

എം.കെ. ഹരികുമാർ.
ഭോപ്പാൽ: മധ്യപ്രദേശിലെ പ്രമുഖ സാംസ്കാരിക സംഘടനയായ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഉമ) ഏർപ്പെടുത്തിയ പ്രഥമ അഗ്നിമിത്ര ഭാഷാപുരസ്കാരത്തിന് പ്രശസ്ത വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അർഹനായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംരക്ഷണത്തിനും പ്രചാരണത്തിനുമായി കഴിഞ്ഞ അമ്പത് വർഷമായി നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഉമ പ്രസിഡന്‍റ് ഒ.ഡി. ജോസഫ്, സെക്രട്ടറി കെ.പി. ദാസ്, ലയം ചീഫ് എഡിറ്റർ ജി. തുളസീധരൻ, സുരേന്ദ്രബാബു (മുംബൈ ജാലകം), ദീപിക ദൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഭോപ്പാലിൽ കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.