

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി.
File
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ 'അടിയന്തരാവസ്ഥ' പ്രഖ്യാപനം ചരിത്രപരമായ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപെഴ്സൺ സോണിയ ഗാന്ധി. തന്‍റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകം പുറത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ ദി ഗാർഡിയൻ എന്ന ബ്രിട്ടിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുകൾ. ഇന്ദിര ഗാന്ധി ജനാധിപത്യവാദി ആയിരുന്നുവെന്നും അതിനാൽ അടിയന്തരാവസ്ഥയുടെ ഭാരം അവരുടെ മനസിൽ കനത്തു കിടന്നിരുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനുള്ളിൽ കടുത്ത ഭിന്നതകളുണ്ടായിരുന്നുവെന്നാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. അടിയന്തരാവസ്ഥയെ സോണിയയുടെ ഭർത്താവ് രാജീവ് ഗാന്ധി ശക്തമായി എതിർത്തിരുന്നു.
സോണിയ ഗാന്ധിയുടെ ആത്മകഥ - ബിലോങ്ങിങ്.
അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരിക്കാനാണ് അമ്മയോട് രാജീവ് ആവശ്യപ്പെട്ടത്. എന്നാൽ, ഇളയ മകൻ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കടുത്ത സമ്മർദം ചെലുത്തി. "അവർ അമ്മയെ നശിപ്പിക്കും, അവരെ തടഞ്ഞേ തീരൂ" എന്നായിരുന്നു ഒരു കുടുംബ അത്താഴ വേളയിൽ സഞ്ജയ് വാദിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.
സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പല വലിയ നാശനഷ്ടങ്ങളും അതിക്രമങ്ങളും ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നുവെന്നും സോണിയ ഗാന്ധി തന്‍റെ പുസ്തകത്തിൽ തുറന്നെഴുതുന്നു. രാജീവ് ഗാന്ധി ഇക്കാര്യത്തിൽ അമ്മയോടു തർക്കിക്കാൻ ശ്രമിച്ചെങ്കിലും ഇന്ദിര ഗാന്ധി അത് കേൾക്കാൻ തയാറായില്ലെന്നും സോണിയ.
"പലരും ഇതിനെച്ചൊല്ലി ചിരിച്ചേക്കാം, പക്ഷേ ഇന്ദിരാജി ഉള്ളിൽ കരുണയുള്ള ഒരു ഡെമോക്രാറ്റ് ആയിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. അടിയന്തരാവസ്ഥയുടെ വഴിയിൽ അവർ ഒരിക്കലും സന്തോഷവതിയായിരുന്നില്ല. അതവരുടെ മനസിനെ വല്ലാതെ വേട്ടയാടിയിരുന്നു," സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
രാജ്യത്ത് നടന്ന അക്രമങ്ങളും കലാപങ്ങളും ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളും കണക്കിലെടുത്താണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ എന്ന ചിന്തയിലേക്ക് എത്തിയതെന്നാണ് സോണിയ വാദിക്കുന്നത്. എന്നാൽ, പിന്നീട് സ്വന്തം ജ്ഞാനത്തിലൂടെ കാര്യങ്ങൾ തിരിച്ചറിഞ്ഞ ഇന്ദിരാജി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും, അതിക്രമങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തുവെന്നും സോണിയ ഓർമിക്കുന്നു.