

ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണി മല്ലിക പുരസ്‌കാരം കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രൊഫ. കല്പറ്റ നാരായണൻ ബ്രണ്ണൻ കോളെജിൽ നടന്ന ചടങ്ങിൽ ഡോ. രവിശങ്കർ എസ്. നായർക്ക് സമർപ്പിച്ചപ്പോൾ. ഡോ. ആർ. രാജശ്രീ, ഡോ. എൻ. ലിജി തുടങ്ങിയവർ സമീപം.
AI generated summary, newsroom reviewed
തലശ്ശേരി: സാഹിത്യ കൃതിയുടെ ഭാഷയാണ് അതിപ്രധാനമെന്നും എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്ന് ശുപാർശ ചെയ്തതു വഴി സാഹിത്യ അക്കാദമി ഇക്കാര്യം ഉറപ്പിക്കുകയായിരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രൊഫ. കല്പറ്റ നാരായണൻ. തലശ്ശേരി ഗവ ബ്രണ്ണൻ കോളജിൽ ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണിമല്ലിക പുരസ്‌കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിൽ സാമൂഹിക പ്രതിബദ്ധമായ ഭാവം വേണമെന്ന പുരോഗമ സാഹിത്യപ്രസ്ഥാന ചിന്തയോട് തനിക്ക് എന്നും വിയോജിപ്പായിരുന്നു. മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ നിരൂപണശൈലി സൃഷ്ടിച്ച പ്രൊഫ. എം.എൻ. വിജയനെയും നോവൽ സാഹിത്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ഒ.വി. വിജയനെയും വികെഎന്നെയും പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ടാണ് കല്പറ്റ നാരായണൻ ഇക്കാര്യം വിശദീകരിച്ചത്.
മലയാള സാഹിത്യത്തിൽ മേതിൽ രാധാകൃഷ്ണൻ സൃഷ്ടിച്ച ഭാഷയുടെ മനോഹാരിതയാണ് എഴുത്തച്ഛൻ പുരസ്കാരത്തിനു ശുപാർശ ചെയ്യാൻ ഇടയാക്കിയത്. ഇവിടെ വ്യക്തിയല്ല, സാഹിത്യ കൃതിയിലെ ഭാഷാശൈലിയാണ് നിർണായകമായത്. സാഹിത്യകാരന്‍റെ ഭാഷാ ശൈലിയാണ് അതിപ്രധാനമെന്ന് ഇതു വഴി കൃത്യമായ സന്ദേശം നല്കാൻ അക്കാദമിക്കു സാധിച്ചു.
രൂപശില്പപ്രധാനമാണ്, അതായത് ഭാഷയാണ് സാഹിത്യമെന്ന പക്ഷത്താണ് താനെന്ന് അദ്ദേഹം അസന്നിഗ്ദമായി വ്യക്തമാക്കുകയും ചെയ്തു. മുദ്രാവാക്യങ്ങൾ എഴുതിവച്ചാൽ സാഹിത്യമാവില്ലെന്നും, പുരോഗമന സാഹിത്യത്തിനെതിരേ 1950 കളിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഉയർത്തിയ രൂപഭദ്രതാവാദത്തെ ഓർമിപ്പിക്കും വിധത്തിലുള്ള പ്രസംഗമായിരുന്നു പ്രൊഫ കല്പറ്റ നടത്തിയത്.
ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥിയായ മണി മല്ലികയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ആറാമത് മണി മല്ലിക പുരസ്‌കാരം ഡോ. രവിശങ്കർ എസ്. നായർക്ക് കല്പറ്റ നാരായണൻ സമർപ്പിച്ചു. നോവൽ എന്ന മാന്ത്രികപ്പൂച്ച പഠനഗ്രന്ഥമാണ് പുരസ്‌കാരാർഹമായ കൃതി.
ബ്രണ്ണൻ മലയാളം സമിതി പ്രസിഡന്‍റ് ഡോ. എൻ. ലിജി അധ്യക്ഷത വഹിച്ചു. മലയാളത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിസ്മയ സജീവൻ, വി. ആരതി, വി.പി. മുഹമ്മദ് ബിലാൽ എന്നിവർക്കുള്ള വിദ്യാഭ്യാസ പുരസ്കാരം ഡോ. ആർ. രാജശ്രീയും സമ്മാനിച്ചു.
AI generated summary, newsroom reviewed