ജ്ഞാനപീഠം കയറിയ കവി പേരരശ്

സാഹിത്യത്തോടൊപ്പം തന്നെ വെള്ളിത്തിരയിലും വൈരമുത്തു തന്‍റെ മുദ്ര പതിപ്പിച്ചു
Vairamuthu made his mark on the silver screen as well as literature

വൈരമുത്തു

Updated on

ജിഷ ഓമനക്കുട്ടൻ

അക്ഷരങ്ങൾ കൊണ്ട് തമിഴ് മണ്ണിൽ വിസ്മയം തീർത്ത കവി, ഏഴു കടലുകൾക്കപ്പുറം തമിഴ് മൊഴിയുടെ പെരുമയെത്തിച്ച പ്രഭാഷകൻ, ഏഴു ദേശീയ പുരസ്കാരങ്ങളുടെ തിളക്കമുള്ള ഗാനരചയിതാവ്- വിശേഷണങ്ങൾ എത്ര നൽകിയാലും വൈരമുത്തു എന്ന പ്രതിഭയ്ക്ക് അത് അപൂർണമായിരിക്കും. തമിഴ് സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. തമിഴ് സാഹിത്യലോകത്തെ സംബന്ധിച്ച് ഇതു ചരിത്ര നിമിഷം.

തമിഴിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തിക്കുന്ന മൂന്നാമത്തെ മാത്രം വ്യക്തിയാണ് വൈരമുത്തു. 1975-ൽ അകിലനിലൂടെയായിരുന്നു തമിഴിൽ ആദ്യമായി ജ്ഞാനപീഠം എത്തിയത്. പിന്നീട് 2002-ൽ ജയകാന്തനും ഈ പുരസ്കാരം നേടി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ് സാഹിത്യത്തിന്‍റെ ഈ വടവൃക്ഷം പുരസ്കാര നിറവിൽ നിൽക്കുന്നത്.

തേനിയിൽ നിന്ന് ലോകത്തിന്‍റെ നെറുകയിലേക്ക്

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ കർഷകരായ രാമസ്വാമിയുടെയും അംഗമ്മാളിന്‍റെയും മകനായി 1953-ലാണ് വൈരമുത്തു ജനിച്ചത്. മണ്ണിൽ പണിയെടുക്കുന്നവരുടെ വിയർപ്പിന്‍റെ ഗന്ധമുള്ള ആ ജീവിതത്തിൽ വളരെ ചെറുപ്പത്തിലേ തമിഴ് സാഹിത്യം വേരുപിടിച്ചു. 1960-കളിൽ തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ദ്രാവിഡ പ്രസ്ഥാനം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. പെരിയാർ ഇ.വി. രാമസ്വാമി നായ്‌ക്കർ, എം. കരുണാനിധി എന്നിവരുടെ ചിന്തകളും സുബ്രഹ്മണ്യ ഭാരതി, കണ്ണദാസൻ തുടങ്ങിയവരുടെ വരികളും അദ്ദേഹത്തിന്‍റെ കൗമാരത്തെ ഉണർത്തി. പതിനാലാം വയസിൽ തിരുവള്ളുവരുടെ കവിതകളിൽ ആകൃഷ്ടനായി 'വെൻബ കവിതകൾ' എഴുതിക്കൊണ്ടായിരുന്നു ആ അക്ഷരയാത്രയുടെ തുടക്കം.

സിനിമയും സാഹിത്യവും കീഴടക്കിയ അഞ്ചു പതിറ്റാണ്ടുകൾ

സാഹിത്യത്തോടൊപ്പം തന്നെ വെള്ളിത്തിരയിലും വൈരമുത്തു തന്‍റെ മുദ്ര പതിപ്പിച്ചു. 1980-കളിൽ ഭാരതിരാജയുടെ 'നിഴൽകൾ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. 50 വർഷം നീണ്ട കരിയറിൽ 7500-ൽ അധികം ഗാനങ്ങളും കവിതകളും രചിച്ചു. ഏഴ് ദേശീയ അവാർഡുകളും ആറ് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സാഹിത്യലോകത്തും അദ്ദേഹം അജയ്യനായി തുടർന്നു. പത്മശ്രീ, പത്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് എന്നിവയ്ക്ക് പുറമെ തണ്ണീർദേശം, കള്ളികട്ടു, മൂൻറാം ഉലക പോർ എന്നീ നോവലുകളിലൂടെ അദ്ദേഹം തമിഴ് നോവൽ സാഹിത്യത്തിന് പുതിയ ദിശാബോധം നൽകി. കവിതാസമാഹാരങ്ങളും നോവലുകളും ഉൾപ്പടെ 37 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവ മലയാളം ഉൾപ്പെടെയുള്ള ഒട്ടേറെ വിദേശ-സ്വദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, റഷ്യൻ, നോർവീജിയൻ ഭാഷകളിൽ അദ്ദേഹത്തിന്‍റെ കവിതകൾക്കു പരിഭാഷയുണ്ടായി. യുഎസ്എ, യുകെ, റഷ്യ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, ഹോങ്കോങ്, ചൈന, സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, യുഎഇ, കുവൈറ്റ്, ഒമാൻ, മാലിദ്വീപ്, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രമുഖ തമിഴ് സമ്മേളനങ്ങളിൽ അദ്ദേഹം പ്രഭാഷകനായി പങ്കെടുത്തു.

ആദരവുകളും അംഗീകാരങ്ങളും

ലോകമെമ്പാടുമുള്ള തമിഴ് സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹത്തെ ഭരണാധികാരികളും ആദരവുകൾ നൽകി വാഴ്ത്തി. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി 'കവി സാമ്രാട്ട്' എന്നും, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം 'കാവ്യ കവിജ്ഞർ' എന്നും, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി 'കവി പേരരശ്' എന്നും വിശേഷിപ്പിച്ചത് വൈരമുത്തു എന്ന പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com