കലാകാരൻ കനകാംബര പൂക്കളിൽ തെരയുന്നത്

ഫ്രഞ്ച് എഴുത്തുകാരനും തത്വചിന്തകനുമായ ആൽബേർ കമ്യുവിന്‍റെ "നോട്ട് ബുക്സ്' പ്രസിദ്ധമാണ്
special story about literature

കലാകാരൻ കനകാംബര പൂക്കളിൽ തെരയുന്നത്

Updated on

കഴിഞ്ഞ ദിവസം ഒരു ചാനൽ അവതാരകൻ കെ.കെ. കൊച്ച് എന്ന ദളിത് ചിന്തകന്‍റെ പേരിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് കണ്ടു ഞെട്ടിപ്പോയി. കൊച്ച് എന്ന് വിളിക്കുന്നത് കൊച്ചാക്കാനാണെന്നും വളരരുത് എന്നാണ് അതിന്‍റെ അർഥമെന്നും അദ്ദേഹം വിശദീകരിക്കുകയാണ്!

എന്തിനെയും തലതിരിച്ചു നോക്കുന്ന രീതിയാണ് ചില മാധ്യമ പ്രവർത്തകർക്കെങ്കിലും ഉള്ളത്. വർഷങ്ങൾക്കു മുമ്പ് ചിത്രകാരൻ എം.വി. ദേവനുമായി സംസാരിച്ചപ്പോൾ അദ്ദേഹം ചിത്രങ്ങൾ വിലയിരുത്തുന്ന രീതി വെളിപ്പെടുത്തിയത് ഓർക്കുന്നു. ചിത്രം തലകീഴായി പിടിച്ചു നോക്കുമത്രേ. അതിന് അദ്ദേഹം പറഞ്ഞ ന്യായമിതാണ്: "ഒരു ചിത്രത്തിന്‍റെ വർണ വിന്യാസവും വർണങ്ങളുടെ രൂപകല്പനയുമാണ് ഞാൻ നോക്കുന്നത്; അതിന്‍റെ അർഥമല്ല. അത് ക്യാൻവാസിനെ ആകർഷകമാക്കാനുള്ള ഘടകങ്ങളാണ്'.

ദേവന്‍റേത് വർണങ്ങളുടെ ഉപനിഷദ് തേടിയ ഒരു ചിത്രകാരനിൽ നിന്നുള്ള പ്രതികരണമാണെങ്കിൽ, ഇവിടെ ചിലർ ആശയത്തെ തന്നെ അട്ടിമറിക്കുന്നു. നിർദോഷകരമായ പരാമർശങ്ങൾ പോലും താർക്കികമായ അതിബുദ്ധി ഉപയോഗിച്ച് വക്രീകരിക്കുകയാണ്. അതിരുവിട്ട വ്യാഖ്യാനവും അപഗ്രഥനവും വളച്ചൊടിക്കലും വസ്തുതയെ തന്നെ ഇല്ലാതാക്കും. ഒരു വസ്തുതയില്ലാതിരിക്കുമ്പോഴാണ് വ്യാഖ്യാതാക്കൾ കാടുകയറുന്നത്. വസ്തുതയ്ക്ക് പകരം കള്ളത്തരം പ്രതിഷ്ഠിക്കുകയാണ്. വസ്തു ഇല്ലെങ്കിലെന്താ വ്യാഖ്യാതാക്കൾ ഉണ്ടായാൽ മതിയല്ലോ! ദുർവ്യാഖ്യാനവും അപനിർമാണവുമാണ് ടെലിവിഷൻ ജേണലിസത്തിന്‍റെ തുരുപ്പു ചീട്ടുകൾ. എന്തും വ്യാഖ്യാനിച്ച് യഥാർഥ വസ്തുതയെ സന്ദിഗ്ധമാക്കുന്നു. വ്യാഖ്യാനം ഒരു വ്യവസായമായിരിക്കുകയാണ്. അത് ഒരു തൊഴിലാകുമ്പോൾ ഇക്കാര്യത്തിൽ പ്രേക്ഷകർക്കൊന്നും ചെയ്യാനാവില്ല.

കൊച്ചായിരിക്കുന്നത് നല്ലത്

കൊച്ച് എന്നത് വാത്സല്യത്തിന്‍റെ പേരാണ്. അതു പോലും മലിനമാണെന്ന് പ്രചരിപ്പിക്കുന്നു. എത്ര വലിയവനെയും കുട്ടിയായി കാണുന്നത് മാതാപിതാക്കളുടെ സ്വഭാവമാണ്. അവരുടെ ഓമനത്തത്തിന്‍റെ പേരാണത്‌. അവർക്ക് കുട്ടി മുതിർന്നാലും അവൻ കള്ളനാണ്, കുസൃതിക്കാരനാണ്. മുതിരുമ്പോൾ കാപട്യവും കുബുദ്ധിയും ഉപയോഗിക്കുന്നവരെ കാണാം. അതുകൊണ്ട് കൊച്ചായിരിക്കുന്നത് ഇഷ്‌ടപ്പെടുന്നവരുണ്ട്. ബാല്യത്തിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്ന എത്രയോ മധ്യവയസ്കരുണ്ട്. മനസിൽ ഒരു കുട്ടി ഉണ്ടാവണം. അതോർമിപ്പിച്ച പേരാണ് കെ.കെ. കൊച്ചിന്‍റേത്. പാപവും ക്രൂരതയും നിറഞ്ഞ മുതിർന്നവരുടെ ലോകത്ത് കളങ്കമറിയാതെ ഒരു കുട്ടിയായി ജീവിക്കാനാണ് കെ.കെ. കൊച്ചിന് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ ആ പേര് നൽകിയത്.

കൊച്ച് എന്നാൽ വളരരുത് എന്നാണ് അർഥമെങ്കിൽ മൂത്തത് എന്ന് പേര് കൊടുത്താൽ എന്തായിരിക്കും അർഥം? വൈക്കത്ത് പാച്ചു മൂത്തത് എന്നൊരാൾ ഉണ്ടായിരുന്നല്ലോ.

ഒരു ദളിതന് ജാതീയമായ അടിച്ചമർത്തൽ നേരിടേണ്ടി വരുന്നത് ഇന്നത്തെ സമൂഹത്തിൽ പുതിയ കാര്യമല്ല. എന്നാൽ അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ അത് മുൻകൂട്ടി കണ്ടിരിക്കണം. തങ്ങളുടെ കുട്ടി വിഭാഗീയത നിറഞ്ഞ ഈ ലോകത്ത് ഒരു മുതിർന്നവനായി അവതരിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും, യാതൊരു മേഖലയിൽ നിന്നും കാരുണ്യം കിട്ടാനിടയില്ലെന്നും അവർ കണ്ടെത്തിയിരിക്കണം. അപ്പോൾ കുട്ടിയുടെ പേര് വിളിക്കുന്നവർ അറിയാതെ തന്നെ അവനിലെ കുട്ടിയെ ആദരിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ എന്നായിരിക്കും അവർ കരുതിയിട്ടുണ്ടാവുക. പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് അപ്പൻ, ദേവൻ തുടങ്ങിയ പേരുകൾ ലഭിച്ചത് അങ്ങനെയാണ്.

എല്ലാം "രാഷ്‌ടീയ ശരി' വച്ച് നോക്കുന്നതാണ് അപകടം. സാഹിത്യവും കവിതയുമെല്ലാം രാഷ്‌ടീയ ശരിയുടെ വക്താക്കൾ കൈയേറി നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം, വിദ്യാഭ്യാസമുള്ള ഒരാൾ മലയാളത്തിലെ പ്രശസ്തവും പ്രസക്തമായ ഒരു നോവലിനെക്കുറിച്ച് പറഞ്ഞത് അത് സ്ത്രീവിരുദ്ധമാണ് എന്നാണ്! എന്തിനെയും സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിക്കുകയാണ്!

ചന്ദ്രബിംബത്തെ സ്ത്രീയോട് ഉപമിച്ചാൽ അതും ഈ രാഷ്‌ടീയ ശരിക്കാർ സ്ത്രീവിരുദ്ധമാക്കും. അന്തസുള്ള സ്ത്രീയെ എന്തിന് ജീവനില്ലാത്ത ഒരു ഗ്രഹവുമായി തുല്യപ്പെടുത്തി എന്നാവും തർക്കം. ചന്ദ്രനിൽ ജീവനില്ലാത്തതു കൊണ്ട് ചന്ദ്രബിംബത്തെ സ്ത്രീയോട് ബന്ധിപ്പിക്കേണ്ടതില്ല എന്നായിരിക്കും വാദം. ഈ രാഷ്‌ടീയ ശരിക്കാർ ഇനി സാഹിത്യ ക്യാംപുകളിലേക്ക് കടന്നു കയറി പ്രഭാഷണം നടത്താൻ സാധ്യതയുണ്ട്. പുതിയ സർക്കാരിന് ഏറ്റവും വലിയ ഭീഷണി നേരിടേണ്ടി വരുക കപട രാഷ്‌ടീയ ശരിക്കാരിൽ നിന്നായിരിക്കും. അവരുടെ കൈയിൽ ഏതാനും ഒറ്റമൂലികളുണ്ട്. അത് വച്ച് അവർ എല്ലാത്തിനെയും നോക്കുകയാണ്.

കടമ്മനിട്ടയും എ. അയ്യപ്പനും

സാഹിത്യകലയെ അതിന്‍റെ സൗന്ദര്യത്തിന് വിട്ടുകൊടുക്കാത്ത അരസികന്മാർ തഴച്ചുവളരുകയാണ്. നോവൽ അല്ലെങ്കിൽ ചെറുകഥ ഒരു രാഷ്‌ടീയ പാർട്ടിയല്ല; പാർട്ടിക്കാർക്ക് സ്ത്രീകൾക്ക് സംവരണം കൊടുക്കേണ്ടിവരും. എന്നാൽ കടമ്മനിട്ടയ്ക്കോ എ. അയ്യപ്പനോ അങ്ങനെയൊരു സംവരണം കൊടുക്കാനാവില്ല. അവർ സൗന്ദര്യമാണ് തേടുന്നത്.

ഈ മഹാപ്രപഞ്ചത്തിന്‍റെ ജൈവ പ്രതിഭാസങ്ങളിൽ നിന്ന് ഉത്ഭൂതമാകുന്ന പ്രഹേളികാ സ്വഭാവമുള്ള അനുഭവങ്ങളിൽ തീയാണുള്ളത്. ആ അഗ്നിയെ സമീപിക്കുമ്പോൾ പൊള്ളും. ആ പൊള്ളലിൽ നശിക്കാതിരിക്കാനാണ് ഒരു യഥാർഥ കലാകാരൻ പെടാപ്പാടു പെടുന്നത്. അതാണ് അവന്‍റെ ലക്ഷ്യവും മാർഗവും. അവൻ, ചിലപ്പോൾ, ജീവിക്കുന്നത് തന്നെ അതിനുവേണ്ടി മാത്രമാണ്. രാഷ്‌ടീയ പാർട്ടികളോ എൻജിഒകളോ അവന്‍റെ പ്രശ്നങ്ങൾ കേൾക്കുകയില്ല. അവൻ അന്തഃകരണത്തിൽ മുറിവേറ്റ ഒരു മനുഷ്യനാണ്. അവനിൽ ഒരു ജ്വാലയുണ്ട്. അതിൽ നിന്ന് അവൻ ഈ ഭൂമിയിലേക്ക് അഗ്നിയുടെ സൗന്ദര്യം സംക്രമിപ്പിക്കുകയാണ്. അത് അലൗകികമായ അഗ്നിയാണ്. ലോകത്ത് കാണാത്തതും കണ്ടുപിടിക്കാത്തതുമായ അഗ്നിയാണ് അവന്‍റെ പക്കലുള്ളത്. അത് അവന്‍റെ സമ്പാദ്യമോ നീക്കിയിരുപ്പോ അല്ല. അവനിൽ അങ്കുരിച്ച ജീവിതപ്രേമത്തിന്‍റെ ഫലമായുണ്ടായ ഒരു ആളലാണത്. അത് ഭീകരമാണ്. ജീവിതത്തിന്‍റെ നൈമികവും അമൂല്യവുമായ സൗന്ദര്യത്തെ ഏറ്റുവാങ്ങാൻ താൻ അശക്തനാണെന്ന് അറിഞ്ഞുകൊണ്ടാണ് അവൻ എഴുതുന്നത്. അതിന് ഏകാന്തത വേണം. അവന്‍റെ ഭാഷ അവനു കൊടുക്കണം. അവന്‍റെ ഭാഷയിൽ രാഷ്‌ടീയ ശരിക്കാരും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാരും മാധ്യമങ്ങളും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

വാക്കുകൾ അധികാരികൾ വിലകൊടുത്തു വാങ്ങിവയ്ക്കുന്നു. അവരിൽ നിന്ന് വാക്കിനെ സ്വതന്ത്രമാക്കി അതിന് ആത്മാവിന്‍റെ പുഷ്പവാടിയിലെ കനകാംബര പൂക്കളുടെ ആകാശ നീലിമ നൽകണം. ആകാശത്ത് തുന്നിവച്ചിരിക്കുന്ന കനകാംബര പൂക്കൾ അവന്‍റെ മനസിലാണുള്ളത്. അതിൽ ധ്യാനലീനമാകുകയാണ് കവി. അത് ദുർലഭമായ ഒരു പൂന്തോട്ടമാണ്.

കമ്യുവിന്‍റെ പ്രക്ഷോഭം

ഫ്രഞ്ച് എഴുത്തുകാരനും തത്വചിന്തകനുമായ ആൽബേർ കമ്യുവിന്‍റെ "നോട്ട് ബുക്സ്' പ്രസിദ്ധമാണ്. ഇതിന്‍റെ സമഗ്രമായ എഡിഷൻ സമീപകാലത്താണ് പ്രസിദ്ധീകരിച്ചത്. "ദ് കംപ്ലീറ്റ് നോട്ട് ബുക്സ്' എന്നാണ് പേര്. അതിൽ കമ്യു വ്യക്തിപരമായ വിവരങ്ങളോ കുടുംബകാര്യങ്ങളോ എഴുതിയിട്ടില്ല. യാത്രകളും എഴുത്തുകാരെക്കുറിച്ചുള്ള അഭിപ്രായങ്ങളും കാണാം. തന്‍റെ രചനകളെക്കുറിച്ചുള്ള താത്വികമായ നിലപാടുകൾ അതിൽ കുറിക്കുന്നു.

കമ്യു ഒരു പ്രക്ഷോഭകാരിയെന്ന നിലയിലുള്ള തന്‍റെ ആശയങ്ങൾ ഇങ്ങനെ സംഗ്രഹിക്കുന്നു: "ഒന്നാമതായി ചെയ്യേണ്ടത് നിശബ്ദത പാലിക്കുക. ചുറ്റുപാടുമുള്ളവരെ ഒഴിവാക്കുകയും നിങ്ങളുടെ സ്വന്തം വിധികർത്താവായി മാറാൻ പഠിക്കുകയും വേണം. ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അറിവും സ്വന്തം ശരീരത്തോടുള്ള സജീവമായ പരിഗണനയും ബാലൻസ് ചെയ്യണം. എല്ലാ വാദങ്ങളും ഉപേക്ഷിച്ച് രണ്ട് തരത്തിലുള്ള സ്വാതന്ത്ര്യം നേടണം, പണത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും പൊങ്ങച്ചത്തിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യവും. ചില തത്വങ്ങൾ നമുക്ക് നിർബന്ധമാണ്. രണ്ടു വർഷമെടുത്ത് ചിന്തിച്ചാലും കുഴപ്പമില്ല. പഴയ വിഷമഘട്ടങ്ങളെ തുടച്ചുകളയുക. മുഴുവൻ ശക്തിയും സമാഹരിച്ച് ഒന്നിനെയും മറക്കാതിരിക്കുക, ക്ഷമയോടെ പഠിക്കുക'.

പ്രക്ഷോഭകാരിയായ ഒരു കലാകാരന്‍റെ പ്രചോദന സങ്കല്പത്തെയാണ് കമ്യു ഈ വാക്കുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിശബ്ദതയിലാണ് പുതിയ ആശയങ്ങൾ ഉണ്ടാകുന്നത്. പലവിധ ശബ്ദങ്ങൾക്കിടയിൽ, അനേകം രാഷ്‌ടീയ ശരിക്കാരുടെ വാഗ്വാദങ്ങൾക്കിടയിൽ നമുക്കൊന്നും മനസിലാകില്ല. ടെലിവിഷൻ അവതാരങ്ങളുടെ യന്ത്ര സംഭാഷണങ്ങളിൽ നിന്ന് ഒരു നിഗമനത്തിലെത്താനാവില്ല. പലതരം യുക്തികൾ ഒരുമിച്ച് അവതരിപ്പിച്ച് ഒരു പക്ഷം ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ടെലിവിഷൻ അവതാരകൾ പലരും രാഷ്‌ടീയ മോഹങ്ങളുമായി പാർട്ടികളുടെ കൂടാരത്തിലെത്തി. അത് ചൂണ്ടിക്കാണിക്കുന്നത് വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ഭേദപ്പെട്ടതായി വാർത്തകൾക്കിടയിൽ യാതൊന്നുമില്ല എന്നാണ്.

ഭീകരമായ സൗന്ദര്യധാര

കമ്യു ചൂണ്ടിക്കാട്ടുന്ന നിശബ്ദത കലയുടെ ആത്മാവാണ്. അവിടെ പേനയെടുക്കുന്ന ഒരാൾക്ക് മുന്നിൽ ഓഡിയൻസില്ല. അതൊക്കെ പിന്നീടാണ് സംഭവിക്കുന്നത്. കവി എ. അയ്യപ്പൻ തന്നെ വലയം ചെയ്ത ശബ്ദപ്രളയത്തിൽ ഏകാകിയായും നിശബ്ദനായും കഴിഞ്ഞ് ആത്മാവിൽ അടിഞ്ഞുകൂടിയ തീജ്വാല പുറത്തെടുക്കുന്നത് ഇങ്ങനെയാണ്:

"ഒരിക്കൽ നാനാവർണ ജീവിത

പ്രവാഹത്തിൻ ഒഴുക്കിൽ

പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ

വെറുതെ, വെറുമൊരു വേദനയോടെ

കൈയിലുണങ്ങി കരിഞ്ഞൊരു

പൂവുമായ് നിൽപ്പൂ ഗ്രീഷ്മം.

വേനലും കാറ്റും ഊറ്റിക്കുടിച്ച്

സൗന്ദര്യത്തിൻ വേപഥുവിന്

വാഴാനെല്ലാവരും മടിക്കവേ

പതുക്കെ കൈകൾ നീട്ടിയാ-

പൂവ് വാങ്ങി ഞാൻ

നിത്യസ്മൃതിക്ക് ചൂടി

ഭൂതകാലത്തെ രമിപ്പിക്കെ

മണ്ണിലെ ദുഃഖത്തിന്‍റെ

മൺകുടിൽ മുറ്റത്തിന്‍റെ

കണ്ണുനീർ പുഷ്പത്തിന്

നിന്നെക്കൊണ്ടാരോ പോയി'.

തന്നിലൂടെ കടന്നുപോകുന്ന ഭീകരമായ സൗന്ദര്യധാരയെ നിശബ്ദമായി നിന്നു ഒപ്പിയെടുക്കുകയാണ് കവി. കവിയെക്കാൾ ഭാരം കൂടിയ വലിയ അനുഭവത്തെയാണ് അദ്ദേഹം സ്വാംശീകരിക്കുന്നത്.

കമ്യു പറയുന്നുണ്ട്, ശരീരത്തിന്‍റെയും ജീവിച്ചിരിക്കുന്നു എന്ന് ബോധ്യത്തിന്‍റെയും സന്തുലിതാവസ്ഥ നിലനിർത്തണമെന്ന്. സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇത് ഉപകരിക്കും. മറ്റൊന്നു കൂടിയുണ്ട്, പണത്തിൽ നിന്നു സ്വാതന്ത്ര്യം വേണമെന്ന്; പൊങ്ങച്ചവും ഭീരുത്വവും ഉപേക്ഷിക്കണമെന്ന്. അപ്പോൾ വ്യക്തിക്ക് അസ്തിത്വത്തിന്‍റെ തായ്‌വേരിൽ ചെല്ലാനാവും. നമ്മൾ മാത്രമായിരിക്കുന്ന അവസ്ഥയിൽ ഭയമില്ല. അഹന്തയില്ല. ഓർമകൾ ഒന്നും തന്നെ കളയാനില്ല. ഒപ്പം പഴയ കാലഘട്ടങ്ങളിൽ സ്വയം നഷ്‌ടപ്പെടാനുമില്ല. എന്നാൽ പഠിക്കാൻ ഏറെയുണ്ട്.

കവിതയിൽ രാഷ്‌ടീയ ശരി വേണ്ട

അയ്യപ്പന്‍റെ കവിതയിൽ രാഷ്‌ടീയ ശരി അന്വേഷിക്കുന്നവർ കവിതയെക്കുറിച്ച് അറിവില്ലാത്തവരാണ്. ഒരു കവിത എങ്ങനെയാണ് സൃഷ്‌ടിക്കപ്പെടുന്നതെന്ന് അറിയാത്തവരാണ് കവിതയെ രാഷ്‌ടീയ ശരിയിൽ കെട്ടിയാടാൻ നോക്കുന്നത്. കവിതയിൽ രാഷ്‌ടീയ ശരി വേണ്ട. പ്രകൃതിക്കും സമൂഹത്തിനും എതിരാകാതിരുന്നാൽ മതി.

ഏതാനും നാൾ മുമ്പ് ഒരു കവി പ്രസംഗിക്കുകയാണ്, പൊയ്കയിൽ അപ്പച്ചനാണ് നവീന കവിതയുടെ പിതാവെന്ന്! അദ്ദേഹത്തിന് പൊയ്കയിൽ അപ്പച്ചനെയും നവീന കവിതയെയും അറിയില്ല. പൊയ്കയിൽ അപ്പച്ചൻ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പോരാടിയ മഹാനാണ്. അദ്ദേഹം സമൂഹത്തിലെ അനീതി ചൂണ്ടിക്കാണിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ അത് നവീന കവിതയല്ല. കവിത വസ്തുവിന്‍റെ ജീവതത്വപരമായ ഉണ്മയാണ് തിരക്കുന്നത്. ഒരു വസ്തുവിനെക്കുറിച്ച് എഴുതുമ്പോൾ അതിനെ പൊതുമണ്ഡലത്തിന്‍റെ കാഴ്ചപ്പാടിൽ നിന്നും മൂല്യത്തിൽ നിന്നും വ്യത്യസ്തമായി പരിശോധിക്കുകയാണ് കവിയുടെ സഹജമായ പ്രകൃതം. ഇത് തിരിച്ചറിയാതെയാണ് കവിത ജനാധിപത്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള മാധ്യമമാണെന്ന് തട്ടിവിടുന്നത്!

രജതരേഖകൾ

1) യതിയുടെ ജ്ഞാനസരണി

കാലടി ബുധസംഗമം പ്രസിദ്ധീകരിച്ച ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി സ്മരണിക- "യതിയുടെ ജ്ഞാനസരണി'- മനോഹരമായ ഒരു സമർപ്പണമാണ്. യതിയുമായി അടുപ്പമുള്ളവരും അദ്ദേഹത്തിന്‍റെ ആരാധകരും അടങ്ങിയ ഒരു സംഘമാണ് ഇതിൽ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. 850 പേജുള്ള ഈ പുസ്തകത്തിന്‍റെ വില 2,000 രൂപയാണ്. സ്വാമി നന്ദാത്മജാനന്ദ, പ്രമോദ് കൂരമ്പാല, ശശി മേമുറി എന്നിവരുടെ ചിത്രങ്ങൾ പുസ്തകത്തെ ആകർഷകമാക്കുന്നു. ബുധസംഗമം ഭാരവാഹികളായ ജയപ്രകാശ് ഒക്കൽ, കാലടി എസ്. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം പൂർത്തിയായത്. 161 പുസ്തകങ്ങളെഴുതിയ യതിയുടെ ജീവചരിത്രവും പ്രവർത്തനങ്ങളുടെ അവലോകനവും ഫോട്ടൊകളും ഇതിലുണ്ട്. യതിയെക്കുറിച്ച് വിദേശികൾ എഴുതിയ ലേഖനങ്ങൾ മറ്റൊരു സവിശേഷതയാണ്. 188 ലേഖകന്മാർ ഈ പുസ്തകത്തിൽ യതിയെക്കുറിച്ച് എഴുതിരിക്കുന്നു.

2) പി.ബി. ഋഷികേശൻ

പി.ബി. ഋഷികേശൻ കവിതകളുടെ സമാഹാരമാണ് "കാണാതാവുന്നവർ' (ഡിസി). ആത്മാവിൽ തറച്ച ബിംബങ്ങൾ എന്ന നിലയിൽ മനസിലേക്ക് ആഴ്ന്നിറങ്ങാൻ ശേഷിയുള്ളതാണ് ഈ കവിയുടെ വാങ്മയങ്ങൾ. "ജലനിയോഗം' എന്ന കവിത നോക്കൂ:

"മഴയായി താഴെയെത്തിയിട്ടും

മണ്ണിലേക്കിറങ്ങാനാവാതെ

തുറന്ന വാഗണിൽ മാനം നോക്കി

വിറങ്ങലിച്ചു നിൽക്കുന്നു.

കുന്നുകളും പാലങ്ങളും കടന്ന്

ഓരോ പുഴകളെയും കണ്ട് ഒഴുകാതെ

ആയിരം കിലോമീറ്ററകലെ

ഒരു കെട്ട ഗോഡൗണിന്‍റെ

മുന്നിലെത്തി ആവുകയാവുന്നു'.

3) ഇളവൂർ ശ്രീകുമാർ

ഇളവൂർ ശ്രീകുമാർ എഴുതിയ "ഇലോൺ മസ്കിന്, സ്നേഹപൂർവം മീനാക്ഷി' (പച്ച മലയാളം, മെയ്) എന്ന കഥ ഭാവിയെ പ്രതിഫലിപ്പിക്കുകയാണ്. നവീന സാങ്കേതികവിദ്യയും ഇലക്‌ട്രോണിക് ഉപകരണങ്ങളും മനുഷ്യ മനസിൽ സൃഷ്‌ടിക്കുന്നത് സമാധാനമല്ല, ഭ്രാന്തമായ ജ്വരങ്ങളാണെന്ന് ഈ കഥയിൽ വിവരിക്കുന്നു. തലച്ചോറിൽ ചിപ്പു പിടിപ്പിച്ച് മനസിലെ ചിന്തകളിലൂടെ സ്ക്രീനിൽ ഇഷ്‌ടം പോലെ ടൈപ്പ് ചെയ്തെടുക്കുന്ന വിദ്യ ഭാവിയിൽ വരുമെന്നാണ് സൂചന. അതിനെക്കുറിച്ച് മനസിലാക്കിയ ഒരു യുവതി താൻ അതിന് വിധേയയായതായി ചിന്തിക്കുന്നു. അവളുടെ മതിഭ്രമം കേവലം മിഥ്യയല്ല, നാളത്തെ യാഥാർഥ്യമാണെന്ന് നമ്മെ ചിന്തിപ്പിക്കുന്ന കഥയാണ് ശ്രീകുമാർ എഴുതിയിരിക്കുന്നത്.

4) ദൃശ്യം

മോഹൻലാലിന്‍റെയും ജീത്തു ജോസഫിന്‍റെയും "ദൃശ്യം' സീരീസ് സിനിമ വൻ വിജയമായിരിക്കുകയാണല്ലോ. പരിചയസമ്പന്നരായ താരങ്ങളും അണിയറ പ്രവർത്തകരും ഉള്ളപ്പോൾ ഒരു ചിത്രം വിജയിപ്പിക്കാൻ പ്രയാസമില്ല. എന്നാൽ അതിനേക്കാൾ പ്രധാനമായി തോന്നുന്നത് മറ്റൊന്നാണ്. തെറ്റ് ചെയ്ത ഒരാൾ അതു മറച്ചു പിടിക്കുകയും പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയുമാണല്ലോ ഈ സിനിമയുടെ കഥാതന്തു. തെറ്റുകൾ ചെയ്യുന്നവർ ഏറുകയും മിക്കവാറും പേർ യാതൊരു പരുക്കുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നത് ഒരു വിജയമായി, തത്വമായി പരിപാലിക്കപ്പെടുന്ന സമൂഹത്തിൽ ഈ സിനിമയെ പ്രേക്ഷകർ വിജയത്തിലേക്ക് പിടിച്ചു കയറ്റുന്നത് സ്വാഭാവികമായാണ്. തെറ്റു ചെയ്ത ശേഷം യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഒളിച്ചു നടക്കുന്നവരെ കാണാം. വഴിപോക്കനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ വിജയത്തിന്‍റെ പ്രതീകമാണോ?

സിനിമയിൽ ജോർജുകുട്ടി പിടികൊടുക്കുന്നില്ല. കുറ്റം ചെയ്തിട്ട് പിടികൊടുക്കുന്നത് ഹീറോയിസമാണെന്ന് ആരെങ്കിലും പറയുമോ? ഈ ചിന്തകൾ സാമൂഹിക പ്രശ്നമായി കണ്ടാൽ മതി. "ദൃശ്യം' എന്ന സിനിമയുടെ വിനോദമൂല്യത്തെയോ അതിലെ അഭിനയ മികവിനെയോ ആർക്കും തള്ളിപ്പറയാനൊക്കില്ല.

5) എം.എൻ. വിജയൻ

പ്രമുഖ ചിന്തകനായിരുന്ന എം.എൻ. വിജയൻ പറഞ്ഞു, ജയിക്കുന്നവർ അഭിനന്ദിക്കപ്പെടുന്നത് തോറ്റു കൊടുക്കാൻ കുറേപ്പേർ ഉണ്ടായിരുന്നതുകൊണ്ടാണെന്ന്. ഒരു മത്സരത്തിന് ആരുമില്ലെങ്കിൽ ആർക്കും ജയിക്കാനൊക്കില്ലല്ലോ.

logo
Metro Vaartha
www.metrovaartha.com