ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

അദ്ദേഹത്തിന്‍റെ പ്രസാദകരായ ഹാർപർ കോളിൻസ് ആണ് മരണവിവരം അറിയിച്ചത്
Jeffrey Archer

ജെഫ്രി ആർച്ചർ

Updated on: 

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ പ്രസാദകരായ ഹാർപർ കോളിൻസ് ആണ് മരണവിവരം അറിയിച്ചത്.

അവസാന നോവലായ ‘ആഡം ആൻഡ് ഈവ്’ ആഗോളതലത്തിൽ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപായിരുന്നു അദ്ദേഹം വിടവാങ്ങിയത്.

നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലായിരുന്നു ആർച്ചറുടെ ഔദ്യോഗിക ജീവിതം. ഹ്രസ്വകാല ജയിൽവാസത്തിനിടയിലും അദ്ദേഹം എഴുത്ത് തുടർന്നു. പിന്നീട് രാഷ്ട്രീയരംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം. 1976ൽ ആണ് ആദ്യ നോവൽ ‘നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ പുറത്തിറങ്ങിയത്.

ബ്രിട്ടീഷ് ‘സൺഡേ ടൈംസ്’ ബെസ്റ്റ് സെല്ലർ പട്ടികയിൽ 14 വർഷത്തിലധികവും ‘ന്യൂയോർക്ക് ടൈംസ്’ ബെസ്റ്റ് സെല്ലർ പട്ടികയിൽ അഞ്ച് വർഷത്തിലേറെയും ആർച്ചറുടെ പുസ്തകങ്ങൾ ഇടംനേടി. ലോകമെമ്പാടുമായി ആർച്ചറുടെ 30 കോടി പുസ്തകങ്ങൾ വിറ്റഴിച്ചതായി ഹാർപർ കോളിൻസ് വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കാലത്ത് ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിൽ ആർച്ചർ ഉയർന്ന സ്ഥാനങ്ങളിലെത്തി. താച്ചറുടെ പിൻഗാമിയായ പ്രധാനമന്ത്രി ജോൺ മേജർ 1992ൽ അദ്ദേഹത്തെ ഹൗസ് ഓഫ് ലോർഡ്സിലേക്ക് നിയമിച്ചു.

1999ൽ ലണ്ടൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെ, ഒരു ദശാബ്ദത്തിലേറെ മുൻപ് നടന്ന അപകീർത്തിക്കേസിൽ ആർച്ചർ കോടതിയിൽ കള്ളം പറഞ്ഞെന്ന ആരോപണം ഉയർന്നു. താൻ‌ ലൈംഗികത്തൊഴിലാളിക്ക് പണം നൽകിയെന്നാരോപിച്ച പത്രത്തിനെതിരേ അദ്ദേഹം നൽകിയ കേസിൽ 5 ലക്ഷം പൗണ്ട് നഷ്ടപരിഹാരം നേടിയിരുന്നു.

1987ലെ ‘ഡെയിലി സ്റ്റാർ’ കേസിൽ ആർച്ചർക്ക് നാല് വർഷത്തെ തടവുശിക്ഷ ലഭിച്ചു. 2001ൽ കള്ളസാക്ഷ്യത്തിന് ജയിലിലാകുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കി.

2003ൽ രണ്ട് വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷം ആർച്ചർ മോചിതനായി. തുടർന്ന് രാഷ്ട്രീയമായി സ്വതന്ത്രനായി ഹൗസ് ഓഫ് ലോർഡ്സിൽ തുടർന്നു. 2024ൽ വിരമിച്ചു.

ജയിൽവാസകാലത്തെ അനുഭവങ്ങൾ ‘എ പ്രിസൺ ഡയറി’ എന്ന മൂന്ന് വാല്യങ്ങളുള്ള പരമ്പരയിൽ ആർച്ചർ രേഖപ്പെടുത്തി. ‘ഹെൽ’, ‘പർഗറ്ററി’, ‘ഹെവൻ’ എന്നീ പുസ്തകങ്ങളിലൂടെ ബ്രിട്ടനിലെ ജയിലുകളിലെ തടവുകാരുടെ ജീവിതത്തിലേക്ക് അപൂർവമായൊരു കാഴ്ച അദ്ദേഹം നൽകി.

ഡെയിം മേരി ആർച്ചർ ആണ് ഭാര്യ. രണ്ട് ആൺമക്കളുമുണ്ട്.

logo
Metro Vaartha
www.metrovaartha.com