
പ്രൊഫ. എം.കെ. സാനു
കൊച്ചി: അധ്യാപകനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. വാഗ്മി, ചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളെജിൽ അധ്യാപകനായിരുന്നു. 1987ൽ എറണാകുളത്തു നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ എന്ന പുസ്തകത്തിന്
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും അവധാരണം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചിരുന്നു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്നേഹ ഭാജനെ എന്ന ജീവ ചരിത്രം ഉൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്.കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
1928 ഒക്റ്റോബർ 27ന് തുമ്പോളിയിലാണ് എം.കെ. സാനു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് മലയാളത്തിൽ എംഎ ബിരുദം നേടിയത് ഒന്നാം റാങ്കോടെയാണ്. പിന്നീട് കൊല്ലം ശ്രീനാരായണ കോളെജ്. എറണാകുളം മഹാരാജാസ് കോളെജ് എന്നിവിടങ്ങളിൽ അധ്യാപകനായി.1958ൽ ആണ് ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അഞ്ച് ശാസ്ത്ര നായകന്മാർ എന്നായിരുന്നു പേര്. പിന്നീട് കാറ്റും വെളിച്ചവും എന്ന വിമർശന ഗ്രന്ഥവും പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 86ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡന്‍റായി. 87ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എംഎൽഎ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
മുൻ മന്ത്രി വൈക്കം മാധവന്‍റെ മകൾ എൻ രത്നമ്മയാണ് ഭാര്യ. മക്കൾ രഞ്ജിത്, രേഖ, ഗീത, സീത, ഹാരിസ്.
എറണാകുളം കാരയ്ക്കാമുറിയിലെ വസതിയായ സന്ധ്യയിൽ ഞായറാഴ്ച രാവിലെ എത്തിക്കും. 10 മണി മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടത്തും. വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.