ഏകാധിപത്യം അവസാനിക്കും, കേരളം ജയിക്കും, യുഡിഎഫ് നയിക്കും

മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍ എന്ന വിമര്‍ശനം ഉന്നയിച്ചത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്
  Kerala will win, UDF will lead V.D Satheesan

കേരളം ജയിക്കും, യുഡിഎഫ് നയിക്കും- വി.ഡി. സതീശന്‍

file photo

Updated on

വി.ഡി. സതീശന്‍

പ്രതിപക്ഷ നേതാവ്

ഫാസിസ്റ്റ് നിലപാടുകള്‍ പിന്തുടരുന്ന എകാധിപതികളെല്ലാം ഒരു പോലെയാണ്. എല്ലാ കാലത്തും ഇക്കൂട്ടര്‍ ഭീരുക്കളായിരിക്കും. ഭയമാണ് അവരെ ഭരിക്കുന്നത്. അധികാരം കാല്‍ച്ചുവട്ടില്‍ നിന്നും ഒലിച്ചു പോകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. കേരളത്തെ ഭരിക്കുന്നതും ഭയമാണ്.

നിലപാടുകളിലും രാഷ്‌ട്രീയ രീതികളിലും മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍ എന്ന വിമര്‍ശനം ഉന്നയിച്ചത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. അതു തന്നെയാണ് യാഥാർഥ്യമെന്ന് കാലം തെളിയിച്ചു. നാല് വോട്ടിനു വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് അടിക്കടി പറയാറുള്ള പിണറായി വിജയന്‍ ഇപ്പോള്‍ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ പരിവാറിനെ നാണിപ്പിക്കുന്ന പച്ച വര്‍ഗീയത പറയുകയും വര്‍ഗീയവാദികളെ കൂട്ടുപിടിക്കുകയുമാണ്. ആര്‍എസ്എസുമായും എസ്ഡിപിഐയുമായും പിഡിപിയുമായും തരാതരം പോലെ കൂട്ടുകൂടും. വര്‍ഗീയവാദികളുടെ തോളില്‍ കൈയിട്ടാണ് പിണറായി മതേതര പ്രസംഗം നടത്തുന്നത്. പിണറായിയും ഒരു കൂട്ടം വര്‍ഗീയവാദികളും മതേതര കേരളത്തിന്‍റെ മനസില്‍ മുറിവുണ്ടാക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. ഭിന്നിപ്പിന്‍റെ സ്വരം ഉയര്‍ത്തുന്ന വര്‍ഗീയശക്തികളെ തൂത്തെറിഞ്ഞ് മതേതര നിലപാട് സ്വീകരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ പൊതുമനസ്. നൂറിധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും.

"നാന്‍ പെറ്റ മകനേ... എന്‍ കിളിയേ...' ഒരമ്മയുടെ ചങ്ക് പൊട്ടിയുള്ള നിലവിളിയില്‍ കേരളമാകെ നിലച്ചു പോയൊരു കാലമുണ്ടായിരുന്നു. വര്‍ഗീയത തുലയട്ടെ എന്ന ചുവരഴുത്ത് നടത്തിയ അഭിമന്യുവിനെ ഇത്ര വേഗത്തില്‍ പിണറായി വിജയനും സിപിഎമ്മും മറന്നോ? അഭിമന്യുവിന്‍റെ കൊലയാളികളായി നില്‍ക്കുന്ന എസ്ഡിപിഐയുമായി എങ്ങനെയാണ് നിങ്ങള്‍ക്ക് ബന്ധവമുണ്ടാക്കാന്‍ മനസു വന്നത്? ആ കൊലക്കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ കാലില്‍ വീണ് മാപ്പ് ചോദിച്ചിട്ടു വേണമായിരുന്നു പിണറായിയും കൂട്ടരും എസ്ഡിപിഐയുടെ തോളില്‍ കൈയിടേണ്ടിയിരുന്നത്. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നു പറയുന്ന സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഖണ്ഡിക പിണറായി വായിച്ചിട്ടില്ല. എന്ത് പാര്‍ട്ടി കോണ്‍ഗ്രസ്, എന്ത് പൊളിറ്റ് ബ്യൂറോ എന്ന അവസ്ഥയിലാണ് അദ്ദേഹം. പിണറായി തീരുമാനിക്കുന്നത് അദ്ദേഹത്തിന്‍റെ വിദൂഷകര്‍ ചേര്‍ന്ന് നടപ്പാക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു. പേരാമ്പ്രയിലെ സ്ഥാനാർഥിക്കെതിരെ വര്‍ഗീയ പ്രചരണം നടത്തിയതും വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയതും സിപിഎമ്മാണ്.

ഒരു സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഖജനാവും ശബരിമലയും കൊള്ളയടിച്ച ഇരുണ്ട കാലമായിരുന്നു പിണറായി വിജയന്‍റെ ഭരണകാലം. നവോത്ഥാന നായകനാണ് പിണറായി എന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നു. പിന്നാലെ അയ്യപ്പന്‍റെ സ്വര്‍ണം കൊള്ളയടിച്ചു. സ്വര്‍ണക്കൊളള ആരും അറിഞ്ഞില്ലെന്നു കണ്ടതോടെയാണ് വിശ്വാസികളെ കബളിപ്പിക്കാന്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്. കോടതിയെ പോലും പറ്റിച്ച് അയ്യപ്പ സംഗമത്തിലും കൊള്ള നടത്തിയ ഇവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

പയ്യന്നൂരിലും അഭിമന്യുവിന്‍റെയും തിരുവനന്തപുരത്ത് വിഷ്ണുവിന്‍റെയും പേരിലുള്ള രക്തസാക്ഷി ഫണ്ടും ഈ കൊള്ളസംഘം തട്ടിയെടുത്തു. കൊവിഡ് ഭീതിയുടെ മറവിലും നന്മ മരങ്ങളായി പിആര്‍ ഏജന്‍സികള്‍ വാഴ്ത്തിയവര്‍ കേരളം കൊള്ളയടിച്ചു. മഹാപ്രളയത്തിന്‍റെ പേരിലും മുതലെടുപ്പ് നടത്തി. പ്രളയം മനുഷ്യ നിര്‍മിതമായിരുന്നെന്ന് യുഡിഎഫ് അന്നേ പറഞ്ഞതാണ്. അത് ശരിയാണെന്നും കാരണക്കാരന്‍ മുന്‍ സര്‍ക്കാരിലെ ഒരു മന്ത്രിയായിരുന്നെന്നും നിലവിലെ മന്ത്രി സമ്മതിക്കുന്നതിന്‍റെ ഓഡിയൊയാണ് പുറത്തുവന്നിരിക്കുന്നത്.

വയനാടുമായി ബന്ധപ്പെട്ടാണ് സിപിഎം കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഹാജരാക്കിയതോടെ ആ നുണ പൊളിഞ്ഞു. വാങ്ങി പുട്ടടിക്കുന്നത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും ശീലമാണ്. രക്സാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയതും പിണറായിയും സിപിഎമ്മുമാണ്. വയനാട്ടില്‍ സിപിഎം എന്തു സഹായമാണ് ചെയ്തത്? രക്തസാക്ഷികളുടെ ഫണ്ട് പോലും തട്ടിയെടുക്കാന്‍ മടിയില്ലാത്ത നിങ്ങള്‍ അതില്‍ നിന്നും എത്ര രൂപയാണ് തട്ടിയെടുത്തത്? വയനാട്ടില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളില്‍ ഇപ്പോള്‍ എത്ര പേര്‍ താമസിക്കുന്നുണ്ട്? ടെന്‍ഡര്‍ നടപടികള്‍ പോലും ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിർമാണ പ്രവര്‍ത്തികള്‍ നല്‍കിയതിലൂടെ എത്ര രൂപയാണ് സിപിഎം നേതാക്കളുടെ പോക്കറ്റിലേക്ക് മറിഞ്ഞത്? ശരിക്കും ശവംതൂക്കികള്‍ ആരാണ്? ഇവര്‍ ശവംതൂക്കികളല്ല, ശവംതീനികളാണ്. എല്ലാ തരത്തിലും ഇരുണ്ട കാലമായിരുന്നു പിണറായി വിജയന്‍റെ 10 വര്‍ഷത്തെ ഭരണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നുണകളുടെ കൂമ്പാരവുമായാണ് പിണറായി പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയത്. 5 ലക്ഷം വീടുകള്‍ പണിയുമെന്നത് 2016ലെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് 10 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ പണിതെന്ന് മേനി നടിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 4,43,000 വീടുകള്‍ പൂര്‍ത്തിയാക്കുകയും 50,000 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ആ 50,000 കൂടി ഇവരുടെ 5 ലക്ഷത്തില്‍ ഉള്‍പ്പെടുത്തി. യഥാർഥത്തില്‍ ഈ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകളുമാണ് പണിതത്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1,600 രൂപയില്‍ നിന്നും 2,500 ആക്കുമെന്നതായിരുന്നു 2021ലെ എല്‍ഡിഎഫിന്‍റെ വാഗ്ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. അപ്പോഴും 2,500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യ പദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. നേരത്തേയുണ്ടായിരുന്ന പദ്ധതികള്‍ പോലും ഇല്ലാതാക്കി ആരോഗ്യരംഗത്തെ വെന്‍റിലേറ്ററിലാക്കി.

ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയും സമീപ ജില്ലകളും ബഫര്‍ സോണ്‍ ആക്കുമെന്ന ജനവിരുദ്ധ പ്രഖ്യാപനമാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പറയുന്നത്. വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് പിണറായി വിജയനാണെന്നാണ് മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി കൊണ്ടു വന്നപ്പോള്‍ 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് പിണറായി. കടല്‍ക്കൊള്ള എന്നാണ് പാര്‍ട്ടി പത്രം വിശേഷിപ്പിച്ചത്. അങ്ങനെയുള്ള പദ്ധതി സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നാണമില്ലേ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഗ്യാസ് പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും പതിവായി പറയാറുള്ള നുണകള്‍ ഒന്നുകൂടി ആവര്‍ത്തിക്കുക മാത്രമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാരിനെതിരേ യുഡിഎഫ് അവതരിപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിലുണ്ട്.

12 മാസമായി രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മലയോര മേഖലയിലെ 30 ലക്ഷത്തോളം സാധാരണക്കാരെ ഈ സര്‍ക്കാര്‍ വന്യജീവികളുടെ ദയയ്ക്ക് വിട്ടു കൊടുത്തു. റബര്‍, നാളികേരം, കാപ്പി, നെല്ല് ഉള്‍പ്പെടെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ന്നു. സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും 6 ലക്ഷം കോടിയുടെ കടബാധ്യതയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. ധന പ്രതിസന്ധിയില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികള്‍ അടച്ച അംശാദയം വകമാറ്റി. 18 മാസമായി ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കിട്ടാത്തവരുണ്ട്. സമൂഹികക്ഷേമ പെന്‍ഷനും മാസങ്ങളോളം മുടങ്ങി. പെന്‍ഷന്‍ തുക കൂട്ടുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാതെ പാവങ്ങളെ കബളിപ്പിച്ചു. നിയമം നടപ്പാക്കേണ്ട പൊലീസിനെയും ഇവര്‍ ഡിവൈഎഫ്ഐ ക്രിമിനലുകളുടെ നിലവാരത്തിലേക്ക് തരംതാഴ്ത്തി. ലഹരി- ക്വട്ടേഷന്‍ മാഫിയ സംഘങ്ങളുടെ അണികളായി മാറുന്ന പാര്‍ട്ടി നേതാക്കളാണ് ഭരണം നിയന്ത്രിച്ചത്. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഈ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവിലെ പണം നല്‍കി നിയോഗിച്ച പി.ആര്‍ ഏജന്‍സികള്‍ക്കു പോലും സാധിച്ചില്ല.

എത്രയെത്ര അഴിമതികളും പിന്‍വാതില്‍ നിയമനങ്ങളുമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് പോലും അട്ടിമറിച്ച് സ്വന്തക്കാരായ ക്രിമിനലുകളെ പൊലീസില്‍ തിരുകിക്കയറ്റി. തുച്ഛ വേതന വര്‍ധനവിന് തെരുവില്‍ സമരം ചെയ്ത ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും മന്ത്രിമാര്‍ നേരിട്ടിറങ്ങി അപഹസിച്ചു. സ്വന്തക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ലക്ഷങ്ങള്‍ വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടന്നു. സ്വര്‍ണമെന്നു കേട്ടാല്‍ എല്ലാം മറക്കുന്ന കൊള്ള സംഘമായിരുന്നില്ലേ ഇവര്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണം ഉയര്‍ന്നു. കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചതും കേരളം ഭരിക്കുന്ന പാര്‍ട്ടി.

ഇതിനൊക്കെ എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തായി? ബിജെപി നേതാവ് പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്താണ് സംഭവിച്ചത്? കേസുകളെല്ലാം ഒതുക്കി തീര്‍ക്കാന്‍ ബിജെപി നേതൃത്വം പറയുന്നതൊക്കെ ചെയ്തു കൊടുത്ത മുഖ്യമന്ത്രിയല്ലേ പിണറായി. തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കാന്‍ വിശ്വസ്തനായ എഡിജിപിയെ നിയോഗിച്ചതും പിണറായി വിജയനല്ലേ. ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും മുഖ്യമന്ത്രിയാണ്. ജനസംഘത്തിന്‍റെ പിന്തുണയില്‍ ആദ്യമായി നിയമസഭയില്‍ എത്തിയ പിണറായി വിജയന് ഇതൊന്നും പുതിയ കാര്യമല്ല.

മൈക്കിന് മുന്നില്‍ ആര്‍എസ്എസ് വിരുദ്ധത, പിന്നില്‍ രഹസ്യ ഡീല്‍. ഈ തെരഞ്ഞെടുപ്പിലും ബിജെപി- സിപിഎം ഡീല്‍ ഉണ്ടെന്ന് തെളിവ് സഹിതം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. എന്തേ, നിങ്ങള്‍ക്ക് മറുപടിയില്ലേ? സംവാദത്തിന് ക്ഷണിച്ചിട്ട് ഫേയ്സ്ബുക്കില്‍ കാണാമെന്നു പറഞ്ഞത് ആരാണ്? പിണറായി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. നേരിട്ടുള്ള സംവാദമാകുമ്പോള്‍ പിആര്‍ ഏജന്‍സികളുടെ നുണകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാനാകില്ല. നിങ്ങളുടെ ഇരട്ടത്താപ്പും കാപട്യവും കേരളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് മറക്കരുത്.

മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ മര്യാദ വേണമെന്നു പറഞ്ഞ അതേ നാവു കൊണ്ട് പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രിയെ രേവന്ത് റെഡ്ഡിയെ ആക്ഷേപിച്ചത് എന്തൊരു അപഹാസ്യമാണ്. "ഡാഷ് മോനേ രേവന്തേ' എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നികൃഷ്ട ജീവിയെന്നും കുലംകുത്തിയെന്നും പരനാറിയെന്നും പരമ ചെറ്റത്തരമെന്നും വിളിച്ചു ശീലമുള്ള പിണറായി വിജയന്‍റെ നാവില്‍ നിന്നും സഭ്യമായതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല. പിആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നതെന്തും വിളിച്ചു പറയുന്ന മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഒരു മര്യാദ വേണമെന്നു മാത്രമേ അക്കാര്യത്തില്‍ പറയാനുള്ളു. അധികാരം നഷ്ടമാകുമെന്ന് ഉറപ്പായതോടെ നിലവിട്ട് പെരുമാറുന്ന പിണറായിയെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

അധികാരത്തില്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായി കേരളത്തോട് പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത്. എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികള്‍ യുഡിഎഫിനുണ്ട്. ജനക്ഷേമ- വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ പ്രകടന പത്രിക സമര്‍പ്പിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്രയും കോളെജ് വിദ്യാർഥിനികള്‍ക്കുള്ള സാമ്പത്തിക സഹായവും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഇന്ദിര ഗ്യാരണ്ടിയും നടപ്പിലാക്കും. ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ള ഏവിയേഷന്‍ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. പ്രകടന പത്രിക സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനവും സജ്ജമാക്കും.

സര്‍ക്കാര്‍ പരാജയപ്പെട്ടിടത്തൊക്കെ യുഡിഎഫ് വിജയിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. 5 വര്‍ഷത്തിനിടെ നടന്ന എല്ലാ ഉപ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്‍റ്- തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും 100ലധികം സീറ്റുകളുമായി ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരും. കേരളം ജയിക്കും യുഡിഎഫ് നയിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com