അമ്പരപ്പിക്കുന്ന രചനകൾ കൊണ്ട് വായനക്കാരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടുന്നവരാണ് എഴുത്തുകാർ. പ്രശസ്തരായ എഴുത്തുകാർ ചില വിചിത്രമായ എഴുത്തു ശീലങ്ങൾ പിന്തുടരാറുണ്ട്. അഗതാ ക്രിസ്റ്റി, വിക്റ്റർ ഹ്യൂഗോ, ഡാൻ ബ്രൗൺ തുടങ്ങി നിരവധി പേർക്ക് അത്തരത്തിലുള്ള വിചിത്രമായ രീതികളുണ്ടായിരുന്നു.
മാസ്റ്റർ പീസ്- പാവങ്ങൾ (ലെസ് മിസറബിൾ)
അതിപ്രശസ്ത സാഹിത്യകാരൻ വിക്റ്റർ ഹ്യൂഗോ അതീവ വിചിത്രമായ രീതിയാണ് എഴുത്തുകാലത്ത് പിന്തുടർന്നിരുന്നത്. സ്വന്തം വീട്ടിലെ മുറിയിൽ നഗ്നനായി ഇരുന്നാണ് അദ്ദേഹം എഴുതാറുള്ളത്. അഴിച്ചു മാറ്റിയ വസ്ത്രങ്ങൾ താൻ കാണാതെ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കാനും വീട്ടിലെ ജോലിക്കാരോട് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. വസ്ത്രം ധരിക്കാത്തതു കൊണ്ട് തന്നെ വീടിനു പുറത്തേക്ക് ഇറങ്ങാനും കഴിയാറില്ല. കൃത്യസമയത്ത് എഴുത്ത് തീർക്കാനായി അദ്ദേഹം കണ്ടെത്തിയ മാർഗമായിരുന്നു ഇത്. ഒരു പുതപ്പു മാത്രം പുതച്ചു കൊണ്ട് മണിക്കൂറുകളോളം അദ്ദേഹം ഇരുന്നെഴുതുമായിരുന്നു.
മാസ്റ്റർപീസ് - ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്സ്
സ്വന്തം വീട്ടിൽ ഇരുന്ന് മായ ഏഞ്ചലോ എഴുതാറില്ല. ഹോട്ടൽ മുറികൾ വാടയ്ക്കെടുത്ത് അവിടെയിരുന്നാണ് എഴുത്ത്. ആ സമയത്ത് ഒരു ഡിക്ഷ്ണറിയും , ബൈബിളും, ഒരു പാക്കറ്റ് ചീട്ടും, ഒരു കുപ്പി മദ്യവുമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടാകില്ല. നിത്യജീവിതത്തിന്‍റെ ശല്യങ്ങൾ ഇല്ലാതെ എഴുതാൻ ഈ അന്തരീക്ഷം അവരെ സഹായിച്ചിരുന്നു.
മാസ്റ്റർപീസ്- ഹെർക്കുലി പൊറോട്ട് സീരീസ്
അപസർപ്പക കഥകളുടെ രാജകുമാരിയാണ് അഗതാ ക്രിസ്റ്റി. ബാത് ടബ്ബിൽ ഇളം ചൂടുവെള്ളം നിറച്ച് അതിൽ കിടന്നു കൊണ്ടാണ് അഗതാ ക്രിസ്റ്റി തന്‍റെ കഥാപാത്ര രൂപീകരണവും കഥയും സൃഷ്ടിച്ചിരുന്നത്. അൽപ്പാൽപമായ ആപ്പിൾ തിന്നുന്നതും അവരുടെ ഒരു ശീലമായിരുന്നു. ചൂടുവെള്ളവും , ഏകാന്തതയുമാണ് ദുരൂഹമായ രചനകൾ നടത്തുന്നതിൽ തന്നെ സഹായിച്ചതെന്നാണ് എഴുത്തുകാരി വിശ്വസിച്ചിരുന്നത്.
മാസ്റ്റർ പീസ്- നോർവീജിയൻ വൂഡ്
കാൽപ്പനികമായ രചനയാണ് ഹാരൂകി മുറകാമിയുടെ പ്രത്യേകത. പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് ആറ് മണിക്കൂറുകളോളം തുടർച്ചയായി എഴുതുന്നതായിരുന്നു രീതി. വൈകുന്നേരമായാൽ 10 കിലോമീറ്റർ ഓടും, 1500 മീറ്റർ നീന്തും. ഇത്തരത്തിലുള്ള കൃത്യനിഷ്ഠയുള്ള ജീവിതമായിരുന്നു അവരുടേത്.
മാസ്റ്റർപീസ്- ഡാവിഞ്ചി കോഡ്
റൈറ്റേഴ്സ് ബ്ലോക്ക് ഇല്ലാതാക്കാൻ വിചിത്രമായ രീതിയായിരുന്നു ഡാൻ ബ്രൗൺ ശീലിച്ചു വന്നിരുന്നത്. തല കുത്തനെ തൂങ്ങിക്കിടക്കുന്നതായിരുന്നു അദ്ദേഹത്തിന് ശീലം. ഇങ്ങനെ ചെയ്യുമ്പോൾ തലച്ചോറിലേക്ക് കൂടുതൽ ചോരയോട്ടം ഉണ്ടാകുമെന്നും സർഗാത്മകത വർധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം.
മാസ്റ്റർപീസ്- ദി ഓൾഡ് മാൻ ആൻഡ് ദി സി
മണിക്കൂറുകളോളം നിന്നു കൊണ്ട് എഴുതുന്നതായിരുന്നു ഹെമിങ്‌വേയുടെ രീതി. അധികം സമയം ഇരുന്നെഴുതിയാൽ ഊർജസ്വലത നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. നെഞ്ചൊപ്പമുള്ള ഡെസ്കിൽ ടൈപ്പ് റൈറ്റർ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്ത്. ഒരു വാചകത്തിന്‍റെ പകുതി എഴുതി നിർത്തുന്നതും അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. പിറ്റേ ദിവസം ആ വാചകം പൂർത്തിയാക്കുന്നതിലൂടെ റൈറ്റേഴ്സ് ബ്ലോക്ക് ഇല്ലാതാക്കാം എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്.