

ജീവിതം എനിക്ക് ഒരു മെഴുകുതിരി വെളിച്ചമല്ല; അത് ഒരുതരത്തിൽ ജ്വലിക്കുന്ന തീവെട്ടിയാണ്- ബർനാഡ് ഷാ
file photo
അക്ഷരജാലകം| എം. കെ. ഹരികുമാർ
വലിയ കലാകാരന്മാർക്കും എഴുത്തുകാർക്കും സ്മാരകങ്ങൾ പണിയാറുണ്ട്. എന്തിനാണ് സ്മാരകങ്ങൾ നിർമിക്കുന്നതെന്ന് നന്ദിയില്ലാത്തവരും ഓർമയില്ലാത്തവരും മാത്രമേ ചോദിക്കൂ. ഒരു ജീവിതകാലമത്രയും എഴുതിയും വരച്ചും മാനവരാശിക്ക് വിലപ്പെട്ട അറിവുകൾ നൽകിയവരെ വിസ്മരിക്കാൻ മത്സരിക്കുന്നത് നന്ദിയില്ലാത്തവരുടെ പ്രകൃതമാണ്. ലോകത്തിന് ധർമത്തിന്‍റെ സമസ്യയെക്കുറിച്ച് വിലപ്പെട്ട അർഥങ്ങൾ നൽകിയതുകൊണ്ടാണ് വ്യാസനെ ഓർക്കുന്നത്. വ്യാസൻ മറന്നു പോകേണ്ടയാളല്ല. വ്യാസൻ ഭാരതത്തെ ആത്മീയമായി സൃഷ്ടിച്ചു; ശ്രീകൃഷ്ണനെ അവതരിപ്പിച്ചു. ഭാരതത്തിന്‍റെ ബുദ്ധിയെയും മനസിനെയും വരച്ചുകാണിച്ചു. ആ അടിത്തറയിലാണ് സത്യത്തെയും ധർമത്തെയും നാം മനസിലാക്കുന്നത്.
അമെരിക്കൻ നോവലിസ്റ്റ് സ്കോട് ഫിറ്റ്സ്ജെറാൾഡ് പറഞ്ഞ ഒരു കാര്യം ഉദ്ധരിക്കുകയാണ്: "സാഹിത്യ രചനയുടെ വായനയിലൂടെ നിങ്ങൾ മനസിലാക്കുന്നു, നിങ്ങളുടെ ആഗ്രഹങ്ങൾ പ്രാപഞ്ചികമായ ആഗ്രഹങ്ങളാണ്; നിങ്ങൾ ഏകാന്തനോ ആരിൽ നിന്നും ഒറ്റപ്പെട്ടവനോ അല്ല. നിങ്ങൾ ഈ പ്രപഞ്ചത്തിന്‍റെ ഭാഗമാണ്'. സാഹിത്യത്തിന്‍റെ വലിയ ഗുണമായി ഫിറ്റ്സ്ജെറാൾഡ് ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. നമ്മുടെയുള്ളിൽ തീവ്രമായ ഒരു അഭിലാഷമുണ്ട്. അത് ഈ പ്രപഞ്ചത്തിന്‍റെ പ്രലോഭനങ്ങളിലേക്ക് കുതിക്കാനുള്ളതാണ്. ഒരു പറവയെ പോലെ പറക്കാനും ഒരു മത്സ്യത്തെപ്പോലെ നീന്താനും ആർക്കാണ് താല്പര്യമില്ലാത്തത്? വലിയ പർവതങ്ങളുടെ താഴ്വരയിൽ, മഞ്ഞിൽ ധ്യാനനിരതരായി നിൽക്കുന്ന വൃക്ഷങ്ങളെ കാണുമ്പോൾ മനസ് തുടിക്കും, ഒരു വൃക്ഷമായിരുന്നെങ്കിലെന്ന്. മഹാസാഹിത്യകാരനായ ഹെർമൻ ഹെസെ പറഞ്ഞു: "വൃക്ഷങ്ങൾ സംഗീതജ്ഞനായ ബിഥോവനെ പോലെയോ തത്വജ്ഞാനിയായ നിഷെയെ പോലെയോ ഏകാകിയാണ്. അവ സർവശക്തിയുമെടുത്ത് പ്രയത്നിക്കുന്നത് ഒരു കാര്യത്തിന് വേണ്ടി മാത്രമാണ്: സ്വന്തം നിയമങ്ങൾക്കനുസരിച്ച് സ്വയം പൂർണത നേടാൻ, സ്വന്തം രൂപം നിർമിക്കാൻ, സ്വയം പ്രതിനിധീകരിക്കാൻ'.
കലയിൽ ബോധോദയം
ഇത്രയും മഹത്തായ, സ്വയം നിർണയമുള്ള, ആദിമമായ ശുദ്ധിയുള്ള, പ്രവാചകത്വമുള്ള, പുരാതനമായ നന്മകളെ സ്വാംശീകരിക്കുന്ന വൃക്ഷത്തെ കണ്ടാൽ പ്രചോദിതരാകുന്ന മനസുകളുണ്ട്. ഈ ലോകത്ത് നമുക്ക് സംവേദനാത്മകമായ ബന്ധമുള്ള അനേകം മനുഷ്യരുണ്ട്. അങ്ങനെ പൂർവ്വകാലങ്ങളിൽ ജീവിച്ചിരുന്നവരോട് നാം വിനിമയം ചെയ്യുന്നു. അവരെ വായിക്കുമ്പോൾ നാം അവരുമായി ആശയങ്ങൾ പങ്കുവെക്കുന്നു. ഗാന്ധിജി, സ്വാമി വിവേകാനന്ദൻ, മദർ തെരേസ, ഉറുദു പേർഷ്യൻ കവി മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ നമുക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ മാത്രമല്ല, നമ്മുടെ സമകാലികരായി അനുഭവപ്പെടുകയാണ്. അവരുടെ വാക്കുകൾ നമ്മെ വിസ്മയിപ്പിക്കുന്നു, ജീവിക്കാൻ പ്രതീക്ഷ തരുന്നു, സ്വപ്നങ്ങൾ സമ്മാനിക്കുന്നു.
ഇക്ബാൽ എഴുതി: "വിഭാഗീയ താല്പര്യങ്ങൾക്കും സ്വകാര്യമോഹങ്ങൾക്കും അതീതമായി വളരുക. ദ്രവ്യത്തിൽ നിന്ന് ചേതനയിലേക്കുയരുക. ദ്രവ്യം വൈവിധ്യമുള്ളതാണ് ;ചേതനയാകട്ടെ പ്രകാശമാണ്, ജീവിതമാണ്, രമ്യതയാണ്'.
ഇത് മനുഷ്യത്വത്തിന്‍റെ പൂർണതയിലേക്ക് നമ്മെ വിളിക്കുകയാണ്. ചെറിയ കാര്യങ്ങളുടെ പേരിലുള്ള തർക്കം ഒരാളെ തർക്കക്കാരൻ എന്ന തലത്തിൽ നിന്ന് വലിയ കാര്യങ്ങളുടെ അന്വേഷകൻ എന്ന തലത്തിലേക്ക് വിമോചിപ്പിക്കുകയാണ്. കലയാണ് അത് സാധ്യമാക്കുന്നത്. കലയിലൂടെ ബോധോദയമാണുണ്ടാകുന്നത്. ഒരു കവിത എഴുതുന്നതോടെ ലോകം മാറുകയാണ് ചെയ്യുന്നത്. അങ്ങനെ മാറ്റാൻ കഴിയുന്നവനാണ് യഥാർഥ കവി. ഷെല്ലി എഴുതി: "കവിത ലോകത്തിന്‍റെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യത്തെ മറ നീക്കി കാണിക്കുകയാണ്. അതോടെ പരിചിതമായ വസ്തുക്കളെ അപരിചിതമാക്കുന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്നു'.
ഈ അനുഭവം മാനവരാശിയെ അവബോധാത്മകമായി സമ്പന്നമാക്കുകയാണ് ചെയ്തത്. ഇങ്ങനെ ലോകത്തെ ജ്ഞാനത്തിലൂടെ അഭിവൃത്തിപ്പെടുത്താൻ കഷ്ടപ്പെടുന്ന, ഏകാന്തതയനുഭവിക്കുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ലോകം ഓർക്കുന്നത് അവരോടുള്ള നന്ദിയുടെ പ്രകാശനമായി കണ്ടാൽ മതി.
മറവികൾ കളകൾ പോലെ
സ്മാരകങ്ങൾ പണിയുന്നത് കലാകാരനോടും കവിയോടും നാം പുലർത്തുന്ന ആത്മബന്ധത്തിന്‍റെയും ചരിത്രപരമായ ഓർമയുടെയും പശ്ചാത്തലത്തിലാണ്. എന്നാൽ പല സ്മാരകങ്ങളും നോക്കുകുത്തികളായി നിലനിൽക്കുന്നു. സ്മാരകത്തിന് കാരണമായ കലാകാരനെക്കുറിച്ച് ഒരു ചർച്ച പോലും സംഘടിപ്പിക്കാത്തവരാണ് ഏറെയും. തകഴി സ്മാരകം, സി.ജെ. സ്മാരകം, മുണ്ടശേരി സ്മാരകം തുടങ്ങി അനേകം സ്മാരകങ്ങളുണ്ട്. യഥാർഥത്തിൽ ഒരു സ്മാരകം എന്താണ് ചെയ്യേണ്ടത്? കവിയുടെ ശവക്കല്ലറ കാണിച്ചുകൊടുക്കുകയല്ല കമ്മിറ്റിക്കാരുടെ ചുമതല. മാനവരാശി പ്രണാമമർപ്പിക്കാൻ താല്പര്യപ്പെടുന്നു. അതിന് അവസരമുണ്ടാകണം. സ്മാരകം സംസ്കാരത്തിന്‍റെ ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കേണ്ടത്. അത് സംവദിക്കുന്നതാകണം. ആശയങ്ങളാണ് ഉൽപ്പാദിപ്പിക്കേണ്ടത്. കലാകാരൻ ജീവിച്ച കാലത്തിന്‍റെ സത്താണ് അവിടെയുണ്ടാകേണ്ടത്. അവിടെ മറവികൾ കളകൾ പോലെ തഴച്ചു വളരാൻ അനുവദിക്കരുത്. അത് കലാകാരനെ മറക്കാനുള്ളതല്ല. മറവിയുടെ നിർമാണമല്ല അവിടെ സംഭവിക്കേണ്ടത്. പഴയകാലത്തെയും പുതിയ കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് സ്മാരകത്തിന്‍റെ ചുമതല. ഇവിടെ ചിത്രകലയുടെ സാക്ഷരത തീരെയില്ല. ശില്പകലാ സാക്ഷരതയുമില്ല. ഒരു ചിത്രകാരനോ ശില്പിക്കോ ഈ നാട്ടിൽ ഒരു നല്ല സ്മാരകമില്ല. സി.എൻ. കരുണാകരൻ, എം.വി. ദേവൻ, ടി.കെ. പത്മിനി, യൂസഫ് അറയ്ക്കൽ, പൊറിഞ്ചുകുട്ടി തുടങ്ങിയവർക്കൊന്നും മികച്ച സ്മാരകമില്ല.
സ്വർഗദൂതൻ, കാനായിലെ കല്യാണം തുടങ്ങി 6 നോവലുകളും 7 കഥാസമാഹാരങ്ങളും കലിയുഗം തുടങ്ങി ഏഴ് ദാർശനിക കൃതികളും നാടകങ്ങളും എഴുതിയ പോഞ്ഞിക്കര റാഫി, വൈക്കം മുഹമ്മദ് ബഷീർ, ഇന്ത്യയുടെ മഹാകലാചിന്തകനും സാഹിത്യ ചരിത്രകാരനും മലയാളിയുമായ കൃഷ്ണചൈതന്യ, വേദബന്ധു, കൈനിക്കര കുമാരപിള്ള, കെ.പി. അപ്പൻ എന്നിവർക്ക് സ്മാരകമില്ല. ഓരോരുത്തർക്കും പ്രത്യേകം സ്മാരകം ഉണ്ടാക്കാൻ പ്രയാസമാണെങ്കിൽ നാലോ അഞ്ചോ പേർക്ക് വേണ്ടി ഒരു മന്ദിര സമുച്ചയം ആലോചിക്കാവുന്നതാണ്.
സ്മാരകം നിർജീവ ചിന്തകളുടെ ആലയമല്ല; അത് ചിറുകുവച്ച സ്വപ്നങ്ങളുടെ പറക്കലിനുള്ളതാണ്. സ്മാരകങ്ങൾ നമ്മോട് പറയുന്നത് പഴയ ഒരു കാലഘട്ടത്തിന്‍റെ വർത്തമാനങ്ങൾ മാത്രമല്ല; നാം ജീവിക്കാൻ ആഗ്രഹിച്ച, എന്നാൽ അങ്ങനെ സംഭവിക്കാത്ത ജീവിതത്തെക്കുറിച്ചുള്ള സുവിശേഷമാകണമത്. ഓർമകൾ തിളച്ചുയരണം. ഓർമകൾക്ക് മറഞ്ഞിരിക്കുന്നത് കണ്ടെത്താനുള്ള ശേഷിയുണ്ട്. പിക്കാസോയുടെ സ്മാരകത്തിൽ അദ്ദേഹം ട്രെയ്നിൽ യാത്ര ചെയ്യാൻ ഉപയോഗിച്ച ടിക്കറ്റ് വരെ കണ്ടെത്തി സൂക്ഷിച്ചിട്ടുണ്ട്.
ഓസ്കാർ വൈൽഡ് ദിവംഗതനായത് 1900 ലാണ്. വല്ലാത്ത സാമ്പത്തിക തകർച്ചയിലായിരുന്നു അദ്ദേഹം. അതുകൊണ്ട് യാതൊരു പകിട്ടുമില്ലാത്ത ഒരു അന്ത്യസംസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാരീസിന് പുറത്ത് അനാഥമായ ഒരിടമാണ് കിട്ടിയത്. എന്നാൽ സുഹൃത്തുക്കളുടെ ശ്രമഫലമായി രണ്ടാമതൊരു സംസ്കാരമുണ്ടായി, 1909 ൽ പാരിസിൽ. അദ്ദേഹത്തിന്‍റെ സാഹിത്യ സുഹൃത്ത് റോബർട്ട് റോസിന്‍റെ നേതൃത്വത്തിൽ അവിടെ ഒരു ശില്പം സ്ഥാപിച്ചു. അതിന്‍റെ പണി പൂർത്തിയായത് 1914ലാണ്. അത് ഡിസൈൻ ചെയ്തത് ജേക്കബ് എപ്സ്റ്റീൻ എന്ന ശില്പിയാണ്. വലിയ കരിങ്കല്ലിൽ കൊത്തിയ പറക്കുന്ന മാലാഖയുടെ ശില്പമായിരുന്നു. ഈ ശില്പത്തിൽ ആയിരക്കണക്കിന് സന്ദർശകരും ആരാധകരും ചുംബിക്കാൻ തുടങ്ങിയത് വിവാദമായി. ചുംബിച്ചവരുടെ ലിപ്സ്റ്റിക്ക് ശില്പത്തിൽ പതിഞ്ഞതാണ് കാരണം. ശില്പത്തിന് മങ്ങലേൽക്കുകയും അതിന്‍റെ നിറം വീണ്ടെടുക്കാൻ പ്രയാസപ്പെടുകയും ചെയ്തു. പിന്നീട് അത് സന്ദർശകർക്ക് ചുംബിക്കാൻ അനുവാദമില്ലാത്ത വിധം സുരക്ഷിതമാക്കി. ശില്പത്തിന് ചുറ്റും സ്ഥാപിച്ച ഗ്ലാസ് മതിലിലാണ് ഇപ്പോൾ ആരാധകർ ചുംബിക്കുന്നത്. കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (1854-1900) 1890 കളിൽ ലണ്ടനിലെ വിഖ്യാത നാടകകൃത്തായി അറിയപ്പെട്ടു. ലേഡി വിൻഡർമിയർസ് ഫാൻ, ദ് ഇമ്പോർട്ടൻസ് ഓഫ് ബീയിങ് ഏണസ്റ്റ് തുടങ്ങിയ കൃതികൾ ആസ്വാദകർ ഏറ്റെടുത്തു. എന്നാൽ പിന്നീട് അദ്ദേഹത്തിനെതിരെ സ്വവർഗ സെക്സ് ആരോപിക്കപ്പെട്ട് കേസുണ്ടായി. രണ്ടു വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ജയിൽ മോചിതനായെങ്കിലും ജീവിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടി. മസ്തിഷ്ക രോഗത്തെ തുടർന്നായിരുന്നു മരണം.
പ്രായച്ഛിത്തമായി ചുംബനങ്ങൾ
ഓസ്കാർ വൈൽഡിനു വേണ്ടി പാരീസിൽ ഉയർന്ന സ്മാരകത്തിൽ സംഭവിച്ചത് ഒരു കലാകാരനോട് പിൽക്കാല ജനത എങ്ങനെ പെരുമാറുന്നു എന്നതിന് തെളിവാണ്. മഹാനായ ആ നാടകകൃത്തിന് അപമാനമുണ്ടായി. മാന്യതയില്ലാതെ അന്ത്യനാളുകളിൽ ജീവിച്ചു. മരണാനന്തരം ഉചിതമായ യാത്രയയപ്പ് ഉണ്ടായില്ല. ഇത് കലാസ്വാദകരായ ഒരു വലിയ ജനക്കൂട്ടത്തെ പിന്നീട് ദുഃഖിപ്പിക്കുന്നതാണ് കണ്ടത്. അവർക്ക് കുറ്റബോധം തോന്നി. ഒരു നൂറ്റാണ്ട് മുൻപ് അധികാരികൾ അദ്ദേഹത്തെ വേട്ടയാടിയതിനുള്ള പ്രായച്ഛിത്തമാണ് അദ്ദേഹത്തിന്‍റെ ശില്പത്തിൽ ചുംബനങ്ങളായി പതിഞ്ഞത്. അവർ ആ ചുംബനത്തിലൂടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന സങ്കടങ്ങളാണ് സമർപ്പിച്ചത്. ഓരോ ചുംബനവും ആ കലാകാരനുള്ള മരണാനന്തര ബഹുമതിയായിരുന്നു. ഹൃദയത്തിൽ കലയോടുള്ള അനുരാഗമാണ് അവർ തിരിച്ചറിഞ്ഞത്. തീരാദുരിതങ്ങളിലും കഷ്ടപ്പാടുകളിലും മാനക്കേടുകളിലും ആണ്ടുപോയ ഓസ്കാർ വൈൽഡ് എന്ന നാടകകൃത്തിന്‍റെ ജീവിതത്തെ സമ്പൂർണ ശോഭയോടെ വർത്തമാനകാലത്തിന്‍റെ ചമൽക്കാരം ചൊരിഞ്ഞ് ആദരിക്കുന്ന ജനത നമുക്ക് വഴികാട്ടിയാണ്. അവർ വൈൽഡിന്‍റെ പേനയിലൂടെ ബഹിർഗമിച്ച വാക്കുകളിൽ മനുഷ്യത്വത്തിന്‍റെ കാൽപാടുകൾ കാണുകയാണ്. ഇതാണ് ഒരു സ്മാരകത്തിന്‍റെ ഇടപെടൽ. അത് നിർജീവമായ ഒരു കരിങ്കല്ലോ ശില്പമോ അല്ല; അത് ഓസ്കാർ വൈൽഡിന്‍റെ കാലത്ത് കലാകാരൻ നേരിട്ട അപമാനത്തിന് പ്രതിവിധി ചെയ്യുകയാണ്.
രണ്ടു കാലങ്ങളിലെ കലാമർമജ്ഞരായ അനുവാചകരുടെ ഐക്യമാണത് കാണിക്കുന്നത്. 100 വർഷം മുമ്പുണ്ടായ ഒരു സംഭവം മറക്കുകയല്ല, അത് നവീനവും, പൂക്കളാൽ സമൃദ്ധമായ വസന്തത്തെ ഓർമിപ്പിക്കുന്നതുമായ ഒരു ആവിർഭാവമാണ്. കാലത്തിന്‍റെ കടമയായി അത് പ്രകാശിക്കുകയാണ്.
ഒരു പുണ്യാളനും പാപിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഓസ്കാർ വൈൽഡ് പറഞ്ഞത് ഇതാണ്: "ഏതൊരു പുണ്യാളനും ഒരു ഭൂതകാലമുണ്ടായിരിക്കും. അതുപോലെ ഏതൊരു പാപിക്കും ഒരു ഭാവികാലമുണ്ടായിരിക്കും'.
ഇതിൽ വൈൽഡ് തന്‍റെ ജീവിതത്തിന്‍റെ വിഷാദത്തെ പൊതിഞ്ഞുവച്ചിരിക്കുകയാണ്. പുണ്യാളന്മാർ ഒരു ദിവസം ആയിത്തീരുകയല്ല, ഒരു ഭൂതകാലത്തിൽ നിന്ന് തോടു പൊട്ടിച്ചു പുറത്തുവരുന്നതാണ്. അതിന് ഒരു അടുക്കിവയ്ക്കലുണ്ട്. ഇലകൾ കൊഴിഞ്ഞാണ് ഒരു മരം വളരുന്നത്. ഒരു മരത്തിൽ അതിന്‍റെ എല്ലാ ഇലകളും സൂക്ഷിക്കുന്നില്ല. അതുപോലെയാണ് പാപിയുടെ ജീവിതവും. അയാൾക്ക് ഒരു ഭാവിയുണ്ട്. അതിനു വേണ്ടി അയാൾ എപ്പോഴും ഭൂതകാലത്തെ കൊണ്ടുനടക്കുന്നില്ല. അയാളുടെ ഭാവി മറ്റാർക്കും അപഹരിക്കാനാവില്ല. അവിടെ അയാൾക്ക് പ്രവർത്തിക്കാനുള്ളതാണ്. അയാൾ മറ്റൊന്നാകാൻ അവിടെയാണ് സാധ്യതയുള്ളത്.
രജത രേഖകൾ
1) മനുഷ്യൻ എന്ന പദം
"മനുഷ്യൻ -അവന് ഉന്നതമായ ഒരു ശബ്ദമുണ്ട്' എന്ന് മാക്സിം ഗോർക്കി പറഞ്ഞു. മനുഷ്യൻ ഒരു നല്ല പദമാണോ? മനുഷ്യൻ എന്ന വാക്കിനടിയിൽ അവന്‍റെ ക്രൂരത മുരളുന്നില്ലേ? രാവുണ്ണി എഴുതിയ ഹാ! (കലാപൂർണ്ണ, ഏപ്രിൽ ) എന്ന കവിത ഇങ്ങനെയാണ്:
"കഴുകൻ കഴുകനെ കൊല്ലുകയില്ല.
കഴുത കഴുതയെ കൊല്ലുകയില്ല.
ഘോര സർപ്പം മറ്റൊരു
സർപ്പത്തെ കൊല്ലുകയില്ല.
മനുഷ്യൻ ഇവരെയെല്ലാം കൊല്ലും.
തൃപ്തിയാവാഞ്ഞ്
മറ്റു മനുഷ്യരെ കൊല്ലും.
കൊന്ന പാപം തിന്നുതീർക്കും.
തിന്ന പാപം കൊന്നുതീർക്കും.
മനുഷ്യൻ ഹാ! എത്ര ഭീകരമാണ് പദം'.
സമകാലിക യുദ്ധങ്ങളെയും പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റത്തെയും അധികരിച്ച് ആത്മാർഥതയോടെ എഴുതിയ കവിതയാണിത്. മനുഷ്യന്‍റെ ജീവിതത്തെ മനുഷ്യനല്ലാതെ നിന്ന് നോക്കിയാൽ എല്ലാം വ്യക്തമാകും.
2) ബിജു റോക്കി
പൈൻ മരങ്ങൾ വളരുന്ന കുന്നിന്‍റെ നെറുകയിലെത്തിയ അപ്പനും മകളും സ്വയം ഒളിക്കാനാവാതെ ഭയത്തിന്‍റെ തുറുകണ്ണിനു മുന്നിൽ നിശബ്ദരാകുന്നത് ബിജു റോക്കി (പൈൻ മരങ്ങളുടെ സ്കൂൾ, മൂല്യശ്രുതി, മാർച്ച്) എഴുതുന്നു:
"കുന്നിലൂടെ ഇപ്പോൾ ഭയം ഉരുളുന്നു.
രോമങ്ങൾ എണീൽക്കുന്നു.
ഒച്ചകൾ കെടുത്തി ആരാണ്
തക്കം പാർക്കുന്നത് ?
ആരാണ് ചാടി വീഴാൻ പോകുന്നത്?'
അകാരണമായ ഭയം പിന്നിൽ നിന്ന് പിടലിയിൽ ചാടിവീഴുന്ന ഒരു കരടിയെ പോലെയാണ്. പാർലമെന്‍റിനോ മെഡിക്കൽ കോളെജിനോ ഒരു ഭയത്തിന്‍റെ കാരണം കണ്ടുപിടിക്കാനാവില്ല.
3) നിർജീവ ലേഖനങ്ങൾ
കീഴടി രാജാവിന്‍റേതല്ല, ജനങ്ങളുടേതാണ് (അമർനാഥ് രാമകൃഷ്ണ, സെബാസ്റ്റ്യൻ ജോസഫ്), മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും (ടി.കെ. സന്തോഷ്കുമാർ), കടലറ്റു പോകുന്ന മീനുകൾ പോലെ ഭാഷയറ്റു പോകുന്ന വാക്കുകൾ (ഡി. അനിൽകുമാർ) തുടങ്ങിയ ലേഖനങ്ങൾ (എഴുത്തു മാസിക, മാർച്ച് ) ഒരു ലക്കത്തിൽ തന്നെ അച്ചടിച്ചത് അബദ്ധമായി എന്നറിയിക്കട്ടെ. വായിക്കാൻ കൊള്ളാത്ത ക്ലിഷ്ടമായ ലേഖനങ്ങളാണ് ഇതെല്ലാം. ഈ വിഷയത്തിൽ പഠനം നടത്തുന്ന ഗവേഷകരുടെ ജേണലുകളിൽ പേജ് നിറയ്ക്കാൻ കൊള്ളാം. ഇതിൽ സഹൃദയത്വം എന്ന ഗുണമില്ല. കഥയും കവിതയും അടങ്ങുന്ന സാഹിത്യ രചനകൾ വായിക്കുന്നവർക്ക് ഇത്തരം ലേഖനങ്ങൾ ഉഷ്ണകാലത്തെ ചൂടു കുരു പോലെ അനുഭവപ്പെടും. മനുഷ്യ മനസിനെ മാനിക്കാത്ത ഇത്തരം നിർജീവ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഉചിതമാണോ എന്ന് സംഘാടകർ ആലോചിക്കണം. പത്രാധിപന്മാർക്കും സഹൃദയത്വമാകാം. വായനക്കാരനായ ശേഷമാണ് പത്രാധിപരാകേണ്ടത്.
4) സോഷ്യലിസ്റ്റ് റിയലിസം
യഥാർഥ ജീവിതത്തെ പ്രതിഫലിപ്പിക്കുകയും അതിലൂടെ ഭാവിയെ ദർശിക്കുകയും ചെയ്യുന്ന പ്രതിഫലനസിദ്ധാന്തമാണ് മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരുടെ കൃതികളിൽ പ്രതിപാദിക്കുന്നതെന്ന് ജി. അഴീക്കോട് (പ്രഭാവം, ഫെബ്രുവരി) എഴുതുന്നു. എന്നാൽ സോഷ്യലിസ്റ്റ് റിയലിസത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സമൂഹത്തിൽ കാണുന്നത് അതേപടി എഴുതിയാൽ ജേർണലിസ്റ്റ് സ്വഭാവമാണ് ഉണ്ടാവുക. കലയുടെ അനുഭവം ലഭിക്കില്ല. കലാകാരൻ ഒരു യുദ്ധത്തിലാണ്; തന്നിലൂടെ കലയുടെ അനുഭവം ആവിഷ്കരിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കുന്നതിലെ യുദ്ധമാണത്.
5) സ്ത്രീയുടെ ആത്മീയത
പുരുഷന്‍റെ ആത്മീയതയ്ക്കും സ്ത്രീയുടെ ആത്മീയതയ്ക്കും വ്യത്യസ്തമായ തലങ്ങളുണ്ട്. പുരുഷന്‍റെ ഏകാന്തതയും അസ്തിത്വ പ്രശ്നങ്ങളുമായിരിക്കില്ല സ്ത്രീയുടേത്. പുരുഷൻ ശരീരത്തെ മറികടന്ന് ആത്മീയതയെ അനുഭവിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ ശരീരത്തിലൂടെയാണ് അത് കണ്ടെത്തുന്നത്. വിചിത്രമായ ശാരീരികാനുഭവവും അതിലൂടെയുള്ള ആത്മീയതയും സ്ത്രീക്കുണ്ട്. രേഖ. ആർ, താങ്കൾ എഴുതിയ"ബഹിരാകാശ നടത്തം' (പ്രസാധകൻ മാർച്ച് ) എന്ന കവിതയിലെ വരികൾ നോക്കൂ:
"പുല്ലു മുളയ്ക്കാത്ത
പാറക്കെട്ടുകളിൽ
സ്വാസ്ഥ്യം തിരഞ്ഞ്
മുനിയറകളൊരുക്കാം.
ബോധിവൃക്ഷച്ചുവട്ടിൽ
പുനർജനിക്കാം.
ഗുരുത്വാകർഷണത്തെ
അതിജീവിക്കാനായാൽ
ഭാരമില്ലാതെ പറന്നു നടക്കാം."
ആത്മീയതയുടെ ഉണർവിന് ഓരോ രീതിയിലാണ് മുന്നോട്ടു പോകേണ്ടതെന്ന് സാരം.
6) ഇ.വി. ശ്രീധരൻ
"കലാകൗമുദി'യിൽ പ്രവർത്തിച്ചിരുന്ന ഇ.വി. ശ്രീധരൻ ഒരിക്കൽ പറഞ്ഞു:"ഓരോ ലക്കവും ഓരോ യുദ്ധമാണ്. കെ. കരുണാകരൻ, ആന്‍റണി തുടങ്ങിയവരുടെ കവർ ചിത്രം അച്ചടിക്കുമ്പോൾ മിക്കവാറും കോപ്പികൾ വിറ്റു പോകും. എന്നാൽ സാഹിത്യരംഗത്തുള്ള ചിലരുടെ മുഖചിത്രം തിരിച്ചടിയായി മാറാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പിറ്റേ ആഴ്ച ചർച്ച ചെയ്യാറുണ്ട്."
7) ബർനാഡ് ഷാ
മഹാ പ്രതിഭയായ ബർനാഡ് ഷാ എഴുതി: ജീവിതം എനിക്ക് ഒരു മെഴുകുതിരി വെളിച്ചമല്ല; അത് ഒരുതരത്തിൽ ജ്വലിക്കുന്ന തീവെട്ടിയാണ്. ഇപ്പോൾ എന്‍റെ കൈയിലുണ്ട്. ഭാവി തലമുറകൾക്ക് കൈമാറുന്നതിന് മുമ്പ് അത് ഇനിയും പരമാവധി ഉഗ്രമായി കത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം.