പിക്നോലെപ്ക്സി

ആയിരക്കണക്കിനാളുകൾ എഴുതുന്ന ഒരു വനമാണ് സാഹിത്യം. അവിടെ പെട്ടെന്ന് ഒരാൾക്ക് ഉയരത്തിലെത്തുക സാധ്യമല്ല
m.k. harikumar special story in literature

പിക്നോലെപ്ക്സി

പ്രതീകാത്മക ചിത്രം- എഐ

Updated on: 

അക്ഷരജാലകം| എം. കെ. ഹരികുമാർ

വേഗത നമ്മുടെ ഒരു അനിവാര്യ സദാചാരമായിക്കഴിഞ്ഞു. വേഗതയില്ലാത്ത ഒരു വാഹനത്തിനും പ്രസക്തിയില്ല. സാവധാനം പോവുക എന്ന സങ്കല്പം തന്നെ മാറി. എല്ലാം വേഗത്തിലാണ്. വേഗമില്ലെങ്കിൽ പരാജയത്തിനു തുല്യമാണത്. ആഗ്രഹങ്ങൾ വേഗത്തിലാണ്, പരാജയങ്ങളും വേഗത്തിലാണ്. സാഹിത്യകാരനോ സാഹിത്യകാരിയോ ആകണമെന്ന ആഗ്രഹം അതിവേഗമുണ്ടാകുന്നു. ആയിരക്കണക്കിനാളുകൾ എഴുതുന്ന ഒരു വനമാണ് സാഹിത്യം. അവിടെ പെട്ടെന്ന് ഒരാൾക്ക് ഉയരത്തിലെത്തുക സാധ്യമല്ല. എന്നാൽ മനസിനെ ബാധിച്ചിരിക്കുന്ന വേഗത പെട്ടെന്ന് എല്ലാം നേടാൻ പ്രേരിപ്പിക്കുന്നു. അതിനായി കുറുക്കു വഴികൾ തേടുകയാണ്. മറ്റുള്ളവരുടെ കൃതികൾ മോഷ്ടിച്ച് മാറ്റിയെഴുതി പ്രശസ്തരാവുക, വിലകൂടിയ വ്യക്തികളെ വശീകരിച്ച് കാര്യം നേടുക, പണം മുടക്കി കൃതി പരിഭാഷപ്പെടുത്തി പ്രസാധകരെ മറികടക്കുക, പണം കൊടുത്ത് "പ്രേത'ത്തെ കൊണ്ടെഴുതിക്കുക തുടങ്ങിയ വേലകളെല്ലാം തലപൊക്കുന്നത് ഈ മാനസികാവസ്ഥയുടെ ഫലമായാണ്.

എല്ലാം എളുപ്പത്തിൽ വേണം. വൈകിയാൽ അത് വീഴ്ചയാണ്. വൈകുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ല. പ്രത്യേകിച്ച് ജോലിഭാരമോ പരിപാടികളോ ഇല്ലെങ്കിലും കാത്തിരിക്കാൻ വയ്യ; 60കളിലും 70കളിലും കാത്തിരിപ്പ് ഒരു പ്രമേയമായിരുന്നു. കാത്തിരിക്കുന്നത് ആത്മീയമായ ഒരനുഭവമായിരുന്നു. കാത്തിരിപ്പിനെ സൗന്ദര്യശാസ്ത്രവൽക്കരിച്ച എഴുത്തുകാരുണ്ടായിരുന്നു. പ്രതിഭാറായിയുടെ "ശിലാപത്മം', എം.ടിയുടെ "മഞ്ഞ്' എന്നീ കൃതികളുടെ പ്രമേയം തന്നെ കാത്തിരിപ്പാണ്.

വേഗത മാനസികാവസ്ഥ മാറ്റി

ഒരു പെണ്ണിനെ പ്രേമിച്ചാൽ, ഒരു ചെറുപ്പക്കാരനെ പ്രേമിച്ചാൽ നഷ്ടപ്പെടുന്നത് ആലോചിക്കാൻ വയ്യായിരുന്നു. പ്രേമസാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നത് ദിവ്യമായ ഒരനുഭവമായിരുന്നു. സാഹിത്യവും കലയും കാത്തിരിപ്പിനെ മഹത്വവത്കരിച്ചത് വേഗത്തിനെതിരായ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമായിട്ടായിരുന്നു. വേഗത ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, അതിനെ അസാന്മാർഗികമായും കാണുമായിരുന്നു. വേഗം ഒരു ദുശ്ശകുനമായിരുന്നു. സാവധാനം പ്രേമിക്കുന്നതിന്‍റെ സുഖം അനുഭവിച്ചവരുണ്ടായിരുന്നു. അവർ വിവാഹിതരായാലും മെല്ലെപ്പോക്കു തുടരും. വേഗത്തിൽ എത്തിച്ചേരാനുള്ള ഒരിടമില്ലായിരുന്നു. എന്നാൽ ആധുനിക നാഗരികതയും സാങ്കേതികവിദ്യയും മനുഷ്യരെ മന്ദഗതിയിൽ നിന്ന് അതിവേഗതയിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്. വേഗത്തിന്‍റെ ശാസ്ത്രം - ഡ്രോമോളജിയെക്കുറിച്ച് പഠിച്ച ഫ്രഞ്ച് തത്വജ്ഞാനി പോൾ വിറിലിയോ ആധുനിക മനുഷ്യന്‍റെ മാനസികാവസ്ഥ വേഗത്തിന്‍റെ ഫലമായി പുനഃക്രമീകരിച്ചതായി അഭിപ്രായപ്പെടുന്നുണ്ട്. "ദ് എയ്സ്തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ്'(അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം) എന്ന കൃതിയിൽ മനുഷ്യബോധത്തെ ഒരു പ്രത്യേക തരം അപാസ്മാരം പിടികൂടിയതായി വിവരിച്ചിട്ടുണ്ട്. പിക്നോലെപ്സി എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ പിക്നോലെപ്സി എന്നാൽ കുട്ടിക്കാലത്ത് അപൂർവമായി കാണപ്പെടുന്ന അപസ്മാരമാണ്. ബോധത്തിന്‍റെ പ്രവാഹത്തിലുണ്ടാകുന്ന വിടവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ അവസ്ഥ ആധുനിക മനുഷ്യന്‍റെ ബോധത്തെ കീഴടക്കിയതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. തത്വശാസ്തപരമായി വിശദീകരിക്കാൻ വിറിലിയോ ഈ പദമാണ് തെരഞ്ഞെടുക്കുന്നത്.

ഇടയ്ക്കിടെ ബോധത്തിൽ ശൂന്യതയുണ്ടാവുന്നു. തുടരെയുണ്ടാവുന്ന ഈ ശൂന്യത പരിഹരിക്കാൻ മനസു സന്നദ്ധമാവുന്നു. അത് വിടവ് ഇല്ല എന്നുറപ്പിക്കുന്നതിനു വേണ്ടി ബോധപൂർവം സൃഷ്ടിക്കുന്ന മിഥ്യയിലൂടെയാണ് സാധ്യമാകുന്നത്. സംസാരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമൊക്കെ ഈ ഇടവിട്ടുള്ള ശൂന്യത ബോധത്തെ ആവേശിക്കുന്നു. എന്തുകൊണ്ട് മനുഷ്യമനസ് പിക്നോലെപ്സി എന്ന രോഗാവസ്ഥയിലേക്ക് മാറുന്നു? അമിതവേഗതയും ജീവിതത്തിന്‍റെ അമിതമായ വ്യഗ്രതയുമാണ് കാരണം. സാങ്കേതികവിദ്യകളെല്ലാം അമിതവേഗത്തിലാണ്. സൂപ്പർ ഫാസ്റ്റുകളാണ് ഇന്നത്തെ മുഖമുദ്ര. ശബ്ദത്തിനൊപ്പം സഞ്ചരിക്കുന്ന ട്രെയ്നുകൾ വിഭാവന ചെയ്യപ്പെടുന്നു. വേഗം മനുഷ്യന്‍റെ പ്രാണവായു പോലെയായിത്തീർന്നിരിക്കുന്നു.

ഇത്രയും വേഗം നമ്മുടെ തലച്ചോറിനു താങ്ങാനാകുമോ? ഗൂഗിൾ, ടെലിവിഷൻ ദൃശ്യങ്ങൾ, സംപ്രേഷണം തുടങ്ങിയ ഇടങ്ങളിൽ എല്ലാം അതിവേഗമാണ് കാര്യങ്ങൾ. വിറിലിയോ ചൂണ്ടിക്കാണിക്കുന്നത് വർധിച്ചു വരുന്ന ജീവിതവേഗത മനുഷ്യബോധത്തിൽ വർധിച്ചു വരുന്ന ശൂന്യത അല്ലെങ്കിൽ അപ്രത്യക്ഷതയാണ് സൃഷ്ടിക്കുന്നതെന്നാണ്. അമിതവേഗതയ്ക്കൊപ്പം മനുഷ്യബോധം സഞ്ചരിക്കാതെ വരുന്നു. ഏതാനും നിമിഷങ്ങളുടെ ശൂന്യത ബോധത്തിലുണ്ടാകുന്നു. ബോധത്തിന്‍റെ തുടർച്ചയ്ക്ക് ഇടയ്ക്കിടെ ഭംഗമുണ്ടാവുന്നു.

മറവിക്കു കനം വയ്ക്കുന്നു

ഒരു നിമിഷത്തിൽ നമ്മുടെ കണ്ണുകളിലേക്കും തലച്ചോറിലേക്കും ബോധത്തിലേക്കും ലക്ഷക്കണക്കിനു ഇൻഫർമേഷൻ ബിറ്റുകളാണ് പാഞ്ഞുകയറുന്നത്. ഇത് വല്ലതും തരംതിരിക്കാൻ മനസിന് കഴിയുമോ? ശരി ഏതാണ് തെറ്റ് ഏതാണ് എന്നു ചിന്തിക്കാൻ തന്നെ പ്രയാസമാണ്. ആളുകളെ തെറ്റായ ഡേറ്റ വെച്ച് പറഞ്ഞു കബളിപ്പിക്കാൻ പറ്റിയ കാലാവസ്ഥയാണ് ഇന്നുള്ളത്. കാരണം പഴയ കാര്യങ്ങൾ ഓർമയുള്ളവർ കുറവാണ്. ഭൂതകാലം ക്രമേണ അപ്രത്യക്ഷമാവുകയാണ്. ഡിജിറ്റൽ ഓവർലോഡ് കാരണം മനുഷ്യവികാരങ്ങളും ഉൾവലിയുകയാണ്. ഓർമകൾക്ക് പകരം മറവിക്കു കനം വയ്ക്കുകയാണ്. മറവി ഉല്പാദിപ്പിക്കുന്ന പുതിയ തരം ഓർമകൾ സ്ഥാനം പിടിക്കുന്നു. എന്നാൽ ഇതിൽ ഏറ്റവും വിചിത്രമായ വസ്തുത ബോധത്തിലെ ഈ തുടരെയുള്ള വിള്ളൽ വ്യക്തി തിരിച്ചറിയുന്നില്ല എന്നതാണ്. ഏതാനും നിമിഷത്തേക്ക് ബോധം ശൂന്യമായിപ്പോകുമ്പോൾ തലച്ചോറ് പഴയതിൽ നിന്ന് ചിലതെല്ലാം പെറുക്കിയെടുത്ത് ഒന്നിച്ചു കൂട്ടി ഒരു തെറ്റായ പ്രതിച്ഛായ അല്ലെങ്കിൽ മിഥ്യ സൃഷ്ടിക്കുന്നു.

ഒരു സിനിമ കാണുമ്പോൾ ഇത് കൃത്യമായി നിരീക്ഷിക്കാവുന്നതാണ്. ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് അമിതവേഗതയിൽ കട്ട് ചെയ്ത് മുന്നേറുമ്പോൾ മനുഷ്യബോധത്തിൽ വിള്ളലുണ്ടാകുന്നു; ടർച്ചയ്ക്ക് ഭംഗമുണ്ടാകുന്നു. ഇത് നിമിഷങ്ങൾ നീണ്ടുനിൽക്കുകയും എന്നാൽ അത് തലച്ചോറ് നമ്മെ അറിയിക്കാതെ സ്വയം പൂരിപ്പിക്കുകയും ചെയ്യുന്നു. കെ.ജി.എഫ് എന്ന സിനിമ ഇതിനു നല്ല ഉദാഹരണമാണ്. ദൃശ്യങ്ങളുടെ അതിവേഗതയിൽപ്പെട്ട് കാണി നട്ടം തിരിയും. വ്യക്തമായി യാതൊന്നും കാണണമെന്നില്ല. അമിതവേഗതയിലും ക്ലോസപ്പിലും എന്തൊക്കെയോ കൺമുന്നിലൂടെ കണ്ടു മറയുന്നു. സ്റ്റണ്ട് രംഗങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഒരാൾ കത്തിയെടുത്ത് വീശുന്നു; മറ്റൊരാളുടെ തലയിൽ കുത്തിയിറക്കുന്നതാണ് അടുത്ത സീൻ. ഇതിനിടയിൽ എന്താണ് സംഭവിച്ചത്? അത് ബോധത്തിനറിയില്ല. അവിടെ ഒരു ശൂന്യതയാണുള്ളത്. വ്യക്തമായി കാണാത്തത് കണ്ടുവെന്ന് നാം തീരുമാനിക്കുകയാണ്. രണ്ട് സീനുകൾക്കിടയിൽ ഒരു ചതി നടന്നിരിക്കുന്നു. ആരും ആരെയും കുത്തിയിട്ടില്ല. ആർക്കും കുത്തുകൊണ്ടിട്ടുമില്ല. എന്നാൽ കത്തിയെടുക്കുന്നതും തലയിൽ കത്തി കുത്തിയിറക്കുന്നതും കണ്ടു. ഇത് നമ്മെ വിശ്വസിപ്പിക്കാനാണ് ക്യാമറമാൻ ശ്രമിക്കുന്നത്. നാം കാണാത്തത് കണ്ടുവെന്ന് ബോധം വിശ്വസിപ്പിക്കും. ഇത്തരം സീനുകളുടെ അമിത വേഗതിയിൽപ്പെടുകയാണ് നാം. ബോധത്തിന്‍റെ ഇടവേള ശൂന്യമായിരുന്നു. സ്ക്രീനിലെ ദൃശ്യങ്ങളുടെ അമിതവേഗതയിൽ ഒന്നും തന്നെ ബോധത്തിനു ഉൾക്കൊള്ളാനാവുകയില്ല. ബോധം അതിനായി ഒരു ക്രമീകരണം ഏർപ്പെടുത്തുകയാണ്. മനസിലാകാത്തത് മനസിലായി അല്ലെങ്കിൽ കണ്ടു എന്നു വിശ്വസിപ്പിക്കുന്നു.

വേഗത ഒരു ഭീകരജീവിയെ പോലെ

സിനിമ കണ്ടുകൊണ്ടിരിക്കുന്ന രണ്ടര മണിക്കൂറിൽ പിക്നോലെപ്സി പലവട്ടം ആവർത്തിക്കുന്നു. ബോധത്തിൽ അസംഖ്യം ശൂന്യതകൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പൂർണമായും ശൂന്യമായ മനസിന്‍റെ നിമിഷങ്ങൾ സ്വയം പരിഹരിച്ച് വീണ്ടും യുക്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വീണ്ടും പിക്നോലെപ്സിയുണ്ടാകുന്നു. ഈ പ്രക്രിയയിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സിനിമ ആസ്വദിക്കുന്നത്. അതിൽ ശബ്ദവും ചലനവും അതിവേഗത്തിലാണ്. ഈ അമിത വേഗവും അമിത ചലനവും അമിതമായ കട്ടുകളും ഒരുവനെ മാനസികമായി പരിക്ഷീണിതനാക്കുന്നു. അവൻ നിലയില്ലാകയത്തിലെന്ന പോലെ കൈകാലിട്ടടിക്കുകയാണ്. വേഗം അവനെ ഒരു ഭീമാകാരമായ പുരാതന ജീവിയെ പോലെ കടന്നാക്രമിക്കുകയാണ്. തീയേറ്റർ വിട്ടു വരുന്ന അവൻ ഒരു മായിക ലോകത്തു നിന്നുള്ള വിടുതലുമായി പൊരുത്തപ്പെടാൻ കുറെ സമയമെടുക്കുന്നു. ശൂന്യതയും യുക്തിയും അവനെ വൈകാരികമായി തകർക്കുന്നു. എന്നാൽ അവൻ അത് അമർത്തിവയ്ക്കുകയാണ്. അവൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത വിധം പെരുമാറാൻ ശ്രമിക്കുന്നു. ഈ പിരിമുറുക്കവും വ്യഥയും അവൻ മറ്റൊരിടത്താണ് പുറത്തെടുക്കുന്നത്. അവൻ ചിലപ്പോൾ യാത്രയ്ക്കിടയിൽ, ജോലിസ്ഥലത്ത്, വീട്ടിൽ അകാരണമായ വൈകാരിക പ്രക്ഷുബ്ധാവസ്ഥയിലേക്ക് വീണേക്കാം. പെറോട്ടയ്ക്ക് വിളമ്പിയ കറിയിൽ കഷണങ്ങൾ കുറഞ്ഞു പോയതോ, നാരങ്ങയിൽ വേണ്ടത്ര നീരില്ലാത്തതോ ഒരു പ്രശ്നമായി ഉയർന്നു വന്നേക്കാം. അവിടം ഒരു യുദ്ധക്കളമാകാൻ അവൻ തന്നാലായത് ചെയ്തെന്നിരിക്കും. മുന്നിൽ പോകുന്ന ബസ് സൈഡ് കൊടുത്തില്ല എന്നത് വലിയ വിഷയമായി രൂപാന്തരപ്പെടാം. ഒരിക്കലുമുണ്ടാകാത്ത ആത്മാഭിമാനം ആ സമയം ഇരമ്പിയാർത്തു പ്രത്യക്ഷപ്പെടാം. ബസ് തടഞ്ഞുനിർത്തി കീചകവധം കഥകളിയാടാൻ സാധ്യത കൂടുകയാണ്.

അമിതവേഗതയിൽ അഭിരമിക്കുന്ന മനുഷ്യൻ അതിന്‍റെ പാർശ്വഫലങ്ങളിൽ വലഞ്ഞു ചിതറുകയാണ്. സ്ഥലം ,കാലം എന്നിവ പോലെ തന്നെ വേഗം എന്ന ഒരു പുതിയ മാനം കൂടി ചേർക്കപ്പെടുകയാണ്. ഒരു സാങ്കേതികവിദ്യ ഉണ്ടാകുമ്പോൾ അതിന്‍റെ തകർച്ചയും അതോടൊപ്പം കണ്ടുപിടിക്കപ്പെടുകയാണെന്നു വിറിലിയോ പറയുന്നു. നിങ്ങൾ കപ്പൽ കണ്ടുപിടിച്ചപ്പോൾ അതിനോടൊപ്പം കപ്പൽച്ചേതവും കണ്ടുപിടിച്ചു. നിങ്ങൾ വിമാനം കണ്ടുപിടിച്ചപ്പോൾ അതിനോടൊപ്പം വിമാന അപകടവും കണ്ടുപിടിച്ചു.

സ്വകാര്യജീവിതം തുറന്നു കാണിക്കാം

സമൂഹമാധ്യമങ്ങളും യൂട്യൂബും വന്നതോടെ സ്വകാര്യജീവിതം തുറന്നു കാണിക്കാമെന്ന അവസ്ഥയുണ്ടായി. ആർക്കും അവരുടെ അടുക്കള വർത്തമാനങ്ങളും കിടപ്പറ രംഗങ്ങളും പകർത്തി കാണിക്കാൻ അവസരമുണ്ടായി. ജീവിതത്തിന്‍റെ വേഗമാണത്. പ്രഭാതകർമങ്ങളും കാണിക്കാം. യഥേഷ്ടം തെറി പറഞ്ഞു രസിക്കാം. ഏതൊരുവനും കാണികളുണ്ട്. കാണികൾ പ്രോത്സാഹിപ്പിക്കും. എങ്ങനെ വെള്ളം കുടിക്കണമെന്നും ഉറങ്ങണമെന്നും പഠിപ്പിച്ചു തരുന്നവർക്കും കാണികളുണ്ട്. ആർക്കും അധ്യാപക നാകാം. ഇത് എല്ലാവരുടെയും സ്വാതന്ത്ര്യത്തിന്‍റെ കാലമാണ്. ഒരാൾക്ക് തന്‍റെ സ്വകാര്യജീവിത നിമിഷങ്ങൾ മറ്റുള്ളവർ കാണുന്നതിൽ ഭയമുണ്ടായിരുന്ന കാലം മാറി. ഇപ്പോൾ സ്വകാര്യ ജീവിതനിമിഷങ്ങൾ പരമാവധി തുറന്നുകാണിക്കാൻ മത്സരിക്കുകയാണ്. വേഗത അവിടെയും പ്രതിഫലിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ പലരും തങ്ങളുടെ സ്വകാര്യനേട്ടമായി കാണുന്നത് തീൻമേശയിലെ വിഭവങ്ങൾ കാണിക്കുന്നതും മറ്റുമാണ്. യാത്ര പോകുന്നത്, ചായ കുടിക്കുന്നത്, നായയെ കുളിപ്പിക്കുന്നത്, കളിക്കുന്നത്, വീഴുന്നത്, മരിക്കുന്നത് തുടങ്ങിയവ കാണിക്കുകയാണ്. ഒരു യുവാവ് ഫെയ്സ്ബുക്ക് ലൈവ് കൊടുത്തുകൊണ്ട് മലയുടെ മുകളിൽ നിന്ന് ചാടി മരിച്ചത് ഇതിന്‍റെ പാരമ്യമാണ്.

ജീവിതം അതിന്‍റെ പൂർണമായ വിശാലതയിൽ ആവിഷ്കരിക്കാനാണ് മാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നത്. വാർത്തയല്ല ,വാർത്തയുടെ പ്രതികരണങ്ങളാണ് കൂടുതൽ പേരിലേക്ക് എത്തുന്നത്. ഒരാൾ മരിക്കുന്നത് വാർത്തയല്ലാതാവുകയും മരിച്ചയാളെ ചീത്ത പറയുന്നത് വാർത്തയാവുകയും ചെയ്യുകയാണ്. ശരീരത്തെയല്ല, മരണത്തെയാണ് അപഗ്രഥിക്കുന്നത്. എല്ലാം എല്ലാവരും കാണുകയും കേൾക്കുകയും ചെയ്യുന്ന കാലമാണ്. എല്ലായിടത്തും കാഴ്ചയുടെയും കേൾവിയുടെയും ഉത്സവമാണ്. യാതൊന്നും മറച്ചുവയ്ക്കാനില്ല. ഇതാണ് മനസിനു അധികഭാരമുണ്ടാക്കുന്നത്. ആവശ്യമില്ലെങ്കിലും കാണുന്നു, കേൾക്കുന്നു, അഭിപ്രായം പറയുന്നു, തർക്കിക്കുന്നു. നമ്മുടേതല്ലാത്ത ഒരു സമയം സൃഷ്ടിക്കപ്പെടുകയും അതിന്‍റെ ഉത്തരവാദിത്വം നാം ഏൽക്കേണ്ടി വരികയും ചെയ്യുകയാണ്. വിറിലിയോ ഇങ്ങനെ പറഞ്ഞു: "നാമിന്ന് യഥാർഥമായ ഇടത്ത് ജീവിക്കുന്നില്ല; സ്പീഡും യഥാർഥ സമയവും സൃഷ്ടിച്ച മിഥ്യയിലാണ് നാം സ്വയം അറിയാൻ ശ്രമിക്കുന്നത്. "

രജതരേഖകൾ

1) സഞ്ജയൻ (എം.ആർ. നായർ)

കേരളം കണ്ട ഏറ്റവും വലിയ ഹാസ സാഹിത്യകാരന്മാരിൽ ഒരാളായ സഞ്ജയന്‍റെ ഒരു ചിത്രീകരണം ഇങ്ങനെ:

"അവൻ: നീ അനുവദിച്ചാൽ മാത്രമേ നിന്നെ ചുംബിക്കുകയുള്ളൂ.

അവൾ: ഇത്ര വിഡ്ഢിത്തമായ ഒരു വാശി ഞാൻ ഇതുവരെ കണ്ടിട്ടില്ല. "

2) വി.കെ.എൻ

വി.കെ.എന്നിന്‍റെ ഒരു കഥയിൽ, ഐവർമഠത്തിൽ ശവം ദഹിപ്പിക്കുന്നതിനു എന്തൊക്കെയാണ് നിങ്ങൾ ചെയ്തു തരുന്ന സൗകര്യങ്ങളെന്നു ഒരാൾ വിളിച്ചു ചോദിക്കുന്നു. ഐവർമഠത്തിലെ കാര്യദർശി മറുപടിയായി പറഞ്ഞു: ഇവിടെ വിറകും മറ്റു പൂജാസാധനങ്ങളും കർമങ്ങളുമൊക്കെ ഉണ്ടായിരിക്കും. പക്ഷേ ശവം നിങ്ങൾ കൊണ്ടുവരണം.

3) ചെമ്മനം ചാക്കോ

ചെമ്മനം ചാക്കോയോടു വിദേശിയായ ഒരു ബിസിനസുകാരൻ പറഞ്ഞു, തന്‍റെ വീട്ടിൽ നാലുപേർ പള്ളിയിലച്ചന്മാരാണെന്ന്. അപ്പോൾ ചെമ്മനം ചാക്കോ പറഞ്ഞു: നാല് അച്ചന്മാരെ കണ്ട് അഹങ്കരിക്കണ്ട; എന്‍റെ പിതാവ് ഒരു പള്ളിയിലച്ചനായിരുന്നു.

4) സുകുമാർ അഴീക്കോട്

സുകുമാർ അഴീക്കോട് എഴുതി: "പണ്ടൊക്കെ അ'ദ്ധ്യാ'പകൻ എന്നാണ് എഴുതിയിരുന്നത്; ഇപ്പോഴത് അ'ധ്യാ'പകൻ എന്നു ചുരുങ്ങി. എന്നുവച്ചാൽ അദ്ധ്യാപകനിലെ "ദ'യ പോവുകയും "ധ' നിലനിൽക്കുകയും ചെയ്തു. അവർക്കിപ്പോൾ ധനചിന്ത മാത്രമേയുള്ളൂ'.

5) വേളൂർ കൃഷ്ണൻകുട്ടി

വേളൂർ കൃഷ്ണൻകുട്ടി ദേവമാതാ കോളെജിൽ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ പറഞ്ഞു: വിദേശത്തു നിന്നു കിട്ടിയ ഏറ്റവും കനം കുറഞ്ഞ സാരി ഒരു ചെറിയ ബോക്സിൽ അടുത്ത വീട്ടിൽ കൊണ്ടുപോയി കൊടുത്തപ്പോൾ അവിടത്തെ യുവതി താൻ വാങ്ങിയ പുതിയ സാരിയാണെന്നു പറഞ്ഞു ഒരു തീപ്പെട്ടിയെടുത്തു തുറന്നു കാണിച്ചു. എത്ര നോക്കിയിട്ടും ആ സാരി കണ്ടില്ല. അത്രമാത്രം കനം കുറഞ്ഞതായിരുന്നത്രേ സാരി!

6) എം. കൃഷ്ണൻ നായർ

കെ.പി.എം അലി പാലുവായിയുടെ ഒരു കഥയെക്കുറിച്ച് എം. കൃഷ്ണൻ നായർ എഴുതി: "കുരിശിൽ തറച്ച യേശുദേവന്‍റെ ഒരു രൂപം എന്‍റെ മേശപ്പുറത്തിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വാക്കുകൾ വീണ്ടും കേൾക്കുന്നു. "പിതാവ് ഇവർ ചെയ്യുന്നത് എന്താണെന്ന് അറിയുന്നില്ല. ഇവർക്ക് മാപ്പ് കൊടുക്കണേ. " യേശുദേവനും ജഗന്നിയന്താവും അലിക്ക് മാപ്പു കൊടുക്കും. വായനക്കാരൻ മാപ്പ് കൊടുക്കുകയില്ല. അത്രകണ്ട് ബീഭൽസമാണ് ഈ കഥ'.

7) ശ്രീനിവാസൻ

നടൻ ശ്രീനിവാസൻ എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം തുടങ്ങിയതോടെ ഒരു പത്രലേഖകൻ ആരുടെയോ ഫോൺ കോൾ വന്നിട്ട് പെട്ടെന്ന് പുറത്തേക്ക് പോയി. ഉടനെ ശ്രീനിവാസൻ ഇങ്ങനെ പ്രതികരിച്ചു: എന്‍റെ പത്രസമ്മേളനത്തോടുള്ള ആദ്യ പ്രതികരണം ലഭിച്ചു കഴിഞ്ഞിരിക്കയാണ്!

8) വൂഡി അല്ലൻ

അമെരിക്കൻ ചലച്ചിത്രകാരൻ വൂഡി അല്ലൻ പറഞ്ഞു: സെക്സും പ്രേമവും തമ്മിലുള്ള വ്യത്യാസം ഇതാണ്- സെക്സ് ടെൻഷനിൽ നിന്ന് ആശ്വാസം നൽകും; എന്നാൽ പ്രേമം ടെൻഷനുണ്ടാക്കും.

9) ലോനപ്പൻ നമ്പാടൻ

സുകുമാർ അഴീക്കോടിനെ ആദരിക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ലോനപ്പൻ നമ്പാടൻ പറഞ്ഞു: "ഞാൻ സുകുമാർ അഴീക്കോടിനേക്കാൾ കൂടുതൽ പ്രസംഗിച്ചിട്ടുണ്ട്. എന്‍റെ പ്രസംഗങ്ങൾ അധികവും ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു'.