

പ്രായോഗിക ബുദ്ധൻ
അക്ഷരജാലകം| എം. കെ. ഹരികുമാർ
കപിലവസ്തു, കൊട്ടാരം, ഭിക്ഷാംദേഹിയുടെ അലച്ചിൽ, ധ്യാനം, ബോധോദയം, ഉപദേശങ്ങൾ, ഗയ, ബോധിവൃക്ഷം തുടങ്ങിയ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ശ്രീബുദ്ധനുണ്ട്. അതിൽ നിന്ന് മനുഷ്യൻ സ്വാംശീകരിച്ച മറ്റൊരു ബുദ്ധനുണ്ട്. ബുദ്ധൻ നൂറ്റാണ്ടുകളിലൂടെ പരിവർത്തനപ്പെടുകയാണ്, അല്ലെങ്കിൽ സംക്രമിക്കപ്പെടുകയാണ്. ഒരാളിൽ ബുദ്ധൻ എങ്ങനെയാണോ അനുഭവമാകുന്നത് അത് ഒരു വഴിയാണ്. എന്നാൽ മറ്റൊരാൾ ആ വഴിയല്ല തെരഞ്ഞെടുക്കുന്നത്.
ബുദ്ധനാകാൻ ഏക മാർഗമില്ല. ബുദ്ധനിലേക്ക് പല മാർഗങ്ങളാണ്. ബുദ്ധൻ ഒരു ബഹുസ്വരതയാണ്. ബുദ്ധനെ ആധുനിക നാഗരികത അതിന്‍റെ നഗരജീവിതത്തിന്‍റെ ഒരു അതീത വിശ്രാന്തിയായി സ്വീകരിക്കുകയാണ്. ബുദ്ധന്‍റെ രൂപം ഒരു തണൽമരം പോലെ മനസിന്‍റെ വേനലിൽ പലർക്കും അഭയം നൽകുന്നു. അങ്ങനെ ബുദ്ധൻ ഒരു മതേതര ബിംബമായിത്തീരുന്നു. ബുദ്ധനിലേക്കുള്ള ദൂരം നമ്മുടെ മനസിലേക്കുള്ള ദൂരമാണ്. ബുദ്ധമതത്തിൽ നിന്ന് പുറത്തേക്കു പോയി ബുദ്ധൻ എന്ന ബിംബം മാനവരാശിയുടെ മറ്റൊരു അതീത ആലോചനയായി മാറുകയാണ്.
മനസിന്‍റെ യഥാർഥവും ശുദ്ധവുമായ അവസ്ഥയിൽ നിന്ന് നമ്മളൊക്കെ ബഹുദൂരം അകലെയാണ്. മനസ് നമ്മെ വലിച്ചുകൊണ്ടുപോയി കെണിയിലകപ്പെടുത്തുന്നു. എന്താണ് മനസിൽ സംഭവിക്കുന്നതെന്ന് അറിയില്ല. നാം വിചാരിക്കുന്നതാണ് നമ്മളുടെ മനസിന്‍റെ ആകെത്തുകയെന്ന് വിശ്വസിക്കുന്നു. അത് തെറ്റാണ്. നാം വിചാരിക്കുന്നത് ഒരു ചർച്ചയിലൂടെയാണ് പുരോഗമിക്കുന്നത്. ആദ്യമെടുത്ത തീരുമാനം പിന്നീട് മാറ്റാറുണ്ട്. ഒന്നിൽ തന്നെ ഉറച്ചുനിൽക്കാൻ മനസിനാവില്ല. മനസ് ഒരു മരീചികയാണ്.
നിങ്ങളുടെ മനസല്ലാതെ മറ്റൊരു ബുദ്ധനില്ലെന്ന് വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച് നാത് ഹാൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇതിനർഥം? മനസിലൂടെയാണ് ബുദ്ധനെ കണ്ടെത്തേണ്ടത്. പക്ഷേ മനസ് കാടും പടലവും നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ബുദ്ധനെ അറിയാനൊക്കുന്നില്ല. മനസിലേക്ക് അടുക്കുകയാണ് പ്രധാനം. അവിടെയാണ് ഒരു പ്രായോഗിക ബുദ്ധനുള്ളത്. ഈ കാലത്ത് നഗരവാസികളും ഉന്നത വിദ്യാഭ്യാസമുള്ളവരും ആത്മാവിന്‍റെ സമാധാനത്തിനും ശാന്തതയ്ക്കുമായി ബുദ്ധനെ സ്മരിക്കാറുണ്ട്. ബുദ്ധൻ ഒരു ഏടാകൂടമോ കുഴപ്പമോ അല്ലെന്ന തിരിച്ചറിവാണിത്. നമ്മളിൽ നമ്മൾ മാത്രമായിരിക്കുന്നതിന്‍റെ ശാന്തി തേടുന്നവർക്ക് ഈ പ്രായോഗിക ബുദ്ധൻ വഴികാട്ടിയാണ്.
സ്വയം അറിയാൻ
ബുദ്ധൻ ഒരു അനുഷ്ഠാന പരമ്പരയോ നൂലാമാലകളോ ആചാരബാധ്യതയോ അല്ല; ജീവിതത്തിനാവശ്യമായ ഒരു ബുദ്ധനെ ആധുനിക ലോകം നിർമിച്ചിരിക്കുകയാണ്. തീച് നാത് ഹാൻ പ്രായോഗികമായ ഒരുപദേശം തരുന്നുണ്ട്: "നിങ്ങൾ ഭൂതകാലത്ത് സ്വയം നഷ്ടപ്പെടുത്തിക്കളയരുത്; ഭാവിയെക്കുറിച്ച് ചിന്തിച്ച് സ്വയം നഷ്ടപ്പെടുത്തരുത്. ദേഷ്യമോ ദുഃഖമോ ഭയമോ നിങ്ങളെ പിടികൂടി തടവിലാക്കാൻ അനുവദിക്കരുത്. ഈ നിമിഷത്തിലേക്ക് തിരിച്ചുവരുക. അങ്ങനെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചറിയുക. ഇതാണ് നിറമനസ്'.
മനസിൽ നിങ്ങളെത്തന്നെ നിറയ്ക്കുന്ന നിമിഷം. എങ്ങനെയാണ് ഈ നിറമനസ് സാധ്യമാകുക. അതിൽ ഏറ്റവും പ്രസക്തമായ മാർഗം ഒന്നിനെക്കുറിച്ചും വിധി പ്രസ്താവിക്കാതെ സ്വയം അറിയാൻ ശ്രമിക്കുകയാണ്. മനസിലൂടെ എന്താണ് കടന്നു പോകുന്നതെന്ന് അറിയുക. മനസിനെ പിന്തുടരുക. ചിന്തകൾ പരസ്പര വിരുദ്ധമായിരിക്കാം. പല വികാരങ്ങളുടെയും അമിത പ്രകടനമുണ്ടാകാം. അപ്പോഴും അതെന്താണെന്ന് മനസിലാക്കുക. ഈ നിമിഷം മനസിലൂടെ എന്തെല്ലാം കടന്നു പോയി? എന്താണ് അവയുമായി നമുക്കുള്ള ബന്ധം? അവയെല്ലാം നമുക്ക് ആവശ്യമുള്ളതായിരുന്നോ, അർഥശൂന്യമായ ആവർത്തനങ്ങളായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക. അതിലെ തെറ്റുകൾ അപഗ്രഥിക്കുക.
ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിൽ പൂർണമായി മുഴുകിയാൽ അപകടം ഉണ്ടാകില്ല. സങ്കടമുണ്ടാവില്ല, സമ്മർദവുമുണ്ടാകില്ല. ഒരു റെയ്‌ൽ പാളം കുറുകെ കടക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കാനാണ് സെൻ ബുദ്ധിസ്റ്റുകൾ പറയുന്നത്. അപ്പോൾ ട്രെയ്‌ൻ വരുന്ന ശബ്ദം കേൾക്കാം. മുറ്റത്ത് നടക്കുമ്പോൾ കാൽപാദങ്ങൾ ഭൂമിയെ ചുംബിക്കുന്ന പോലെ ചലിക്കുക. സമാധാനമുണ്ടാകും. സമാധാനം സൃഷ്ടിക്കേണ്ടതുണ്ട്. വെറുതെ സമാധാനം വരില്ല. സ്വാഭാവിക പ്രക്രിയകളിലൂടെ മനസിനെ അതിലേക്ക് തന്നെ ശാന്തമായി തിരികെ എത്തിക്കുകയാണു വേണ്ടത്.
മനസ് ബുദ്ധനാകുന്നു
ചുവപ്പു കണ്ട കാളയെ പോലെയാണു മനസ്. അത് ചാടി വീഴും. എന്നാൽ അതിനെ മെരുക്കി നിയന്ത്രണത്തിൽ നിർത്തുമ്പോഴാണ് മനസ് ബുദ്ധനാകുന്നത്. ബുദ്ധൻ ചരിത്രത്തിലെ ഒരു ബിംബമാണെന്നു കരുതുന്നതിലുപരി പ്രായോഗിക ജീവിതത്തിലെ രമ്യതയായി കാണുക. തീച് നാത് ഹാൻ പറയുന്നുണ്ട്, പാത്രം കഴുകുമ്പോൾ അതിൽ മാത്രം ശ്രദ്ധിച്ചാൽ അത് എല്ലാ വിരസതയും മാറ്റിത്തരുമെന്ന്. പാത്രം കഴുകുമ്പോൾ മറ്റു കാര്യങ്ങൾ ഓർക്കാൻ തുടങ്ങിയാൽ അത് വിരസമായ ജോലിയാകും.
ഓരോന്നിനും അതിന്‍റേതായ മനസ് വേണം. അത് പരിഹരിക്കാനാകുന്ന വിഷയമാണോ എന്ന് ആലോചിച്ചാൽ വഴി തുറക്കും. നമ്മുടെ പ്രവർത്തന സമയം വർധിപ്പിക്കുകയോ മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയോ ചെയ്താൽ പരിഹരിക്കാനാവുന്ന വിഷയമാണെങ്കിൽ ഒരിടത്തിരുന്ന് ശാന്തമായി കാര്യങ്ങൾ ഓരോന്നായി എടുത്ത് വേർതിരിക്കുക. നിങ്ങൾക്ക് ഒരിക്കലും നേരെയാക്കാനാവാത്ത, നിങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ചാൽ ഉത്തരം കിട്ടില്ല. അതിന്‍റെ പേരിൽ വിഷമമുണ്ടാവുകയാണെങ്കിൽ അത് മനസിനെ ക്ഷീണിപ്പിക്കും. അപ്പോൾ ചെയ്യാവുന്നത് ഇത്തരം പ്രശ്നങ്ങളെ ഒന്നുകിൽ ഉപേക്ഷിക്കുക, അല്ലെങ്കിൽ ദൈവത്തിന് വിടുക.
ഈ ലോകം ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞാൽ ഉപേക്ഷിക്കാനാവും. ഈ ലോകത്ത് ഒന്നും സ്ഥിരമല്ലല്ലോ. പ്രകൃതിയും മനുഷ്യനും മാറുന്നു. 19ാം നൂറ്റാണ്ടിലുണ്ടായിരുന്ന ആരും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ലോകം വരുന്നവരുടെയും പോകുന്നവരുടെയും നഗരമാണ്. ആർക്കും സ്ഥിരതയില്ല. അതുകൊണ്ട് സ്ഥിരതയെക്കുറിച്ചുള്ള അമിത ഉത്ക്കണ്ഠ ആപത്കരമാണ്. ലോകം അസ്ഥിരമാണെന്നറിഞ്ഞാൽ ദയ കാണിക്കാം. ദയ ദുർലഭമായ വസ്തുവാണ്. എന്നാൽ അത് മനസിനടിയിലുണ്ട്. അവിടെ നിന്ന് മാന്തി പുറത്തെടുത്താൽ മതി. ഒരിടത്തേക്കും ഓടി രക്ഷപ്പെടാനാവില്ല. എന്നാൽ ഇതറിയുന്നവന് ചുറ്റുപാടിനെ സംഘർഷരഹിതമാക്കാൻ കഴിയും. ദുഷിച്ച ചിന്തകളും സമ്പർക്കവും മനസിനു ഭാരമാകുമ്പോൾ ഒഴിഞ്ഞുമാറുക.
തീച് നാത് ഹാൻ എഴുതുന്നു: "സജീവമായിരിക്കുന്നതാണ് ഏറ്റവും വലിയ അദ്ഭുതം. നമുക്ക് യാതനകൾക്ക് അന്ത്യം വരുത്താം, അതുകൊണ്ട് ഒരു പരിഹാരവുമില്ലെന്ന് അറിഞ്ഞുകൊണ്ട്. യാതനയർഹിക്കാത്ത യാതനയാണത്. എത്രയോ ആളുകൾ കോപത്താൽ അല്ലെങ്കിൽ നിരാശയാൽ അവരെത്തന്നെ കൊല്ലുന്നു! എന്നാൽ ആ നിമിഷത്തിൽ അവരറിയുന്നില്ല വലിയൊരു സന്തോഷത്തിന്‍റെ തുരുത്ത് ലഭ്യമാണെന്ന്. ഒരു നിമിഷത്തിലും എങ്ങനെയാണ് ശ്വസിക്കേണ്ടതെന്നോ ചിരിക്കേണ്ടതെന്നോ ജീവിക്കേണ്ടതെന്നോ അറിയുന്ന ഒരാൾക്ക് ഒരിക്കലും ആരെയും സഹായിക്കാനാവില്ല'.
ആഘോഷിക്കൂ
ഈ നിമിഷത്തിന്‍റെ സന്തോഷം കണ്ടെത്തിയേ തീരൂ. അവിടെയാണ് നിറമനസ്. ലഭ്യമായ വിഭവങ്ങളിൽ സന്തോഷിക്കാം. സ്വബോധമുള്ളയാൾക്ക് ഭ്രാന്ത് വരാത്തതു കൊണ്ട് ആശ്വസിക്കാനാവും. ഒരു വലിയ വ്യവസായി ബെൻസ് കാറിൽ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ടു. ആ വിവരവുമായി ഓഫിസിലെത്തിയ അദ്ദേഹം എല്ലാവർക്കും മധുരം വിതരണം ചെയ്തു. എന്താണ് മധുരം വിളമ്പാൻ കാരണമെന്ന് ചോദിച്ചവരോട് അദ്ദേഹം ആഹ്ലാദം മറച്ചുവയ്ക്കാതെ സംസാരിച്ചു തുടങ്ങി. "എന്‍റെ ബെൻസ് കാർ ഇന്ന് അപകടത്തിൽപ്പെട്ടു'. ഇത് കേട്ട് എല്ലാവരും ഞെട്ടി. അപകടത്തിൽപ്പെട്ട കാറിന്‍റെ പേരിൽ ആരെങ്കിലും മധുരം വിളമ്പുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു: "കാർ അപകടത്തിൽപ്പെട്ടത് നേരാണ്. എന്നാൽ അതിന്‍റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. ഞാനാണ് ആ ഡ്രൈവർ! ഇത് ആഘോഷിക്കേണ്ടതല്ലേ?!'
അപ്പോൾ ഓഫിസിലുണ്ടായിരുന്നവരെല്ലാം അതിശയം കലർന്ന ആനന്ദത്തിൽ ചിരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അപകടത്തിൽ നിന്ന് തിരിച്ചെത്തിയ ആളെ അഭിനന്ദിക്കണമല്ലോ. അദ്ദേഹം ജീവിച്ചിരിക്കാൻ കിട്ടിയ അവസരം ആഘോഷിക്കുകയാണ്. കാർ ഒരു കളിപ്പാട്ടം പോലെയാണ്. അത് വാങ്ങുന്നതാണ്. എന്നാൽ ജീവൻ വാങ്ങുന്നതല്ല; അത് ആവർത്തിക്കപ്പെടാത്തതാണ്.
മാർട്ടിൻ ലൂഥർ കിങ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഒരിക്കൽ മാത്രമേ സംഭവിക്കൂ. പിന്നീടില്ല. ഓരോ വ്യക്തിയും ഇങ്ങനെയാണ്. എന്നാൽ വ്യക്തിക്ക് മനസിൽ പ്രായോഗിക ബുദ്ധനെ പ്രതിഷ്ഠിക്കാൻ കഴിയുന്നതോടെ അവന്‍റെ സംഭാവന വലുതായിരിക്കും. അവൻ മനസിനെ വിശാലമാക്കുകയാണ് ചെയ്യുന്നത്. ഒരു ചെറിയ എതിർശബ്ദം കേട്ടാലുടനെ അക്ഷമനാകുമ്പോൾ നമ്മുടെ മനസ് ചെറുതാണെന്ന് സൂചിതമാവുകയാണ്. അതുകൊണ്ട് യാതന അനുഭവിക്കേണ്ടി വരുന്നു. അപ്പോൾ യാതനയിൽ നിന്ന് പുറത്തു കടക്കാനുള്ള വഴിയും ഉണ്ടാകണം.
തീച് നാത് ഹാൻ പറയുന്നു: "നിങ്ങൾക്ക് ഹൃദയവിശാലതയുണ്ടെങ്കിൽ ചെറിയ കുത്തിനോവിക്കൽ നിങ്ങളെ തളർത്തുകയില്ല. നിങ്ങൾ ധാരണയും ദയയുമാണ് വളർത്തേണ്ടത്. അപ്പോൾ ഒരു വാക്കും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. അതിന് നിങ്ങളെ കഷ്ടപ്പെടുത്താനുള്ള ശക്തിയില്ലാതാകും'. അദ്ദേഹം പറയുന്നത് ഇതാണ്: "നിങ്ങൾ യാതന ചുമന്നു കൊണ്ടുപോയി കളയേണ്ടതില്ല. അതിനെ സ്നേഹത്തോടെ സ്പർശിക്കുക, നേരിടുക, അപ്പോൾ സന്തോഷമുണ്ടാകും. സന്തോഷവും വിഷമവും അസ്ഥിരമാണ്. അതുകൊണ്ട് സന്തോഷത്തെ എങ്ങനെ നട്ടുവളർത്താമെന്നാണ് ആലോചിക്കേണ്ടത്'.
സാന്ത്വനമായ പകലുകൾ
ആഘോഷിക്കാനുള്ള ഒരവസരവും പാഴാക്കരുത്. എത്രയോ പേർ രോഗികളായി വീടുകളിലും ആശുപത്രികളിലും കഴിയുന്നു, സഞ്ചാരശേഷിയില്ലാതെ. അവർക്ക് വലിയ ആഗ്രഹമുണ്ടാകും, നല്ല റസ്റ്ററന്‍റിൽ നിന്ന് ഭക്ഷണം കഴിക്കാനും തിയെറ്ററിൽ പോയി സിനിമ കാണാനും മറ്റും. ഏറ്റവും കുറഞ്ഞത്, പരസഹായമില്ലാതെ ടോയ്‌ലറ്റിൽ പോകാനെങ്കിലും. അപ്പോൾ ഈ സൗകര്യങ്ങളെല്ലാം യഥേഷ്ടം അനുഭവിക്കാൻ പ്രാപ്തിയുള്ളവർ ജീവിച്ചിരിക്കുന്നതിന്‍റെ അദ്ഭുതത്തിൽ പങ്കുചേരേണ്ടതല്ലേ? ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ അദ്ഭുതം.
നമ്മുടെയടുത്തേക്ക് വരുന്ന ഒരു ഈച്ചയെ നോക്കുക. അതിന്‍റെ മുൻകാല തലമുറകൾ ഒരു വർഗം എന്ന നിലയിൽ എത്രയോ ഭൗമശാസ്ത്ര പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടാകും. കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, കടൽക്ഷോഭം, സുനാമി, ഉഷ്ണതരംഗം, പ്രളയം തുടങ്ങിയവയെല്ലാം അതിജീവിച്ച തലമുറകളുടെ പിൻഗാമിയാണ് ആ ഈച്ച. അത് സുദീർഘമായ ഒരു ജീവന ചരിത്രം പേറുന്നു. അതിന്‍റെ ചിറകടിയിൽ കഴിഞ്ഞ കാലങ്ങളുടെ ശബ്ദം ആഴത്തിലേക്ക് പോവുകയാണ്. ആ ചിറകടിയിൽ ചരിത്രം സ്പന്ദിക്കുന്നു. ഒരു ഈച്ചയായി ജീവിക്കുന്നത് പോലും ഒരു വലിയ മഹാദ്ഭുതമായി, നേട്ടമായി മാറുന്നത് അങ്ങനെയാണ്.
ഇത് ഓരോ ജീവിക്കും ബാധകമാണ്. നമ്മളോട് പ്രതികരിക്കാനോ നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനോ സന്നദ്ധമാവുന്നില്ലല്ലോ ഓന്തുകളും അരണകളുമെന്ന് ഒരു കവിക്കെങ്കിലും തോന്നാനിടയുണ്ട്. നല്ലൊരു തോന്നലാണത്. ഒരു ഓന്ത് നോക്കുമ്പോൾ അപരിചിതത്വം കുടഞ്ഞിടുകയാണ്. അത് നമ്മെ അന്യഗ്രഹ ജീവിയെപ്പോലെ നോക്കുകയാണ്. ഒരു ആശയവിനിമയവുമില്ല. എന്തിന്? ഓന്തുകളിലും ബുദ്ധ പ്രഭാവമുണ്ട്. അത് എന്തിനാണ് നമ്മുടെ പ്രശ്നങ്ങളിൽ തലയിട്ട് വിഷമിക്കുന്നത്? അതിന്‍റെ ആവശ്യമില്ലല്ലോ. അതിന് സാന്ത്വനമായ പകലും രസദായകമായ രാത്രിയുമുണ്ട്. അതിജീവിച്ചതിന്‍റെ മഹത്തായ നേട്ടത്തെ ആഘോഷമാക്കുകയാണ് ആ ജീവികൾ. ജീവിച്ചിരിക്കുന്നതിന്‍റെ അത്യാഹ്ലാദം ഉള്ളിലൊതുക്കുമ്പോൾ, ആരുമറിയാതെ, ചിലപ്പോഴെങ്കിലും അത് ചാടുന്നു, ആടുന്നു, ഒരു താഴ്ചയിൽ നിന്ന് മറ്റൊന്നിലേക്ക് ഹൃദയപൂർവം. അവിടെ പ്രായോഗിക ബുദ്ധൻ ചിരിക്കുന്നു.
രജത രേഖകൾ
1) രാജശ്രീ വാര്യർ
ലോക നർത്തകി ഇസഡോറ ഡങ്കനെക്കുറിച്ച് രാജശ്രീ വാര്യർ എഴുതിയ ലേഖനം (നർത്തകിയുടെ ചോദ്യങ്ങൾ, പച്ചക്കുതിര, സെപ്റ്റംബർ) ആഴമുള്ള നിരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. നൃത്തത്തെ അതിന്‍റെ ആന്തരികതയെ ഭാഷയിൽ ആവാഹിക്കാൻ കഴിഞ്ഞിരിക്കുന്നു. സ്വാനുഭവങ്ങളാണ് നൃത്തം, ഉടലിൽ ജീവിച്ചതാണ് ഭാവങ്ങൾ- അവർ അഭിപ്രായപ്പെടുന്നു. "ആത്മ സംഘർഷങ്ങളെ അനന്തമായ ഉന്മാദസ്വർഗത്തിലേക്കുള്ള സപ്തരാഗപടവുകളാക്കി മാറ്റുന്ന ഇന്ദ്രജാലം ചില നർത്തകർക്ക് വശമാണ്. സർഗ ശിഖരങ്ങളെക്കൊണ്ട് ഉന്മാദ ശിഖരങ്ങളുള്ള പ്രണയവൃക്ഷം വളർത്താം' എന്നിങ്ങനെ സൂക്ഷ്മതയുടെ സൗന്ദര്യമാണ് ഈ ലേഖനത്തിൽ നിറയുന്നത്.
2) ഫാ. ഡോ. കെ.എം. ജോർജ്
പ്രസിദ്ധമായ ഗ്വേൺസി ദ്വീപിനെക്കുറിച്ച് ഫാ. ഡോ. കെ.എം. ജോർജ് എഴുതിയ ലേഖനം (വിസ്മയങ്ങൾ കാത്തുവച്ച ഗ്വേൺസി, തന്മ മാസിക, സെപ്റ്റംബർ) പുതിയ വിവരങ്ങൾ തരുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം തമ്പടിച്ച ദ്വീപാണിത്. ഇംഗ്ലണ്ടിനും ഫ്രാൻസിനുമിടയ്ക്ക് ഇംഗ്ലീഷ് ചാനലിനോട് ചേർന്നാണ് ഈ ദ്വീപിന്‍റെ സ്ഥാനം. ഇപ്പോൾ ബ്രിട്ടന്‍റെ ഉടമസ്ഥതയിലാണ്. ലേഖകൻ അവിടെ സന്ദർശിച്ചതിന്‍റെ വിവരണം. അവിടെ താമസിച്ച കാലത്താണ് ഫ്രഞ്ച് എഴുത്തുകാരൻ വിക്റ്റർ യൂഗോ "പാവങ്ങൾ' എന്ന നോവൽ എഴുതിയതെന്ന് അറിയിക്കുന്നു. അതുപോലെയാണ് മഹാനായ ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന റെന്വെയുടെ കാര്യം. അദ്ദേഹം ആ ദ്വീപിൽ താമസിച്ച് അവിടത്തെ ദൃശ്യങ്ങൾ വരച്ചു.
3) മഹർഷി അരബിന്ദോ
അരവിന്ദ മഹർഷിയുടെ സാഹിത്യ, ദർശനങ്ങൾ, ചിന്തകൾ ഇന്ത്യയുടെ സമ്പത്താണ്. അദ്ദേഹം തന്‍റെ കവിതയെഴുത്തിനെക്കുറിച്ച് ആത്മനിഷ്ഠമായി പറഞ്ഞ കാര്യങ്ങൾ വളരെ മൂല്യമുള്ളതാണ്. അതിന്‍റെ ഒരു ഭാഗം ശ്യാം കൃഷ്ണ പരിഭാഷപ്പെടുത്തിയത് പ്രഭാവം മാസികയിൽ (എന്‍റെ കവിത, സെപ്റ്റംബർ)വായിക്കാം. "കവിത ബുദ്ധിയുടെ നിർമിതിയല്ല. അത് സംഭവിക്കുന്നതാണ്. തലയ്ക്ക് മുകളിലുള്ള ബോധ സ്രോതസിൽ നിന്ന് കുത്തിയൊഴുകുകയാണ്' - അരബിന്ദോ കുറിക്കുന്നു. അത് സ്വാഭാവികമായാണ് പ്രവർത്തിക്കുന്നത്. അധികം വായിച്ച് ശീലമില്ലെന്ന് പറയുന്ന അരബിന്ദോ കൂടുതൽ എഴുതാൻ കാരണം ആത്മയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. എഴുതുമ്പോഴാണ് ചിന്താക്കുഴപ്പം ഇല്ലാതാകുന്നതെന്ന് വ്യക്തമാക്കുന്നു.
4) സക്കറിയ
സക്കറിയയുടെ ചില നല്ല കഥകളുണ്ട്- പ്രത്യേകിച്ച്, "യേശുപുരം പബ്ലിക് ലൈബ്രറിയെക്കുറിച്ച് ഒരു പരാതി' പോലുള്ള കഥകൾ. അദ്ദേഹം ഏതാനും മാസങ്ങൾക്കു മുമ്പ് "പച്ചമലയാള'ത്തിലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഒ.വി. വിജയനെ പോലെ ഇത്രയും ആരാധകരുള്ള ഒരു എഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നാണ്. എന്നാൽ സമീപകാലത്ത് ഒരു വീഡിയൊയിൽ അദ്ദേഹം ഒ.വി. വിജയൻ വലിയ ക്യാൻവാസിൽ ദീർഘമായ നോവലുകൾ എഴുതുന്നതിൽ വിദഗ്ധനല്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ചിലർ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നത് കണ്ടു.
സക്കറിയക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. വിജയൻ ഒരു വലിയ നോവൽ എഴുതാൻ ആഗ്രഹിക്കുകയോ എഴുതുകയോ ചെയ്തില്ലല്ലോ. അതേസമയം ഖസാക്കിന്‍റെ ഇതിഹാസം, ഗുരുസാഗരം, ധർമപുരാണം എന്നീ നോവലുകളിലെ അഖ്യാനം അപാരവുമാണ്. ഹെര്‍മന്‍ ഹെസെ, കാഫ്ക, കമ്യു എന്നിവരും വിജയനെ പോലെ ചെറിയ ആഖ്യാനങ്ങളിലൂടെ ലോകാദ്ഭുതം സൃഷ്ടിച്ചവരാണ്. അവരെ മറികടക്കുന്ന നോവലിസ്റ്റുകൾ ഉണ്ടായിട്ടില്ല. ദീർഘമായ ആഖ്യാനം ഉള്ളതു കൊണ്ട് മികച്ച നോവലിസ്റ്റാവുകയില്ല. എം. മുകുന്ദനെ സക്കറിയ വലിയ ക്യാൻവാസിന്‍റെ മാസ്റ്റർ എന്ന് വിളിക്കുന്നു. അദ്ദേഹത്തിന് അത് പറയാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ എം. മുകുന്ദനിൽ ദാർശനിക മാനമോ ആഴമോ ആത്മീയസംഘർഷമോ കാണാനില്ല.
5) സദ് പ്രേം
ഫ്രഞ്ചുകാരനായ ബെർനാഡ് എഞ്ചിനീയറെ 20ാം വയസിൽ ഗസ്റ്റപ്പോ (ഹിറ്റ്ലറുടെ പൊലിസ്) അറസ്റ്റ് ചെയ്ത് കോൺസെൻട്രേഷൻ ക്യാംപിൽ അടച്ചതാണ്, ഒന്നര വർഷം. പിന്നീട് അദ്ദേഹം ഈജിപ്റ്റിലും തുടർന്ന് ഇന്ത്യയിലുമെത്തി. പോണ്ടിച്ചേരിയിൽ ഫ്രഞ്ച് കൊളോണിയൽ സർക്കാരിന്‍റെ കീഴിൽ ജോലി ചെയ്തപ്പോഴാണ് മഹർഷി അരബിന്ദോയെയും മദറിനെയും പരിചയപ്പെടുന്നത്. ഇത് അദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചു. മദർ അദ്ദേഹത്തിന് സദ് പ്രേം എന്ന പേരു നല്കി. അദ്ദേഹം ആത്മീയ അന്വേഷകനായി മാറി. മനുഷ്യൻ പരിണമിക്കുന്ന ജീവിയാണെന്ന ആശയം അദ്ദേഹത്തെ ആകർഷിച്ചു.
സദ് പ്രേമിന്‍റെ "ദ് മൈൻഡ് ഓഫ് സെൽസ്' എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം: "ഇന്നലെ വെറുതെ നടക്കുകയായിരുന്നു. 15 മിനിറ്റ് നേരത്തേക്ക് ഞാൻ ഒരു പ്രത്യേക പ്രപഞ്ചത്തിലായിരുന്നു. അത് ദിവ്യമായിരുന്നു. ഒരു ആന്തരാവസ്ഥ. അത് ശരിക്കും സ്പർശിക്കുന്നതും ബോധ്യപ്പെടുന്നതുമായിരുന്നു. എല്ലായിടത്തും അത് നിറഞ്ഞു. ഒരു പ്രശ്നവുമില്ലാത്ത വേള. ഒന്നും ചിന്തിക്കാനും തീരുമാനിക്കാനുമില്ലാത്ത വേള. അനന്തമായ ഏകാന്തതയുടെ അനന്തമായ സങ്കീർണത'. സദ് പ്രേം അലൗകികമായ അനുഭൂതിയിൽ എത്തിയ ആത്മീയ സഞ്ചാരിയായിരുന്നു.