

വാങ് ജിബിങ്ങ്
ബീജിങ്: ചൈനയിലെ പരമോന്നത സാഹിത്യ പുരസ്കാരം സ്വന്തമാക്കി ഫൂഡ് ഡെലിവറി ബോയ്. 57കാരനായ വാങ് ജിബിങ്ങ് ആണ് ലൂ സുൻ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. ലോ ഫ്ലൈറ്റ് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി ഡെലിവറി ബോയ് ആയാണ് വാങ് ജോലി ചെയ്യുന്നത്. പകൽ മഉഴുവൻ ഭക്ഷണവുമായി യാത്ര ചെയ്യുകയും രാത്രിയിൽ ദീർഘനേരമിരുന്ന് എഴുതുകയും ചെയ്യും. 2019 മുതൽ കുൻഷാനിൽ വാങ് ഉണ്ട്. ഇക്കാലത്തിനിടെ 1,50,000 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും 6,000 കവിതകൾ എഴുതുകയും ചെയ്തു. നിത്യ ജീവിതത്തിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും സമ്മർദങ്ങളുമാണ് കവിതയാക്കി മാറ്റുന്നതെന്ന് വാങ് പറയുന്നു.
ലോ ഫ്ലൈറ്റ് പുറത്തിറങ്ങിയപ്പോൾ വൻ ജനപ്രീതി നേടിയിരുന്നു. സാമ്പത്തിക പ്രസിസന്ധി മൂലം വാങ് കൗമാരത്തിലേ പഠനം നിർത്തിയിരുന്നു. പിന്നീട് പല പല ജോലികളിൽ വ്യാപൃതനായി. നിർമാണ തൊഴിലുകളും, ആക്രി ശേഖരണവും, വഴിയോര വാണിഭവുമെല്ലാം പയറ്റി.
അക്കാലത്തൊന്നും വായനയോടും എഴുത്തിനോടുമുള്ള പ്രണയം അവസാനിപ്പിച്ചില്ലെന്ന് മാത്രമല്ല ഇടയ്ക്കിടെ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ചൈനയിലെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ തന്‍റെ കവിതകൾ വാങ് പങ്കു വയ്ക്കാറുണ്ട്. 2022ൽ പങ്കു വച്ച മാൻ ഇൻ എ ഹറി എന്ന കവിത വൈറലായതോടെയാണ് വാങ്ങിന് ആരാധകർ ഏറിയത്. തൊട്ടടുത്ത വർഷം ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. മാൻ ഇൻ എ ഹറി: പോയംസ് ഒഫ് എ ഫൂഡ് ഡെലിവറി റൈഡർ എന്നായിരുന്നു പേര്.
ലൂ സൺ പുരസ്കാരം കിട്ടിയെങ്കിലും ഫൂഡ് ഡെലിവറി ജോലി ഉപേക്ഷിക്കാൻ വാങ് തയാറല്ല. 60 വയസു വരെ ഫൂഡ് ഡെലിവറി തുടരാനാണ് വാങ്ങിന്‍റെ തീരുമാനം.