ചൈനീസ് പ്രസിഡന്‍റിന് ഒരിക്കലും മറക്കാനാവാത്ത ആ തിരിച്ചടി

"ഫോർ സ്റ്റാര്‍സ് ഒഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണു ജനറൽ നരവനെ ഇന്ത്യയും ചൈനയും തമ്മിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംഘർഷത്തിന്‍റെ ഉള്ളറകളെക്കുറിച്ചു വിശദീകരിക്കുന്നത്
Four Stars of Destiny, General Naravane
Four Stars of Destiny, General Naravane
Updated on

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നേറ്റ തിരിച്ചടി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ജീവിതത്തിൽ മറക്കില്ലെന്നു കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാണെ. ഷിയുടെ ജന്മദിനമാണ് ജൂൺ 16. രണ്ടു ദശാബ്ദത്തിനിടെ ചൈനീസ് സേനയ്ക്കു സംഭവിച്ച ഏറ്റവും വലിയ ആൾനാശമാണ് 2020 ജൂൺ 16ന് കിഴക്കൻ ലഡാഖിലുണ്ടായതെന്നും നരവാണെ പറഞ്ഞു.

'ഫോർ സ്റ്റാര്‍സ് ഒഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണു ജനറൽ നരവനെ ഇന്ത്യയും ചൈനയും തമ്മിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംഘർഷത്തിന്‍റെ ഉള്ളറകളെക്കുറിച്ചു വിശദീകരിക്കുന്നത്. യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്‍റെ പോരാട്ടവീര്യത്തിന് ഊർജം പകർന്ന സംഭവമായിരുന്നു ഗാൽവനിലേത്. തന്‍റെ ഔദ്യോഗിക സേവനത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളായിരുന്നു അതെന്നും നരവാണെ വിശദീകരിച്ചു.

"എൽഎസിയിലെ പട്രോളിങ് പോയിന്‍റ് 14ൽ ചൈനീസ് സൈന്യം ഉയർത്തിയ രണ്ടു കൂടാരങ്ങൾ പൊളിച്ചു മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന മുഖംതിരിച്ചതായിരുന്നു സംഘർഷത്തിനു തുടക്കം. ജൂൺ 15ന് ബിഹാർ റെജിമെന്‍റിലെ കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബുവും സംഘവും നേരിട്ടുചെന്ന് അവരോട് പിന്മാറാൻ പറഞ്ഞു. അവർ കൂട്ടാക്കിയില്ല. ഇതോടെ, ഇന്ത്യ അവിടെ കൂടാരം ഉയർത്താൻ ശ്രമിച്ചു. ഇതു തടയാൻ ചൈന ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായി. കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് അവർ ആക്രമിച്ചു. അന്ന് ഗുരുതരമായി പരുക്കേറ്റ 15 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. തൊട്ടടുത്ത ദിവസം തിരിച്ചടിച്ച ഇന്ത്യൻ സേന ചൈന കടന്നുകയറിയ പ്രദേശം പൂർണമായി തിരിച്ചുപിടിച്ചു. പക്ഷേ, അന്ന് അഞ്ചു സൈനികർക്കു കൂടി ജീവൻ നഷ്ടമായി. തങ്ങൾക്ക് ആൾനാശം സംഭവിച്ചതായി ചൈന ആദ്യം സമ്മതിച്ചില്ല. മാസങ്ങൾക്കു ശേഷം കമാൻഡിങ് ഓഫിസർ ഉൾപ്പെടെ നാലോ അഞ്ചോ പേര്‍ കൊല്ലപ്പെട്ടതായി അവർ വെളിപ്പെടുത്തി''- നരവാണെ പറഞ്ഞു.

ചൈനയുടെ 45 പേർ കൊല്ലപ്പെട്ടെന്ന ഓസ്ട്രേലിയൻ രഹസ്യാന്വേഷണ റിപ്പോർട്ട് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് നരവാണെ. കൂടാതെ ചൈനീസ് സേന പിടിച്ചുകൊണ്ടുപോയശേഷം മോചിപ്പിച്ച ജവാന്മാർ ചൈനീസ് ഭാഗത്ത് നിരവധി മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടുവെന്ന് അറിയിച്ചതായും അദ്ദേഹം വിശദീകരിക്കുന്നു.

ഒരുവശത്ത് നയതന്ത്രവും മറുവശത്ത് ആക്രമണവും എന്ന നയമാണ് ചൈന അയൽരാജ്യങ്ങളോട് സ്വീകരിക്കുന്നത്. ഇന്ത്യയോട് ഇത്തരത്തിൽ ഇരട്ടത്താപ്പ് കാട്ടിയാൽ ഫലം ദുരന്തമായിരിക്കുമെന്ന് ഗാൽവനിൽ ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ നമുക്ക് സാധിച്ചു. 2020 മേയിൽ ആരംഭിച്ച ചൈനയുടെ പ്രകോപനങ്ങൾക്ക് അന്നാണ് അവസാനം ഉണ്ടായതെന്നും നരവാനെ അറിയിച്ചു.

പിന്നീട് നടന്ന ചർച്ചകളിൽ പ്രായോഗികമായ അഭിപ്രായങ്ങൾ ഉയർത്തുവാനും ഇന്ത്യയുടെ ഭാഗം വിശദമായി കേൾക്കാനും ചൈന തയാറായെന്നും കരസേനാ മുൻ മേധാവി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com