

മുംബൈ മൺസൂൺ | പറയാതെ സൂക്ഷിച്ച കഥകള്‍ | നോവൽ - ഭാഗം 4
മുംബൈയിലെ മഴയ്ക്ക് ഒരു സ്വഭാവമുണ്ട്. പെയ്തുതീര്‍ന്നാലും അതിന്‍റെ ഗന്ധം മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കും. ചില മനുഷ്യരും അങ്ങനെയാണ്. അവരുമായി ഒരു ദിവസം സംസാരിച്ചാലും, അവരുടെ സാന്നിധ്യം മനസില്‍ ദിവസങ്ങളോളം നിലനില്‍ക്കും. റിയ അത്തരത്തിലൊരാളായിരുന്നു.
മറൈന്‍ ഡ്രൈവിലെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞു. കബീറും റിയയും ദിവസവും സംസാരിച്ചില്ല. അവര്‍ പരസ്പരം 'ഗുഡ് മോര്‍ണിംഗ്' അയക്കുന്നവരുമായിരുന്നില്ല. വിളിച്ചാല്‍ മണിക്കൂറുകളോളം സംസാരിക്കുന്നവരുമല്ല. പക്ഷേ... ഒരാള്‍ മറ്റൊരാളെ ഓര്‍ക്കുന്നുണ്ടെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. ചില ബന്ധങ്ങള്‍ക്ക് അധികം വാക്കുകള്‍ ആവശ്യമില്ല. തിങ്കളാഴ്ച വൈകുന്നേരം. ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെയാണ് കബീറിന്‍റെ ഫോണ്‍ തെളിഞ്ഞത്. റിയ. അവന്‍ ഉടന്‍ കോള്‍ എടുത്തു.
""ഹലോ...Busy ആണോ?''
""അല്ല.''
""അഞ്ച് മിനിറ്റ് സമയം തരാമോ?''
""തരാം.''
""അപ്പോള്‍ ഫോര്‍ട്ടിലെ ചാപ്റ്റർ വൺ കഫേയില്‍ വരൂ.''
""ഇപ്പോള്‍?''
""അതെ.''
""എന്തെങ്കിലും പ്രത്യേക കാര്യമുണ്ടോ?''
അല്‍പനേരം നിശ്ശബ്ദത. പിന്നെ റിയയുടെ ശബ്ദം.
""ഇന്ന്... എനിക്ക് ഒരാളോട് സംസാരിക്കണം.''
അരമണിക്കൂറിനകം കബീര്‍ കഫേയിലെത്തി. റിയ നേരത്തേ എത്തിയിരുന്നു. ഇന്ന് അവള്‍ പതിവില്‍ നിന്ന് വ്യത്യസ്തയായിരുന്നു. ഇളം നീല നിറത്തിലുള്ള സാരി. മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. പക്ഷേ... കണ്ണുകളില്‍ ക്ഷീണം വ്യക്തമായിരുന്നു.
""എല്ലാം സുഖമാണോ?''
റിയ കോഫികപ്പ് കൈയിലെടുത്തു.
""നിനക്ക് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ...'' അവള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. ""...നമ്മളെ എല്ലാവരും അറിയുന്നുണ്ടെന്ന്. പക്ഷേ ആരും നമ്മളെ ശരിക്കും അറിയുന്നില്ലെന്ന്?''
കബീര്‍ മറുപടി പറഞ്ഞില്ല. അവള്‍ പറയട്ടെയെന്ന് കരുതി.
""ഇന്ന് എന്‍റെ ജന്മദിനമാണ്.''
കബീര്‍ ഞെട്ടി.
""Really?''
""Forty-five.''
""Happy Birthday.''
റിയ ചിരിച്ചു. ""Thank you.''
""അപ്പോള്‍ ആഘോഷം?''
""രാവിലെ കോളേജില്‍ കേക്ക് മുറിച്ചു.''
""പിന്നെ?''
""വൈകുന്നേരം ചില സഹപ്രവര്‍ത്തകര്‍ ഡിന്നറിന് വിളിച്ചു.''
""പോയില്ലേ?''
""ഇല്ല.''
""എന്തുകൊണ്ട്?''
റിയ കോഫിയിലേക്ക് നോക്കി.
""അവര്‍ എന്‍റെ ചിരി മാത്രമേ അറിയൂ...എന്‍റെ നിശബ്ദത ആരും അറിയുന്നില്ല.''
കബീറിന് ആ വാക്കുകള്‍ ഹൃദയത്തില്‍ തട്ടി.
""വീട്ടില്‍ ആരൊക്കെയുണ്ട്?'' കബീര്‍ ആദ്യമായി ചോദിച്ചു.
റിയ കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
""ഞാന്‍ മാത്രം.''
""പാരന്‍റ്സ്?''
അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു.
""അമ്മ?''
""അവര്‍ ബെംഗളൂരുവില്‍ സഹോദരന്‍റെ കൂടെയാണ്.''
""നിങ്ങള്‍...?'' വാക്ക് മുഴുമിപ്പിക്കാന്‍ അവന് കഴിഞ്ഞില്ല. റിയ അത് മനസിലാക്കി.
""വിവാഹത്തെക്കുറിച്ചാണോ ചോദിക്കാന്‍ പോകുന്നത്?''
കബീര്‍ നാണത്തോടെ ചിരിച്ചു. ""അതെ.''
റിയ ജനലിന് പുറത്തേക്ക് നോക്കി. മഴ വീണ്ടും തുടങ്ങിയിരുന്നു. ""ഒരിക്കല്‍ വിവാഹം കഴിഞ്ഞതാണ്.''
""പിന്നെ?''
""Divorce.''
കബീര്‍ ഒന്നും ചോദിച്ചില്ല. റിയയുടെ ശബ്ദം ശാന്തമായിരുന്നു. കരച്ചിലില്ല. പരാതിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പഴയ കഥ പറയുന്ന ഒരാളുടെ ശാന്തത മാത്രം.
""അതിന് ശേഷം...''അവള്‍ ചെറുതായി ചിരിച്ചു. ""...പുസ്തകങ്ങള്‍ എന്നെ ഉപേക്ഷിച്ചില്ല.''
കബീര്‍ റിയയെ നോക്കി, ഒരു പ്രൊഫസറായി കണ്ടില്ല, ഒരു സ്ത്രീയായി കണ്ടു. ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന, ഒരുപാട് നഷ്ടങ്ങള്‍ നേരിട്ട, എന്നിട്ടും ജീവിതത്തോട് പുഞ്ചിരിക്കാന്‍ പഠിച്ച ഒരു സ്ത്രീ. അവന് അവളോട് സഹതാപം തോന്നിയില്ല. ബഹുമാനം തോന്നി.
""നിനക്ക് അറിയാമോ?'' റിയ ചോദിച്ചു.
""എന്ത്?''
""നീ കേള്‍ക്കാന്‍ അറിയുന്ന ആളാണ്.''
""അതില്‍ എന്താണ് പ്രത്യേകത?''
""ഇന്നത്തെ ലോകത്ത് എല്ലാവരും സംസാരിക്കാനാണ് പഠിക്കുന്നത്..കേള്‍ക്കാന്‍ പഠിക്കുന്നവര്‍ കുറവാണ്.''
കബീര്‍ മിണ്ടിയില്ല. അത് പ്രശംസയാണോ...അല്ലെങ്കില്‍ ഒരു വിശ്വാസത്തിന്‍റെ തുടക്കമാണോ...അവന് അറിയില്ലായിരുന്നു. കഫേയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞിരുന്നു. മഴ മാറിയിരുന്നു. നഗരത്തിലെ തെരുവുവിളക്കുകള്‍ നനഞ്ഞ റോഡില്‍ സ്വര്‍ണനിറം ചിതറിച്ചു. റിയ കാറിന്‍റെ അടുത്തെത്തി.
""കബീര്‍.''
""പറയൂ.''
""ബർത് ഡേ ഗിഫ്റ്റ് തരാമോ?''
കബീര്‍ അതിശയിച്ചു. ""ഇപ്പോള്‍?''
""അതെ.''
""എന്താണ് വേണ്ടത്?''
റിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കി. ""ഒരു വാഗ്ദാനം.''
""എന്ത് വാഗ്ദാനം?''
""നിന്‍റെ ആദ്യ നോവല്‍...''
അവള്‍ ഒരു നിമിഷം നിര്‍ത്തി. ""പാതിവഴിയില്‍ ഉപേക്ഷിക്കരുത്.''
കബീര്‍ പുഞ്ചിരിച്ചു. ""sure''.
റിയ കൈ നീട്ടി. ഇരുവരും കൈകോര്‍ത്തു. അത് ഏതാനും സെക്കന്‍ഡുകള്‍ മാത്രമായിരുന്നു. പക്ഷേ...ആ നിമിഷത്തില്‍ സൗഹൃദത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഇടയില്‍ ഉണ്ടായിരുന്ന അദൃശ്യരേഖ പതുക്കെ മാഞ്ഞുതുടങ്ങി. മുംബൈയുടെ രാത്രി പതിവുപോലെ തിരക്കിലായിരുന്നു.
പക്ഷേ കബീറിന്‍റെ മനസില്‍ ഒരു പുതിയ കഥ ജനിക്കുകയായിരുന്നു. ആ കഥയുടെ ആദ്യവരി ഇങ്ങനെയായിരുന്നു. 'ചില മനുഷ്യര്‍ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് സ്‌നേഹിക്കപ്പെടാനല്ല... നമ്മളെ നമ്മളാക്കി മാറ്റാനാണ്.'
(തുടരും)