

ഹരിത സാവിത്രി, കെ.ആർ. മീര
താനെഴുതിയ സിൻ എന്ന പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോട് ഉപമിച്ചത് അപമാനകരമെന്ന് സാഹിത്യകാരി ഹരിത സാവിത്രി. കെ.ആർ. മീരയുടെ കലാച്ചിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.മീരയുടെ കലാച്ചിക്ക് ഹരിത സാവിത്രിയുടെ സിന്നുമായി സാദൃശ്യമുണ്ടെന്ന ആരോപണമുയർന്നതിനെത്തുടർന്ന് സാഹിത്യലോകത്ത് വിവാദം പടരുകയാണ്.
മീരയെ ഒരിക്കലും ഹരിത സാവിത്രിയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും കലാച്ചി മഹാത്മാ ഗാന്ധിയാണെങ്കിൽ സിൻ രാഹുൽ മാങ്കൂട്ടത്തിൽ ആണെന്നുമാണ് എഴുത്തുകാരനും നിരൂപകനുമായ പി.കെ.രാജശേഖരൻ വിമർശിച്ചത്.
ഇത്തരത്തിലുള്ള നിരൂപകരാണ് സാഹിത്യത്തിന്‍റെ ശാപമെന്ന് ഹരിത സാവിത്രി പ്രതികരിച്ചു. സ്ത്രീകളോട് അതിക്രമങ്ങൾ ചെയ്യുന്ന നിർബന്ധിതമായി ഭ്രൂണഹത്യ ചെയ്യുന്ന ഒരാളുമായി തന്‍റെ പുസ്തകത്തെ ഉപമിച്ചത് തനിക്കൊട്ടും ഇഷ്ടപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.