

കെ.ആർ. മീര, ഹരിത സാവിത്രി
തിരുവനന്തപുരം: സിൻ- കലാച്ചി എന്നീ രണ്ടു നോവലുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ. മീര. അഭിഭാഷകനായ എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന ലീഗൽ നോട്ടീസ് അയച്ച കാര‍്യം കെ.ആർ. മീര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ‍്യക്തമാക്കി.
സോഷ‍്യൽ മീഡിയയിലും പൊതുമണ്ഡലങ്ങളിലും കലാച്ചി നോവലിന്‍റെ എഴുത്തുകാരി എന്ന നിലയ്ക്ക് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളും ആക്ഷേപങ്ങളും തന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ‍്യത്തോടെയാണെന്നാണ് മീര പറയുന്നത്.
ഹരിത സാവിത്രിയിൽ നിന്നും ലീഗൽ നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം ബാക്കി വിവരങ്ങൾ അറിയിക്കാമെന്നും കെ.ആർ. മീര കൂട്ടിച്ചേർത്തു.
2022 ൽ പുറത്തിറങ്ങിയ ഹരിതയുടെ സിൻ എന്ന നോവലും 2025 ൽ പുറത്തിറങ്ങിയ കെ.ആർ. മീരയുടെ കലാച്ചിയും തമ്മിൽ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സാഹിത‍്യ മേഖലയിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനു പിന്നാലെ ഇത് വലിയ വിവാദമായി മാറുകയായിരുന്നു. ഒടുവിൽ രണ്ടു എഴുത്തുകാരും വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.