സൂഫിസവും വഖഫും

നൂറ്റാണ്ടുകളായി, സൂഫി സന്യാസിമാരും അവരുടെ ആത്മീയ ദർശനങ്ങളും ജാതി, മത ഭേദമെന്യേ ധാരാളം അനുയായികളെ ആകർഷിച്ചിട്ടുണ്ട്.
Special article on Sufism and waqf

സൂഫിസവും വഖഫും

Updated on

സയ്യിദ് നസ്‌റുദ്ദീൻ ചിഷ്തി

ഇസ്‌ലാമിന്‍റെ ആത്മീയ മാനമായ സൂഫിസം, സ്നേഹം, കാരുണ്യം, മാനവിക സേവനം, ആത്മ ശുദ്ധീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സവിശേഷ പാതയാണ്. ഇന്ത്യൻ സൂഫി സന്യാസ പാരമ്പര്യത്തിലെ മഹാത്മാക്കളായ, ഹസ്രത്ത് ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി (RZ), ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ (R.A) എന്നിവരടക്കമുള്ള ഒട്ടേറെ സൂഫി സന്യാസിവര്യമാർ ജനസമൂഹങ്ങൾക്കിടയിൽ സമാധാനം (അമാൻ), സഹിഷ്ണുത, ഐക്യം എന്നിവയുടെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്വജീവിതം സമർപ്പിച്ചു. അവരുടെ പ്രബോധനങ്ങൾ ജാതി, മത, വർഗ, വർണ ഭേദങ്ങൾക്ക് അതീതമായി, മാനവികതയുടെയും ആത്മ ജ്ഞാനത്തിന്‍റെയും സംസ്‌കാരത്തെ പോഷിപ്പിച്ചു.

ഔലിയ- ഇ- കിറാം സ്ഥാപിച്ച ഖാൻഖകളും ദർഗകളും ആത്മീയ മാർഗദർശനം, ദാനധർമം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുടെ കേന്ദ്രങ്ങളായി മാറി - വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന, രോഗികൾക്ക് ചികിത്സ നൽകുന്ന, സത്യത്തിന്‍റെ പാത തേടുന്നവർക്ക് ആത്മീയ പ്രബുദ്ധത നൽകുന്ന, അന്വേഷക ഹൃദയങ്ങൾ പ്രകാശിപ്പിക്കുന്ന കേന്ദ്രങ്ങളായി അവ മാറി.

ഇസ്‌ലാമിന്‍റെ ആധ്യാത്മിക ശാഖയായ സൂഫിസം ഇന്ത്യയുടെ മതപരവും സാമൂഹികവും സാംസ്‌കാരികവുമായ ഭൂമികയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി, സൂഫി സന്യാസിമാരും അവരുടെ ആത്മീയ ദർശനങ്ങളും ജാതി, മത ഭേദമെന്യേ ധാരാളം അനുയായികളെ ആകർഷിച്ചിട്ടുണ്ട്. അവരുടെ ആത്മീയ സ്വാധീനത്തോടൊപ്പം, ഇസ്‌ലാമിക നിയമപ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വത്ത് സംഭാവന ചെയ്യുന്ന വഖഫ് പോലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനും സൂഫികൾ സംഭാവന നൽകി. ആത്മീയത, സാമൂഹ്യക്ഷേമം, സാംസ്‌ക്കാരിക പൈതൃകം എന്നിവയുടെ സുപ്രധാന കേന്ദ്രങ്ങളായി വർത്തിക്കുന്ന ദർഗകൾ എന്ന പേരിലറിയപ്പെടുന്ന സൂഫി ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വഖഫ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

സൂഫിസവും വഖഫും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. ഒരു വശത്ത്, സൂഫികൾ അല്ലാഹുവിന്‍റെ സേവനത്തിനായി സ്വയം സമർപ്പിക്കുന്നു. മറുവശത്ത്, അവരുടെ മുഴുവൻ സമ്പത്തും വസ്തുവകകളും ജാതി, മത, വർഗ, വർണ ഭേദമെന്യേ ജനതാത്പര്യത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി സമർപ്പിക്കുന്നു.

ഇസ്‌ലാമിക ചരിത്രത്തിലും ആത്മീയതയിലും ആഴത്തിൽ വേരൂന്നിയ, നമ്മുടെ പ്രവാചകൻ ഹസ്രത്ത് മുഹമ്മദ് മുസ്തഫ (സല്ലല്ലാഹു അലൈഹി വസല്ലം) യുടെ കാലം മുതൽ സാമൂഹിക ഉന്നമനത്തിൽ നിർണായക പങ്ക് വഹിച്ചു പോരുന്ന, വഖഫിന്‍റെ ശ്രദ്ധേയമായ പൈതൃകത്തെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വഖഫുമായി ബന്ധപ്പെട്ട അതിപുരാതനവും സുപ്രധാനവുമായ ഉദാഹരണങ്ങളിലൊന്ന് മദീന മുനവ്വറയിൽ ഹസ്രത്ത് ഉസ്മാൻ ഇ ഘാനി (റസിഅല്ലാഹു തഅല അൻഹു) സ്ഥാപിച്ചതാണ്. ജലക്ഷാമം രൂക്ഷമായ സമയത്ത്, അദ്ദേഹം ബിർ- ഇ- റൂമ കിണർ വാങ്ങി വഖഫായി സമർപ്പിച്ചു. അതിലെ ജലം മദീനയിലെ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കി. അദ്ദേഹത്തിന്‍റെ നിസ്വാർഥമായ ഉദാരമാനസ്കത ഇസ്‌ലാമിലെ ആദ്യകാല വഖഫ് സംഭാവനകളിൽ ഒന്നായി രേഖപ്പെടുത്തപ്പെട്ടു.

14 നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഹസ്രത്ത് ഉസ്മാൻ ഇ ഘാനിയുടെ (Rz) വഖഫ് ഇപ്പോഴും സജീവമാണ് എന്നതാണ് ഏറെ പ്രചോദനാത്മകം. ബിർ-ഇ റൂമയ്ക്ക് ചുറ്റുമുള്ള ഭൂമി വഖഫ് ആയി പ്രഖ്യാപിക്കപ്പെടുകയും ഈന്തപ്പന കൃഷി ഉൾപ്പെടെയുള്ള ആധുനിക മാർഗങ്ങളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. ഈ വഖഫിൽ നിന്നുള്ള വരുമാനം മദീനയിലെ അനാഥർ, വിധവകൾ, തീർഥാടകർ എന്നിവർക്കുള്ള സഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇപ്പോഴും ഉപയോഗിക്കുന്നു. പ്രാരംഭ വഖഫിന് ശേഷവും തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന സദഖ ജാരിയയുടെ (തുടർച്ചയായ ദാനധർമം) സമകാലിക ഉദാഹരണമായി ഇത് നിലകൊള്ളുന്നു.

ഈ ഭവ്യ മാതൃക പിന്തുടർന്ന്, ഇന്ത്യയിലെ സൂഫി സന്യാസിമാർ മാനവരാശിയെ സേവിക്കുന്നതിനും സമൂഹത്തിന്‍റെ ഉന്നമനത്തിനുമായി, വിശാലമായ ഭൂമിയും സ്വത്തുക്കളും വഖഫായി സമർപ്പിച്ചു. ഖാൻഖകളും ദർഗകളും സ്ഥാപിക്കുന്നതിലും, ആത്മീയ മാർഗദർശനവും ആതിഥ്യ മര്യാദയും നൽകുന്നതിലും, മതമോ പശ്ചാത്തലമോ പരിഗണിക്കാതെ ദരിദ്രർക്ക് ഭക്ഷണം നൽകുന്ന ലങ്കാറുകൾ (സമൂഹ അടുക്കളകൾ) നടത്തുന്നതിലും, പിന്നാക്കക്കാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും, രോഗികൾക്കും ദരിദ്രർക്കും ചികിത്സ നൽകുന്ന ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുന്നതിലും, അനാഥർക്കും വിധവകൾക്കും വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ നൽകുന്നതിലും ഈ വഖഫ് എൻഡോവ്‌മെന്‍റുകൾ നിർണായക പങ്ക് വഹിച്ചു. ഈ സംരംഭങ്ങൾ സൂഫിസത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളായ സേവനം, ദാനശീലം, കാരുണ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നു - ഇന്ത്യാ ചരിത്രത്തിലുടനീളം സൗഹാർദവും സർവാശ്ലേഷിത്വവും പുലർത്തുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഇവയെല്ലാം സഹായകമായി വർത്തിച്ചു.

നിർഭാഗ്യവശാൽ, നിലവിൽ ഇന്ത്യയിലെ പല വഖഫ് സ്വത്തുക്കൾ മൻഷാ- ഇ- ക്വിഫ് (ദാതാവിന്‍റെ യഥാർഥ ഉദ്ദേശ്യം) അനുസരിച്ച് ഉപയോഗിക്കുന്നില്ല. പല സംസ്ഥാന വഖഫ് ബോർഡുകളിലെയും വ്യാപകമായ കെടുകാര്യസ്ഥത, അഴിമതി, ഉത്തരവാദിത്ത രാഹിത്യം എന്നിവ വിലപ്പെട്ട വഖഫ് ഭൂമികളുടെയും സ്ഥാപനങ്ങളുടെയും അവഗണന, ദുരുപയോഗം, നിയമവിരുദ്ധമായ കൈവശപ്പെടുത്തൽ എന്നിവയിലേക്ക് നയിച്ചു. ഇത് എണ്ണമറ്റ ആളുകൾക്ക് ഈ വഖഫ് സ്വത്തുക്കൾ മുഖേന ലഭ്യമാക്കാൻ ഉദ്ദേശിച്ച സേവനങ്ങളും പിന്തുണയും നിഷേധിച്ചു.

വഖഫ് സ്വത്തുക്കളും ദർഗകളും വലിയ സംഭാവനകൾ നൽകിയിട്ടും, ആധുനിക ഇന്ത്യയിൽ നിരവധി വെല്ലുവിളികൾ നേരിടുന്നു. വഖഫ് ബോർഡുകളിലെ അഴിമതിയും ദുർഭരണവും വഖഫ് ഭൂമികൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനോ ദുരുപയോഗം ചെയ്യുന്നതിനോ കാരണമായിട്ടുണ്ട്. വഖഫ് ഭരണത്തിൽ സാമ്പത്തിക ദുർവിനിയോഗം നടന്നതായും ഇത് വരുമാന നഷ്ടത്തിന് കാരണമായതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വഖഫിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹ്യ ക്ഷേമത്തിൽ അതിന്‍റെ പങ്കിനെക്കുറിച്ചും പലർക്കും അറിയില്ല, ഇത് വഖഫ് വിഭവങ്ങളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്നു. പല വഖഫ് സ്വത്തുക്കളും ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, പൊതുജനങ്ങളുടെ പ്രയോജനത്തിനായി അവയുടെ ഫലപ്രദമായ വിനിയോഗം വൈകുന്നു.

വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യ ക്ഷേമത്തിൽ അവയുടെ പങ്ക് മെച്ചപ്പെടുത്തുന്നതിനും ചില നടപടികൾ പരിഗണിക്കാവുന്നതാണ്. വഖഫ് സ്വത്തുക്കളിൽ കൈയേറ്റങ്ങൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി രേഖകൾ ഡിജിറ്റലൈസ് ചെയ്യുക, വഖഫ് ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനും സാമ്പത്തിക ദുരുപയോഗം തടയുന്നതിനും സ്വതന്ത്ര നിയന്ത്രണ സ്ഥാപനങ്ങൾ സ്ഥാപിക്കുക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് വഖഫ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, വഖഫ് സംഭാവനകളെക്കുറിച്ച് അവബോധം വളർത്തുകയും തീരുമാനമെടുക്കൽ പ്രക്രിയകളിൽ പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുക, വഖഫ് സംബന്ധമായ തർക്കങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിന് നിയമ പ്രക്രിയകൾ ത്വരിതപ്പെടുത്തുക എന്നിവയാണ് സ്വീകരിക്കാവുന്ന ചില നടപടികൾ.

വഖഫിന്‍റെ പൈതൃകത്തെയും സൂഫിസത്തിന്‍റെ ദർശനങ്ങളെയും ആദരിക്കുക, ഈ പവിത്രമായ ട്രസ്റ്റുകൾ തുടർന്നും സമൂഹത്തിന് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, സമാധാനം, സ്നേഹം, മാനവികതയ്ക്കുള്ള സേവനം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ഇവയെല്ലാം നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

(ദർഗ ഹസ്രത്ത് ഖ്വാജ മൊയ്‌നുദ്ദീൻ ഹസൻ ചിഷ്തിയുടെ (ആർഎ) പാരമ്പര്യ സജ്ജാദാനാഷിന്‍റെ പിൻഗാമിയും എഐഎസ്എസ്‌സി അധ്യക്ഷനുമാണ് ലേഖകൻ).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com