
എം.കെ. ഹരികുമാർ
കർത്താവില്ലാത്ത അവസ്ഥ, അഥവാ അകർത്തൃത്വം ഭാരതത്തിന്‍റെ വലിയൊരു പാരമ്പര്യമാണ്. വേദങ്ങളും ഉപനിഷത്തുകളും രചിച്ചതാര് എന്നതിനു വ്യക്തമായി ഒരു പേര് നിർദേശിക്കാനില്ല. മഹർഷിമാരാണെന്നു പറയാം. മഹർഷിമാരാണ് എന്നതിനപ്പുറം മനന ശേഷിയുള്ള, തത്ത്വചിന്താ വ്യാപാരത്തിൽ ആഴമുള്ള മനീഷികളായിരുന്നുവെന്നു പറയുന്നതാണ് ഉചിതം. എഴുതുന്നതിന് ഒരു ഉടമസ്ഥത വേണ്ട എന്നു ചിന്തിക്കുന്നത് ഒരു ഭംഗിക്കു വേണ്ടിയല്ല. എന്താണോ എഴുതുന്നത് അതിലൂടെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന നിർവ്യാജമായ, അവ്യയമായ പ്രാപഞ്ചിക ബോധത്തിന്‍റെയും പരിത്യാഗപൂർണമായ ബൗദ്ധിക പ്രവർത്തനത്തിന്‍റെയും സ്വഭാവം ഈ ഉടമസ്ഥതയെ നിരാകരിക്കുന്നുണ്ട്.
ബൃഹദാരണ്യക ഉപനിഷത്ത് എഴുതുന്ന ഒരാൾ സംക്ഷിപ്തമായി പറയുന്നത് സർവസ്വ ആത്മനഃ എന്നാണ്. എല്ലായിടത്തും ആത്മാവ് എന്നർഥം. എല്ലായിടത്തും ആത്മാവാണുള്ളതെങ്കിൽ മാനുഷികം, ഭൗതികം, ഇന്ദ്രിയപരം തുടങ്ങിയവയെല്ലാം അപ്രസക്തമായി തീരും. ഒരാൾ ഇന്ദ്രിയങ്ങളിലൂടെ സ്വന്തമാക്കാൻ ആഗ്രഹിച്ചതെല്ലാം എങ്ങുമെത്താതെ വഴിയിൽ വീണുപോകുന്നല്ലോ എന്ന വ്യഥ പരിണമിച്ചാണ് സർവത്യാഗം എന്ന അനുഭവത്തിലേക്ക് എത്തുന്നത്.
ഭൗതികമായ നാശത്തിന്‍റെ തലം നമ്മോടൊപ്പം നിലനിൽക്കുന്നുവെന്ന് അറിയുന്നവൻ അതീതത്തെക്കുറിച്ച് ചിന്തിക്കുന്നു. നശ്വരമായ ജീവിതത്തിനു ഒരർഥമുണ്ടാക്കാനാണ് പരിശ്രമം. അതുകൊണ്ട് മഹർഷിമാർ എഴുതിയത് തങ്ങളുടെ സ്വന്തമാണെന്നോ, തങ്ങളുടെ പേരിനൊപ്പം ചേർത്തുവയ്ക്കേണ്ടതാണെന്നോ ചിന്തിച്ചില്ല. പേരിനൊപ്പം ചേർത്തുവയ്ക്കാൻ കൊള്ളാവുന്നതല്ല എഴുതിയ ചിന്തകൾ എന്ന ധാരണ വിശ്വവ്യാപകമായ ഒരാശയത്തിന്‍റെ ബഹിർസ്ഫുരണമാണ്. അതാണ് ഉപനിഷത് അകർത്തൃത്വമായി പരിണമിക്കാൻ കാരണം.
നമ്മൾ കാണികൾ
ഇപ്പോൾ വീണ്ടും, 21ാം നൂറ്റാണ്ടിൽ, ഉത്തര- ഉത്തരാധുനികകാലത്ത് ജീവിതത്തിലും ആവിഷ്കാരത്തിലും രചയിതാവില്ലാത്ത ഒരു പ്രവണതയുണ്ടാവുകയാണ്. ആരാണ് ഡിസൈൻ ചെയ്തത്, ആരാണ് നിർമിച്ചത്, ആരാണ് ഭാവന ചെയ്തത് എന്നൊക്കെ ചിന്തിക്കുന്നത് അസംബന്ധമാണെന്ന ദർശനമാണിത്. ഒരു പുസ്തകമെഴുതിക്കഴിഞ്ഞാൽ ഓഥർ അഥവാ രചയിതാവ് അല്ലെങ്കിൽ കർത്താവ് നിലവിൽ വരും. "മേഘസന്ദേശം' എന്ന കാവ്യം എഴുതിയത് കാളിദാസനാണ്. അദ്ദേഹമാണ് കർത്താവ്. അദ്ദേഹമില്ലായിരുന്നെങ്കിൽ "മേഘസന്ദേശം' സംഭവിക്കുമായിരുന്നില്ല. "മേഘസന്ദേശം' അഖണ്ഡമായ ഒരു ആവിർഭാവമാണ്. അത് ചരിത്രത്തിനു മുമ്പുണ്ടായിരുന്നതല്ല ; പിന്നീട് അതുപോലൊന്ന് സംഭവിക്കില്ല. "മേഘസന്ദേശം' ലോക ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് എഴുതപ്പെടുന്നത്. അതിനു പൂർവമാതൃകകളില്ല. കാളിദാസൻ എന്ന വ്യക്തി ചരിത്രത്തിൽ ഒരിക്കൽ മാത്രമാണുള്ളതെന്ന പോലെ മേഘസന്ദേശവും അനന്യമാണ്. ഈ അനന്യതയാണ് അതിന്‍റെ കർത്തൃത്വം.
"മേഘസന്ദേശ'ത്തിൽ നിന്ന് ഒരു വരിയോ വാക്കോ എടുത്തു മാറ്റാൻ നമുക്കവകാശമില്ല; അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനും അവകാശമില്ല. നമ്മൾ അതിന്‍റെ ആസ്വാദകരോ വായനക്കാരോ മാത്രമാണ്. ജീവിതത്തിലുടനീളം നമുക്ക് ഈ നില തുടർന്നേ മതിയാകൂ. "മേഘസന്ദേശ'ത്തിന്‍റെ അനുവാചകരാണ് എല്ലാവരും. അവിടെ കർത്തൃത്വം കാളിദാസനു മാത്രമാണ്. ആ കർത്തൃത്വം ഹിമാലയം പോലെ ഉറച്ചതാണ്. വായനക്കാരായ നമ്മൾ ഹിമാലയത്തിന്‍റെ കാണികളാണ്. വേണമെങ്കിൽ അഭിപ്രായം പറയാം. എത്രയൊക്കെ പറഞ്ഞാലും അതൊന്നും ആ ഹിമാലയത്തെ ഇളക്കി മാറ്റാനോ ഒരു പോറൽ ഏൽപ്പിക്കാനോ പര്യാപ്തമല്ല. നമ്മുടെ അഭിപ്രായങ്ങളിലൂടെ, വേണമെങ്കിൽ, ഹിമാലയത്തെക്കുറിച്ചുള്ള ആത്മനിഷ്ഠമായ അനുമാനങ്ങൾ അവതരിപ്പിക്കാം. അപ്പോഴും കർത്തൃത്വം മാറ്റമില്ലാതെ തുടരും.
രചയിതാവ് മരിച്ചു, ഇനി വായനക്കാരനാണ് തീരുമാനിക്കുന്നത് എന്നു പറഞ്ഞത് ഫ്രഞ്ച് സൈദ്ധാന്തികനായ റൊളാങ് ബാർത്ത് ആണ്. ഒരു പുസ്തകം എഴുതിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് എന്തെങ്കിലും അത്യന്തികമായി പറയാൻ ഗ്രന്ഥകാരനു സാധ്യമല്ല എന്ന അർഥത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കാരണം വായനക്കാരനാണ് അത് അനുഭവിക്കുന്നത്. അവന്‍റെ അനുഭവത്തിനനുസരിച്ചാണ് അർഥങ്ങൾ ഉണ്ടാകുന്നത്; അർഥങ്ങളാണ് നിലനിൽക്കുന്നത്. എഴുത്തുകാരന്‍റെ കൃതി യാതൊന്നും സ്വയം സ്ഥാപിക്കുന്നില്ല. അതിൽ ഉപയോഗിച്ചിട്ടുള്ള വാക്കുകളെ വ്യാഖ്യാനിച്ചു പല വായനകളിലൂടെ വ്യത്യസ്തമായ സാംസ്കാരിക വിവക്ഷകൾ സൃഷ്ടിച്ചെടുക്കാൻ കഴിയും.അങ്ങനെ എഴുതപ്പെട്ട കൃതിയുടെ അനന്തമായ അർഥസാധ്യതകൾ നിലവിൽ വരും.
ആപ്പുകൾ ക്യൂവിൽ
ഇവിടെ പക്ഷേ അതല്ല പറയാനുദ്ദേശിക്കുന്നത്. ഉത്തര- ഉത്തരാധുനികമായ ഈ ഡിജിറ്റൽ കാലത്ത് കർത്തൃത്വം എന്ന ആശയം താഴെ വീഴുകയാണ്. എഐ മാത്രമല്ല ഈ അകർത്തൃത്വത്തെ സൃഷ്ടിക്കുന്നത്. ഇന്നത്തെ ടെലിവിഷൻ, ഡിജിറ്റൽ, സൈബർ മേഖലകളിലെ ഉത്പന്നങ്ങൾ അതിന്‍റെ ഉടമസ്ഥനില്ലാതെയാണ് പ്രത്യക്ഷപ്പെടുന്നത്. ടിവിയിലോ പത്രങ്ങളിലോ ഒരു പരസ്യം കാണുന്നു. അത് ആരാണ് ഡിസൈൻ ചെയ്തതെന്ന് ആരും അന്വേഷിക്കുന്നില്ല. മൊബൈലിൽ ഒരു റിങ്ടോൺ കേൾക്കുന്നു. അത് ആരാണ് ചിട്ടപ്പെടുത്തിയത്? എണ്ണമറ്റ ഡിസൈനുകളാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. പോസ്റ്ററുകളും പുസ്തക പുറംചട്ടകളും ഉണ്ടാക്കിത്തരുന്ന ആപ്പുകളുണ്ട്. ആ ആപ്പുകൾക്ക് നിർദേശം നൽകിയാൽ അത് നമ്മുടെ ആവശ്യത്തിനു നിർമിച്ചു നൽകും. അതിനൊരു കർത്താവില്ല. നൂറുകണക്കിനു ടെംപ്ലേറ്റുകൾ നിർമിക്കപ്പെടുകയാണ്. പക്ഷേ ഒന്നിനും ഉടമസ്ഥതയില്ല. ഉടമസ്ഥരുടെ സ്ഥാനത്ത്, ചിലപ്പോൾ ഏതെങ്കിലും ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണ് ഉണ്ടാവുക. നമ്മൾ ഉപയോക്താവായിരിക്കെ നമ്മുടെ ഇഷ്ടാനുസരണം വസ്തുക്കൾ നിർമിച്ചു തരാൻ ആപ്പുകൾ ക്യൂവിൽ നിൽക്കുകയാണ്. ഒരു രചനയും രചയിതാവും എന്ന നിലയിലുള്ള ബന്ധം, അനുഭവം, യാഥാർഥ്യം ഇന്നു സാവധാനം ഇല്ലാതാവുകയാണ്. പുസ്തകമെഴുതുന്നവർ ഇല്ലാതാവുന്നു എന്നല്ല അർഥമാക്കുന്നത്.
ജീവിതത്തിന്‍റെ മിക്കവാറും തലങ്ങളിൽ ഒരു കർത്താവിന്‍റെ സാന്നിധ്യമില്ല. അകർത്തൃത്വമാണ് ഇന്നിന്‍റെ മുഖമുദ്ര. "മാക്ബത്ത്' ആരാണ് എഴുതിയതെന്നു ചോദിച്ചാൽ ഷേക്സ്പിയർ എന്ന ഉത്തരമുണ്ട്. എന്നാൽ ഡിജിറ്റൽ ഫോർമാറ്റിലെ ഒരു ഉത്പന്നത്തിനു കർത്താവില്ല. ഡാറ്റാ സംവിധാനമായ അൽഗോരിതം ഉപയോഗിച്ച് സംഗീത സംവിധാനം ചെയ്യാം. അതിനു കർത്താവ് ഉണ്ടായിരിക്കുകയില്ല. മനുഷ്യശരീരത്തിൽ, തലച്ചോറിൽ കാണപ്പെടുന്ന നാഡീ ശൃംഖലകൾക്ക് സമാനമായി കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് തയാറാക്കുന്ന മോഡലുകളെ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് എന്നാണ് വിളിക്കുന്നത്. ഇത്തരം ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് ചിത്രരചന നടത്താം, പെയിന്‍റിങ്ങും ശില്പങ്ങളും ഡിസൈൻ ചെയ്യാം. പക്ഷേ കർത്താവ് ഉണ്ടായിരിക്കില്ല. ഇനി മ്യൂസിയങ്ങളിൽ മനുഷ്യർ വരച്ച ചിത്രങ്ങൾക്ക് പകരം ന്യൂറൽ നെറ്റ്‌വർക്ക് വഴി സൃഷ്ടിച്ചെടുക്കുന്ന പെയിന്‍റിങ്ങുകളാകും പ്രദർശനത്തിനുണ്ടാവുക. കർത്താവ് ഇല്ലാത്തതു കൊണ്ട് കാണികൾക്ക് ചിത്രങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്നു പരാതിപ്പെട്ടാലും അർഥമില്ല. അങ്ങനെയൊരു പരാതിക്കിടമില്ല. ഇത്തരം ചിത്രങ്ങൾ നെറ്റ്‌വർക്ക് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നു തിരിച്ചറിയാൻ തന്നെ പ്രയാസമായിരിക്കും. അതുകൊണ്ട് അജ്ഞാതനായ ചിത്രകാരന്‍റെ രചനകളെന്നും വിളിക്കാം. ആർട്ടിഫിഷ്യൽ നെറ്റ് വർക്കിലൂടെ ദൈവം തന്നെ നേരിട്ട് ചിത്രം വരയ്ക്കുകയാണെന്നു സമാധാനിക്കാനും സാംഗത്യമുണ്ട്.
വരയ്ക്കുന്നത് കലാകാരനല്ല
ചലച്ചിത്രങ്ങൾക്ക് എഐ ഉപയോഗിച്ച് തിരക്കഥ രചിക്കാനാവും. അപ്പോഴും തിരക്കഥാകൃത്ത് ഒരു വ്യക്തിയായിരിക്കില്ല. ധാരാളം ഇബുക്കുകളുടെ പരമ്പരയാണ് വരാൻ പോകുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വിവര ശേഖരണത്തിനും ഇത് ഉപകാരപ്പെടും. ഗാന്ധിജിയെക്കുറിച്ച് ഒരു പുസ്തകം തയാറാക്കണമെന്നു എഐയോടു നിർദ്ദേശിച്ചാൽ അത് സാധ്യമാകും. വസ്ത്രങ്ങളുടെയും ഫർണിച്ചറിന്‍റെയും ഡിസൈൻ, നെറ്റ്‌വർക്ക് മാതൃകകൾ ഉപയോഗിച്ച് നിർമിക്കാം. വസ്ത്രങ്ങളിലെ മനോഹരമായ പൂക്കളും മറ്റു ചിത്രപ്പണികളും ഒരു വ്യക്തി ചെയ്തതല്ലെന്നറിയുക. ഗ്ലാസുകളിലും പാത്രങ്ങളിലും കാണുന്ന മനോഹരമായ പക്ഷികളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ ഒരു കലാകാരൻ വരച്ചതല്ല. അതിന്‍റെയർഥം ഇപ്പോൾ തന്നെ നാം ഒരു authorless - അകർത്തൃത്വത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു എന്നാണ്. ഇതാകട്ടെ നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. ഒരു വ്യക്തി സങ്കീർണമായ വ്യഥയനുഭവിച്ച് വരയ്ക്കാറുള്ള ചിത്രങ്ങൾക്ക് പകരം കംപ്യൂട്ടർ യാതൊരു വ്യഥയുമില്ലാതെ വരയ്ക്കുകയാണ്. മനുഷ്യരുടെ ബോധത്തിനും അതിന്‍റെ ചരിത്രത്തിനും വ്യഥകൾക്കും വിലയില്ലാത്ത തരത്തിൽ നമ്മുടെ സംസ്കാരവും ആസ്വാദനബോധവും മാറുകയാണ്.
കംപ്യൂട്ടർ വരച്ച ചിത്രമായാലും മതി, നാം ആസ്വദിക്കും. ടെക്സ്റ്റൈൽ പ്രിന്‍റുകൾ, വിട്രിഫൈഡ് ടൈലുകളിലെ പ്രിന്‍റുകൾ, മൊബൈൽ ഫോണുകളിലെ ഫോട്ടൊ എഡിറ്റർ ഫിൽറ്റർ ഷെയ്ഡുകൾ തുടങ്ങിയവ എത്ര അനായാസമായാണ് എഐ നിർമിക്കുന്നത്.
ജീവിതം വളരെ കൃത്രിമമായിരിക്കുന്നു. ഈ കൃത്രിമത്വം തുടരുക തന്നെ ചെയ്യും. നമുക്ക് ചിരിക്കണമെന്നു തോന്നുമ്പോൾ ചിരിക്കണ്ട; ചിരിയുടെ ഇമോജി പ്രദർശിപ്പിച്ചാൽ മതി. നാം ചിരിക്കുന്നതായി ആളുകൾ അതിനെ വിലയിരുത്തും. ഇതാണ് ജീവിതത്തിലെ അകർത്തൃത്വം. നമുക്ക് ഒന്നിന്‍റെയും കർത്താവാകണ്ട. എല്ലാം ഇന്‍റർനെറ്റ് ഇമോജികൾ സാധിച്ചു തരും.
നമ്മുടെ മനസ് കർത്താവ് ഒഴിഞ്ഞ ഒരിടമാണ്. അവിടം വിജനമാണ്. ഒരിടത്തുനിന്ന് കാറ്റടിച്ചു മറുവശത്ത് കൂടി പുറത്തേക്ക് പോകുന്നു. നമ്മൾ ഒരു ഓഥർ - കർത്താവ് അല്ല. ഓഥറിന്‍റെ ആവശ്യമില്ല. "പെരുവഴിയിലെ കരിയിലകൾ' എന്ന ഒരു ടെലിഫിലിം വർഷങ്ങൾക്കു മുൻപ് കണ്ടതോർക്കുകയാണ്. അതിനു ഒരു കർത്താവുണ്ടായിരുന്നു. എന്നാൽ കർത്താവില്ലാതെ തന്നെ അതുപോലെയുള്ള ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്. പ്രേക്ഷകർക്ക് പ്ലോട്ടു വിശദീകരിച്ചു കൊടുക്കുന്ന വീഡിയോകൾ, വിവിധ വിഷയങ്ങളെക്കുറിച്ച് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കർത്താവില്ലാതെ. വ്യക്തിപരമായ ഇമെയിൽ അയയ്ക്കാനും മാർക്കറ്റിങ്ങിന്‍റെ ഭാഗമായി കസ്റ്റമർ ബന്ധം ഉറപ്പിക്കാനും ഒരു കർത്താവിന്‍റെ ആവശ്യമില്ല. രണ്ടുപേർ തമ്മിലുള്ള ബന്ധത്തിൽ ഇപ്പോൾ തന്നെ കർത്താവില്ലാത്ത സന്ദേശങ്ങളും ചിന്തകളും ചിഹ്നങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഒരു അകർത്തൃത്വ ബോധമാണ് നമ്മുടെ മറവിയെ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഓർക്കുന്തോറും മറക്കുകയാണ്. ഒരു സിനിമ ഇരുപത് തവണ കാണാൻ സൗകര്യമുള്ളപ്പോൾ, ഓർമകളുള്ളതുകൊണ്ടല്ല കാണുന്നത്; മറവി നിർമിക്കപ്പെടുന്നതുകൊണ്ടാണ്. ഓരോ തവണ കാണുമ്പോഴും ഓർമ പുതുക്കപ്പെടുകയാണ്. തുടർന്ന് മറവി നിർമിക്കപ്പെടുകയും ചെയ്യുന്നു. മനസിൽ കർത്താവ് ഇല്ലാതാകുന്നു എന്നർഥം.
രജതരേഖകൾ
1) വാല്മീകി രാമായണം അസ്തിത്വവാദ ദർശനമാണ് അവതരിപ്പിക്കുന്നതെന്നു മഹാപണ്ഡിതനും വിശ്വസാഹിത്യ ചരിത്രകാരനുമായ കൃഷ്ണചൈതന്യ അഭിപ്രായപ്പെടുന്നുണ്ട്. സാർത്ര്, കമ്യു തുടങ്ങിയ ഫ്രഞ്ച് എഴുത്തുകാരുടെ അസ്തിത്വവാദപരമായ വീക്ഷണം വാല്‌മീകിക്കുണ്ടായിരുന്നുവത്രേ. ജീവിതത്തിനു അർഥമില്ലെങ്കിലും സ്വപ്രയത്നത്താൽ, ധാർമികമായ ബോധ്യത്താൽ അതിനു അർഥം നൽകാനാണ് അസ്തിത്വവാദികൾ ശ്രമിക്കുന്നത്.
ദശരഥൻ കൊടുത്ത ഒരു വാക്കാണ് കൈകേയി മുതലാക്കുന്നത്. രാമൻ രാജാവാകാൻ പോകുന്നതറിഞ്ഞ് തന്‍റെ മകന് ആ സ്ഥാനം നേടാൻ കൈകേയി ദശരഥൻ നൽകിയ വാക്ക് ഒരു മഴു പോലെ ഉപയോഗിക്കുന്നു. അങ്ങനെ രാമനെ 14 വർഷം കാട്ടിലേക്ക് അയയ്ക്കാൻ അവർക്ക് സാധിക്കുന്നു. രാമൻ കാട്ടിലേക്ക് പോകാൻ തയാറാണ്. എന്തെന്നാൽ രാമൻ ധർമത്തിൽ ഉറച്ചുനിൽക്കുന്നു. പിതാവിന്‍റെ ദൗർബല്യത്തെയോ കൈകേയിയുടെ സൂത്രശാലിത്വത്തെയോ മറികടന്ന് കൊട്ടാര ജീവിതം ആസ്വദിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. രാമൻ സ്വന്തം ധർമത്തിൽനിന്നു വ്യതിചലിച്ചില്ല. രാമൻ ജീവിതത്തെ ത്യാഗം, പിതൃ സ്നേഹം, സഹോദര സ്നേഹം തുടങ്ങിയ മൂല്യങ്ങൾകൊണ്ട് അലംകൃതമാക്കുന്നു. സ്വയം സഹിക്കുന്നതിനേക്കാൾ രാമൻ വിലകൽപ്പിക്കുന്നത് മറ്റുള്ളവരുടെ മനസുകൾക്കാണ്. ഇത് അസ്തിത്വവാദിയായ ഒരു നായകനു ഇണങ്ങുമെന്നാണ് കൃഷ്ണചൈതന്യ "സംസ്കൃതത്തിലെ സാഹിത്യ തത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നത്.
2) ദൈവ ശാസ്ത്രജ്ഞന്മാരിൽ നിന്നു വ്യത്യസ്തമായി രബീന്ദ്രനാഥ ടാഗോർ ദൈവത്തെ കാണുന്നത് ഒരു ചലനാത്മക ശക്തിയായാണ്. ലോകത്തെ സൃഷ്ടിക്കാൻ ദൈവത്തിനു യാതൊരു വസ്തുവിന്‍റെയും ആവശ്യമില്ല. എന്നാൽ നമുക്ക് ചിത്രം വരയ്ക്കാൻ, എഴുതാൻ ദൈവത്തിന്‍റെ സഹായം വേണം. നമ്മുടെ ഭാവനയും ചിന്തയും വികാരവും ഈ ലോകത്തിലെ സമസ്ത വസ്തുക്കളിൽ നിന്നുമാണ് സ്വരൂപിക്കുന്നത്. ഈ വസ്തുക്കളാകട്ടെ ദൈവം സൃഷ്ടിച്ചതാണ്.
3) സന്തോഷ് ഏച്ചിക്കാനം എഴുതിയ "പ്രേതോച്ചാടനം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 2) ഒരു "ഹരിഹർ നഗർ' സിനിമ പോലെ തോന്നി. ആധുനിക കാലത്ത് വായിക്കേണ്ട ഒരു കഥയല്ല ഇതെന്നു നിസംശയം പറയാം. റിപ്പബ്ലിക് പതിപ്പിലാണ് കഥ വന്നിരിക്കുന്നത്. റിപ്പബ്ലിക് പതിപ്പിൽ വരേണ്ടത് ഇന്ത്യ എന്താണെന്നു തിരക്കുന്ന കഥകളാണ്. ഇത് പ്രേതോച്ചാടനവും കുമ്പസാരവും കൊലപാതകവുമൊക്കെയാണ് ചിത്രീകരിക്കുന്നത്. എന്താണ് ഇത്തരം കഥകളുടെ സാംഗത്യമെന്നു മനസിലാകുന്നില്ല. ഒരു കഥ എഴുതിക്കഴിഞ്ഞ ശേഷം ഓരോ കഥാകൃത്തും ചോദിക്കണം, ഈ കഥയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന്!.
4) അസഹനീയമായ ജീവിതത്തെ, അതിന്‍റെ ചിതറിപ്പോയ സ്വപ്നങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ പാടുപെടുന്ന ഒരു യുവതിയോടുള്ള അനുതാപമാണ് കവിത മനോഹർ എഴുതിയ "അവളവൾ സമരം' (മാധ്യമം, ഡിസംബർ 14) എന്ന കവിതയിലുള്ളത്. പ്രതികൂല സാഹചര്യങ്ങളോടു എപ്പോഴും പടവെട്ടേണ്ടി വരുന്ന ഏതൊരു പെണ്ണും ഇന്നു ഒരു രാഷ്‌ട്രീയ പ്രശ്നമാണ്. ഇതിനെ ഗൗരവത്തോടെ കണ്ടു എന്നതാണ് ഈ കവിതയുടെ ഗുണം.
"വളരെ പതുക്കെയാണ് അവൾ
നടന്നു തുടങ്ങിയത്.
ഇടവഴികളിൽ മാത്രമല്ല, തുറവികളിലും
അവൾക്കുവേണ്ടി മുള്ളുകൾ കാത്തിരുന്നു.
മഴയും വെയിലും അവളിൽ
വിതച്ചു കൊയ്തു.
പുകൾപെറ്റ ദുരന്തമെന്നു
കരക്കാർ ഉറക്കെച്ചിരിച്ചു.
ഉൾമുറിവിലേക്ക് മുക്കൂറ്റിനീരിറ്റിച്ചു
മുറികൂടുംവരെ അവൾക്ക് കൂട്ടിരുന്നു.
ചതഞ്ഞുപോയ ആത്മാവ്
കല്ലിച്ചുപോകാതെ അവൾ
തേൻ പുരട്ടി.'
5) ഇന്നത്തെ കവികളെയും കവിതകളെയും കുറിച്ച് കെ. ജയകുമാർ ധീരമായി ചില അഭിപ്രായങ്ങൾ പറഞ്ഞത് ("പച്ചമലയാള'ത്തിലെ അഭിമുഖം, സെബാസ്റ്റ്യൻ) ശ്രദ്ധേയമാണ്. "സോഷ്യൽ മീഡിയ പലർക്കും പുതിയ സാധ്യതകൾ തുറന്നു കൊടുത്തു. പ്രസിദ്ധീകരിക്കപ്പെടുന്ന കവിതാ പുസ്തകങ്ങളുടെ എണ്ണവും വളരെ കൂടി. കവിത വിറ്റു പോവുകയില്ല എന്ന പ്രസാധകരുടെ പരാതിയും കവിതാ കൃതികളുടെ ബാഹുല്യവും എങ്ങനെ പൊരുത്തപ്പെടുമെന്നു അറിഞ്ഞുകൂടാ. ഒരു കാര്യം ശരിയാണ്. കവിത വായിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതിനുത്തരവാദികൾ കവികളുമാണ്. ആവിഷ്കാര രീതികളിൽ കൃത്രിമത്വവും പുതുമയ്ക്ക് വേണ്ടിയുള്ള പുതുമയും കപടമായി എടുത്തണിയുന്ന ലാഘവത്വവുമൊക്കെ ചേർന്ന് കവിതയെ ഒരവശ്യവസ്തു എന്ന നിലയിൽ നിന്ന് സ്ഥാനഭ്രഷ്ടപ്പെടുത്തിയിരിക്കയാണ്.'
കവിത ജനാധിപത്യവൽക്കരിക്കപ്പെട്ടു എന്നു പറഞ്ഞാലും കുഴപ്പമില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കവിത അവരുടെ ആവിഷ്ക്കാര മാർഗമായി തിരിച്ചറിഞ്ഞിരിക്കുന്നു.
6) കെ. പ്രേംജിത്ത് എഴുതിയ "കാശികപ്പട്ട്' (മഷി ബുക്സ്, കൊല്ലം) വൈയക്തികമായ ആധികളെ സ്വപ്നത്തിലേക്കും ഉന്മാദത്തിലേക്കും സമന്വപ്പിക്കുന്ന കവിതകളുടെ സമാഹാരമാണ്. ഈ കവിയെ ദാർശനികമായ ചിന്തകൾ അലട്ടുന്നുണ്ട്. ആത്മാവുകൾ എവിടെയോ പ്രാർഥനയിൽ ഏർപ്പെടുകയാണ്.
"ഇടിനാദം കേട്ട്
നൃത്തം ചെയ്യുന്ന
മയൂരങ്ങൾക്കരികിലിരുന്ന്
ഞാൻ നിന്നെക്കുറിച്ച് പാടിയിരുന്നു.
പർവതങ്ങളുടെ
താഴ്വാരത്തിരുന്ന്
നീയത് കേൾക്കുന്നുണ്ടായിരുന്നു.'
അലൗകികമായ ആനന്ദം തേടുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഋതുഹൃദയം, ബുദ്ധായനം തുടങ്ങിയ കവിതകളിലും ആവിഷ്കാരത്തിന്‍റെ തീവ്രത അനുഭവിക്കാം.
7) കവി കാര്യാൻ പെരുമ്പളം എഴുതിയ "ചിന്താശേഷിപ്പുകൾ' (ബുക്കർമാൻ, കൊച്ചി) സമകാലിക പ്രസക്തിയുള്ള ലേഖനങ്ങളുടെ സമാഹാരമാണ്. ധാർമിക അപചയത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കവി കാര്യാനെ ഈ ലേഖനങ്ങളിൽ കാണാം. അദ്ദേഹം തന്‍റെ രോഷം തുറന്നുവിടുന്നു. "ആർത്തി പിടിച്ച കണ്ണുകൾക്കും മനസുകൾക്കും ഭൂമിയെ മനസിലാക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെ'ന്ന് എഴുതുന്നുണ്ട്. മറ്റൊരിടത്ത്, ഇനിയും കാലവും പ്രകൃതിയും മണ്ണും മറന്ന് ഓരോ ഓട്ടപ്പന്തയം നടത്തണോ എന്നു ചോദിക്കുന്നു. ഒരു ഉത്തമനായ സൗഹൃദയന്‍റെ, സാമൂഹ്യനിരീക്ഷകന്‍റെ ശബ്ദമാണ് ഈ ലേഖനങ്ങളിലുള്ളത്.