മൗനത്തിനൊപ്പം: എംടിക്കൊപ്പം ഒരു യാത്ര

കേൾവിക്കാരായി എത്തിയ ഞങ്ങളിൽ ഭൂരിപക്ഷത്തിനും വിശാലമായൊരു സാഹിത്യക്ലാസിനു സമാനമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
memoir on mt vasudevan nair
മൗനത്തിനൊപ്പം: എംടിക്കൊപ്പം ഒരു യാത്ര
Updated on

അജയൻ

"ഡബ്ലിന്‍റെ ആത്മാവിനെക്കുറിച്ച് അറിയണമെങ്കിൽ എന്‍റെ ഹൃദയത്തോട് ചോദിക്കൂ.. '' ഐറിഷ് കവി യേറ്റ്സിന്‍റെ പ്രശസ്തമായ വാക്കുകളോടെയാണ് എംടി വാസുദേവൻ നായർ അന്ന് ആ പ്രഭാഷണം ആരംഭിച്ചത്. 2003 ഏപ്രിലിൽ കൊച്ചിയിലായിരുന്നു വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത ആ ഗംഭീര പ്രഭാഷണം. പി.എസ്. ജോൺ എൻഡോവ്മെന്‍റ് പുരസ്കാരദാനച്ചടങ്ങ്... കോട്ടക്കൽ പി.എസ്. വാര്യർക്ക് പുരസ്കാരം സമ്മാനിക്കാനായി എംടി എന്ന സാഹിത്യ ഇതിഹാസം അന്ന് കൊച്ചിയിലെത്തി.

എറണാകുളം പ്രസ്ക്ലബിന്‍റെ നവീകരിച്ച മീഡിയ ഹാളിന്‍റെ ഉദ്ഘാടനത്തിനായി അന്ന് രാവിലെ തന്നെ എംടി പ്രസ് ക്ലബിലെത്തിയിരുന്നു. അവിടെ നിന്നും നേരെ പുരസ്കാരദാന വേദിയിലേക്ക്... അര മണിക്കൂറോളം നീണ്ടു നിന്ന പ്രഭാഷണത്തിനൊപ്പം ചേർന്നു നിന്നു കൊണ്ട് യേറ്റ്സിന്‍റെ കാലാതീതമായ വാക്കുകൾ... കേരളവും ഇന്ത്യയും പടിഞ്ഞാറൻ ഏഷ്യയും കടന്ന് ലോകത്താകമാനമുള്ള സാഹിത്യ പരിജ്ഞാനവും സാമൂഹിക പ്രതിഫലനവും രാഷ്ട്രീയ വീക്ഷണങ്ങളും ഇഴ നെയ്ത ഒരു ചിത്രകമ്പളമെന്ന പോലെ അതി മനോഹരമായിരുന്നു ആ പ്രഭാഷണം. ഓരോ വാക്കും പുതിയ തിരിച്ചറിവുകളിലേക്ക് വഴി തുറന്നു. അക്ഷരാർഥത്തിൽ അന്ന് കേൾവിക്കാരായി എത്തിയ ഞങ്ങളിൽ ഭൂരിപക്ഷത്തിനും വിശാലമായൊരു സാഹിത്യക്ലാസിനു സമാനമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

യേറ്റ്സിന്‍റെ കവിതാ ലോകത്തു നിന്നും നേരെ ലാറ്റിൻ അമെരിക്കൻ സാഹിത്യത്തിലേക്കായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര.. ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്‍റെ മാജിക്കൽ റിയലിസത്തിലേക്ക് ചേക്കേറി അൽപ്പനേരം... അവിടെ നിന്നും ദ്രുതഗതിയിൽ‌ തിരിച്ച് ഏണസ്റ്റ് ഹെമിങ്‌വേയിലേക്ക്... മുത്തങ്ങയിലെ പൊലീസ് വെടിവയ്പ്പിന്‍റെ, വയനാട്ടിലെ ആദിവാസി സമരങ്ങളുടെ, ഇന്ത്യയിലെ തീരാത്ത രാഷ്ട്രീയ കോലാഹലങ്ങളുടെ എന്തിനേറെ, പടിഞ്ഞാറൻ ഏഷ്യയിലെ തന്നെ സകല പ്രതിസന്ധികളെയും ഇഴ കീറി പരിശോധിക്കുന്നതിനായുള്ള ലെൻ‌സായിരുന്നു അദ്ദേഹത്തിന് സാഹിത്യം. വൈവിധ്യം നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്‍റെ കാലാതീതമായ വാക്കുകൾക്ക് ചിന്തകളെ ആളിക്കത്തിക്കാനും ആത്മപരിശോധന നടത്താനുമുള്ള തീവ്രമായ ശക്തിയുണ്ടായിരുന്നു.

അന്ന് തിരിച്ചു പോകാൻ ഒരുങ്ങിയ എംടിക്ക് നന്ദി സൂചകമായി ഒരു ചെറിയ പണക്കിഴി കൈമാറാനുള്ള അവസരം ലേഖകന് ലഭിച്ചിരുന്നു. അതിനു മുൻപായി അദ്ദേഹത്തിന്‍റെ പ്രസംഗത്തെക്കുറിച്ച് രണ്ട് വാക്കു പറയാനും അവസരമുണ്ടായി.

എന്‍റെ വാക്കുകൾക്കു ശേഷം അദ്ദേഹം നിമിഷങ്ങളോളം തന്‍റെ തനത് മൗനത്തിൽ തുടർന്നു. അൽപ്പസമയത്തിനു ശേഷം ശബ്ദം ശരിയാക്കി മറുപടി പറഞ്ഞു.

""നിങ്ങളുടെ സംഭാഷണത്തിൽ പിഎസ് ജോൺ എന്ന മാധ്യമപ്രവർത്തകനെക്കുറിച്ച് ചില വാക്കുകൾ ഉണ്ടായിരുന്നുവല്ലോ.. കൊച്ചിയിൽ അദ്ദേഹം അറിയാതെ യാതൊന്നും നടക്കാറില്ലെന്ന്. ആ ചിന്ത എന്നെ സ്വാധീനിച്ചു. അങ്ങനെയാണ് ഞാൻ യേറ്റ്സിലേക്ക് എത്തിയത്.''

അന്ന് ഞങ്ങൾ നന്ദിസൂചകമായി നൽകിയ പണം എംടി തിരിച്ചു നൽകി. പ്രസ് ക്ല‌ബിന്‍റെ ഏതെങ്കിലും പ്രവർത്തനത്തിനായി പണം ഉപയോഗിക്കണമെന്നും നിർദേശിച്ചു. പണം തിരിച്ചു നൽകിയ ശേഷം കുറച്ചു മുന്നോട്ട് നടന്ന അദ്ദേഹം വീണ്ടും തിരിച്ച് ഞങ്ങൾക്കരികിലേക്ക് നടന്നു . പിന്നെ സംശയ ദുരീകരണത്തിനെന്ന പോലെ പറഞ്ഞു..

""ഞാൻ ഇത്തരം പണക്കിഴികൾ സ്വീകരിക്കാറുണ്ട്. പക്ഷേ ഇന്ന് ഒരു പ്രമുഖ ടിവി ചാനലിന്‍റെ പുരസ്കാര ദാനത്തിനായി സംഘാടകർ എനിക്ക് കോഴിക്കോട് നിന്ന് വരാനും തിരിച്ചു പോകാനുമുള്ള എല്ലാ കാര്യവും ഉറപ്പാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനിത് തിരിച്ചു തരുന്നത്.''

സാഹിത്യ അതികായനുമായുള്ള കണ്ടുമുട്ടൽ അൽപ്പം വ്യക്തിപരമായ സന്തോഷങ്ങളും എനിക്കു നൽകിയിരുന്നു. കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കലൂരിൽ നിന്നും പ്രസ് ക്ലബിലേക്കുള്ള യാത്രയിലുട നീളം അദ്ദേഹം തോരാ മൗനത്തിലായിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ സംസാരിക്കാൻ തീരുമാനിച്ചു.

""സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ഞാൻ ആദ്യമായി വായിച്ച പുസ്തകം അങ്ങയുടെ മലയാളം നോവലിന്‍റെ ഇംഗ്ലീഷ് തർജമയാണ്. ''

ഫ്രണ്ട് സീറ്റിൽ ഇരുന്നിരുന്ന എംടി സാവധാനത്തിൽ തിരിഞ്ഞു നോക്കി. ഗണേഷ് ബീഡിയിൽ നിന്നുയരുന്ന പുകച്ചുരുൾ അദ്ദേഹത്തിന്‍റെ മുഖത്തിനു ചുറ്റും പടർന്നു.

""ഏതു പുസ്തകം?''

അദ്ദേഹം അന്വേഷിച്ചു.

""ലെഗസി''

അദ്ദേഹത്തിന്‍റെ അതി പ്രശസ്തമായ നാലുകെട്ട് എന്ന നോവലിന്‍റെ ഇംഗ്ലീഷ് തർജമയുടെ പേര് ഞാൻ മറുപടിയായി നൽ‌കി. വളരെ നേർത്ത ഒരു ചിരിയായിരുന്നു അതിനു മറുപടിയായി ലഭിച്ചത്. പക്ഷേ എനിക്ക് ആത്മവിശ്വാസം നൽകാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. ഉടൻ തന്നെ അടുത്ത ചോദ്യം എത്തി.

""പിന്നീട് വായിച്ചത് ഏതായിരുന്നു?''

അകൃത്രിമമായ ജിജ്ഞാസ അദ്ദേഹത്തിന്‍റെ ‌വാക്കുകളിൽ നിറഞ്ഞിരുന്നു.

""ദി ബ്യൂട്ടിഫുൾ ആൻഡ് ദി ഹാൻഡ്സം''

ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്മാരും എന്ന പുസ്തകത്തിന്‍റെ തർജമയുടെ പേര് ഞാൻ മറുപടിയായി നൽ‌കി.

""അത് ഗംഭീരം.. ''

അദ്ദേഹത്തിന്‍റെ വാക്കുകളിൽ ലാളിത്യം തുളുമ്പി

പിന്നീട് വീണ്ടും ഞങ്ങൾ ഇരുവരും മൗനത്തിലേക്ക് തിരിച്ചു പോയി. എങ്കിലും എറണാകുളത്തെ ഗതാഗതക്കുരുക്കിൽ കൂടി ഊളിയിടുന്നതിനിടയിലുണ്ടായ ആ ചെറു സംഭാഷണവും പിന്നീടദ്ദേഹം നടത്തിയ ഗാംഭീര്യമാർന്ന പ്രസംഗവും ഇന്നും മനസിൽ തെളിമയോടെ നിറഞ്ഞു നിൽക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com