സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും മുൻകൂർ സർട്ടിഫിക്കറ്റ് വാങ്ങണം

തെരഞ്ഞെടുപ്പു ചെലവിൽ ഇന്‍റർനെറ്റ് പരസ്യച്ചെലവും നൽകണം
Prior certificate  obtained for social media advertisements as well

സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും മുൻകൂർ സർട്ടിഫിക്കറ്റ് വാങ്ങണം

FILE PHOTO

Updated on

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും രാഷ്‌ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന പരസ്യങ്ങൾക്കും മുൻകൂർ അനുമതി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകി. പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (എംസിഎംസി) നിന്ന് മുൻകൂട്ടി അനുമതി വേണമെന്ന് നേരത്തേ തന്നെ കമ്മിഷന്‍റെ നിർദേശമുണ്ടെങ്കിലും ഇത് ഇന്‍റർനെറ്റ് വഴിയുള്ള സമൂഹ മാധ്യമ പരസ്യങ്ങൾക്കും ബാധകമാക്കി.

സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ആസ്ഥാനമുള്ള രജിസ്റ്റർ ചെയ്ത ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയോ, ഏതെങ്കിലും സംഘടനകളുടെ ഗ്രൂപ്പുകളോ/ അസോസിയേഷനുകളോ, ഏതെങ്കിലും സ്ഥാനാർഥിയോ വ്യക്തിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ (ടെലിവിഷൻ, റേഡിയോ, പൊതുസ്ഥലങ്ങളിലെ എവി ഡിസ്‌പ്ലേകൾ, ഇ- പേപ്പറുകൾ, ബൾക്ക് എസ്എംഎസ്/ വോയ്‌സ് സന്ദേശങ്ങൾ പോലുള്ളവ) എല്ലാ രാഷ്‌ട്രീയ പരസ്യങ്ങളുടേയും പ്രസിദ്ധീകരണത്തിന് മുമ്പ് മുൻകൂർ സാക്ഷ്യപ്പെടുത്തലിനായി എംസിഎംസിക്ക് അപേക്ഷ നൽകണം.

പാർട്ടികളോ സ്ഥാനാർഥികളോ മുൻകൂർ സർട്ടിഫിക്കറ്റ് നേടാതെ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് അധിഷ്ഠിത മാധ്യമങ്ങളിലോ വെബ്‌സൈറ്റുകളിലോ ഒരു രാഷ്‌ട്രീയ പരസ്യവും നൽകരുത്. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നൽകണം. പരസ്യത്തിനു ചെലവാകുന്ന തുകയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനകം കമ്മിഷനു സമർപ്പിക്കണം.

തെരഞ്ഞെടുപ്പു ചെലവുകളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ ഇന്‍റർനെറ്റ് കമ്പനികൾക്കും വെബ്‌സൈറ്റുകൾക്കും നല്കിയ പണവും, ഉള്ളടക്ക വികസനത്തിനായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായി നിലനിർത്താൻ വേണ്ടിവന്ന പ്രവർത്തന ചെലവുകളും ഉൾപ്പെടും. അഡീഷനൽ സിഇഒ പി.ബി. നൂഹ് അധ്യക്ഷനായ നാലംഗ സമിതിയാണ് കേരളത്തിലെ മോണിറ്ററിങ് കമ്മിറ്റി. ഇവരുടെ തീരുമാനങ്ങൾക്കെതിരേയുള്ള അപ്പീലുകൾ പരിഗണിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കറുടെ നേതൃത്വത്തിൽ മറ്റൊരു കമ്മിറ്റിയും സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com