വകുപ്പു മേധാവികളും 'ഉദ്യോഗസ്ഥ സാഹിത്യവും'

പുസ്തകത്തില്‍ ദേശതാത്പര്യ വിരുദ്ധവും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരൻ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കണം.
Atheetham special column by M B Santhosh
വകുപ്പു മേധാവികളും 'ഉദ്യോഗസ്ഥ സാഹിത്യവും'
Updated on

എം.ബി.സന്തോഷ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാനുള്ള ചുമതല അതത് വകുപ്പ് മേധാവികൾക്ക് നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് നിരവധി അപേക്ഷകൾ വകുപ്പുകളിൽ ലഭിക്കുന്നുണ്ടെന്നും, ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രസിദ്ധീകരണാനുമതി നൽകേണ്ടത് എന്നും അത്തരത്തിൽ പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടു ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം സർക്കാർ തലത്തിലുള്ള മറ്റു പ്രവർത്തനങ്ങൾക്കുള്ള സമയം അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് മേധാവികൾക്ക് ചുമതല നൽകി ഉത്തരവായിരിക്കുന്നത്. ഇത്തരത്തിൽ സർക്കാർ ജീവനക്കാരുടെ സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകുമ്പോൾ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു.

ഇതിനൊരു പൂർവകഥയുണ്ട്. അത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. സര്‍ക്കാര്‍ ജീവനക്കാരുടെ കലാ- സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍ ഉത്തരവ് അക്കാലത്താണിറങ്ങിയത്. അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും വാര്‍ത്ത വായിക്കാനുമൊക്കെ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനെല്ലാം ആരാണ് അനുമതി നല്‍കുന്നതെന്ന് 2015 നവംബർ 11ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. അജയകുമാര്‍ സര്‍ക്കാരിനു വേണ്ടി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനടക്കം ഉത്തരവിനെതിരേ രംഗത്തത്തെുകയും ചെയ്തെങ്കിലും സർക്കാർ വഴങ്ങിയില്ല.

കലാ- സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കുമെന്നായിരുന്നു ആ ഉത്തരവ്. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമായിരുന്നു. സിനിമ, സീരിയല്‍, പ്രൊഫഷണല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാർ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖന സമാഹാരങ്ങള്‍, പഠന സഹായികള്‍ എന്നിവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പുസ്തകത്തിന്‍റെ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്‍റെ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോള്‍ അറിയിച്ചിരിക്കണം. പുസ്തകത്തില്‍ ദേശതാത്പര്യ വിരുദ്ധവും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരൻ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കണം. നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കിയെങ്കിലും മാനദണ്ഡങ്ങൾ എന്തെന്നോ ആരു പരിശോധിക്കുമെന്നോ ഉത്തരവിൽ വ്യക്തമല്ല.

അതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ കലാ, സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യ പ്രവത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു. അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരാത്ത വിധവും ലാഭേച്ഛയില്ലാതെയുമായിരിക്കണം എന്നുമാത്രം.

അതിനെ മറികടന്നുള്ള ഉത്തരവിനെതിരേ കോൺഗ്രസുകാരനും യുഡിഎഫ് സർക്കാർ സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്‍റുമാക്കിയ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്താണ് ആദ്യം രംഗത്തുവന്നത്. 30 വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരനായിരുന്നാണ് താന്‍ 20 പുസ്തകങ്ങള്‍ എഴുതിയതെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ആവിഷ്കാരത്തിന് മീതെ കൊണ്ടു വരുന്ന വിലക്കുകള്‍ക്ക് തുല്യമാണിതെന്നും ഇതുവഴി കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതൊന്നും സർക്കാർ വകവച്ചില്ല.

അതിനുശേഷം അതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിറക്കിയത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്താണ്. 2021 സെപ്തംബർ 9നായിരുന്നു ആ ഉത്തരവ്. അതനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അപേക്ഷയ്‌ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്‍റെ പകര്‍പ്പും നല്‍കണം. അത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കൂ. സാംസ്‌കാരിക രംഗത്തു നിന്ന് വലിയ തോതിൽ എതിർപ്പുയർന്നതോടെ സർക്കുലർ പിൻവലിച്ചു. ആശയക്കുഴപ്പങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഉത്തരവ് പിൻവലിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി തന്നെ അറിയിക്കുകയായിരുന്നു.

അതിനു ശേഷമാണ് ഇപ്പോൾ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് വെളുക്കാൻ തേച്ചത് പാണ്ടാക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ബഹുഭൂരിപക്ഷം വകുപ്പ് മേധാവികളും അധികാരക്കസേരയിൽ കയറിയാൽ "ഞാൻ എന്തോ മഹാസംഭവമാണ്' എന്നു വിചാരിക്കുന്ന പൊട്ടക്കിണറ്റിലെ തവളകളാണ്. അപൂർവം പേർ സഹൃദയരും മികച്ച ട്രാക്ക് റേക്കോഡ് ഉള്ളവരുമാണെന്നതും മറക്കുന്നില്ല.

പ്രമുഖ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച ഒരു കഥയിൽ "കടുത്ത അച്ചടക്കലംഘന'മുണ്ടായെന്ന് കണ്ടെത്തി ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് ഇതേ നാട്ടിലാണ്. ആ കവി, അന്നും ഇന്നും ഇടതുപക്ഷ സാസ്കാരിക നേതാവായി മലപ്പുറത്തുണ്ട്. ആ കഥയിലെ കഥാപാത്രം "താനാണോ' എന്ന് മേധാവിക്ക് സംശയം തോന്നി‍യതാണ് നടപടിക്കിടയാക്കിയത്! അന്ന് ഇടതുപക്ഷം നടത്തിയ വമ്പിച്ച പ്രക്ഷോഭത്തെ തുടർന്ന് വകുപ്പു മേധാവികളുടെ "കണ്ടെത്തൽ' ചവറ്റുകൊട്ടയിലിട്ട് പിരിച്ചുവിട്ടയാളെ തിരിച്ചെടുപ്പിച്ച ചരിത്രവും ഈ നാടിനുണ്ട്. മണമ്പൂർ രാജൻബാബു എന്ന കഥാകൃത്തു കൂടിയായ ആ കവി ഇൻലൻഡ് മാഗസിനുകളിൽ ചരിത്രം സൃഷ്ടിച്ച "ഇന്നി'ന്‍റെ പത്രാധിപർ കൂടിയാണ്.

നിലവിലുള്ള രണ്ടു വകുപ്പു മേധാവികൾ വാട്സാപ്പിൽ നിർദോഷമായിട്ട തമാശകൾക്കെതിരേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തെഴുതിയ വിവരം അറിയാം. അതിലൊരു ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലും മറ്റൊന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസിലുമാണ്. അവിടെയൊക്കെ കുറച്ചു വിവരമുള്ളവർ ഉണ്ടെന്നതാണ് ആശ്വാസം.

ഈ രണ്ടു വകുപ്പുമേധാവികളുടെ കൈയിൽ സാഹിത്യസൃഷ്ടികൾ കിട്ടിയാലുള്ള അവസ്ഥയാണ് ആലോചിക്കേണ്ടത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ നോവലാണ് "യന്ത്രം'. ഭരണസിരാകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ സംഘർഷഭരിതമായ കഥ പറയുന്ന നോവലാണിത്. അധികാര രാഷ്‌ട്രീയത്തിന്‍റെ കാണാപ്പുറങ്ങളും ബ്യൂറോക്രസിയുടെ ഉള്ളറകളും മനുഷ്യമനസുകളുടെ സങ്കീർണതകളും വായനക്കാർക്ക് മുന്നിൽ വെളിവാക്കുന്ന "യന്ത്രം' ഈ വകുപ്പ് മേധാവികളിലൊരാളുടെ കൈയിൽ കിട്ടിയാലുള്ള കഥ ആലോചിച്ചു നോക്കിയേ!

ഒ.എൻ.വി. കുറുപ്പിന്‍റെ പ്രശസ്തമായ ഗാനത്തിലെ ആദ്യവരികൾ:

"മനുഷ്യനെക്കണ്ടവരുണ്ടോ? ഉണ്ടോ?

മനുഷ്യനെക്കണ്ടവരുണ്ടോ?

ഇരുകാലി മൃഗമുണ്ട്,

ഇടയന്മാർ മേയ്ക്കാനുണ്ട്,

ഇടയ്ക്കു മാലാഖയുണ്ട്,

ചെകുത്താനുണ്ട്!'.

വകുപ്പു മേധാവികളായ ഇക്കൂട്ടരിൽ ചിലർക്കെങ്കിലും ഈ വരികൾ തന്നെ പരിഹസിക്കാനായി എഴുതിയതാണെന്ന് തോന്നുമെന്നുറപ്പാണ്. മലയാറ്റൂരും ഒഎൻവിയുമൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തത് അവരുടെ ഭാഗ്യം. ഇല്ലേൽ, ഇരുവരും അവരുടെ രചനകളുമായി ഇത്തരം മേധാവികളുടെ അടുത്തേക്കു പോകുന്നത്... ഓർക്കാൻ പോലുമാവുന്നില്ല!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com