ബിജെപിയുടെ 'സൈലന്‍റ് സ്ട്രോക്ക്'; നേമത്തിനു പുറമെ കഴക്കൂട്ടത്തും ചാത്തന്നൂരിലും താമര

3 മുതൽ 5 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ
bjp won 3 seats in kerala assembly election 2026

ബിജെപിയുടെ 'സൈലന്‍റ് സ്ട്രോക്ക്'; നേമത്തിന് പുറമെ കഴക്കൂട്ടത്തും ചാത്തന്നൂരിലും താമര

representative image

Updated on

സ്വന്തം ലേഖകൻ

കേരളത്തിന്‍റെ ചരിത്രത്തിൽ ബിജെപി ആദ‍്യമായി അക്കൗണ്ട് തുറന്ന നേമത്തിനു പുറമേ ചർച്ചകളിൽ വരാതിരുന്ന ചാത്തന്നൂരിലും കഴക്കൂട്ടത്തും താമര വിരി‌യിച്ച് ബിജെപിയുടെ സൈലന്‍റ് സ്ട്രോക്ക്. 3 മുതൽ 5 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. നേമവും വട്ടിയൂർക്കാവും കൂടാതെ പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയസാധ‍്യതയുണ്ടെന്നായിരുന്നു പ്രധാനപ്പെട്ട ബിജെപി നേതാക്കളുടെ വില‍യിരുത്തൽ. തിരുവല്ലയിലും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു.

എന്നാൽ, അവിടെയൊന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. വിജയസാധ‍്യതയുള്ള മണ്ഡലങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ചാത്തന്നൂരിൽ അപ്രതീക്ഷിത വിജയമാണ് ബിജെപി സ്ഥാനാർഥി ബി.ബി. ഗോപകുമാർ നേടിയത്. 4,402 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം.

ഇവിടെ ആദ്യം മത്സരിച്ചപ്പോൾ 4000 വോട്ട് പോലും നേടാനാവാതിരുന്ന സ്ഥാനാർഥിയാണ് ഗോപകുമാർ. എന്നാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജി.എസ്. ജയലാലിനെതിരേ 42,090 വോട്ടുകൾ നേടി ഗോപകുമാർ ഇടതു മുന്നണിക്ക് വെല്ലുവിളി ഉയർത്തി. ചാത്തന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ബിജെപിയുടെ വോട്ട് ഷെയർ കുതിച്ചുയരുന്ന കാഴ്ചയാണ് കാണാനാവുന്നത്. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ 5 ശതമാനത്തിൽ നിന്നും 25 ശതമാനത്തിലേക്കാണ് ഈ മണ്ഡലത്തിൽ വോട്ട് ഷെയർ ഉയർന്നത്. 2016 മുതലാണ് ബിജെപിക്ക് ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും പതിവിന് വിപരീതമായി കുതിപ്പുണ്ടാവുന്നത്.

2006ൽ ബിജെപിയുടെ കെ. മുരളീധരൻ പിള്ള ഇവിടെ 4940 വോട്ടുകളാണു നേടിയത്. അവിടെ നിന്നാണ് 2016ൽ എത്തുമ്പോൾ 33,199, പിന്നീട് 2021ൽ 42,090 വോട്ട്, 2026ൽ 51,307 വോട്ട് എന്നിങ്ങനെ ഉയർന്നത്.

അതേസമയം, കേരള ചരിത്രത്തിലാദ‍്യമായി ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തിൽ ഒ. രാജഗോപാലിനു ശേഷമുള്ള ബിജെപി എംഎൽഎയായി മാറിയിരിക്കുകയാണ് പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്‍റെ വി. ശിവൻകുട്ടിയെ 3513 വോട്ടിനാണ് ഇവിടെ പരാജയപ്പെടുത്തിയത്. 48,995 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖർ പിടിച്ചത്. യുഡിഎഫിന്‍റെ അഡ്വ. കെ.എസ്. ശബരിനാഥന് 25,906 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ 80 ശതമാനം പോളിങ് ഉണ്ടായ, ത്രികോണ പോരാട്ടം നടന്ന മണ്ഡലമായിരുന്നു നേമം.

നേമം മണ്ഡലത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ 2016ൽ ബിജെപിയുടെ ഒ. രാജഗോപാൽ അക്കൗണ്ട് തുറക്കുന്നതു വരെ ഇടതും വലതുമാണ് ഇവിടെ മാറി മാറി ജയിച്ചിട്ടുള്ളത്. മണ്ഡല പുനർ‌നിർണയം എൽഡിഎഫ് വോട്ടുകൾ വർധിക്കാൻ ഇടയാക്കിയെങ്കിലും യുഡിഎഫ് വോട്ടുകൾ കുറയുകയും ബിജെപി ശക്തിപ്പെടുകയും ചെയ്തു.

2021ൽ കുമ്മനം രാജശേഖരനായിരുന്നു നേമത്തെ ബിജെപി സ്ഥാനാർഥി. അന്ന് വി. ശിവൻകുട്ടിക്കെതിരേ 51,888 വോട്ടുകളാണ് കുമ്മനം പിടിച്ചത്. യുഡിഎഫിന്‍റെ കെ. മുരളീധരൻ അന്ന് 36,524 വോട്ടുമായി പരാജയപ്പെട്ടു. 2011 മുതൽ 2016 വരെ ഈ മണ്ഡലത്തിൽ യുഡിഎഫിന് സ്വാധീനം കുറയുകയും പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലായി മാറുകയും ചെയ്തു.

ബിജെപി അക്കൗണ്ട് തുറന്ന മറ്റൊരു മണ്ഡലമാണ് തലസ്ഥാന നഗരിയിലെ കഴക്കൂട്ടം. നേരിയ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ വിജയിച്ചു. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണിതും. 2016 മുതൽ തുടർച്ചയായി കഴക്കൂട്ടത്ത് നിന്നും വിജയിച്ച കടകംപള്ളി സുരേന്ദ്രനെ അട്ടിമറിച്ചാണ് മുരളീധരന്‍റെ ജയം.

മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ശക്തമായ വളർച്ച‍യുള്ള മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

logo
Metro Vaartha
www.metrovaartha.com