മേതിൽ: ബൊഹീമിയൻ വിചാരങ്ങൾ

"എനിക്ക് ലഹരി വേണ്ട; ഞാൻ തന്നെയാണ് ലഹരി'' എന്ന് സറിയലിസ്റ്റ് കലാകാരനായ സാൽവദോർ ദാലി പറഞ്ഞത് ഓർക്കുകയാണ്
literature book aksharajalakam

മേതിൽ: ബൊഹീമിയൻ വിചാരങ്ങൾ

Updated on

സാമ്പ്രദായിക ചിന്തകളെ വിട്ട്, പരീക്ഷണത്തിലും സാഹസികതയിലും ഏർപ്പെട്ട് സ്വതന്ത്ര മനസായി ജീവിച്ച കലാകാരന്മാരെയും എഴുത്തുകാരെയും 19ാം നൂറ്റാണ്ടിൽ ബൊഹീമിയൻ എന്ന് വിളിച്ചു. ഫ്രാൻസിലെ നാടോടികളായ റൊമാനി ജനതയുടെ സ്വഭാവത്തെ ഓർമിച്ചുകൊണ്ടാണ് ഈ നാമകരണം ഉണ്ടായത്. ബൊഹീമിയൻ എന്ന് വിളിക്കപ്പെട്ട കലാകാരന്മാർ പൊതുവേ സാമൂഹ്യജീവികളല്ലായിരുന്നു. അവർ സാമൂഹികാംഗീകാരങ്ങൾ കാര്യമാക്കിയില്ല; സ്ഥിരമായി ഒരിടത്ത് താമസിക്കുകയോ സമ്പാദിക്കുകയോ ചെയ്തില്ല. അവർ ദരിദ്രരായിരുന്നു. ദരിദ്രരായി ജീവിക്കുന്നതിലാണ് രസം കണ്ടെത്തിയത്. എന്നാൽ കലയോട് അവർക്ക് വല്ലാത്ത അഭിനിവേശമായിരുന്നു. കലയുടെ മതത്തിൽ ഏകാകികളായി അലഞ്ഞ പ്രവാചകരായിരുന്ന അവർ സുഹൃത്തുക്കളിലൂടെ ആശയങ്ങൾ വിനിമയം ചെയ്തു. ഒരാൾ താനറിയാതെ തന്നെ ബൊഹീമിയനായേക്കാം, മനോഭാവത്തിന്‍റെ സമ്മർദം കൊണ്ട്. അയാളിലെ കലോപാസന തീക്ഷ്ണമാണെങ്കിൽ സൗന്ദര്യത്തിനു വേണ്ടിയുള്ള ദാഹം മാമൂലകളിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. അയാൾ തന്‍റെ കലയെ ഒരു സ്കൂളിൽ നിന്ന് സമ്പാദിച്ചതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടിരിക്കും; തനിക്ക് ഒരു ആചാര്യനില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കും.

"എനിക്ക് ലഹരി വേണ്ട; ഞാൻ തന്നെയാണ് ലഹരി'' എന്ന് സറിയലിസ്റ്റ് കലാകാരനായ സാൽവദോർ ദാലി പറഞ്ഞത് ഓർക്കുകയാണ്. ദാലിക്ക് പ്രത്യക്ഷത്തിലുള്ള രൂപങ്ങൾ ആവശ്യമില്ലായിരുന്നു. ഒരു വസ്തുവിനെ കാണുന്ന നിമിഷം അദ്ദേഹത്തിന്‍റെ മനസിൽ പതിയുന്ന ബിംബം എന്താണോ അതാണ് വരയ്ക്കുക. അത് യഥാർഥമല്ല; എന്നാൽ മനസിൽ തെളിഞ്ഞതാണ്. അതിനു പ്രത്യേക അർഥം ഉണ്ടാകണമെന്നില്ല. സ്വപ്നത്തിൽ വന്നു പോകുന്ന രൂപങ്ങൾക്കും സംഭവങ്ങൾക്കും ചിലപ്പോൾ അർഥം കണ്ടെത്താൻ കഴിയണമെന്നില്ല. ഒരു അർഥവുമില്ലെങ്കിലും ചില രൂപങ്ങൾ നിലനിൽക്കുന്നു; മനസു കാണുന്നതാണ്. നാം നേരത്തെ തന്നെ കാണാൻ ശീലിച്ചതാണ് കാണുമ്പോൾ പെട്ടെന്ന് ഇഷ്ടപ്പെടുന്നത്. നമ്മുടെ കാഴ്ചയെക്കുറിച്ചുള്ള മുൻധാരണയെ അപകടപ്പെടുത്തുന്നത് കലാകാരന്‍റെ കാഴ്ചയാണ്. കലാകാരൻ കാഴ്ചയുടെ ചക്രവാളത്തെ വികസിപ്പിക്കുകയാണ്.

നല്ല വായനക്കാരെ കിട്ടി

കഴിഞ്ഞ ദിവസമാണ് കഥാകൃത്ത് മേതിൽ രാധാകൃഷ്ണനുമായി മാധ്യമ പ്രവർത്തക ഷബിത നടത്തിയ അഭിമുഖം കണ്ടത്. സാഹിത്യത്തെക്കുറിച്ചായിരുന്നില്ല, ജീവിതത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. തന്‍റെ ഇഷ്ടം പോലെ ചിന്തിക്കുകയും എഴുതുകയും ചെയ്ത മേതിൽ രാധാകൃഷ്ണനിൽ ഒരു ബൊഹീമിയൻ ജീവിക്കുന്നുണ്ട്. ഹിച്ച്കോക്കിന്‍റെ ഇടപെടൽ, എങ്ങനെയൊരു പഴുതാരയെ കൊല്ലാം തുടങ്ങിയ കഥകൾ പുതിയ രൂപമാണ്, പ്രമേയമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹം ആരെയും അനുകരിച്ചില്ല. മലയാളത്തിലെ ആഴം കുറഞ്ഞ കാല്പനിക പാരമ്പര്യത്തിൽ നിന്ന് മാറിയാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് നല്ല വായനക്കാരെ കിട്ടി എന്നതാണ് സത്യം. ചിലപ്പോൾ, ഉപരിപ്ലവ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സദസുകളിൽ അദ്ദേഹത്തിന് പ്രസക്തിയില്ലായിരിക്കാം.

മേതിൽ പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ ഒരു ലേഖനം 80കളിൽ ആഷാ മേനോൻ എന്നെ കാണിച്ചത് ഓർക്കുകയാണ്. ടാഗോറിന്‍റെ സാഹിത്യത്തെ ആഴത്തിൽ സമീപിച്ച ഒരു ലേഖനമായിരുന്നു അത്. എന്നിരുന്നാലും മേതിൽ സാഹിത്യത്തെയോ കലയെയോ മഹത്തായ കണ്ടുപിടിത്തമായി കൊണ്ടുനടന്നിട്ടില്ല. കലയെക്കാൾ ശാസ്ത്രത്തെയാണ്, അദ്ദേഹം പ്രശംസിച്ചിരുന്നത്. കലയ്ക്ക് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. എന്നാൽ പെൻസിലിൻ കണ്ടുപിടിച്ചതാണ് മഹത്തായ പരിവർത്തനമുണ്ടാക്കിയതെന്ന് അദ്ദേഹം വാദിച്ചു. ഇതിനോട് യോജിക്കാനാവില്ല. ഷേക്സ്പിയർ ഇല്ലായിരുന്നെങ്കിൽ മനുഷ്യജീവിതം അസാധ്യമായേനെ എന്ന് ദസ്തയെവ്സ്കി പറഞ്ഞത് ഓർക്കാം. പക്ഷേ മേതിലിന്‍റെ ഈ പ്രസ്താവന ഒരു ബൊഹീമിയന് സംഭവിച്ച പരിണാമമായി കണ്ടാൽ മതി.

സ്വയം നിന്ദിക്കുന്നതും ബൊഹീമിയന്‍റെ പ്രത്യേകതയാണ്. സ്വന്തം സൃഷ്ടികളെ തള്ളിക്കളയുമ്പോൾ ലഭിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ടല്ലോ. ഒരാൾ എഴുതിയ കൃതികളുടെ തടവറയിലായിരിക്കുന്നത് വിമോചനത്തിനു തടസമാണ്. എഴുതിയതുകൊണ്ട് വിമോചനമായില്ല; എഴുതിയതിനെ മറികടക്കാൻ കഴിയണം. തന്‍റെ സാഹിത്യകൃതികളെക്കുറിച്ച് കാര്യമായി ഒന്നും പ്രതികരിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ 80 പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ജീവിക്കാൻ ഒരു ജോലി തേടുകയാണെന്ന് പറയുമ്പോൾ ബൊഹീമിയൻ ജീവിതത്തിന്‍റെ വിദൂര സാധ്യതകളിലെങ്കിലും നാം സ്പർശിക്കണം.

അനാസക്തി ഒരു രോഗമല്ല

സ്വന്തം ജീവിതത്തിനു വേണ്ടി ഒന്നും ചെയ്യാതെ ജീവിച്ചതിൽ ഒരു സന്യാസമില്ലേ? സ്വത്ത് സമ്പാദിക്കാതിരിക്കുന്നതിൽ അനാസക്തിയുടെ ചില അർഥങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. അനാസക്തി രോഗമല്ല. എന്ത് സമ്പാദിച്ചാലും മതിവരാതെ ലോകം എങ്ങോട്ടോ കുതിച്ചുപോകുന്നു. എന്നാൽ ഇതിന്‍റെ ഫലമെന്താണ്? വികസനത്തിനും ഒരു പരിധിയുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനും പരിധിയുണ്ട്. ഉപഭോഗത്തിനും പരിധിയുണ്ട്. അമിതമായ ആസക്തി എല്ലാത്തിനെയും നശിപ്പിക്കും. അതുകൊണ്ട് പരിമിതമായ വിഭവങ്ങളിൽ ഒതുങ്ങുന്നതിനും സൗന്ദര്യമുണ്ട്. മേതിലിന് ഭാര്യയെയും മകളെയും നഷ്ടപ്പെട്ടത് മനോഭാവത്തെ മറ്റൊരു രീതിയിൽ സമ്മർദത്തിലാക്കി. പ്രകൃതിയെ നോവിക്കാതെ ജീവിക്കാനാഗ്രഹിച്ച അദ്ദേഹത്തിനു ഇതെല്ലാം അപ്രതീക്ഷിതമായ തിരിച്ചടികളാണ്. വയസാവുമ്പോൾ സാമ്പത്തിക ശേഷിയില്ലാതാകുന്നത് മേതിലിന്‍റെ മാത്രം കുഴപ്പമല്ല; അത് ഒരു പൊതു സാഹചര്യമാണ്. എത്രയെത്ര വയസന്മാർ വലിയ സങ്കടങ്ങൾ ഉളളിലൊതുക്കി നിശബ്ദമായി നടന്നു പോകുന്നു. അവിടെയാണ് സമൂഹം പരിഷ്കൃതാശയങ്ങൾ സംഭാവന ചെയ്ത് സംരക്ഷകരാവേണ്ടത്. വലിയ സത്യങ്ങൾ തീപ്പന്തങ്ങളായി വന്നുവീഴുന്നത് മനസിലേക്കാണ്. അതവിടെ കിടക്കും. ആരും കാണില്ലല്ലോ.

മേതിൽ കുടുംബത്തെ നോക്കിയില്ല എന്നൊരാൾ പറയുന്നത് കേട്ടു; അതാണത്രേ വലിയ അപരാധം! അങ്ങനെ പറയുന്നതാണ് അവിവേകം. ഒന്നും നമ്മുടെ കൈയിലല്ല. ഓരോന്നും യാദൃച്ഛികമായി വന്നുചേരുന്നതാണ്. എത്ര കൃത്യമായി ആസൂത്രണം ചെയ്താലും ശരിയാകണമെന്നില്ല. വാർദ്ധക്യം, രോഗം, സാമ്പത്തിക പ്രയാസം തുടങ്ങിയവ എഴുത്തുകാരുടെ മാത്രം പ്രശ്നമല്ല. നമ്മുടേതുപോലെ അമിതമായി കാല്പനികവത്കരിച്ച, പ്രകടനാത്മകമായി രാഷ്‌ട്രീയവൽക്കരിച്ച ഒരു സമൂഹത്തിൽ സ്വതന്ത്രനായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവർക്ക് വേണ്ടത്ര പരിഗണന ലഭിക്കണമെന്നില്ല. ഒരു എഴുത്തുകാരന്‍റെ പിന്നോക്കം പോകലിന് പല മാനങ്ങളുണ്ട്. അത് എഴുത്തിന്‍റെ പരാജയമായിരിക്കില്ല.

ചുറ്റുപാടുകളുടെ കളിയാണ്. ഒ.വി. വിജയൻ വയസുകാലത്ത് കോട്ടയത്ത് ഉഷയുടെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം വല്ലാതെ പരീക്ഷീണിതനായിരുന്നു. സാമ്പത്തികമായി തകർച്ച നേരിട്ടു. ഞാൻ രണ്ടു തവണ അദ്ദേഹത്തെ സന്ദർശിച്ചു. "ഖസാക്കിന്‍റെ ഇതിഹാസം' എഴുതിയ സന്തോഷമൊന്നും ആ കണ്ണുകളിൽ കണ്ടില്ല. സംസാരിക്കാൻ വയ്യാത്തതു കൊണ്ട്, കൂടുതലും എഴുതി കാണിക്കുകയായിരുന്നു. തനിക്ക് ഇന്ത്യ മുഴുവൻ കാണാത്തതിൽ വേദനയുണ്ടെന്ന് അദ്ദേഹം എഴുതിക്കാണിച്ചു. തനിക്കൊരു കാർ ഇല്ല. അതുകൊണ്ട് ഇന്ത്യ കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖമാണ് അദ്ദേഹം പങ്കുവച്ചത്. ഇതൊന്നും വിജയനെ കാണാൻ വന്നവർ അറിഞ്ഞില്ല. അദ്ദേഹത്തെ ആ സമയത്ത് പല രോഗങ്ങൾ അലട്ടിക്കൊണ്ടിരുന്നു. സ്വന്തം വരുമാനം ഇല്ലാതാവുകയും ശാരീരിക വിഷമതകൾ കൂടുകയും ചെയ്യുമ്പോൾ എഴുത്തുകാരൻ ആരെ ആശ്രയിക്കും? എഴുത്തുകാർക്ക് ഇൻഷുറൻസ് ഇല്ലല്ലോ. വിജയനെ പോലെ ദുഃഖിച്ച എഴുത്തുകാർ കുറവായിരിക്കും. അത്യന്തം വൈകാരിക ക്ഷമതയുള്ള ഒരു മനസായിരുന്നല്ലോ അദ്ദേഹം.

ഉയരത്തിൽ പറന്ന കടൽക്കാക്ക

മേതിലിന്‍റെ ബൊഹീമിയൻ മനസ് അദ്ദേഹത്തിന്‍റെ ഊർജമായിരുന്നു. അദ്ദേഹം സമകാലികതയുടെ ക്ഷണികമായ വാഗ്വാദങ്ങൾക്ക് മീതെ പറക്കാൻ യത്നിച്ചു. റിച്ചാർഡ് ബാകിന്‍റെ "ജോനഥൻ ലിവിങ്സ്റ്റൺ സീഗൾ' എന്ന നോവലിലെ കടൽക്കാക്കയെ പോലെ അദ്ദേഹം കൂടുതൽ ഉയരത്തിൽ പറന്നു. അപ്പോൾ മറ്റു കാക്കകൾ പിന്തള്ളപ്പെടുകയും അവയെല്ലാം ചേർന്ന് ഉയരത്തിൽ പറന്ന കാക്കയെ വിമർശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. കൂടുതൽ ഉയരത്തിൽ പറന്ന കാക്ക ഒരു വെല്ലുവിളി നേരിടുന്നുണ്ട്. താഴേക്ക് വരുന്നത് സാഹസമാണ്. താഴെ എത്തുന്നതോടെ നിലവാരമില്ലാത്ത പറക്കലിന്‍റെ വക്താക്കളായ കാക്കകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. അതിർത്തി ഭേദിച്ച് പറക്കാൻ ആരോട് അനുവാദം വാങ്ങിയെന്ന് പറയേണ്ടതായിട്ടുണ്ട്.

ഈ പ്രതിസന്ധി സ്വന്തം ഭാവനയുടെ ആകാശത്തിൽ അതിർത്തി ഭേദിച്ച് പറക്കുന്ന സ്വാതന്ത്ര്യദാഹിയായ കലാകാരനും നേരിടുന്നുണ്ട്. "സൂര്യവംശം' എഴുതിയപ്പോൾ അത് നേരിടേണ്ടി വന്നിട്ടുണ്ടാകും. അതുകൊണ്ടാണ് മലയാളസാഹിത്യ എസ്റ്റാബ്ലിഷ്മെന്‍റ് ഇതുവരെയും ആ നോവലിന് മാന്യമായ ഒരാദരവ് നല്കാത്തത്. അവർ മേതിലിനെ ഒരു "അന്യനാ'യി കണ്ടു. ആ അന്യതയുടെ ഇര എന്ന നിലയിലാണ് ഇപ്പോൾ മേതിലിന് ശ്രദ്ധ കിട്ടുന്നത്. അദ്ദേഹത്തെ വായിച്ചവരല്ല ഇപ്പോൾ ആദരിക്കുന്നത്. ജീവിതസായാഹ്നത്തിൽ ഒരു മനുഷ്യന് കൂട്ടായി വരുന്നത് അയാളുടെ ഓർമകൾ മാത്രമാണ്. നാം ഉന്മാദത്തോടെ കൊണ്ടുനടന്ന ഓർമകൾ ജീവിതാവസാനമാകുമ്പോൾ നമ്മെ തേടി വരികയാണ്. അപ്പോൾ അതിന് കൂടുതൽ അർഥങ്ങളുണ്ടാവും. നമ്മുടെ പരാജയങ്ങളെ വ്യാഖ്യാനിക്കാനല്ല അവ വരുന്നത്; പ്രീതിയുടെ ഒരു കാലം തിരിച്ചു വരുകയാണ്. എല്ലാ പൊയ് വിശ്വാസങ്ങളും നീങ്ങി കഴിയുമ്പോൾ നമ്മുടെ മനസ് കൂടുതൽ തെളിയും. അപ്പോൾ ആ ഓർമകൾ പുതിയ വേദാർഥമായി രൂപാന്തരപ്പെടുന്നു.

മേതിൽ ഭൂതാവിഷ്ടനായിരുന്നു, സ്വന്തം സർഗജീവിതത്തിലെ സ്വയം നിഷേധത്തിന്‍റെയും സ്വയം നിർമാണത്തിന്‍റെയും ജ്വരബാധയിൽ. അത് സ്വയം നിർദ്ധാരണത്തിന്‍റെ നിമിഷങ്ങളൊരുക്കുന്നു. എത്ര തുഴഞ്ഞാലും കരയ്ക്കെത്താനാവാത്ത ദൂരം. അതാണ് കലാകാരന്‍റെ ദൈവമായി മാറുന്നത്. ആ ദൈവത്തെ ഉപേക്ഷിച്ച് എങ്ങും പോകാനില്ല. അത് അന്തർമുഖതയായി അനുഭവപ്പെടാം. കാണുന്നവർക്ക്, ഈ അന്തർമുഖതയും ഒരു വ്യഥയാണ്. അത് സ്വയം നഷ്ടപ്പെടലാണ്. കലാകാരൻ അയാളുടെ മാത്രം യുക്തിയിൽ പ്രത്യേക മാനസിക അസന്തുലിതാവസ്ഥയുടെ ഭാരം ഏറ്റെടുക്കുന്നു. വാൻഗോഗ് സഹോദരനുള്ള കത്തിൽ എഴുതി: "എനിക്ക് ജീവിക്കാനും ചിത്രം വരയ്ക്കാനും ദൈവത്തെ പോലും ഒഴിവാക്കാനാവും. എന്നാൽ എന്നെപ്പോലെ യാതനയനുഭവിക്കുന്നവന്, എന്നെക്കാൾ ബൃഹത്തായ ഒന്നിനെ നഷ്ടപ്പെടുത്താനാവില്ല, അതെന്‍റെ ജീവിതമാണ്, സൃഷ്ടിയിൽ ഏർപ്പെടാനുള്ള, വരയ്ക്കാനുള്ള എന്‍റെ ശക്തിയാണ്. " ഇതാണ് സാമ്പ്രദായികത്വത്തെ സ്വാനുഭവശക്തി കൊണ്ട് മറികടക്കുന്ന ഒരു കലാകാരന്‍റെ അവസ്ഥ.

രജതരേഖകൾ

1) സാഹിത്യം

പണ്ട് സാഹിത്യകാരന്മാർ ഒരു കൃതിയെക്കുറിച്ച് ആലോചിക്കുന്നതിനെ ഗർഭം ധരിക്കുക എന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആവർത്തന വിരസമായ പ്രയോഗം അവസാനിച്ചു. സിനിമയിൽ പോലും കേൾക്കാനില്ല. വർഷങ്ങൾക്കു മുമ്പ് ഒരു സിനിമയിൽ നടൻ കുഞ്ചൻ സാഹിത്യകാരന്‍റെ വേഷം ചെയ്തു. മണ്ണിന്‍റെ മണമുള്ള കൃതികൾ എഴുതാൻ വേണ്ടി താൻ തറയിൽ കിടക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിലത്ത് കിടന്നത് ഓർക്കുന്നു. ഇന്ന് എഴുത്ത് ഒരു ദുരൂഹതയോ അതിശയമോ ഇല്ലാത്ത മേഖലയായി. സമൂഹമാധ്യമങ്ങളാണ് എഴുത്തിനെ ജനകീയവത്കരിച്ചത്. എഴുതാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്; എന്തും എഴുതാം. അപ്പോൾ ജനകീയത മാത്രമേയുള്ളൂ.

2) ബാബു പാക്കനാർ

ബാബു പാക്കനാർ എഴുതിയ "ഉതുപ്പാൻ വീണ്ടും' (പ്രഭാത രശ്മി, ഫെബ്രുവരി) എന്ന കവിതയിലെ ഈ വരികൾ എഴുത്തിനെക്കുറിച്ച് മുകളിൽ പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു.

"പുസ്തകം, വായന, വിപ്ലവം ക്ലീഷേയായ്,

ഫാസിസ്റ്റ് ദാസ്യമുത്തമം വളരുവാൻ

അതിനിടയിലിതൊക്കെ ചീളാണുതുപ്പാൻ

വഴിമുടക്കാതെയൊതുങ്ങി മടങ്ങുക'.

കാരൂരിന്‍റെ "ഉതുപ്പാന്‍റെ കിണർ' എന്ന കഥയിലെ കഥാപാത്രമായ ഉതുപ്പാനെ റോഡിൽ വച്ച് കാണാനിടയായതാണ് കവിതയുടെ വിഷയം. വെള്ളം പാഴാക്കരുതെന്ന് ഉതുപ്പാൻ പറഞ്ഞു. ഉതുപ്പാൻ വെറും കഥാപാത്രമായതുകൊണ്ട് അദ്ദേഹം പറയുന്നത് ആര് കേൾക്കാൻ? ജലം എല്ലാവരും പാഴാക്കുന്നു!

3) വിമർശനം

വർഷത്തിൽ ഒന്നോ രണ്ടോ ലേഖനങ്ങളെഴുതുന്നവർ സാഹിത്യവിമർശനം മരിച്ചു എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലും മറ്റും എഴുതുകയാണ്! ഇത്തരക്കാരുടെ വിമർശനമാണ് മരിച്ചതെന്നറിയുക. യഥാർഥ വിമർശനം ഇവിടെ സജീവമാണ്. സമൂഹമാധ്യമങ്ങൾ നിറയെ വിമർശനമാണ്. പണ്ടത്തെപ്പോലെ ഒരു കവിയെക്കുറിച്ചോ നോവലിനെക്കുറിച്ചോ മാത്രം എഴുതുന്ന വിമർശനമല്ല ഇന്നത്തേത്. വിമർശനത്തിന് പുതിയ ആകാശം ലഭിച്ചിരിക്കുന്നു. എന്തിനെയും വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന തലത്തിലേക്ക് അത് വ്യാപിച്ചിരിക്കുന്നു. ഒരു പാഠാന്തര യാത്രയാണത്. ചമൽക്കാരങ്ങളുടെ ചില്ലുകൂട്ടിൽ നിന്ന് വിമർശകൻ പുറത്തേക്ക് കടക്കുകയാണ്.

4) ഗുഡ് മോണിങ്

കെ.ജി. ശ്രീകുമാർ സംവിധാനം ചെയ്ത "ഗുഡ് മോർണിങ്' എന്ന ഷോർട്ട് ഫിലിം കണ്ടു. സൗഹൃദങ്ങളുടെ ആഴം പരിശോധിക്കുന്ന ചിത്രമാണിത്. ദിവസവും ഗുഡ്മോണിങ് സന്ദേശം അയച്ചുകൊണ്ടിരുന്ന സുഹൃത്ത് മരിച്ചത് അറിഞ്ഞില്ല. അങ്ങനെ ആറുമാസം കടന്നു പോയിട്ടും അയാൾ ആ സത്യം അറിഞ്ഞില്ല. അയാൾ ഒരിക്കൽ പോലും ആ സന്ദേശങ്ങൾ വായിച്ചിട്ടില്ല എന്നതാണ് സത്യം. ഒരാൾ സന്ദേശം അയയ്ക്കുമ്പോൾ അത് എന്താണെന്ന് നോക്കാൻ പോലും ശ്രമിക്കാത്ത സ്വഭാവം സൗഹൃദമല്ലല്ലോ. സൗഹൃദം ഒരു ധാരണയോ തെറ്റിദ്ധാരണയോ?

യാദൃച്ഛികമായി, ഒരു ദിവസം നഗരത്തിൽ ചെന്ന കഥാനായകന് താമസിക്കാൻ ഹോട്ടലൊന്നും കിട്ടാത്തതുകൊണ്ട് സുഹൃത്തിന്‍റെ വീടിനെ അഭയം പ്രാപിക്കുകയാണ്. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് സുഹൃത്ത് മരിച്ചിട്ട് 6 മാസമായെന്ന്. ഈ 6 മാസവും മുടങ്ങാതെ സന്ദേശം അയച്ചത് അയാളുടെ മകളായിരുന്നു. അയാൾ ആ സന്ദേശങ്ങൾ നോക്കിയിരുന്നില്ലല്ലോ. ആ മകളുടെ ഉഗ്രമായ നിശ്ചയത്തിൽ അടിപതറി, തകർന്നു തിരിച്ചു പോകുന്ന കഥാനായകൻ കുമ്പസാരം നടത്തുന്നുണ്ട്. തനിക്ക് പറ്റിയ അബദ്ധത്തെയും തന്‍റെ സ്നേഹത്തിന്‍റെ പൊള്ളത്തരത്തെയും അയാൾ തിരുത്താൻ ആഗ്രഹിക്കുന്നു. മനുഷ്യമനസിൽ നടക്കുന്ന ക്രൂരമായ മറവിയും നിന്ദയും ഭംഗിയായി ചിത്രീകരിക്കുകയാണ് സംവിധായകൻ.

5) സാറാ ജോസഫ്

വർഷങ്ങൾക്ക് മുമ്പ്, സാറാ ജോസഫ് "സ്കൂട്ടർ' എന്ന കഥയെഴുതിയത് ഓർക്കുകയാണ്. യാഥാർഥ്യത്തിന്‍റെ കൂർത്ത പല്ല് അതിൽ കാണാനായി. തീക്ഷ്ണമായി ജീവിതത്തെ പിന്തുടർന്ന അതുപോലൊരു കഥ പിന്നീട് സാറാ ജോസഫ് എഴുതികണ്ടില്ല.

6) നൈറ്റ്സ് ഓഫ് പ്ലേഗ്

ലോകത്തിലെ പ്രമുഖ നോവലിസ്റ്റ് ഒർഹാൻ പാമുഖ് എഴുതിയ "നൈറ്റ്സ് ഓഫ് പ്ലേഗ്' (2021) എന്ന നോവൽ (പ്ലേഗിന്‍റെ രാത്രികൾ, ഡി.സി) മങ്ങാട് രത്നാകരൻ, ശരത്കുമാർ ജി.എൽ എന്നിവർ ചേർന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ആധുനിക നോവലിന്‍റെ ഭാവുകത്വപരമായ വികാസവും ജീവിതത്തിന്‍റെ കാതലായ വ്യഥയും ആവിഷ്കരിക്കുന്ന കൃതിയാണിത്. പാമുഖിന്‍റെ 11ാമത്തെ നോവലാണ്.

മെഡിറ്ററേറിയൻ സമുദ്രത്തിലുള്ള മിൻഗേറിയ എന്ന സാങ്കല്പ ദ്വീപാണ് പശ്ചാത്തലം. എഴുത്തിനെക്കുറിച്ച് പാമുക്ക് ഇങ്ങനെ പറഞ്ഞു: "ഞാൻ എഴുതാൻ കാരണം എഴുതാനുള്ള സഹജമായ ആഗ്രഹമാണ്. എനിക്ക് സാധാരണ ജോലി ചെയ്യാനാവാത്തത് കൊണ്ട് ഞാൻ എഴുതുന്നു. ഞാൻ എഴുതുന്നത് പോലെയുള്ള പുസ്തകങ്ങൾ വായിക്കാനാണ് ഞാൻ എഴുതുന്നത്. എല്ലാവരോടും ദേഷ്യമുള്ളതു കൊണ്ടാണ് ഞാൻ എഴുതുന്നത്. ഒരു ദിവസം മുഴുവൻ ഒരു മുറിയിലിരുന്ന് എഴുതുന്നത് ഇഷ്ടമായതുകൊണ്ടാണ് ഞാൻ എഴുതുന്നത്'.

7) മാധവിക്കുട്ടി എഴുതി: "പുരുഷനു പകരമായി ഉപയോഗിക്കാവുന്നതാണ് പുസ്തകം; പ്രത്യേകിച്ചും കഥകൾ'.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com