

റോബർട്ട് കിയോസാകി
കടത്തിൽ മുങ്ങി പ്രശസ്ത മോട്ടിവേഷൻ എഴുത്തുകാരനായ റോബർട്ട് കിയോസാകി. ആഗോളതലത്തിൽ വലിയ രീതിയിൽ വിറ്റഴിഞ്ഞ റിച്ച് ഡാഡ് പുവർ ഡാഡ് എന്ന സെൽഫ് ഹെൽപ്, പേഴ്സണൽ ഫിനാൻസ് പുസ്തകത്തിന്‍റെ രചയിതാവാണ് റോബർട്ട്. 1.2 ബില്യൺ ഡോളറിന്‍റെ കടമാണ് 79കാരനായ റോബർട്ടിനുള്ളത്. 1997ൽ ഇറങ്ങിയ പുസ്തകത്തിന്‍റെ 44 മില്യൺ കോപ്പികളാണ് ആഗോളതലത്തിൽ വിറ്റഴിഞ്ഞത്.
ഗെറ്റ് റിച്ച് എജ്യുക്കേഷൻ പോഡ്കാസ്റ്റിലാണ് റോബർട്ട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വരുമാനമുണ്ടാക്കാവുന്ന തരത്തിലുള് ആസ്തികൾ വാങ്ങിക്കുന്നതിനായി കടം വാങ്ങുന്നത് നല്ലതാണെന്നാണ് റോബർട്ടിന്‍റെ വാദം. ആസ്തിയുടെ മൂല്യം കൂടുമ്പോൾ അവ ഈടുവെച്ച് വായ്പയെടുക്കുന്ന രീതിയാണ് കിയോസാക്കി പിന്തുടരുന്നത്.
വായ്പയിലൂടെ ലഭിക്കുന്ന തുകയെ, ആസ്തി വിൽക്കുന്നതിന് പകരം നികുതിരഹിത വരുമാനമായാണ് അദ്ദേഹം കണക്കാക്കുന്നത്. കൂടാതെ, ഒരു ഇടപാട് പരാജയപ്പെട്ടാൽ അത് മറ്റൊന്നിനെ ബാധിക്കാതിരിക്കാൻ ഓരോ നിക്ഷേപത്തെയും പ്രത്യേകം എൽഎൽസി കമ്പനികളിലായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്നാൽ മറ്റാരും തന്നെ മാതൃകയാക്കി എടുത്തു ചാടി ഈ രീതി പിന്തുടരരുതെന്നും അദ്ദേഹം പറയുന്നു. 1974 മുതൽ നിരന്തരം പഠനം നടത്തിയതിനു ശേഷമാണ് ഞാനീ രീതി പ്രാവർത്തികമാക്കിയത്. നിങ്ങളിത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ച് ആദ്യം പഠനം നടത്തേണ്ടതാണ് എന്നും കിയാസാകി പറയുന്നു.