

സ്ഥാനാർഥിയാക്കിയില്ല; നെടുമങ്ങാട് ബിജെപി പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാഞ്ഞതിന്‍റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച് ബിജെപി പ്രവർത്തക. നെടുമങ്ങാട് സ്വദേശി ശാലിനി(32)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിലെ സജീവ പ്രവർത്തകയായിരുന്നു ശാലിനി. മഹിളാ മോർച്ച ജില്ലാ നേതാവുമാണ്. സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ശാലിനി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ശാലിനിയുടെ മകനാണ് അമ്മയെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
നിലവിൽ യുവതി അപകടനില തരണം ചെയ്തു. സ്ഥാനാർഥി പട്ടികയിൽ തനിക്കു പകരം മറ്റൊരാളാണെന്നറിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ആർ എസ്എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
അതിനു പിന്നാലെയാണ് സമാനമായ ആരോപണം ഉന്നയിച്ചു കൊണ്ട് മറ്റൊരു പ്രവർത്തക കൂടി ജീവനൊടുക്കാൻ ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)