ്പോൾ ആ തലക്കെട്ടുകളുടെ പിതാവായ ജോയി സാർ പറഞ്ഞു: "ജോജോ താനൊരു രാജ്യത്തെ പ്രസിഡന്‍റായെങ്കിൽ "ജോജോ, ജോർ, ജോർ...!' എന്ന് ഞാൻ തലക്കെട്ടിട്ടേനെ...'

വലിയൊരു പൊട്ടിച്ചിരിയിലാണ് ആ ചർച്ച അവസാനിച്ചത്. ജീവിതം ജോറാക്കാൻ എന്നും ഉത്സാഹിച്ച ഒരാളിന് ഇതിലപ്പുറം എന്ത് തലക്കെട്ട്?

നാലഞ്ചുദിവസം മുമ്പാണ്. സുരി വിളിക്കുന്നു: "അച്ഛന്‍റെ കൗണ്ട് താഴുന്നു. രക്തം കൊടുക്കണം. മൂന്നുപേരെ കിട്ടി. ഒരാൾ കൂടി വേണം. ഒ പോസിറ്റീവാണ് ഗ്രൂപ്പ്...'

മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എന്‍റേതും ഒ ഗ്രൂപ്പാണ്. രക്തം കൊടുക്കുമ്പോൾ മരണത്തിന്‍റെ തണുപ്പിനെക്കുറിച്ചേ അല്ല ഓർത്തത്. ജോജോ ആയതിനാൽ ഏത് അവസരത്തിലും ചിരിച്ചുകൊണ്ട് എഴുന്നേറ്റുവരും എന്നായിരുന്നു പ്രതീക്ഷ. മുംബയിൽ പോണം, ഫ്ലാറ്റ് കാണണം, കഥ പൂർത്തിയാക്കണം...

സ്വന്തം ചോരയിലെ ഒരാളായ കരുതി പരിചയപ്പെട്ട കാലം മുതൽ എന്നോടിടപെട്ട ഒരാൾ... അതെ, ബി.സി. ജോജോ ഭാവികാല പാഠപുസ്തകങ്ങളിലേക്ക് സ്വന്തം ജീവിതം ചേർത്തുവച്ച് യാത്രയായിരിക്കുന്നു, പ്രണാമം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com