
ന്യൂഡൽഹി: സാമ്പത്തികശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് സ്വന്തമാക്കിയ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഉടച്ചു വാർത്ത് വിപ്ലബം സൃഷ്ടിച്ച സാമ്പത്തിക വിദഗ്ധൻ.. വിശേഷണങ്ങൾ ഏറെയാണ് മൻമോഹൻ സിങ്ങിന്. സാമ്പത്തിക ശാസ്ത്രം അരച്ചു കലക്കി കുടിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെ ഉള്ളിൽ കവിതകളെ ഇഷ്ടപ്പെടുന്നൊരാൾ ബാക്കിയുണ്ടായിരുന്നു. പാർലമെന്‍റ് സെഷനുകളിലെ വാദപ്രതിവാദങ്ങളിൽ മൻമോഹൻ സിങ് പലപ്പോഴും പ്രിയപ്പെട്ട കവിതകളെ തന്നെ ആയുധങ്ങളാക്കി മാറ്റി. ചിലപ്പോഴൊക്കെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങൾ നൽകാൻ മറ്റു ചിലപ്പോൾ ചോദ്യങ്ങളുടെ തീവ്ര വർധിപ്പിക്കാൻ...എല്ലാത്തിനും കവിതകൾ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ആവനാഴിയിലെ മാർദവമേറിയ അമ്പ്. ഉറുദു കവിതകളായിരുന്നു അദ്ദേഹത്തിന് പ്രിയം ബിജെപി നേതാവ് സുഷമ സ്വരാജുമായുള്ള വാദപ്രതിവാദങ്ങളിൽ ഇരുവരും പരസ്പരം കവിതകൾ കണ്ട് പോരടിക്കുന്നക് കൗതുകകരമായ കാഴ്ചയായിരുന്നു.
2011ലെ പാർലമെന്‍റ് സെഷൻ. മൻമോഹൻ സർക്കാർ അഴിമതി ആരോപണങ്ങളിലേക്ക് വീണു കൊണ്ടിരിക്കുന്ന കാലം. പതിവു പോലെ വാദപ്രതിവാദങ്ങൾ കത്തിക്കയറുന്നു. അക്കാലത്ത് ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് വാരാണസിയിൽ നിന്നുള്ള കവി ഷഹാബ് ജാഫ്രിയുടെ ഷെർ എന്ന കവിതയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹനു നേരെ പ്രയോഗിച്ചത്. ''ഇവിടെ നിന്ന് കാടും പടലും തല്ലാതെ എങ്ങനെയാണ് മോഷണം നടന്നതെന്ന് ഞങ്ങളോട് പറയുക. എനിക്ക് കൊള്ളക്കാരെക്കുറിച്ച് യാതൊരു പരാതിയുമില്ല, പക്ഷേ നിങ്ങളുടെ നേതൃത്വത്തെ ഞാൻ ചോദ്യം ചെയ്യുന്നു.''
ആരും പ്രതീക്ഷിക്കാത്തൊരു മറുപടിയാണ് അതിനു മൻമോഹൻസിങ് നൽകിയത്. അല്ലാമ ഇഖ്ബാലിന്‍റെ വരികളായിരുന്നു അവ.. ''നിങ്ങളുടെ കണ്ണിൽ എനിക്ക് വിലയില്ലെന്നതിനെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ എന്‍റെ ബദ്ധശ്രദ്ധയെ തീവ്രമായ അഭിലാഷത്തെ മാത്രം നോക്കുക...''
2013ലും ഇരു നേതാക്കളും തമ്മിൽ ഇതേ രീതിയിൽ പോരടിച്ചു. അന്ന് മിർസ ഖലീബിന്‍റെ വരികൾ കൊണ്ട് അമ്പെയ്തത് മൻമോഹനാണ്. ''സ്നേഹമെന്താണെന്ന് അറിയാത്തവരിൽ നിന്നാണ് ഞാൻ സ്നേഹം പ്രതീക്ഷിക്കുന്നത്. ''
അതിനു മറുപടിയായി ബാഷിർ ബാദിറിന്‍റെ വരികളാണ് സുഷമ സ്വരാജ് ചൊല്ലിയത്. ''സ്നേഹത്തെ ആരും വെറുതേ അവഗണിക്കുകയില്ല. ചില നിർബന്ധങ്ങൾ ഉണ്ടായിരിക്കുമെന്ന് മാത്രം''.
പിന്നീട് അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും അദ്ദേഹം ചില കവിതാശകലങ്ങളെ കൂട്ടു പിടിച്ചു. ''എന്‍റെ മൗനം ആയിരം ചോദ്യങ്ങളേക്കാൾ മികച്ചതാണ്... അല്ലെങ്കിൽ ചോദ്യങ്ങളെയെല്ലാം തുറന്നു കാട്ടാൻ മാത്രം ശക്തമാണ്...''