

ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനും; മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക്
പി.ബി. ബിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകകളിൽ ഘടക കക്ഷികളടക്കം എതിർപ്പറിയിച്ചതോടെ കൂടിയാലോചനകൾ ഡൽഹിയിലേക്ക് നീട്ടി നേതാക്കൾ. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ മുൻ നേതാവ് രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെ ഉയർന്ന ചർച്ചകളെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനായി ഒരു വിഭാഗം രംഗത്തെത്തിയതോടെ തർക്കം മുന്നണിയിലും ബാധിച്ചിരുന്നു. പ്രവർത്തകർ ചേരി തിരിഞ്ഞ് സമൂഹ്യമാധ്യമങ്ങളിൽ പോരടിച്ചതോടെ മുസ്‌ലിം ലീഗ് പരസ്യമായി വിമർശിച്ചു.
ഇതിനൊപ്പം കഴിഞ്ഞ ദിവസം ഡൽഹിയിലേക്കെത്തി രമേശ് ചെന്നിത്തലയും സ്ഥാനം ഉറപ്പിക്കാൻ ശ്രമങ്ങൾ നടത്തിയതോടെ വേണുഗോപാൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയെ മുൻ നിർത്തി രഹസ്യനീക്കം തുടങ്ങിയിരിക്കുകയാണ്. കണ്ണൂരിൽ കെ.സിയുമായി അകന്ന് നിന്നിരുന്ന സുധാകരൻ പ്രവർത്തകരും അണികളുമെല്ലാം കെ.സി പക്ഷത്തേക്ക് നീങ്ങിയതോടെയാണ് ഗത്യന്തരമില്ലാതെ വേണുഗോപാലിനായി രംഗത്തെത്തിയത്.
നേരത്തേ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്ന സുധാകരൻ ഡൽഹിയിലെത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിനെ പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടു. കെസിയുടെ പേര് സുധാകരൻ ഖാർഗെയ്ക്ക് രേഖാമൂലം തന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, സുധാകരന്‍റെ രഹസ്യനീക്കത്തിലും ചരടുവലിയിലും കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്. തന്‍റെ അനുകൂലികളെ വിജയ സാധ്യത പോലും പരിഗണിക്കാതെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മത്സരിപ്പിക്കുകയെന്ന തന്ത്രം കെ.സി. വേണുഗോപാൽ സ്വീകരിച്ചത് മുഖ്യമന്ത്രിപദം മുന്നിൽ കണ്ടാണെന്ന് ഇപ്പോൾ വിലയിരുത്തലുണ്ട്.
അതിനിടെ വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുള്ള മറുവിഭാഗത്തിന്‍റെ പോസ്റ്റുകളും സമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. മെയ് നാലിന് ഫലം വന്നശേഷം പാർട്ടി ചർച്ച ചെയ്യുമെന്നും ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും പരസ്യമായി പറയുന്ന നേതാക്കളും ഡൽഹിയിൽ തങ്ങൾക്ക് അനുകൂലമായി കളംപിടിക്കാനുള്ള ശ്രമങ്ങളിലാണ്.