

ചന്ദ്രമതി, ഷനോജ് ആർ. ചന്ദ്രൻ, മിഥുൻ കൃഷ്ണ, ദിൻജിത്ത് അയ്യത്താൻ, ബാഹുൽ രമേശ്.
തിരുവനന്തപുരം: മുപ്പത്തഞ്ചാമത് പി.പദ്മരാജന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒഴുകാതെ ഒരു പുഴ എന്ന നോവല്‍ രചിച്ച ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റ്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അരപ്പാതിരി എന്ന ചെറുകഥയുടെ കര്‍ത്താവായ ഷനോജ് ആര്‍ ചന്ദ്രന്‍ മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 2025 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എക്കോ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ മികച്ച സംവിധായകനും ബാഹുല്‍ രമേശ് മികച്ച തിരക്കഥാകൃത്തിനുമുള്ള ചലച്ചിത്രപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. 25,000 രൂപയും, ഫലകവും പ്രശസ്തിപത്രവും സംവിധായകനും 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും തിരക്കഥാകൃത്തിനും ലഭിക്കും.
പുതുമുഖ രചയിതാവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനയ്ക്കുള്ള വിസ്മയാസ്മാക്‌സ് യുവസാഹിത്യ പുരസ്‌കാരം അപരസമുദ്ര നോവല്‍ എഴുതിയ മിഥുന്‍ കൃഷ്ണയ്ക്കു ലഭിക്കും.
എസ്. ഹരീഷ് അധ്യക്ഷനും രാഹുല്‍ രാധാകൃഷ്ണന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണു പുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. മധുപാലിന്‍റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും സുലോചന രാംമോഹനുമടങ്ങുന്ന സമിതിയാണു ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ സമര്‍പ്പിക്കുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവരറിയിച്ചു.