മുംബൈ മൺസൂൺ | പറയാന്‍ പാടില്ലാത്ത പ്രണയം | നോവൽ - ഭാഗം 6

ഇന്ന് അവള്‍ സാരിയിലായിരുന്നില്ല. ഇളം നീല നിറത്തിലുള്ള പൈജാമയും വെള്ള അയഞ്ഞ ടീഷര്‍ട്ടും. മേക്കപ്പും ഇല്ല. പക്ഷേ, നിറഞ്ഞ മാദകത്വം... എം.എസ്. ശരത് നാഥ് എഴുതിയ ലഘുനോവൽ ആറാം ഭാഗം...
Mumbai Monsoon | A Forbidden Love | Novel - Part 6

മുംബൈ മൺസൂൺ | പറയാന്‍ പാടില്ലാത്ത പ്രണയം | നോവൽ - ഭാഗം 6

Updated on: 

ജൂലൈ അവസാനത്തിലായിരുന്നു. മുംബൈയില്‍ മഴയ്ക്ക് ഒരു താളമുണ്ട്. ചില ദിവസങ്ങളില്‍ അത് നഗരം മുഴുവന്‍ മുക്കിക്കളയും. ചില ദിവസങ്ങളില്‍ വെറുതേ ജനല്‍ച്ചില്ലില്‍ വിരലുകള്‍ കൊണ്ട് ചിത്രം വരയ്ക്കും. ആ രാത്രിയും മഴ നിശബ്ദമായിരുന്നു. കബീര്‍ തന്‍റെ അന്ധേരിയിലെ ഫ്‌ലാറ്റില്‍ ലാപ്‌ടോപ്പിന് മുന്നിലിരുന്നു.

സ്‌ക്രീനില്‍ നോവലിന്‍റെ പേര് തെളിഞ്ഞു.

Untitled. മുപ്പത്തിരണ്ട് പേജുകള്‍. ജീവിതത്തില്‍ ആദ്യമായി...അവന്‍ ഒരു കഥ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നില്ല. ലാപ്‌ടോപ്പ് അടയ്ക്കാന്‍ പോകുമ്പോള്‍ ഫോണില്‍ റിയയുടെ ഒരു സന്ദേശം വന്നു.

""Tomorrow... can you come to my place?''

കബീര്‍ സന്ദേശം രണ്ടുമൂന്നു തവണ വായിച്ചു.

""എന്തെങ്കിലും പ്രശ്‌നമുണ്ടോ?''

അല്‍പനേരത്തിന് ശേഷം മറുപടി വന്നു. ""No... I just want to show you something.''

അടുത്ത ദിവസം വൈകുന്നേരം. കബീര്‍ ആദ്യമായി റിയയുടെ വീട്ടിലെത്തി. ബാന്ദ്ര വെസ്റ്റിലെ പഴയതെങ്കിലും അതിമനോഹരമായ ഒരു സീ-ഫേസിംഗ് അപ്പാര്‍ട്ട്‌മെന്‍റ്. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാതില്‍ പകുതി തുറന്നുകിടക്കുകയായിരുന്നു.

""Come in...'' റിയയുടെ ശബ്ദം.

വീട്ടിലേക്ക് കയറിയ നിമിഷം കബീര്‍ ഒരു കാര്യം മനസിലാക്കി. ഈ വീട്... റിയയെപ്പോലെയായിരുന്നു. ഭംഗിയുണ്ടായിരുന്നു. ആഡംബരമില്ലായിരുന്നു. ഭിത്തികളില്‍ വലിയ പെയിന്‍റിങ്ങുകള്‍. നൂറുകണക്കിന് പുസ്തകങ്ങള്‍. ഒരു കോണില്‍ പഴയ ഗ്രാമഫോണ്‍. ജനലിലൂടെ കാണുന്ന അറബിക്കടല്‍. ഓരോ വസ്തുവിനും ഒരു കഥയുണ്ടെന്ന് തോന്നിക്കുന്ന വീട്. റിയ അടുക്കളയില്‍ നിന്ന് രണ്ട് കപ്പ് കാപ്പിയുമായി വന്നു. ഇന്ന് അവള്‍ സാരിയിലായിരുന്നില്ല. ഇളം നീല നിറത്തിലുള്ള പൈജാമയും വെള്ള അയഞ്ഞ ടീഷര്‍ട്ടും. മുടി കെട്ടിയിട്ടില്ല. മേക്കപ്പും ഇല്ല. പക്ഷേ, നിറഞ്ഞ മാദകത്വം. കബീറിന് അവളെ ഇത്ര മനോഹരമായി ഇതുവരെ തോന്നിയിട്ടില്ല.

""എന്താണ് നോക്കുന്നത്?'' റിയ ചിരിച്ചുകൊണ്ട് ചോദിച്ചു.

""ഒന്നുമില്ല.''

""കള്ളം.''

""എന്താണ് കള്ളം?''

""എഴുത്തുകാര്‍ക്ക് കള്ളം പറയാന്‍ അറിയില്ല.''

രണ്ടുപേരും ചിരിച്ചു.

""വാ...'' റിയ അവനെ ഒരു ചെറിയ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അത് ഒരു സ്വകാര്യ ലൈബ്രറിയായിരുന്നു. ചുവരുകള്‍ മുഴുവന്‍ പുസ്തകങ്ങള്‍. മധ്യത്തില്‍ ഒരു മരമേശ. മേശപ്പുറത്ത് പഴയ ടൈപ്പ്റൈറ്റര്‍.

""ഇത് എന്‍റെ അച്ഛന്‍റേതാണ്.'' റിയ പതുക്കെ അതില്‍ കൈവെച്ചു.

""ഞാന്‍ ആദ്യമായി കഥ എഴുതിയത് ഇതിലാണ്.''

കബീര്‍ ആ ടൈപ്പ്റൈറ്ററിനെ സ്പര്‍ശിച്ചു.

""ഇപ്പോഴും ഉപയോഗിക്കാറുണ്ടോ?''

""ഇല്ല.''

""പിന്നെ എന്തിനാണ് സൂക്ഷിച്ചത്?''

റിയ പുഞ്ചിരിച്ചു. ''ചില ഓര്‍മ്മകള്‍ ഉപയോഗിക്കാനല്ല...നഷ്ടപ്പെടാതിരിക്കാനാണ്.''

മേശയുടെ ഡ്രോയര്‍ തുറന്ന് റിയ ഒരു പഴയ ഫയല്‍ എടുത്തു.

മഞ്ഞനിറം പിടിച്ച കടലാസുകള്‍.

""ഇത് വായിക്കൂ.''

കബീര്‍ ആദ്യ പേജ് തുറന്നു. മുകളില്‍ എഴുതിയിരുന്നത്

Novel - Draft. Author: Riya Menon

""നിങ്ങള്‍... നോവല്‍ എഴുതിയിരുന്നോ?'' റിയ ജനലിലേക്ക് നോക്കി.

""ഇരുപത് വര്‍ഷം മുമ്പ്.''

""പൂര്‍ത്തിയായോ?''

അവള്‍ പതുക്കെ തലകുലുക്കി.

""ഇല്ല.''

""എന്തുകൊണ്ട്?''

""ജീവിതം.''

അതൊരു വാക്ക് മാത്രമായിരുന്നു.

പക്ഷേ... ആ ഒരു വാക്കിനുള്ളില്‍ വര്‍ഷങ്ങളുടെ ക്ഷീണമുണ്ടായിരുന്നു. കബീര്‍ ആദ്യത്തെ രണ്ട് പേജുകള്‍ വായിച്ചു. ഭാഷ അതിമനോഹരമായിരുന്നു. വാക്കുകള്‍ക്ക് സംഗീതമുണ്ടായിരുന്നു.

""ഇത് പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്?''

റിയ മൃദുവായി ചിരിച്ചു.

""ചില സ്വപ്നങ്ങള്‍ക്ക് സമയപരിധിയുണ്ട്.''

""ഇല്ല.'' കബീര്‍ ആദ്യമായി അവളോട് യോജിച്ചില്ല. ""നല്ല എഴുത്തിന് കാലാവധി ഇല്ല.''

റിയ അവനെ നോക്കി. അവളുടെ കണ്ണുകളില്‍ ചെറിയൊരു അത്ഭുതം.

""നീ ശരിക്കും അങ്ങനെ വിശ്വസിക്കുന്നുണ്ടോ?''

''അതെ.''

""അപ്പോള്‍...'' അവള്‍ ഫയല്‍ അവന്‍റെ കൈയില്‍ വെച്ചു.

""ഇത് വീട്ടിലേക്ക് കൊണ്ടുപോ.''

കബീര്‍ ഞെട്ടി. ""ഇല്ല... ഇത് നിങ്ങളുടെതാണ്.''

""ഇനി കുറച്ചുകാലം നിന്‍റേതാണ്.''

""എന്തിന്?''

""എന്‍റെ കഥ വായിച്ചശേഷം...'' റിയ ചെറുതായി ചിരിച്ചു. ""...നിന്‍റെ കഥ എങ്ങനെ മാറുന്നുവെന്ന് എനിക്ക് അറിയണം.''

സന്ധ്യ രാത്രി ആയി. പുറത്ത് മഴ വീണ്ടും ശക്തമായി. കബീര്‍ പോകാനൊരുങ്ങി. വാതില്‍വരെ റിയ കൂടെ നടന്നു.

""കബീര്‍...''

""പറയൂ.''

""നമ്മള്‍ തമ്മില്‍ പതിനഞ്ച് വയസിന്‍റെ വ്യത്യാസമുണ്ട്.''

കബീര്‍ മിണ്ടിയില്ല.

""ആ കാര്യം മറക്കരുത്.'' അവളുടെ ശബ്ദത്തില്‍ ആദ്യമായി ഒരു അകലം ഉണ്ടായിരുന്നു. ""എന്തുകൊണ്ടാണ് ഇപ്പോള്‍ അത് പറയുന്നത്?'' റിയ ജനലിലൂടെ പുറത്തേക്ക് പെയ്യുന്ന മഴയിലേക്ക് നോക്കി.

""കാരണം...'' അവള്‍ വാക്കുകള്‍ സൂക്ഷിച്ചെടുത്തു. ""...ചില വഴികള്‍ മനോഹരമായിരിക്കും.''

""പക്ഷേ...അവയുടെ അവസാനം ഒരുപോലെ മനോഹരമാകണമെന്നില്ല.''

കബീറിന് ആദ്യമായി ഭയം തോന്നി.

അവന്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന് പുറത്തേക്ക് നടന്നു. ലിഫ്റ്റിന്‍റെ വാതില്‍ അടയുന്നതുവരെ റിയ അവിടെ തന്നെയുണ്ടായിരുന്നു. ലിഫ്റ്റ് താഴേക്ക് ഇറങ്ങുമ്പോള്‍ കബീറിന്‍റെ കൈയിലുണ്ടായിരുന്നത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് ഒരു പൂര്‍ത്തിയാകാത്ത നോവല്‍. മറ്റൊന്ന് പറയാതെ നിന്ന ഒരു പ്രണയം. അവയില്‍ ഏതാണ് കൂടുതല്‍ ഭാരമുള്ളതെന്ന് അവന് അപ്പോഴും അറിയില്ലായിരുന്നു.

(തുടരും)

logo
Metro Vaartha
www.metrovaartha.com