

"ഈഗോ ഉണ്ടായിരുന്നെങ്കിലും രാവണൻ ജീനിയസായിരുന്നു"; പുകഴ്ത്തി അമീഷ് ത്രിപാഠി
നൈനിറ്റാൾ: രാമായണത്തിലെ രാക്ഷസ ചക്രവർത്തിയായ രാവണനെ പുകഴ്ത്തി സാഹിത്യകാരൻ അമീഷ് ത്രിപാഠി. കുറച്ച് ഈഗോയും ദേഷ്യം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടായിരുന്നുവെങ്കിലും ജ്ഞാനത്തിലും കലാപരമായും അദ്ദേഹം ഒരു ജീനിയസ് ആയിരുന്നുവെന്നും ഹിമാലയൻ എക്കോസ് ഫെസ്റ്റിന്‍റെ പതിനൊന്നാം എഡിഷനിൽ സംസാരിക്കുന്നതിനിടെ അമീഷ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പരമ്പരാഗത കാലത്തുണ്ടായിരുന്നവർക്ക് രാവണനെക്കുറിച്ച് ഇപ്പോഴുള്ളതിനേക്കാൾ സങ്കീർണവും സൂക്ഷ്മവുമായ അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാവണൻ ഒരു ജീനിയസായിരുന്നു, വേദങ്ങളുടെ ആചാര്യൻ, രുദ്ര വീണ പോലുള്ള സംഗീത ഉപകരണങ്ങൾ കണ്ടെത്തിയയാൾ, വായിക്കാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു ഉപകരണമാണ് രുദ്ര വീണ. വളരെ കുറച്ചു പേർക്കു മാത്രമേ അതു വായിക്കാനാകൂ. മാത്രമല്ല പരമശിവനെ പുകഴ്ത്തി ഗീതങ്ങളും രചിച്ചു. നമ്മുടെ പൂർവികർ അദ്ദേഹത്തിന്‍റെ അപാരമായ കഴിവുകൾ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന് ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്ത പ്രശ്നവും ഈഗോയും ഉണ്ടായിരുന്നുവെന്നും അവർ മനസിലാക്കിയിരുന്നു"... അമീഷ് പറഞ്ഞു.
ഗ്രേറ്റർ നോയ്ഡയിലെ ഒരു ഗ്രാമമായ ബിസ്രാക്കിലാണ് രാവണൻ ജനിച്ചതെന്നും അതു കൊണ്ടു തന്നെ അദ്ദേഹം ഡൽഹിയിലെ ഒരു ബ്രാഹ്മണ യുവാവ് ആയിരുന്നുവെന്നു വേണം കരുതാൻ എന്നും അമീഷ് പറയുന്നു. രാം ചന്ദ്ര സീരിസിൽ രാവൺ: എനിമി ഒഫ് ആര്യാവർത്ത എന്നൊരു പുസ്തകവും അമീഷ് രചിച്ചിട്ടുണ്ട്. പ്രശസ്തമായ ശിവാസ് ട്രൈലോജി സിനിമയാക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും അമീഷ് ഉത്തരം നൽകി. ശിവാസ് ട്രൈലോജി മാത്രം നാലു സിനിമയ്ക്കുള്ളതുണ്ട്. ഓരോന്നിനും വലിയ ബഡ്ജറ്റും ആവശ്യം വരും. രാം ചന്ദ്ര സീരീസും വലിയ ബഡ്ജറ്റ് ആവശ്യപ്പെടുന്നുണ്ട്. ഭാവിയിൽ സിനിമയാകുമെന്നാണ് പ്രതീക്ഷയെന്നും അമീഷ് കൂട്ടിച്ചേർത്തു.